അധികാരവും പ്രതികാരവും

subhadhinam
SHARE

ഏബ്രഹാം ലിങ്കൺ യുഎസ് പ്രസിഡന്റായ ശേഷം, അദ്ദേഹത്തിന്റെ ശത്രുവെന്ന് എല്ലാവരും കരുതിയിരുന്ന ആളെക്കുറിച്ചു നല്ലതു മാത്രം സംസാരിക്കാൻ തുടങ്ങി. അനുയായികളിൽ ഒരാൾ ലിങ്കണോടു ചോദിച്ചു: എന്തിനാണ് ആ വ്യക്തിയെ ഇത്ര പുകഴ്ത്തി സംസാരിക്കുന്നത്? താങ്കൾക്ക് ഇപ്പോൾ അധികാരമുണ്ട്. പകരംവീട്ടാൻ പറ്റിയ സമയമല്ലേ? ലിങ്കൺ പറഞ്ഞു: ശത്രുക്കളെ അമർച്ച ചെയ്യുന്നതിനെക്കാൾ എനിക്കു താൽപര്യം സുഹൃത്തുക്കളെ സമ്പാദിക്കുന്നതിലാണ്. മാത്രമല്ല, സുഹൃത്തുക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് ശത്രുക്കളുടെ എണ്ണം കുറയുകയും ചെയ്യും.

ഓരോ സ്ഥാനവും ഓരോ ഉത്തരവാദിത്തമാണ് – എല്ലാവരുടെയും സ്വന്തമാകാനും എല്ലാവരെയും മുന്നോട്ടു നയിക്കാനുമുള്ള പൂർണ ചുമതല. പിന്നോട്ടു നടന്ന് പഴയകാല പ്രതിയോഗികളുടെ പട്ടിക തയാറാക്കി പ്രതികാരത്തിനു മുതിരുന്നവരാരും നേതൃസ്ഥാനത്തിന് അർഹരല്ല. അവരുടെ മുൻഗണനാക്രമത്തിന് അടിത്തറ പാകുന്നത് അതിവൈകാരികതയും അധികാരഭ്രമവുമായിരിക്കും.

ഓരോ മത്സരവും ഫലപ്രഖ്യാപനം വരുമ്പോഴെങ്കിലും അവസാനിക്കണം. അതിനു ശേഷവും തുടരുന്ന മത്സരബോധം അനാരോഗ്യകരവും ആപൽക്കരവുമാണ്. കളിക്കളത്തിനു പുറത്തെ സ്പർധ മത്സരസമയത്തു പ്രകടമാക്കുന്നതും കളിയിൽ തോറ്റതിന്റെയോ ജയിച്ചതിന്റെയോ വാശിയും വാഴ്ത്തലും വർഷങ്ങൾക്കു ശേഷവും തുടരുന്നതും വികല വ്യക്തിത്വത്തിന്റെ അടയാളമാണ്.

മത്സരക്ഷമതയുടെ അതിർവരമ്പിനകത്ത് വ്യക്തിവിദ്വേഷത്തിന്റെ മുകുളങ്ങൾ വളരാൻ പാടില്ല. ജയവും തോൽവിയും കളിക്കളത്തിനുള്ളിൽ അവസാനിക്കുകയും വേണം. അധികാരസ്ഥാനത്തിരുന്നു പകപോക്കുന്നവരാണ് ഏറ്റവും ദുർബലർ. എന്നാൽ, പ്രതികാരം ചെയ്യാനുള്ള കരുത്തും സാഹചര്യവും ഉണ്ടായിട്ടും എതിരാളികളെ ഹൃദയത്തോടു ചേർത്തു നിർത്തുന്നവരെ തോൽപിക്കാൻ ആർക്കു കഴിയും?

ഒരു ശത്രു രൂപപ്പെടാൻ എളുപ്പമാണ്. എന്നാൽ, സൗഹൃദം അനൂകൂല സാഹചര്യങ്ങളിൽനിന്നും നിരന്തര പരിശ്രമത്തിൽനിന്നും ഉടലെടുക്കുന്നതാണ്. ഒരു മിത്രം ശത്രുവാകാൻ നിമിഷങ്ങൾ മതിയാകും; ഒരു ശത്രു മിത്രമാകാൻ നാളുകളുടെ പ്രയത്നവും കാത്തിരിപ്പും ആവശ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA