sections
MORE

രണ്ടു ശത്രുസൈന്യങ്ങളും ഒരു അർധശത്രുവും; ഒരേസമയം നമുക്കു നേരിടാൻ ‘രണ്ടര യുദ്ധം’

Modi in Leh
രാജ്യം നിങ്ങൾക്കൊപ്പം: ഗൽവാനിലെ ഏറ്റുമുട്ടലിൽ പരുക്കേറ്റു ലേയിൽ ചികിത്സയിൽ കഴിയുന്ന സൈനികരെ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചപ്പോൾ. ചിത്രം: പിടിഐ
SHARE

രണ്ടു ശത്രുസൈന്യങ്ങളെയും ഒരു അർധശത്രുവിനെയും ഒരേസമയം നേരിടുന്ന ‘രണ്ടര യുദ്ധം’ നമ്മെ അതിശയപ്പെടുത്തേണ്ടതില്ല. ചൈന, പാക്ക് ഭീഷണികളും കശ്മീർ താഴ്‌വരയിലെ ഭീകരവാദവും ഒരേസമയം വരാമെന്ന സാധ്യത മുൻപേ കണക്കുകൂട്ടിയിരുന്നതാണ്. ഇപ്പോൾ അത്തരമൊരു സാധ്യത ഏറിയതിനാൽ ജാഗ്രത കൂടിയേതീരൂ. ഇതുവരെ നാം ഒരു സമയത്ത് ഒരു ശത്രുവിനെ മാത്രമാണു നേരിട്ടത്. ഇനി അങ്ങനെയല്ലെന്നു ചുരുക്കം. ചൈന അങ്ങേയറ്റത്തെ സമ്മർദതന്ത്രം പ്രയോഗിക്കുമ്പോൾ കണ്ണിമ ചിമ്മാതെ ജാഗരൂകരായിരിക്കണം.

പ്രവചനാതീത നീക്കങ്ങൾക്കു പേരുകേട്ട ചൈനയെ സാമ്പത്തികപരമായി സമ്മർദത്തിലാക്കുകയും രാജ്യാന്തര തലത്തിൽ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയുമാണ് ഇനി വേണ്ടത്. പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ ഉൾപ്പെടെ ചൈനീസ് നുഴഞ്ഞുകയറ്റത്തിലൂടെ ഹോട്സ്പോട്ടുകളായി മാറിക്കഴിഞ്ഞു. ഓരോ ഇഞ്ച് വീതം മുറിച്ചെടുക്കുന്ന ‘സലാമി സ്ലൈസിങ്’ രീതിയാണ് അവർ പ്രയോഗിക്കുന്നത്. ചൈന യുദ്ധം തുടങ്ങിയാൽ നമ്മുടെ സൈനികശക്തി പല സ്ഥലങ്ങളിലേക്കു വിഭജിച്ച് അയയ്ക്കേണ്ടി വരുമെന്നതിനാൽ സവിശേഷ ശ്രദ്ധ കൂടിയേ തീരൂ.

കിഴക്കൻ മേഖലയിൽ വരുന്ന അരുണാചൽ പ്രദേശ്, സിക്കിം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തന്ത്രപ്രധാന സ്ഥലങ്ങളും ആക്രമിക്കപ്പെടാനുള്ള സാധ്യത മുന്നിൽക്കാണണം. ബഹിരാകാശ സാങ്കേതികവിദ്യകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി അവരുടെ നീക്കങ്ങൾ മനസ്സിലാക്കാനുള്ള മിലിറ്ററി ഇന്റലിജൻസ് ശക്തിപ്പെടുത്തണം.അതിർത്തിയിലെ പ്രശ്നം എക്കാലവും നീറിപ്പുകഞ്ഞുകൊണ്ടേയിരിക്കണം എന്നതാണ് ചൈനയുടെ താൽപര്യം. നാം പൂർണ സജ്ജമാണെങ്കിലും കഴിവതും യുദ്ധസാഹചര്യം ഒഴിവാക്കപ്പെടുന്നതാണു നല്ലത്.

സിയാച്ചിൻ നിർണായകം

1984ൽ ഇന്ത്യ പിടിച്ചെടുത്ത സിയാച്ചിൻ മേഖല പുതിയ സാഹചര്യത്തിൽ കൂടുതൽ തന്ത്രപ്രധാനമാകുകയാണ്. സിയാച്ചിനോട് അതിർത്തി പങ്കിടുന്ന ഷക്സ്ഗാം താഴ്‌വര സത്യത്തിൽ ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. എന്നാൽ, പാക്ക് അധീന കശ്മീരിന്റെ ഭാഗമായി നിലകൊള്ളുന്ന ഷക്സ്ഗാം, 1963ൽ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനയ്ക്കു വിട്ടുകൊടുത്തു. ഏകദേശം 5000 ചതുരശ്ര കിലോമീറ്റർ സ്ഥലമാണിത്. ഷക്സ്ഗാമിലൂടെ ചൈന സിയാച്ചിനിലേക്ക് എത്താനുള്ള സാധ്യത മുന്നിൽക്കാണണം. ഇവിടെ കാലാവസ്ഥ മോശമായതിനാൽ യുദ്ധം ചെയ്യുക ഇരുകൂട്ടർക്കും ദുഷ്കരമാണ്. ഇന്ത്യ നിർമിച്ച ഡിഎസ്ഡിബിഒ റോഡും അതിന്റെ ഫീഡർ റോഡുകളും ചൈനയുടെ നെഞ്ചിടിപ്പു കൂട്ടിയിട്ടുണ്ട്. ഇതിലൂടെ അതിർത്തിയിലേക്ക് ഇന്ത്യയ്ക്കു കൂടുതൽ ആയുധങ്ങളും മറ്റും എത്തിക്കാൻ കഴിയുമെന്നതാണ് ചൈനീസ് പ്രകോപനത്തിന്റെ മുഖ്യകാരണം. 

ഇതിനു പുറമേ, ലഡാക്കിനെ വടക്കുനിന്നും കിഴക്കുനിന്നും ആക്രമിക്കാനുള്ള സാധ്യതയുണ്ട്. കശ്മീർ സ്വന്തമാക്കാൻ ചൈനയും പാക്കിസ്ഥാനും ചേർന്നു പദ്ധതി മെനയുന്നുണ്ടോയെന്നും സംശയിക്കണം. കാർഗിൽ മേഖലയിൽ ശ്രദ്ധ കൂടിയേതീരൂ. ഇതിനെല്ലാം പുറമേ, ഭീകരരെ ഇറക്കി അട്ടിമറികൾ നടത്താനുള്ള സാധ്യതയുമുണ്ട്. സാധ്യതകൾ പലതാണെങ്കിലും ഇതു യുദ്ധത്തിലേക്കു നയിക്കുമോ അതോ വെറും ചൈനീസ് സമ്മർദതന്ത്രമാണോയെന്ന് കണ്ടറിയണം.

ആഭ്യന്തര സുരക്ഷ ശ്രദ്ധിക്കണം

ദേശസുരക്ഷയുമായി നേരിട്ടു ബന്ധമില്ലെന്നു തോന്നുമെങ്കിലും രാജ്യത്തിനുള്ളിൽത്തന്നെ നടക്കുന്ന പ്രശ്നങ്ങളും മറ്റു ശക്തികൾ മുതലെടുക്കാൻ ഇടയുണ്ട്. ജലത്തെച്ചൊല്ലി രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം പോലും വഷളാകാം. ആഭ്യന്തരസുരക്ഷ മോശമാക്കുന്ന പല കാര്യങ്ങളിലും ചൈനയുടെയും പാക്കിസ്ഥാന്റെയും കരങ്ങളുണ്ടായെന്നും വരാം. ഇതിനെല്ലാം പുറമേ ഭക്ഷ്യമേഖല, ഊർജം എന്നിവയിലൊക്കെ സുസ്ഥിരത ഉറപ്പാക്കണം. സ്ഥിതി മോശമായാൽ പല രാജ്യങ്ങളിൽനിന്നുമുള്ള ഇറക്കുമതി നിലയ്ക്കാം. പ്രതിരോധ വ്യവസായ മേഖലയിൽ സ്പെയർ പാർട്സുകൾ പലതും ഇറക്കുമതി ചെയ്യുന്നുണ്ട്. ഇക്കാര്യത്തിലൊക്കെ കരുതൽ വേണം.

സൈനിക ആക്രമണത്തിലൂടെയുണ്ടാകുന്ന പ്രഹരത്തെക്കാൾ വലുതാണ് സൈബർ ആക്രമണം. മെട്രോ, പവർ സ്റ്റേഷനുകളൊക്കെ ഞൊടിയിടയിൽ പ്രവർത്തനരഹിതമാക്കാം. ഇക്കാര്യത്തിൽ മികച്ച സ്വകാര്യ കമ്പനികളുടെ സേവനം കൂടി ലഭ്യമാക്കി സൈബർ സുരക്ഷ മെച്ചപ്പെടുത്തണം. ഗവേഷണത്തിനു ഡിആർഡിഒ മാത്രം പോരാ, പൊതു–സ്വകാര്യ പങ്കാളിത്തം പൂർണ അർഥത്തിൽ യാഥാർഥ്യമാക്കണം. മിലിറ്ററിക്കു വേണ്ടിയുള്ള ബജറ്റ് വിഹിതം നമ്മെ അപേക്ഷിച്ച് ചൈനയിൽ പലമടങ്ങാണ്. ഇന്ത്യയിൽ സ്വകാര്യ പങ്കാളിത്തത്തോടെ വലിയൊരു ആയുധനിർമാണ ശൃംഖല ആരംഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ചൈനയുടെ ലക്ഷ്യം

ഇന്ത്യയെ കാൽക്കീഴിലാക്കി വയ്ക്കുകയെന്നതാണു ചൈനയുടെ ലക്ഷ്യം. പല മേഖലകളിലും ഇന്ത്യയുടെ ശക്തിയെന്തെന്ന് അവർക്കു നന്നായറിയാം. ഇന്ത്യയിലെ ജനസംഖ്യ വർധിക്കുകയാണ്. യുവജനസംഖ്യ ഇന്ത്യയ്ക്കു കരുത്തുമാകും. അതുകൊണ്ട് യുദ്ധസമാന സാഹചര്യത്തിലൂടെ ഇന്ത്യയിൽ സാമ്പത്തിക അസ്ഥിരതയുണ്ടാക്കുകയാണ് ചൈന ഉദ്ദേശിക്കുന്നത്. നമ്മൾ കരുത്തായി കാണുന്ന ജനാധിപത്യം പോലും നമ്മുടെ ബഹീനതയായാണു ചൈന കണക്കാക്കുന്നത്. 

സാമ്പത്തിക, രാഷ്ട്രീയ അസ്വാരസ്യങ്ങൾ മൂലം പാക്കിസ്ഥാൻ നിലവിലൊരു യുദ്ധത്തിൽ പങ്കെടുക്കാൻ പറ്റിയ അവസ്ഥയിലല്ല. ചൈനീസ് മൊബൈൽ ആപ്പുകളുടെ നിരോധനത്തിലൂടെയുണ്ടാകുന്ന സാമ്പത്തിക പ്രഹരത്തെക്കുറിച്ചു ചൈനയ്ക്കു ബോധ്യമുണ്ട്. ജപ്പാൻ, വിയറ്റ്നാം, ഫിലിപ്പീൻസ്, തയ്‍വാൻ ഉൾപ്പെടെ ആ മേഖലയിലെ പല രാജ്യങ്ങളുമായി അസ്വാരസ്യം ഉള്ളതിനാൽ ചൈനയ്ക്ക് അവിടെ സുഹൃത്തുക്കൾ കുറവാണ്.

