sections
MORE

സർക്കാരിനുമേൽ കരിനിഴൽ

SHARE

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിന്റെ പേരിൽ കേരളം നേടിയ അംഗീകാരങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ് സ്വർണ കള്ളക്കടത്തും അതുമായുള്ള സർക്കാർ ഉന്നതരുടെ വഴിവിട്ട ബന്ധങ്ങളും. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വിവാദപരമെന്നു വിശേഷിപ്പിക്കാവുന്ന ഈ കള്ളക്കടത്തു കേസിലെ പ്രതികളുടെ ബന്ധങ്ങളും അതിലൂടെ അതിന്റെ അന്വേഷണവും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു വരെ നീളുന്നുവെന്നതിന്റെ നടുക്കത്തിലാണ് രാജ്യം.

തന്റെ ഓഫിസിലെ ഇടനാഴികളിൽ അവതാരങ്ങൾക്ക് ഇടമില്ലെന്ന് ഭരണത്തിലേറിയപ്പോൾ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക്, കഴിഞ്ഞ നാലു വർഷവും നിഴൽപോലെ ഒപ്പം നടന്നയാൾ തന്നെ ഒരവതാരമായിരുന്നെന്നു ബോധ്യപ്പെട്ടതിന്റെ ഭാഗമായിരിക്കണം ഇന്നലെയുണ്ടായ തിരക്കിട്ട നടപടികൾ. കള്ളക്കടത്തു സംഘവുമായി പരിധിയിൽ കവിഞ്ഞ അടുപ്പം സൂക്ഷിച്ചതിലൂടെയും അതിലൊരാളെ ഐടി വകുപ്പുമായി വഴിവിട്ടു സഹകരിപ്പിച്ചതിലൂടെയും മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രമുഖനു സംഭവിച്ച കളങ്കം പക്ഷേ, ആ വ്യക്തിയെ തെറിപ്പിച്ചതുകൊണ്ടു മാത്രം മായ്ക്കാവുന്നതല്ല.

ഇൗ മന്ത്രിസഭയിലെ ആദ്യ രാജി ബന്ധുനിയമനത്തിന്റെ പേരിലായിരുന്നു. അതിനു ശേഷവും വേണ്ടപ്പെട്ടവരെ നിയമിക്കാൻ സർക്കാർ നടത്തിയ എത്രയോ കളികൾ ജനം കണ്ടതാണ്. ഏറ്റവും ഒടുവിൽ, പാർട്ടിക്കാരനും മുഖ്യമന്ത്രിയുടെ അടുപ്പക്കാരനുമായ ആളെ ബാലാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കാൻ നിയമം തന്നെ മാറ്റിയെഴുതി. സർക്കാർ ജോലിക്കായി ലക്ഷക്കണക്കിനു യുവജനങ്ങൾ പിഎസ്‌സി പരീക്ഷയെഴുതി നിയമന ഊഴം കാത്തിരിക്കുമ്പോൾ സമൂഹമാധ്യമങ്ങളിലെ സ്തുതിപാഠക സംഘത്തിനു സ്ഥിരം നിയമനം നൽകാൻ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്ന സ്ഥിതി. എത്രയോ വഴിവിട്ട നിയമനങ്ങൾക്കാണ് ആരോപണങ്ങൾ വകവയ്ക്കാതെ കഴിഞ്ഞയാഴ്ച വരെ സർക്കാർ തുനിഞ്ഞത്.

ആർക്കും ആരെയും നിയമിച്ച് ഖജനാവിലെ പണംകൊണ്ടു ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ കഴിയുന്ന സാഹചര്യമാണ് സർക്കാരിനെ ഇപ്പോൾ കുരുക്കിലാക്കിയത്. ക്രിമിനൽ അന്വേഷണം നേരിടുന്ന വ്യക്തിയെ ഐടി വകുപ്പിലെ സുപ്രധാന ഉത്തരവാദിത്തങ്ങൾ ഏൽപിച്ചതു ഗുരുതര വീഴ്ച തന്നെ. സർക്കാർ ഉന്നതരുടെ ഓഫിസുകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന ഇവരെക്കുറിച്ച് മുഖ്യമന്ത്രിക്കു കീഴിലെ ഇന്റലിജൻസ് വിഭാഗത്തിനു മുന്നറിയിപ്പു നൽകാൻ കഴിയാഞ്ഞതെന്താണ്? മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഉപജാപക സംഘങ്ങളെക്കുറിച്ചും ഗ്രൂപ്പുതിരിഞ്ഞുള്ള കളികളെക്കുറിച്ചുമുള്ള ആരോപണങ്ങൾ മുൻപും കേട്ടിട്ടുള്ളതാണ്. അപ്പോഴൊക്കെ ഫലപ്രദമായി ഇടപെട്ടു പരിഹാരമുണ്ടാക്കാൻ ശ്രമിക്കാഞ്ഞതിന്റെ ഫലം കൂടിയാണ് സർക്കാർ ഇപ്പോൾ അനുഭവിക്കുന്നത്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ചിത്രങ്ങളും ഫോൺ കോൾ വിവരങ്ങളുമൊക്കെ നിരത്തി എൽഡിഎഫ് നേതാക്കൾ ഉന്നയിച്ച വിമർശനങ്ങൾ ആരും മറന്നിട്ടില്ല. അതേ മാനദണ്ഡം ആവർത്തിക്കപ്പെട്ടാൽ എത്രമാത്രം വേദനയുളവാക്കുമെന്നു തിരിച്ചറിയാൻ കൂടിയുള്ളതാണ് ഈ സന്ദർഭം. അഴിമതിമുക്ത കേരളമെന്ന മുദ്രാവാക്യം മുഴക്കി അധികാരത്തിലെത്തിയ സർക്കാർ ആ വാഗ്ദാനത്തോട് എത്രമാത്രം നീതി പുലർത്തിയെന്നു സ്വയം പരിശോധിക്കാനുള്ള സമയവുമാണിത്.

രാജ്യാന്തര മാനങ്ങളുള്ള ഗുരുതരമായ ഈ കള്ളക്കടത്തു കേസ് അതിന്റെ പൂർണ ഗൗരവത്തിൽ അന്വേഷിച്ച് എല്ലാ ബന്ധങ്ങളും പുറത്തുകൊണ്ടുവരണം. കുറ്റക്കാർ എത്ര ഉന്നതരായാലും അവരെ നീതിപീഠത്തിന്റെ മുന്നിലെത്തിക്കണം. സംഭവിച്ചുകൊണ്ടിരിക്കുന്നത് തങ്ങളുടെ പ്രഖ്യാപിത നിലപാടുകൾക്കുമേൽ കളങ്കം ചാർത്തുന്ന കാര്യങ്ങളാണെന്ന ഉത്തമബോധ്യം സർക്കാരിന് ഉണ്ടാവുകയും വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA