sections
MORE

സഹായഹസ്തമില്ലാതെ റബർ കർഷകർ

SHARE

കോവിഡ് ദുരിതങ്ങളിൽ വലയുന്ന പൗരന്മാർക്കു കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പലവിധ സഹായങ്ങളും എത്തിക്കുന്ന കാലമാണിത്. വിവിധ ക്ഷേമനിധികളിലൂടെയും മറ്റും വിതരണം ചെയ്യുന്ന പണം ഒട്ടേറെപ്പേർക്ക് ആശ്വാസമാകുന്നുമുണ്ട്. ജനസംഖ്യയുടെ ഭൂരിപക്ഷത്തിനും സർക്കാരിന്റെ സഹായമെത്തുമ്പോൾത്തന്നെ ഒരുവിഭാഗം കാഴ്ചക്കാർ മാത്രമാകേണ്ടിവരുന്നത് അനീതിയാണ്. കേരളത്തിലെ റബർ കർഷകർ ഇപ്പോൾ അങ്ങനെ ദുഃസ്ഥിതിയിലാണ്.

റബറിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിനു കുടുംബങ്ങൾ വിലത്തകർച്ച മൂലം പണ്ടേതന്നെ സാമ്പത്തിക പ്രതിസന്ധിയിലായിക്കഴിഞ്ഞു. കോവിഡ് ഭീഷണി മൂലം ടാപ്പിങ്ങും വ്യാപാരവുമൊക്കെ തടസ്സപ്പെട്ടത് അവസ്ഥ കൂടുതൽ ദയനീയമാക്കി. വിലത്തകർച്ചയെത്തുടർന്ന് ജീവിതം വഴിമുട്ടിയ റബർ കർഷകർക്കു വരുമാനം ഉറപ്പാക്കുന്നതിനായി മുൻ സർക്കാർ ആരംഭിച്ച പദ്ധതിയായിരുന്നു അവരുടെ ഏക പ്രതീക്ഷ. ഉൽപാദനത്തിന് ആനുപാതികമായി സഹായം നൽകുന്ന ഈ സംവിധാനം അടുത്ത കാലത്തു നടപ്പായ കർഷകസഹായ പദ്ധതികളിൽ മികച്ചതെന്നു പൊതുവേ അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ, ആറു മാസത്തിലധികമായി പ്രസ്തുത പദ്ധതി മുടങ്ങിക്കിടക്കുകയാണ്. 2019 ഡിസംബറിനു ശേഷം ഫണ്ട് അനുവദിക്കാത്തതുമൂലം സൂക്ഷ്മപരിശോധന പൂർത്തിയാക്കിയ അപേക്ഷകളിൽ പോലും സബ്സിഡി വിതരണം ചെയ്യപ്പെടുന്നില്ല.

ഒരു കിലോ റബറിനു 172 രൂപ ഉൽപാദനച്ചെലവു കണക്കാക്കിയത് കേന്ദ്രസർക്കാർ ഏജൻസിയായ റബർ ബോർഡാണ്. എന്നാൽ, ഒരു കിലോ റബറിനു 150 രൂപ ലഭിക്കത്തക്ക വിധത്തിൽ വിപണിവിലയുമായുള്ള അന്തരമാണ് സബ്സിഡിയായി സംസ്ഥാന സർക്കാർ നൽകുക. ഈ സഹായം നേരിയ തോതിലെങ്കിലും വർധിപ്പിക്കാമെന്നു പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കാവട്ടെ അക്കാര്യം മറന്ന മട്ടും. നിവൃത്തികേടു കൊണ്ടു മാത്രമാണ് 150 രൂപയെങ്കിലും ലഭിക്കാനായി കൃഷിക്കാർ രേഖകൾ സമർപ്പിക്കുന്നത്. ഉറപ്പുനൽകിയ വരുമാനംപോലും കിട്ടാതെ തോട്ടങ്ങളിൽ ഉൽപാദനം നിലയ്ക്കുമ്പോൾ കൃഷിക്കാർക്കൊപ്പം ടാപ്പിങ് തൊഴിലാളികളും ദുരിതത്തിലാവുകയാണ്.

മഹാമാരിയുടെ ദുരിതങ്ങൾ അകറ്റാനായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ചില പരിഷ്കാരങ്ങൾ റബർമേഖലയ്ക്കും ഗുണം ചെയ്തേക്കും. ഇന്ത്യയിലെവിടെയും ഓൺലൈനായി വിപണനം നടത്താൻ കർഷകരെ സഹായിക്കുന്ന ഇ – വ്യാപാര സംവിധാനം റബർ ഉൾപ്പെടെ കൂടുതൽ കാർഷികോൽപന്നങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിനുള്ള നീക്കമാണ് അവയിൽ പ്രധാനം. രാജ്യമെമ്പാടും കാർഷികോൽപന്നങ്ങളുടെ ഇ – വ്യാപാരം യാഥാർഥ്യമായിക്കഴിഞ്ഞു. എന്നാൽ, വിൽക്കാവുന്ന തോതിൽ കാർഷികോൽപന്നങ്ങളോ മൊത്തവ്യാപാര വിപണികളോ ഇല്ലാത്ത കേരളം സ്വതന്ത്രവ്യാപാരരംഗത്തു കാഴ്ചക്കാരുടെ റോളിലായിരുന്നു ഇതുവരെ. നമുക്കു വിൽക്കാനായുള്ളതിൽ പ്രധാനം റബറും പൈനാപ്പിളും സുഗന്ധവിളകളുമാണ്. നിർദിഷ്ട പരിഷ്കാരം മൂലം കേരളത്തിന്റെ സ്വന്തം വിളകൾക്കു കൂടി ഇ – വിപണി തുറന്നുകിട്ടും.

ഇടനിലക്കാരുടെ ഇടപെടൽ കുറയുന്നതുമൂലം വിപണിവിലയുടെ പരമാവധി വിഹിതം കൃഷിക്കാരിലെത്താൻ ഇ – വ്യാപാരം സഹായിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. ഉയർന്ന ഗ്രേഡിലുള്ള റബർഷീറ്റ് ഉൽപാദിപ്പിക്കുന്ന സംഘങ്ങൾക്കും മറ്റും വിദൂരവിപണികളിൽ മെച്ചപ്പെട്ട അവസരങ്ങൾ കണ്ടെത്താനായേക്കും. അതേസമയം, തരംതിരിക്കലും നിലവാര പരിശോധനയുമൊക്കെ വേണ്ടിവരുന്ന റബർമേഖലയിൽ ഇ – വ്യാപാരം പരാതികൂടാതെ നടപ്പാക്കാൻ കൂടുതൽ ജാഗ്രതയും മുൻകരുതലും ആവശ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA