ADVERTISEMENT

സ്വർണ കള്ളക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് എപ്പോഴും തണലായി ഉണ്ടായിരുന്നു വൻ ബന്ധങ്ങൾ. കുഴപ്പത്തിൽപെടുമ്പോഴെല്ലാം രക്ഷപ്പെടുത്താൻ  വിളി എത്തിയിരുന്നത്  ഉന്നതങ്ങളിൽനിന്ന്... 

തിരുവനന്തപുരം മണക്കാട്ടുള്ള യുഎഇ കോൺസുലേറ്റിൽ 4 പൊലീസുകാരെ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. അവിടത്തെ ഉദ്യോഗസ്ഥർ ആരെന്നും തസ്തിക എന്തെന്നും ഇവർക്ക് അറിയില്ല. തിരിച്ചറിയൽ കാർഡ് കഴുത്തിൽ തൂക്കി എത്തുന്നവരെ കടത്തിവിടും. 

സ്വപ്ന സുരേഷ് അവിടെ നിയമിതയായി ഏതാനും ദിവസം കഴിഞ്ഞപ്പോൾ, പൊലീസുകാർ തന്നെ സല്യൂട്ട് ചെയ്യുന്നില്ലെന്നു പരാതി. വിളിച്ചത് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ. അദ്ദേഹം ദേഷ്യത്തോടെ പൊലീസുകാരെ വിളിപ്പിച്ചു. ‘നയതന്ത്ര ഉദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യണമെന്ന് അറിയില്ലേ’ എന്നു ചോദിച്ചു. സസ്പെൻഡ് ചെയ്യാനായി നീക്കം. അതിനിടെ പൊലീസ് സംഘടനാ പ്രതിനിധികൾ ഇടപെട്ടു. എഡിജിപി വിട്ടില്ല. ഒരു ഹെഡ് കോൺസ്റ്റബിൾ അടക്കം 4 പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ആരെ കണ്ടാലും സല്യൂട്ട് ചെയ്യുന്ന അവസ്ഥയിലായി അവരിപ്പോൾ.

ദുബായിൽനിന്നു തിരുവനന്തപുരത്തേക്കുള്ള നയതന്ത്ര സ്വർണക്കടത്തുകേസിലെ മുഖ്യപ്രതിയെന്നു കരുതുന്ന സ്വപ്ന സുരേഷിന്റെ ഉന്നതബന്ധങ്ങളും അതിവേഗ സാമ്പത്തികവളർച്ചയും അടിമുടി ദുരൂഹം. അബുദാബിയിൽ പഠിച്ചുവളർന്നെങ്കിലും നാട്ടിലേക്കു മടങ്ങി, ഏതാനും വർഷം മുൻപുവരെ പല ജോലികൾ ചെയ്തു. എയർ ഇന്ത്യ സാറ്റ്സിൽ ഉൾപ്പെടെ തുച്ഛമായ വേതനത്തിലായിരുന്നു ജോലി. ഒരിടത്തും അധികകാലം ഉറച്ചുനിന്നില്ല. അതേസമയം, ജോലി ചെയ്തിടങ്ങളിലൊക്കെ ഉന്നതബന്ധങ്ങളുണ്ടാക്കി. യുഎഇ കോൺസുലേറ്റിൽ സെക്രട്ടറിയായി ജോലി ലഭിച്ചതോടെ ബന്ധങ്ങൾ പലവഴികളിൽ വളർന്നു. അവിടെനിന്നു മാറി ഐടി വകുപ്പിൽ ജോലിക്കു ചേർന്നതുവരെ ഗൂഢലക്ഷ്യങ്ങളോടെയാണെന്ന സംശയമാണ് അന്വേഷണ ഏജൻസികൾ ഇപ്പോൾ ഉയർത്തുന്നത്.

സ്വപ്നയ്ക്ക് അറബിക്കും ഇംഗ്ലിഷും ഉൾപ്പെടെ പല ഭാഷകൾ കൈകാര്യം ചെയ്യാനറിയാം. ഇതായിരുന്നു ബന്ധങ്ങൾ വളർത്താനുള്ള പ്രധാന ആയുധം. സമീപകാലത്ത് സ്വപ്നയുടെ സാമ്പത്തികവളർച്ച ആരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. വൻകിട ഹോട്ടലുകളിലും ഫ്ലാറ്റിലും പാർട്ടി നടത്തുന്നതായിരുന്നു ഹരം.

പല വമ്പന്മാർക്കൊപ്പവും പാർട്ടികളിൽ സ്വപ്നയുണ്ടായിരുന്നു. ഇടയ്ക്കിടെ വിദേശയാത്രകൾ. നഗരഹൃദയത്തിൽ ഇപ്പോൾ പണിയുന്നത് കോടികൾ ചെലവുവരുന്ന വീട്. വീടിന്റെ പണി തുടങ്ങുന്ന ചടങ്ങിനുവരെ ഉന്നത ഉദ്യോഗസ്ഥർ സാക്ഷികളായെത്തി. എപ്പോൾ കുഴപ്പത്തിൽപെട്ടാലും സ്വപ്നയെ രക്ഷപ്പെടുത്താൻ ഉയരങ്ങളിൽനിന്നു വിളിയെത്തും; പദവികളിലേക്കു കൈപിടിച്ചുയർത്താനും എപ്പോഴും സജ്ജമാണ് ഈ സഹായഹസ്തങ്ങൾ.

 ‘ഹാൻഡ്‌ലിങ്’ പാളി 

എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗമായ എയർ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരിയായിരിക്കെ അവിടത്തെ ഉദ്യോഗസ്ഥനെതിരെ നൽകിയ വ്യാജ പീഡനപരാതിയിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത 6 മണിക്കൂറിനിടെ സ്വപ്നയെ രക്ഷിക്കാൻ പലവട്ടം എത്തി ഉന്നതരുടെ ഫോൺ കോൾ. വ്യാജരേഖ ചമച്ചതും ആൾമാറാട്ടം നടത്തിയതുമെല്ലാം കേരള പൊലീസ് അന്വേഷിച്ചതാണ്. എന്നാൽ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യാൻ ഒരു പ്രാവശ്യം മാത്രമാണു ധൈര്യപ്പെട്ടത്. ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥനടക്കം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ വിളിച്ചു – ഉടൻ മൊഴിയെടുത്തു വിടണം, അനാവശ്യമായി ഇനി ശല്യം ചെയ്യരുത്! 

ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥരെ പറ്റിക്കാനും ചോദ്യംചെയ്യലിന്റെ വഴിതിരിച്ചു വിടാനും സ്വപ്ന ശ്രമിച്ചു. ഒടുവിൽ, പരാതി നൽകിയ എൽ.എസ്.സിബുവിനെ വിളിച്ചുവരുത്തി മുന്നിലിരുത്തി. സിബുവിനെ അറിയുമോ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു സ്വപ്നയുടെ മറുപടി. എന്നാൽ, സ്വപ്നയ്ക്ക് എന്നെ അറിയില്ലെങ്കിലും എനിക്കു സ്വപ്നയെ നന്നായി അറിയാം എന്നു പറഞ്ഞതോടെ അവരുടെ പിടിവിട്ടു. ഏറ്റവും വലിയ കള്ളം പൊളിഞ്ഞതോടെ പിന്നീടു പിടിച്ചുനിൽക്കാനായില്ല. അതിനിടെ പൊട്ടിക്കരഞ്ഞും തളർന്നുവീണുമുള്ള നാടകങ്ങൾ. ഭർത്താവിനെ കാണണമെന്നു പറഞ്ഞ് അദ്ദേഹത്തെ വിളിച്ചുവരുത്തി.

സിബുവിനെതിരെ 17 വനിതാ ജീവനക്കാരുടെ പേരിൽ കള്ളപ്പരാതി തയാറാക്കിയതിൽ സ്വപ്നയ്ക്കുള്ള പങ്ക് വ്യക്തമായതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. എയർ ഇന്ത്യ അന്വേഷണ കമ്മിഷനു മുന്നിൽ പാർവതി സാബു എന്ന ജീവനക്കാരിയായി നീതു മോഹൻ എന്ന പേരുള്ള മറ്റൊരു പെൺകുട്ടിയെ ഹാജരാക്കി സ്വപ്ന ആൾമാറാട്ടം നടത്തിയെന്നും കണ്ടെത്തി.

നേരത്തേ ഇവരുടെ ഉന്നത സ്വാധീനത്തെത്തുടർന്ന് ഈ കേസ് പൊലീസ് അട്ടിമറിച്ചിരുന്നു. സ്വപ്നയ്ക്കെതിരെ തെളിവില്ലെന്നു കാണിച്ച് തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് എസിപി കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ, സിബു കോടതി വഴി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് അനുമതി നേടിയെടുക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് അട്ടിമറിയും കള്ളക്കളികളും പുറത്തായത്. എന്നാൽ, ഉന്നത പൊലീസ് ഇടപെടലിനെത്തുടർ‍ന്ന് കേസിൽ ഇതുവരെ സ്വപ്നയെ പ്രതിചേർത്തിട്ടില്ല.

 ഒന്നുമറിയാത്ത ഐടി

ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളില്ലാതിരുന്നിട്ടും ഇടനില ഏജൻസി വഴി സ്വപ്ന സുരേഷ് ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്കിന്റെ കൺസൽറ്റന്റായി എത്തിയതും പിൻവാതിലിലൂടെയെന്നു സൂചന. ഐടി സെക്രട്ടറിയുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഇതിനായി ഉപയോഗിച്ചിട്ടുണ്ടോ എന്നു സംശയമുണ്ട്.

മഹാരാഷ്ട്രയിലെ ബാബാസാഹേബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാലയിൽനിന്ന് 2011ൽ നേടിയ ബിരുദമാണ് ഉയർന്ന യോഗ്യത. സ്കൂൾ പഠനം കഴിഞ്ഞ് ജോലിക്കു കയറി ഏതാനും വർഷങ്ങൾക്കു ശേഷമാണു ബിരുദമെടുത്തത്. ഇതിനു പുറമേ, അയാട്ട (IATA), ഡിപ്ലോമ ഇൻ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് ഉൾപ്പെടെയുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടത്രേ.

യുഎഇ കോൺസുലേറ്റ്, എയർ ഇന്ത്യ എന്നിവിടങ്ങളിൽ നടന്ന ക്രമക്കേടുകളിൽ അന്വേഷണം നേരിട്ട സ്വപ്നയുടെ ഭൂതകാലം തങ്ങൾ അറിഞ്ഞിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഐടി വകുപ്പ്. സ്വന്തം ജീവനക്കാരിയല്ലാത്തതുകൊണ്ടു വിശദീകരണം പോലും തേടേണ്ടതില്ലെന്നാണ് ഇവരുടെ നിലപാട് (ബഹിരാകാശ ഗവേഷണം പ്രോത്സാഹിപ്പിക്കാനായി വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ സഹകരണത്തോടെ പള്ളിപ്പുറം ടെക്നോസിറ്റിയിൽ നടപ്പാക്കുന്ന സ്പേസ് പാർക്ക് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയത് 2018 ഒക്ടോബറിലാണ്). 

 വലയിലെ വമ്പന്മാർ 

സ്വപ്നയുടെ വലയിൽ വീണവരിൽ ചില ഐപിഎസുകാരും ഉണ്ടെന്നാണു കസ്റ്റംസിന്റെ വിവരം. ഹോളി ആഘോഷത്തിൽ പങ്കാളിയാക്കുന്നതു മുതൽ കേസ് അട്ടിമറിക്കാൻ വരെ ഇവരിൽ ചിലർ മത്സരിച്ചു. യുഎഇയിൽ കോൺസുലേറ്റ് അതിഥിയായും ചിലർ പറന്നു.

കഴിഞ്ഞ ഹോളി ചില ഐപിഎസുകാരും ഐഎഎസുകാരും ആഘോഷിച്ചതു കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ്. അതിൽ സ്വപ്നയും അതിഥിയായിരുന്നു. അക്കൂട്ടത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പാട്ടും നൃത്തവും സിരകളിൽ പിടിച്ചപ്പോൾ നീന്തൽക്കുളത്തിൽ തെന്നിവീണു. രക്ഷിക്കാൻ മത്സരമായി. ഏതാനും മാസം മുൻപു ദുബായിൽ ചില പൊലീസ് പഠനങ്ങൾക്ക് ഇദ്ദേഹം പോയപ്പോൾ അവിടെ ആതിഥ്യം ഒരുക്കിയതും കോൺസുലേറ്റിലെ പ്രധാനി എന്ന പേരിൽ സ്വപ്നയായിരുന്നു.

കോൺസുലേറ്റിന്റെ വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കാൻ ക്ഷണക്കത്തു നൽകിയാണ് സ്വപ്ന സുഹൃത്തുക്കളെ സൃഷ്ടിച്ചിരുന്നത്. പിന്നീടു വിശേഷദിവസങ്ങളിൽ വീടുകളിൽ സമ്മാനങ്ങളെത്തും. പ്രത്യുപകാരമായി സർക്കാരിന്റെ അത്താഴവിരുന്നുകളിൽ സ്വപ്നയും അതിഥിയായി, പിന്നെ നടത്തിപ്പുകാരിയായി.

ഉന്നതർ യുഎഇയിൽ പോകുമ്പോൾ തിരുവനന്തപുരത്തെ കോൺസുലേറ്റിൽനിന്ന് ഇ മെയിൽ അയയ്ക്കും –‘‘ഈ വരുന്ന വ്യക്തി ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇവിടെ നമുക്കു വേണ്ട എല്ലാ സഹായവും ചെയ്യുന്നു. അവിടെ നമ്മുടെ അതിഥിയായി പരിഗണിക്കണം.’’ പിന്നാലെ ഇവരും ദുബായിലേക്കു പറക്കും. കോൺസുലേറ്റിന്റെ വാഹനവും അകമ്പടിയും ഷോപ്പിങ്ങും എല്ലാം ഫ്രീ. സർക്കാർ രേഖകളിൽ പൊലീസ് പരിഷ്കാരത്തിനുള്ള പഠനം!

സുവർണ യാത്ര: അനധികൃത മാർഗങ്ങളിലൂടെ നമ്മുടെ നാട്ടിലേക്ക് സ്വർണമെത്തുന്ന വഴി 

കുഴിച്ചെടുക്കുന്നു

ആഫ്രിക്കൻ രാജ്യങ്ങളിലാണു പ്രധാന സ്വർണ ഖനികൾ.  യൂറോപ്യന്മാരാണു പ്രധാനമായും ഈ കമ്പനികളുടെ ഉടമകൾ. ഈ രാജ്യങ്ങളിൽ നിന്ന്  ലോക്കൽ കറൻസിയല്ലാതെ മറ്റു രാജ്യങ്ങളിലേക്കു ഡോളർ കൊണ്ടുപോകാൻ അനുവാദമില്ലാത്തതിനാൽ ഏജന്റുമാർ ദുബായിലേക്കു സ്വർണം കൊണ്ടുവരികയും അതു വിറ്റ് പണം നേടുകയുമാണു ചെയ്യുന്നത്.

 ബിസ്കറ്റാവുന്നു - ഈ ഘട്ടം വരെ നിയമവിധേയം

ഫ്രീ മാർക്കറ്റ് എന്ന നിലയിലാണു ദുബായ് വിതരണ കേന്ദ്രമായത്. ഇങ്ങനെ എത്തുന്ന സ്വർണം ഇടനിലക്കാർ വഴി യുഎഇയിലെ  റിഫൈനറികൾക്ക് നൽകുന്നു.  ഇവിടെ സ്വർണം യഥേഷ്ടം രൂപം 

മാറുന്നു.  മുൻപ് ഇവ 116 ഗ്രാമിന്റെ തോല ബാറുകളായിരുന്നു. സ്വർണ ബിസ്കറ്റ് എന്ന പേരിൽ നമുക്കു പരിചിതമായ ബാറുകളാണിത്. ദുബായിൽ സ്വർണ വിൽപനയ്ക്കു നിയന്ത്രണങ്ങളൊന്നുമില്ല. ചെന്നാൽ, ആർക്കും എത്രയും വാങ്ങാം.

ഇനിയാണു കള്ളക്കളി–കള്ളക്കടത്താവുന്നു

നികുതി  വെട്ടിച്ച് രഹസ്യമായി  സ്വർണം ഇന്ത്യയിലേക്ക് കടത്തുമ്പോഴാണ് കള്ളക്കടത്ത് ആകുന്നത്. നിയമവിധേയമായല്ലാതെ ഹവാല ഏജന്റുമാർ ശേഖരിക്കുന്ന പണം ഉപയോഗിച്ച് ഈ സ്വർണം വാങ്ങി കേരളത്തിലേക്ക് കാരിയർമാർ മുഖേന എത്തിക്കുന്നു.   ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യാൻ  12.5 % നികുതി നൽകണം എന്നിരിക്കെ,  ഈ സ്വർണം വിൽക്കുമ്പോൾ 10 ശതമാനത്തിലേറെ ലാഭം ഉറപ്പ്. കാരിയർമാർക്ക് 1 മുതൽ 2 %  വരെയാണ്  കമ്മിഷൻ.

∙വിമാനം വഴിയുള്ള കടത്താണ് ഏറ്റവുമധികം നടക്കുന്നത്. 

∙പൊടി രൂപത്തിലോ കുഴമ്പു രൂപത്തിലോ ആക്കി, റബർ ഉറയ്ക്കുള്ളിലാക്കി വിഴുങ്ങുകയോ മലദ്വാരത്തിൽ  ഒളിപ്പിക്കുകയോ ചെയ്യും. പലപ്പോഴും എക്സ്റേയിൽ ഇവ  പെടില്ല. മുടിയിൽ, നേരിയ നാരുകളാക്കി ഒളിപ്പിച്ച സംഭവമുണ്ട്. 

(ദുബായ് സർക്കാർ ഇടപെട്ട് കർശന നടപടികളിലൂടെയാണ് ഇത്തരം അനധികൃത സ്വർണക്കടത്തിന്റ തോത് കുറച്ചിരിക്കുന്നത്.)

 കേരളത്തിൽ എത്തിയ ശേഷം

തങ്കക്കട്ടികൾ ഉരുക്കി ആഭരണ രൂപത്തിലേക്കു മാറ്റും. ഇതിനുള്ള കേന്ദ്രങ്ങൾ കേരളത്തിൽ പലയിടത്തും പ്രവർത്തിക്കുന്നുണ്ട്. തൃശൂരിൽ കഴിഞ്ഞ വർഷം ഇത്തരത്തിൽ സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങൾ കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇവിടേക്കു തമിഴ്നാട്ടിൽ നിന്നു വരെ സ്വർണം എത്തിച്ചതായും കണ്ടെത്തിയിരുന്നു.

രാസവസ്തുക്കൾ ചേർത്ത് കുഴമ്പുരൂപത്തിലാക്കി എത്തിച്ചതാണെങ്കിൽ ഇതിൽ നിന്ന് ആദ്യം സ്വർണം വേർതിരിച്ചെടുക്കുകയാണു ചെയ്യുക.ഇതിനുള്ള കേന്ദ്രങ്ങളും കേരളത്തിലെ പല ജില്ലകളിലുമുണ്ട്. കോഴിക്കോട്ട് ഈ രീതിയിൽ കോടികളുടെ സ്വർണം കുറച്ചു വീടുകളിലായി ശുദ്ധീകരിച്ചത് ഡിആർഐ കണ്ടെത്തി കേസെടുത്തിരുന്നു.

ചില ഷോട്കട്ട്

∙നേപ്പാൾ–ഇന്ത്യ അതിർത്തിയിലെ റക്സൗൾ ചെക്പോസ്റ്റാണു മറ്റൊരു പ്രധാന വഴി. നേപ്പാളിലേക്കു വിമാനത്തിൽ കടത്തിയ ശേഷം, അവിടെ നിന്ന് റോഡ് മാർഗം ഇന്ത്യയിലെത്തും. റക്സൗളിൽ കാര്യമായ പരിശോധനയില്ലെന്നതാണ് ഇതു  തിരഞ്ഞെടുക്കാൻ കാരണം. 

∙ശ്രീലങ്കയിലേക്കു വിമാനത്തിലെത്തിച്ച്, തമിഴ്നാട്ടിലേക്കു ബോട്ടിൽ  കടത്താറുണ്ട്. 

∙കപ്പലിൽ കണ്ടെയ്നറിൽ കടത്താം. കൂടുതൽ സമയമെടുക്കുന്നതിനാൽ  ഈ വഴി അധികം ആശ്രയിക്കാറില്ല.

RAMASWAMY
എച്ച്.രാമമൂർത്തി

വോൾഗ കേസിലും ഹീറോ രാമമൂർത്തി

ഡൽഹിയിൽ 20 വർഷം മുൻപു നടന്ന ‘വോൾഗ’ കേസുമായി ബന്ധമുള്ള കേസാണ് നയതന്ത്ര സ്വർണക്കടത്തു കേസ്. ഉസ്ബക്കിസ്ഥാൻ സ്വദേശിനിയായ വോൾഗ (27) ഡൽഹി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോടികളുടെ ചൈനീസ് സിൽക്ക് ഇന്ത്യയിലേക്കു കടത്തിയ കേസാണ് വോൾഗ കേസ് എന്നറിയപ്പെടുന്നത്. അന്നു വോൾഗയെ പിടികൂടിയതു കസ്റ്റംസ് ഉദ്യോഗസ്ഥനായ എച്ച്.രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ്.

ഭീഷണിക്കു വഴങ്ങാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജുകൾ പരിശോധിക്കാൻ തീരുമാനിച്ചത് ഇപ്പോൾ ഇവിടെ അസിസ്റ്റന്റ് കസ്റ്റംസ് കമ്മിഷണറായ രാമമൂർത്തി തന്നെ. കോൺസുലേറ്റ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടു 2 പേർ ഭീഷണിപ്പെടുത്തിയിട്ടും അദ്ദേഹം പിന്മാറിയില്ല.

2000 ഓഗസ്റ്റിലാണു ഡൽഹിയിൽ വോൾഗയെ കസ്റ്റംസ് അധികൃതർ പിടികൂടുന്നത്. പിടികൂടുമ്പോൾ 1.56 കോടി രൂപ വിലമതിക്കുന്ന ചൈനീസ് സിൽക്കിന്റെ 27 ബാഗുകളാണു വോൾഗയുടെ കൈവശം ഉണ്ടായിരുന്നത്. ബാഗുകളുടെ എണ്ണം ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നെങ്കിലും 27 ബാഗുകൾ ഒരു വനിത കൊണ്ടുവരുന്നത് എന്തിനാണെന്ന സംശയം ഒരു ഉദ്യോഗസ്ഥനുണ്ടായതാണ് കള്ളക്കടത്തു പിടികൂടുന്നതിലേക്കു നയിച്ചത്. 

2001ൽ കേസ് സിബിഐക്കു കൈമാറി. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും പുറത്തുവന്നു. ഒരു ഓഫിസർ മാത്രമാണു ശിക്ഷിക്കപ്പെട്ടത്.

English Summary : Diplomatic baggage gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com