ADVERTISEMENT

കെനിയൻ അത്‌ലീറ്റ് ആബേൽ മ്യുടായ്, സ്പാനിഷ് അത്‌ലീറ്റ് ഇവാൻ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്ത ദീർഘദൂര ഓട്ടമത്സരം. മുന്നിലെത്തിയ ആബേൽ, ഫിനിഷിങ് ലൈൻ തിരിച്ചറിയുന്നതിലെ ആശയക്കുഴപ്പംമൂലം ലൈനിനു മുൻപ് ഓട്ടം അവസാനിപ്പിച്ചു. കാര്യം മനസ്സിലാക്കിയ ഇവാൻ, ആബേലിനോട് ഓട്ടം തുടരാൻ വിളിച്ചുപറഞ്ഞു. ഭാഷ അറിയാത്തതിനാൽ ആബേലിനു കാര്യം മനസ്സിലായില്ല. ഇവാൻ, ആബേലിനെ പിറകിൽനിന്നു തള്ളി ഒന്നാമതെത്തിച്ചു. കാഴ്ചക്കാരുടെ ഇടയിൽനിന്ന് ഒരാൾ ഇവാനോടു ചോദിച്ചു: താങ്കൾ അയാളെ തള്ളിവിട്ടില്ലായിരുന്നെങ്കിൽ വിജയം താങ്കളുടേതാകുമായിരുന്നില്ലേ? ഇവാന്റെ മറുപടി: വിജയപാതയിലായ ഒരാളുടെ ആശയക്കുഴപ്പത്തിൽനിന്നു ഞാൻ നേടുന്ന വിജയത്തിന് എന്തു മേന്മയാണുള്ളത്?  

വിജയസൂത്രവാക്യങ്ങൾ നിർമിക്കുന്ന തിരക്കിലാണ് എല്ലാവരും. എങ്ങനെയും വിജയിക്കണം എന്നതു മാത്രമാണ് അടിസ്ഥാന പ്രമാണം – അതു പരീക്ഷയാണെങ്കിലും പ്രതിസന്ധിയാണെങ്കിലും. വിജയിക്കുന്നവർക്കു മാത്രമായി അനുമോദനങ്ങളും ആശംസകളും പരിമിതപ്പെടുന്നു. പരാജയപ്പെടുന്നവരെയും പിന്നിൽ നിൽക്കുന്നവരെയും പരിഗണിക്കാനോ പ്രശംസിക്കാനോ ആർക്കും താൽപര്യമില്ല. ജയത്തെക്കാൾ ബഹുമാനിക്കേണ്ടത് പരാജയത്തെയും ജയിക്കുന്നവരെക്കാൾ ചേർത്തു നിർത്തേണ്ടത് തോൽക്കുന്നവരെയുമാണ്. 

ജയത്തിന്റെ ആവേശം ജയിക്കുന്നതോടെ അവസാനിക്കും; തോൽവിയുടെ ആഘാതം ജയിക്കുന്നതുവരെ നിലനിൽക്കും. തോൽവി തോൽക്കുന്നവരുടെ മാത്രം കുറ്റമാകില്ല. നിരുത്തരവാദിത്തം കൊണ്ടുള്ള തോൽവികളെ അംഗീകരിക്കാൻ കഴിയില്ലെങ്കിലും വെല്ലുവിളികൾക്കു മുന്നിലും അപരിചിതത്വം മൂലവും ഉണ്ടാകുന്ന പരാജയങ്ങളെ അർഹിക്കുന്ന ബഹുമാനത്തോടെയേ കാണാനാകൂ. 

എല്ലാവരും തോൽക്കുന്നതു കഴിവുകേടുകൊണ്ടല്ല. ചിലർ തോറ്റുകൊടുക്കുന്നതാണ് – തന്നെക്കാൾ അർഹതയുള്ളവർ ജയിക്കുന്നതു കാണാൻ, തോൽവിയിൽനിന്നു സ്വയം പഠിക്കാൻ. മറ്റൊരാളെ തോൽപിക്കുമ്പോഴാണ് വിജയിക്കുന്നതെന്നു പഠിപ്പിക്കുന്നവർക്കിടയിൽ, സ്വയം തോറ്റുകൊടുത്തും മറ്റുള്ളവരെ ജയിക്കാൻ അനുവദിച്ചും വിജയപാഠം പങ്കുവയ്ക്കുന്നവരാണ് യഥാർഥ വിജയികൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com