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം ഏകദേശം 7,700 കോടി ഡോളറിന്റേതാണ്. ഇതിൽ 6,200 കോടി നമ്മൾ ഇറക്കുമതി ചെയ്യുന്നതിന്റെയാണ്. ഇതിലുണ്ടാകുന്ന കുറവ് ചൈനയുടെ മൊത്തം വ്യാപാരത്തിൽ ചെറിയ സംഖ്യയാണെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ അവർക്കു പ്രഹരമാകും. ഇന്ത്യയിലെ 135 കോടി ജനങ്ങൾ എന്ന വിപണി കൂടിയാണ് അവർക്കു നഷ്ടമാകുന്നത്. ചൈന വിടാനൊരുങ്ങുന്ന കമ്പനികളെ ഇങ്ങോട്ട് ആകർഷിക്കാനും നമുക്കു കഴിയണം. സാമ്പത്തിക പുരോഗതിയിലൂടെയും ചൈനയുടെ മുന്നിൽ ഭീതി സൃഷ്ടിക്കാനാകണം. ഇതിനു കുറെയേറെ പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടിവരും.

സൈനികതല ചർച്ചയിൽ പരിഹാരമുണ്ടായില്ലെങ്കിൽ രാജ്യാന്തരതലത്തിൽ ചൈനയെ ഒറ്റപ്പെടുത്താനുള്ള നയതന്ത്ര ഇടപെടലുകൾ വേണം. ഇടക്കാല നയതന്ത്രമെന്ന നിലയിൽ യുഎസ്, ജപ്പാൻ ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി മികച്ച സഹകരണം ഉറപ്പാക്കണം. ചൈനയെ വിശ്വസിക്കാനാകില്ലെന്ന പാഠം മറക്കരുത്. നയതന്ത്ര ചർച്ചകൾ നടക്കുമ്പോഴും ചൈന എന്താണ് ഉന്നമിടുന്നതെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നു ചുരുക്കം.

റഫാൽ നമുക്ക് മുൻതൂക്കം നൽകും

ഈ മാസം അവസാനത്തോടെ ഫ്രാൻസിൽനിന്നെത്തുന്ന 6 റഫാൽ യുദ്ധവിമാനങ്ങൾ ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്കു മികച്ച മുൻതൂക്കം നൽകും. 100 കിലോമീറ്ററിലേറെ ദൂരപരിധിയുള്ള ‘മീറ്റിയോർ’ എയർ ടു എയർ മിസൈലുകൾ, ലഡാക്ക് പോലെ ഉയർന്ന മേഖലകളിൽനിന്നു ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള എൻജിൻ കരുത്ത്, അത്യാധുനിക റഡാർ സംവിധാനങ്ങൾ എന്നിവ ഗുണകരമാകും. 36 എണ്ണം വരേണ്ടതാണ്. ആദ്യ ബാച്ച് 6 എണ്ണം മാത്രമേയുള്ളൂ.

നമ്മുടെ പല എയർബേസുകളും താഴ്‍വാരങ്ങളിലായതുകൊണ്ട് കൂടുതൽ ഭാരമെടുത്തു പറന്നുയരാൻ വിമാനങ്ങൾക്കു കഴിയും. ടിബറ്റൻ മേഖലയിൽ ചൈനയ്ക്ക് ഉയരം കൂടിയ സ്ഥലങ്ങളിലാണ് എയർബേസുകളെന്നതിനാൽ ഈ മുൻതൂക്കം അവർക്കു ലഭിക്കില്ല. റഫാൽ വിമാനങ്ങൾ കൊണ്ടുവരാനുണ്ടായ കാലതാമസം ഇന്ത്യയ്ക്കു വലിയ നഷ്ടമാണ്. 2007ൽ തുടങ്ങിവച്ച പദ്ധതി 2015 വരെ അനങ്ങാതെ കിടന്നു. 2015ൽ കരാറുണ്ടാക്കി നൽകിയതുകൊണ്ടാണ് ഇപ്പോൾ ആറെണ്ണമെങ്കിലും ലഭിക്കുന്നതെന്നോർക്കണം.

(മുൻ പ്രതിരോധ സെക്രട്ടറിയാണ് ലേഖകൻ)

English Summary: India must expect two and half war

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA