എൻറിക്ക ലെക്സി നൽകുന്ന പാഠം

SHARE

വൈകുന്ന നീതി, നിഷേധിക്കപ്പെടുന്ന നീതിയാണെന്ന ജാഗ്രതാവാക്യത്തിനു പുതിയ ടിപ്പണിയായി മാറുകയാണ് എൻറിക്ക ലെക്സി കടൽക്കൊലക്കേസ്.

അറബിക്കടലിൽ ഇറ്റാലിയൻ നാവികർ, മലയാളികളായ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നതു സംബന്ധിച്ച കേസിൽ ഇറ്റലി നഷ്ടപരിഹാരം നൽകാനാണു കടൽനിയമങ്ങൾ സംബന്ധിച്ച രാജ്യാന്തര ട്രൈബ്യൂണലിന്റെ ഉത്തരവ്. നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കുകയെന്നത് ഇറ്റലി ആദ്യം മുതലേ താൽപര്യപ്പെട്ട വഴിയാണ്. സ്വകാര്യ കപ്പലിൽ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന കുറ്റവാളികൾ ഇറ്റാലിയൻ സൈനികരായതിനാൽ ഇന്ത്യൻ ജുഡീഷ്യറിക്ക് അവരെ വിചാരണ ചെയ്യാൻ അധികാരമില്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കുകയുണ്ടായി. ഫലത്തിൽ, കേസിൽ ഇന്ത്യയുടെ പ്രധാന നിലപാടുകൾ തള്ളപ്പെട്ടു.

കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനെന്നോണം കേരള പൊലീസും മറ്റും സ്വീകരിച്ച നടപടികളിൽ പിഴവില്ലെന്നു ട്രൈബ്യൂണൽ വിലയിരുത്തി. താത്വികമായി നോക്കിയാൽ ഇന്ത്യയ്ക്കും ഇറ്റലിക്കും നടപടിക്ക് അധികാരമുണ്ട്. എന്നാൽ, പ്രതികൾ സൈനികരായതിനാൽ ഇന്ത്യയ്ക്ക് അധികാരമില്ല; വെടിവച്ച നാവികർ ഇന്ത്യൻ അതിർത്തിയിലല്ല, ഇറ്റാലിയൻ കപ്പലിലായിരുന്നു എന്നീ വാദങ്ങൾ അംഗീകരിച്ചാണു ട്രൈബ്യൂണലിന്റെ തീരുമാനം. ഇറ്റലിയിലെ നിയമപ്രകാരം നടപടികൾ തുടർന്നാൽ മതിയെന്നുകൂടി ട്രൈബ്യൂണൽ പറഞ്ഞത് ഈ കേസിൽ ഇന്ത്യയ്ക്കു നിയമപരമായി ഒന്നും ചെയ്യാനില്ലെന്നു വ്യക്തമാക്കുന്നതുമായി.

ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീൽ സാധ്യമല്ലാത്തതിനാൽ, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും മറ്റും ന്യായമായ നഷ്ടപരിഹാരത്തുക നേടിയെടുക്കുക എന്നതു മാത്രമാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇനി സാധ്യമായ നടപടി. ഇന്ത്യയുടെ സമുദ്രാതിർത്തിയിൽ സമാന സംഭവങ്ങൾ ആവർത്തിച്ചാൽ ഏതു രീതിയിൽ കേസ് റജിസ്റ്റർ ചെയ്യണമെന്ന അവ്യക്തതയും ഉത്തരവ് ഉണ്ടാക്കിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടത് 2012 ഫെബ്രുവരി 15നാണ്. 2015ലാണു തർക്കം ഇറ്റലി മുൻകയ്യെടുത്ത് രാജ്യാന്തര ട്രൈബ്യൂണൽ മുൻപാകെ എത്തിച്ചത്. ഉത്തരവു വന്നതാകട്ടെ, അഞ്ചു വർഷത്തിനുശേഷം മാത്രം. ഇനി നഷ്ടപരിഹാരം സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയെത്താൻ ഒരുവർഷത്തെ സമയമാണുള്ളത്. നടപടികളും അതിലൂടെ നീതിയും വൈകുന്നത് കൊല്ലപ്പെട്ടവരോടും അവരുടെ കുടുംബങ്ങളോടുമുള്ള നീതി നിഷേധംതന്നെയല്ലേ എന്ന ചോദ്യമുയരുന്നു.

പക്ഷേ, ആ ചോദ്യം സംഭവകാലത്ത് കേന്ദ്രം ഭരിച്ച യുപിഎയോടും സുപ്രീം കോടതിയിലും ട്രൈബ്യൂണലിലും കേസ് നടത്തിയ ഇപ്പോഴത്തെ എൻഡിഎ സർക്കാരിനോടുംകൂടിയുള്ളതാണ്. കേസിനെ രാഷ്ട്രീയവൽക്കരിച്ച കക്ഷികൾക്കും അതിന് ഒത്താശ ചെയ്തവർക്കുമാണ് അതിന്റെ ഉത്തരവാദിത്തം.

ഇതിനിടെ, യൂറോപ്യൻ യൂണിയൻ, നാറ്റോ, ഫ്രാൻസ്, ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ എന്നിങ്ങനെ പല കേന്ദ്രങ്ങളിൽനിന്നായി ഇറ്റലി ഇന്ത്യയ്ക്കുമേൽ സമ്മർദം ചെലുത്തിയിട്ടുമുണ്ട്. നീതി നടപ്പായിക്കിട്ടാൻ കേരള സർക്കാർ ആദ്യം മുതലേ താൽപര്യപൂർവം പ്രവർത്തിച്ചുവെന്നത് എടുത്തുപറയേണ്ടതാണ്.

എന്നാൽ, മതിയായ പിന്തുണ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നതാണു വസ്തുത. ഇന്ത്യയിലെ നിയമനടപടികൾ വൈകുന്നുവെന്ന കാരണംകൂടി പറഞ്ഞാണ് ഇറ്റലി വിഷയം ട്രൈബ്യൂണലിൽ അവതരിപ്പിച്ചത്. ട്രൈബ്യൂണലിലെ കേസ് നടത്തിപ്പിൽ വേണ്ടത്ര ജാഗ്രത ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായോ എന്ന ചോദ്യവും ഇപ്പോൾ ഉയർന്നിട്ടുണ്ട്.

ട്രൈബ്യൂണലിലെ നടപടികൾ യഥാസമയം കേരള സർക്കാരിനെയും തങ്ങളെയും അറിയിക്കണമെന്നാണ് കേന്ദ്ര സർക്കാരിനോട് 2017 മാർച്ചിൽ സുപ്രീം കോടതി ഉത്തരവിലൂടെ നിർദേശിച്ചത്. എന്നാൽ, ട്രൈബ്യൂണലിന്റെ തീരുമാനം വന്ന് 40 ദിവസത്തിനുശേഷം മാത്രമാണ് കേന്ദ്രസർക്കാർ കോടതിയെയും കേരള സർക്കാരിനെയും ആ വിവരം അറിയിച്ചിരിക്കുന്നത്. ഈ കാലതാമസത്തിന്റെ കാരണമെന്തെന്നു വിശദീകരിക്കാൻ സർക്കാർ തയാറായിട്ടുമില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനുള്ള നീതി, നഷ്ടപരിഹാരത്തിൽ ഒതുങ്ങുകയാണ്. സംഭവിച്ച നഷ്ടം അതിലൂടെ നികത്താവുന്നതല്ലെന്നു ട്രൈബ്യൂണൽതന്നെ പറയുന്നുമുണ്ട്.

സമയത്തു കുറ്റപത്രം നൽകാതെ പ്രതികൾക്കു ജാമ്യത്തിനു വഴിയൊരുക്കുന്നതുൾപ്പെടെ പലതരം തന്ത്രങ്ങളിലൂടെ നടപ്പാക്കപ്പെടുന്ന മെല്ലെപ്പോക്കു നയം ഏതു കേസിനെയും ദുർബലപ്പെടുത്തുമെന്ന് നന്നായി അറിയാവുന്നതു ഭരണകൂടത്തിനാണ്. അതു രാജ്യാന്തര കോടതിയിലെ കേസുകൾക്കും ബാധകമാകുമെന്നു തെളിയിക്കുന്ന എൻറിക്ക ലെക്സി കേസ്, ഒരേസമയം പാഠവും മുന്നറിയിപ്പുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA