sections
MORE

നെതന്യാഹുവിന്റെ ‘അതിരുവിട്ട’ സ്വപ്നം

Palestine
വെസ്റ്റ് ബാങ്ക് മേഖലകൾ തങ്ങളുടേതാക്കാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ ഗാസയിൽ പലസ്തീൻകാർ നടത്തിയ പ്രതിഷേധ പ്രകടനം. ചിത്രം:എഎഫ്പി
SHARE

വെസ്റ്റ് ബാങ്കിലെ അധീനമേഖലകളെ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കാനുള്ള നടപടികൾ ഇസ്രയേൽ തൽക്കാലം  നിർത്തിവച്ചിരിക്കുന്നു. എന്നാൽ, ആ മോഹം അവർ ഉപേക്ഷിക്കാനിടയില്ല. മധ്യപൂർവ ദേശത്തു സമാധാനം പുലരണമെങ്കിൽ  രാജ്യാന്തരതലത്തിൽ ഇസ്രയേലിനു മേൽ വലിയ സമ്മർദമുണ്ടാവണം. രാജ്യങ്ങളുടെ സമീപനത്തിലും ലോകക്രമത്തിലും  കോവിഡ് വരുത്താൻ പോകുന്ന മാറ്റങ്ങൾ  പല കാര്യങ്ങളിലും നിർണായകമാകും...

വെസ്റ്റ് ബാങ്കിന്റെ 30 – 40 ശതമാനവും തങ്ങളുടെ രാജ്യത്തിന്റെ ഭാഗമായി പ്രഖ്യാപിക്കാനുള്ള നടപടികൾ കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങാനായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ശ്രമം. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്മർദവും ഭരണമുന്നണിയിൽനിന്നു തന്നെയുള്ള എതിർപ്പും കാരണമാകാം, തൽക്കാലം നടപടി വേണ്ടെന്നുവച്ചിരിക്കുകയാണ്.

നിർവചിച്ച അതിരുകളില്ലാതെയാണ് ഇസ്രയേലും പലസ്തീനും നിലനിൽക്കുന്നത്. അതിരുനിർണയത്തിനു സമ്മതിച്ച ഇസ്രയേൽ പിന്നീടു പിന്മാറുകയായിരുന്നു. പശ്ചിമ ജറുസലമിനെ അവർ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കി; 1967ലെ യുദ്ധശേഷം, വെസ്റ്റ് ബാങ്കിന്റെ പല ഭാഗങ്ങളും ഗാസാ മുനമ്പും ഗോലാൻ കുന്നുകളുമൊക്കെ അധീനതയിലുമാക്കി. അധീനപ്രദേശങ്ങളിൽ ജൂതരെ താമസിപ്പിക്കുകയായിരുന്നു അടുത്ത നടപടി. ഇതു വർധിച്ചുകൊണ്ടേയിരുന്നു. അധീനമേഖലകൾ രാജ്യത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുകയെന്ന നീക്കത്തിലേക്കുമെത്തി.

qamar-akha
ഖമർ ആഗ

ഇസ്രയേലിന്റെ കണക്കുകൂട്ടൽ

ജൂതരാഷ്ട്രത്തിന്റെ തലസ്ഥാനമാണു ജറുസലം എന്നാണ് ഇസ്രയേലിന്റെ വാദം. അവർക്കു വെസ്റ്റ് ബാങ്ക് തങ്ങളുടെ രാജാക്കന്മാർ ഭരിച്ചതും പ്രവാചകന്മാർ ജീവിച്ചതുമായ സ്ഥലമാണ്. ഗാസാ മുനമ്പിന് ആ പശ്ചാത്തലമല്ല, ശാക്തിക – സുരക്ഷാപരമായ പ്രാധാന്യമാണു പറയുന്നത്. പലസ്തീനെ പൂർണമായും തങ്ങളുടെ കൈപ്പിടിയിലാക്കണമെന്ന് അവർ താൽപര്യപ്പെടുന്നു.

ഇസ്രയേൽ ജൂതരാഷ്ട്രം സങ്കൽപിക്കുമ്പോൾ, മറ്റു മതങ്ങളിൽപെട്ടവർ അതിൽ ഉൾപ്പെടില്ലെന്നുകൂടിയുണ്ട്. അറബികളുൾപ്പെടെയുള്ളവരെ പുറത്താക്കേണ്ടതായി വരും. ജൂതരല്ലാത്തവരുടെ ജീവിതം പരമാവധി ദുഷ്കരമാക്കുകയാണ് അതിനുള്ള ഒരു വഴി. ജീവിതം വഴിമുട്ടുന്ന സ്ഥിതിയിലാകുന്നവർ പലായനം ചെയ്യുമല്ലോ.

ഇങ്ങനെയൊരു സമീപനത്തിന് ഇസ്രയേലിന് യുഎസിന്റെയും പശ്ചിമ യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണയുമുണ്ട്. ഇറാനെതിരെയുള്ള നീക്കങ്ങൾക്ക് സൗദി അറേബ്യയുടെ സഹായവുമുണ്ട്. അധീനമേഖലകളിലെ അറബികൾ വിലപേശലിൽ മിടുക്കരല്ല, അവർക്കിടയിൽത്തന്നെ അഭിപ്രായ ഭിന്നതകളുമുണ്ട്. ഇതും ഇസ്രയേലിന് അനുകൂല ഘടകമാണ്.

യുഎസ് പിന്തുണ എന്താകും? 

ഇസ്രയേലിന്റെ താൽപര്യങ്ങളും നീക്കങ്ങളും രാജ്യാന്തര നിയമങ്ങൾക്കെതിരാണ്. സംഘർഷാവസ്ഥ തുടർന്നുകൊണ്ടു പോകുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ട്. കാരണം, സംഘർഷമെന്നതു വലിയ പണച്ചെലവുള്ള സംഗതിയാണ്. യുഎസ് സാമ്പത്തികമായി നൽകിയിരുന്ന പിന്തുണ കോവിഡിനുശേഷം എങ്ങനെ തുടരുമെന്ന ചോദ്യമുണ്ട്. യുഎസിലും പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലും ഇസ്രയേലിനെതിരെ പൊതുജനാഭിപ്രായവുമുണ്ട്.

പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച മധ്യപൂർവദേശ പദ്ധതിയെക്കുറിച്ച് ഇപ്പോൾ അമേരിക്കക്കാർ പോലും സംസാരിക്കുന്നില്ല. കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കു പുറമേ, എണ്ണ വിപണിയിലെ പ്രശ്നങ്ങളും പ്രസക്തമാണ്. എണ്ണ വിപണിയിലെ പ്രതിസന്ധിക്ക് ഉടനെ വലിയ മാറ്റം പ്രതീക്ഷിക്കാനാവില്ല. മധ്യപൂർവദേശത്തുനിന്നുള്ള എണ്ണയെ ആശ്രയിക്കേണ്ട സ്ഥിതി ഇപ്പോൾ യുഎസിനില്ല. എണ്ണവിഷയത്തിൽ ഇസ്രയേലിനു കാര്യമായ പങ്കു വഹിക്കാനുമില്ല. അപ്പോൾ, സംഘർഷം നിലനിർത്താനുള്ള പണം എവിടെനിന്നു വരും?

ട്രംപ് പിന്തുണയ്ക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതീക്ഷ. എന്നാൽ, ട്രംപിനിതു തിരഞ്ഞെടുപ്പു വർഷമാണ്, കോവിഡ് യുഎസിലും ആഗോളതലത്തിലും വലിയ മാറ്റങ്ങളാണു കൊണ്ടുവരുന്നത്. അപ്പോൾ, സ്വാഭാവികമായും യുഎസിന്റെയും പശ്ചിമ യൂറോപ്യൻ രാജ്യങ്ങളുടെയും തണുപ്പൻ നിലപാടു കണക്കിലെടുത്ത് ആഗ്രഹത്തിന് അവധികൊടുക്കേണ്ട സ്ഥിതിയിലായി നെതന്യാഹു. വലിയ സാമ്പത്തിക ആനുകൂല്യങ്ങളാണ് യുഎസിൽനിന്ന് ഇസ്രയേലിനു ലഭിച്ചിരുന്നത് – വായ്പയായും വ്യാപാര ഇളവുകളായും മറ്റും. ഇനി അതിന്റെ തോതിലും മാറ്റം വരാം.

മറുവശത്ത്, നെതന്യാഹു നടപടികളുമായി മുന്നോട്ടുപോയാൽ തങ്ങൾ രാഷ്ട്രം പ്രഖ്യാപിക്കുമെന്ന പലസ്തീൻ പ്രധാനമന്ത്രിയുടെ പരാമർശം ശ്രദ്ധേയമായിരുന്നു. പലസ്തീൻകാർ ഭിന്നിച്ചു നിൽക്കുകയായിരുന്നു. അത് ഇസ്രയേലിനു സഹായകരവുമായിരുന്നു. എന്നാൽ, ഇസ്രയേലിന്റെ നീക്കം പലസ്തീൻകാരെ ഒരുമിപ്പിക്കും. പലസ്തീൻ രാഷ്ട്രപ്രഖ്യാപനത്തെ പിന്തുണയ്ക്കാൻ അറബ് ലീഗ് ഉൾപ്പെടെ പലരും നിർബന്ധിതരാകും.

ഇന്ത്യയുടെ നിലപാട്

അറബ് ലീഗ് രാജ്യങ്ങളെ പിന്തുണയ്ക്കുന്നതാണ് ഇന്ത്യൻ നിലപാട്. സമാധാനപരമായ ചർച്ചയിലൂടെ രണ്ടു രാഷ്ട്രങ്ങൾ എന്നതാണു പ്രശ്നത്തിനുള്ള പരിഹാരമെന്നും ഇന്ത്യ കരുതുന്നു. ഇസ്രയേലുമായും പലസ്തീനുമായും നാം നല്ല ബന്ധം സൂക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ സന്ദർശിക്കുകയും

പ്രസിഡന്റുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. അപ്പോഴും ഏറെപ്പഴയതല്ലാത്ത ചരിത്രംകൂടി പരിഗണിക്കേണ്ടതുണ്ട്. ബിജെപിയുടെ ഇസ്രയേൽ അനുകൂല നിലപാട്, പാർട്ടിയുടെ മുൻരൂപമായ ജനസംഘിന്റെ കാലം മുതലുള്ളതാണ്. ശീതയുദ്ധ ശേഷം, ആഗോള അധികാരക്രമത്തിൽ ഉണ്ടായ മാറ്റങ്ങളും ആഗോളവൽക്കരണവും കണക്കിലെടുത്ത് യുഎസിനോട് അടുക്കാൻ ഇന്ത്യ താൽപര്യപ്പെട്ടു. പി.വി.നരസിംഹറാവുവിന്റെ കാലത്ത്, അതിന് യുഎസിലെ ഇസ്രയേൽ ലോബിയെ പ്രയോജനപ്പെടുത്താനും നമ്മൾ ശ്രമിച്ചു. 

ഇത്തരത്തിൽ ഇസ്രയേൽക്കാരെ പ്രയോജനപ്പെടുത്തുന്ന തന്ത്രം ചൈനയും പ്രയോഗിച്ചിട്ടുള്ളതാണ്. ഇതിനെ തന്ത്രമെന്നു തീർത്തു പറയാനാവുമോ എന്നറിയില്ല. ഇസ്രയേൽക്കാർ വലിയ ലോബി തന്നെയാണ്. തങ്ങളുമായി അടുപ്പം ആഗ്രഹിക്കുന്നവർ, ഇസ്രയേൽ വഴി വരികയെന്നത് യുഎസും താൽപര്യപ്പെടുന്നതാണ്. യുഎസിന്റെ താൽപര്യങ്ങളുമായി ഒത്തുപോകുന്നതല്ലെങ്കിലും, വിവിധ വ്യാപാരമേഖലകളിൽ ഇന്ത്യയെയും ചൈനയെയും ഇസ്രയേലിനു വേണമെന്നതും ഇപ്പോൾ കണക്കിലെടുക്കണം.

ഇന്ത്യയ്ക്ക് ഇസ്രയേലുമായുള്ള നല്ല ബന്ധമെന്നത് പലസ്തീനെ അവഗണിച്ചുകൊണ്ടല്ല എന്നതും പ്രസക്തമാണ്. ഇസ്രയേൽ അധീന മേഖലയിലുൾപ്പെടെ പലസ്തീന്റെ പല പദ്ധതികൾക്കും ഇന്ത്യ സഹായം നൽകിയിട്ടുണ്ട്. പലസ്തീനിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠിക്കാനും മറ്റും സ്കോളർഷിപ് നൽകുന്നുണ്ട്.

വെസ്റ്റ് ബാങ്കിലെ അധീനമേഖലകളെ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കുകയെന്ന ഇസ്രയേലിന്റെ താൽപര്യം തുടരും. ഇസ്രയേലിൽത്തന്നെ രാഷ്ട്രീയമായി അതിനോടു വിയോജിക്കുന്നവരുമുണ്ട്. ഇസ്രയേൽ അടങ്ങിയിരിക്കണമെങ്കിൽ രാജ്യാന്തരതലത്തിൽ അവർക്കുമേൽ വലിയ സമ്മർദമുണ്ടാവണം. രാജ്യങ്ങളുടെ സമീപനത്തിലും ലോകക്രമത്തിലും കോവിഡ് വരുത്താൻ പോകുന്ന മാറ്റങ്ങൾ പല കാര്യങ്ങളിലും നിർണായകമാകുമല്ലോ.

(മധ്യപൂർവദേശ കാര്യങ്ങളിൽ വിദഗ്ധനായ  മുതിർന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA