അറബിവേഷത്തിലും പിന്നെ ജീൻസിലും; സ്വപ്നയ്ക്കു നിർണായക പദവി, സർക്കാർ അറിഞ്ഞില്ല പോലും!

swapna-suresh-30
സ്വപ്ന സുരേഷ്
SHARE

സ്വർണക്കടത്തുകേസിലെ വിവാദ വനിതയ്ക്കെതിരെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തൽ സർക്കാരിന്റെ ഒളിച്ചുകളിയിലേക്കു കൂടി വെളിച്ചം വീശുന്നതാണ്. സ്വപ്ന സുരേഷ് തട്ടിപ്പുകാരിയാണെന്ന സർക്കാരിന്റെ പ്രഖ്യാപനം കൂടിയായിരുന്നു അത്.

വ്യാജരേഖ നിർമാണവും ആൾമാറാട്ടവും ഉൾപ്പെടെയുള്ള കേസിൽ സ്വന്തം പങ്ക് ക്രൈംബ്രാഞ്ചിനോടു വെളിപ്പെടുത്തിയ സ്വപ്ന, മുഖ്യമന്ത്രിയുടെ വകുപ്പിനു കീഴിൽ എങ്ങനെ ജോലിയിൽ തുടർന്നുവെന്ന ചോദ്യത്തിനുകൂടി ഇനി സർക്കാർ മറുപടി പറയേണ്ടിവരും. 

സ്പേസ് പാർക്ക് പോലെ നിർണായകമായ ഒരു പദ്ധതിയുടെ ഓപ്പറേഷൻസ് മാനേജരായി, സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ നിരന്തരം കയറിയിറങ്ങിയ സ്വപ്നയുടെ തട്ടിപ്പു കേസുകളെക്കുറിച്ച് മുഖ്യമന്ത്രിക്കു കീഴിലുള്ള ആഭ്യന്തരവകുപ്പിനും ഉന്നത ഉദ്യോഗസ്ഥർക്കും കൃത്യമായ അറിവുണ്ടായിരുന്നു. ആദ്യം സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, കഴിഞ്ഞ ദിവസമാണ് ഇവരെ തട്ടിപ്പുകേസിൽ പ്രതിയാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നുവെന്നു വെളിപ്പെടുത്തിയത്. ഫെബ്രുവരി 29ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും സ്വപ്ന നിർണായക പദവിയിൽ തുടർന്നത് എങ്ങനെയെന്ന ചോദ്യമാണുയരുന്നത്.  

സ്വപ്നയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചപ്പോൾ ബുദ്ധിമുട്ടിക്കരുതെന്നു നിർദേശം നൽകിയവരിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതരുമുണ്ടായിരുന്നു. ഇതു കഴിഞ്ഞിട്ട് 5 മാസത്തോളമായി. എന്നിട്ടും സ്വപ്നയുടെ കസേരയ്ക്ക് ഒരിളക്കവും സംഭവിച്ചില്ല. 

Dattan
കോവളത്ത് സർക്കാർ സംഘടിപ്പിച്ച ബഹി രാകാശ ഉച്ചകോടിയിൽ സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തന് ഉപഹാരം നൽകുന്നു. (ഫയൽ ചിത്രം)

സ്പേസ് കോൺക്ലേവ് മുഖ്യ സംഘാടക

ക്രമക്കേടുകളുടെ പേരിൽ യുഎഇ കോൺസുലേറ്റിൽനിന്നു പുറത്തായെങ്കിലും യുഎഇയിലെ ഉന്നതരുമായി സ്വപ്ന നല്ല അടുപ്പം പുലർത്തിയിരുന്നു. കോവളത്തു സർക്കാർ നടത്തിയ സ്പേസ് കോൺക്ലേവിലേക്ക് കോൺസുലേറ്റിന്റെ പ്രതിനിധികളെ ക്ഷണിച്ചത് മുഖ്യസംഘാടക കൂടിയായ സ്വപ്നയായിരുന്നു. മുഖ്യമന്ത്രിയായിരുന്നു കോൺക്ലേവിന്റെ ഉദ്ഘാടകൻ. 

ജനുവരി 31ലെ ഉദ്ഘാടനച്ചടങ്ങിലും പിറ്റേന്നു പരിപാടിയിൽ മുഴുവനും ഇവർ സജീവ സാന്നിധ്യമായിരുന്നു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തൻ, ഐഎസ്ആർഒ മുൻ ചെയർമാൻ ജി.മാധവൻ നായർ തുടങ്ങിയവരും പങ്കെടുത്തു. പരിപാടിക്കൊടുവിൽ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന് സംഘാടകയെന്ന നിലയിൽ ഉപഹാരം നൽകിയതും സ്വപ്ന തന്നെ. സെക്രട്ടേറിയറ്റിനു സമീപമുള്ള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ടർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) ഓഫിസിൽ സ്വപ്നയ്ക്കു പ്രത്യേക ഇരിപ്പിടവുമുണ്ടായിരുന്നു.

Swapna-Conference
ബഹിരാകാശ ഉച്ചകോടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എം.ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവർ യുഎഇ പ്രതിനിധിക്കൊപ്പം. (ഫയൽ ചിത്രം)

‘കടത്തി’ന്റെ ലാഭം

24 കാരറ്റിന്റെ ഒരു കിലോഗ്രാം സ്വർണം ഇന്ത്യയിലിറങ്ങുമ്പോൾ കള്ളക്കടത്തു റാക്കറ്റിന്റെ ‘ലാഭം’ 4 ലക്ഷം രൂപയാണ്. ഇതിൽ 25% തനിക്കും സ്വപ്നയ്ക്കും ലഭിക്കുമെന്നാണ് കേസിൽ അറസ്റ്റിലായ സരിത്തിന്റെ മൊഴി. അതായത്, 14.82 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണം നയതന്ത്ര ബാഗുകളിൽ പുറത്തുകടന്നിരുന്നെങ്കിൽ 30 ലക്ഷം രൂപയോളം സ്വപ്നയും സരിത്തും പങ്കിട്ടേനെ. 

ലഭിച്ച രഹസ്യവിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ, കഴിഞ്ഞ ജനുവരിക്കു ശേഷം 10 തവണയിലേറെ ഇവർ ഇതേ വഴിയിൽ സ്വർണം കടത്തിയിട്ടുണ്ടെന്നാണു കസ്റ്റംസ് കരുതുന്നത്. കോവിഡ് പശ്ചാത്തലത്തിൽ യാത്രാവിമാനങ്ങൾ രാജ്യാന്തര സർവീസ് നിർത്തിവച്ച മാസങ്ങളിലും വിമാനത്താവളങ്ങൾ വഴിയുള്ള ചരക്കുനീക്കം മുടങ്ങാതിരുന്നതും പ്രതികൾക്കു സൗകര്യമായി. ഇതുവരെ കസ്റ്റംസ് കണ്ടെത്തിയ മുഴുവൻ സ്വർണക്കടത്തു രീതികളെയും കടത്തിവെട്ടുന്നതാണു നയ‘തന്ത്ര’ ബാഗുകളിലൂടെയുള്ള കടത്തുതന്ത്രം. 

കൃത്യമായി രഹസ്യം ചോർന്നുകിട്ടാതെ സ്വർണം പിടികൂടാൻ കഴിയില്ല. ഏറ്റവുമധികം സ്വർണക്കടത്തു നടക്കുന്നതും പിടികൂടുന്നതും കൊച്ചി വിമാനത്താവളത്തിലാണ്. ഇവിടെ ഒരു വർഷം പിടികൂടുന്ന സ്വർണത്തിന്റെ ഏതാണ്ടു പകുതി തുകയ്ക്കുള്ള സ്വർണമാണ് ഇപ്പോൾ തിരുവനന്തപുരത്ത് ഒറ്റയടിക്കു പിടികൂടിയത്. കോവിഡ്കാലത്തും നിക്ഷേപമെന്ന നിലയിൽ സ്വർണം പിടിച്ചുനിന്നതും വിലകയറിയതും കള്ളക്കടത്തിനുള്ള അധികപ്രേരണയായി. വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാർ മുതൽ വിമാനജീവനക്കാരും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും വരെ സ്വർണക്കടത്തിനു പിടിക്കപ്പെട്ടപ്പോൾ കൂടുതൽ സുരക്ഷിതമായ അടുത്തവഴി തേടിയ കള്ളക്കടത്തു സംഘത്തിന്റെ കണ്ടെത്തലാണ് ‘ ഡിപ്ലോമാറ്റിക്ക് ബാഗേജ്’ എന്ന നയ‘കു’തന്ത്രം.

500 ഗ്രാം മുതൽ 1.5 കിലോഗ്രാം വരെയുള്ള ചെറിയ കടത്തുകളിലൂടെയാണു കേരളത്തിലെ വിമാനത്താവളങ്ങളിൽ കൂടുതൽ സ്വർണമെത്തിയത്. ഒരു കോടി രൂപവരെ വിലവരുന്ന സ്വർണം പിടികൂടിയാലും സ്വർണം കണ്ടുകെട്ടുമെന്നല്ലാതെ, കൊണ്ടുവരുന്നയാൾക്കു ജാമ്യത്തിൽ പോകാമെന്ന പഴുതും കടത്തുകാർക്കു തുണയായി. എന്നാൽ ഇപ്പോഴത്തെ ‘ഡിപ്ലോമാറ്റിക്’ കള്ളക്കടത്ത്, സ്വർണക്കടത്തിന്റെ ആഴവും പരപ്പും മാറ്റിയെഴുതി. ഇതോടെ ശരീരഭാഗങ്ങളിൽ സ്വർണമൊളിപ്പിക്കുന്നതൊക്കെ അപരിഷ്കൃതമായി. വിമാനത്തിന്റെ സീറ്റിനടിയിലും ശുചിമുറിയിലും ഒളിപ്പിക്കുന്ന സ്വർണം ശുചീകരണ ജീവനക്കാരും വിമാന ജീവനക്കാരും കടത്തുന്ന രീതിയും കാലഹരണപ്പെടുകയാണ്. മരുന്നുസ്വർണം, പേപ്പർസ്വർണം, ഫാൻസ്വർണം, ചെരിപ്പുസ്വർണം തുടങ്ങിയ രീതികളും പഴങ്കഥകളാകാൻ വൈകില്ല. 

അറബിവേഷത്തിലും പിന്നെ ജീൻസിലും

ഡിപ്ലോമാറ്റിക് ബാഗേജ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞതറിഞ്ഞു സരിത് കുമാർ വിമാനത്താവളത്തിൽ ആദ്യമെത്തിയത് തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനൊപ്പമായിരുന്നു. ആ സമയം ഈ ഉദ്യോഗസ്ഥൻ അറബിവേഷത്തിലായിരുന്നു. ബാഗേജ് വിട്ടുനൽകിയില്ലെങ്കിൽ ഗുരുതര ഭവിഷ്യത്ത് ഉണ്ടാകുമെന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ വിരട്ടിയതും ആ സമയത്ത്. എന്നാൽ, കസ്റ്റംസ് അസി.കമ്മിഷണർ എച്ച്.രാമമൂർത്തിയും സംഘവും കർശന നിലപാടിൽ ഉറച്ചുനിന്നു. ഇതോടെ ഭീഷണിയുമായി സരിത് മടങ്ങി. എന്നാൽ, ബാഗേജിൽ സ്വർണമുള്ളതായി ഉറപ്പിച്ച കസ്റ്റംസുകാർ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി. ഡൽഹിയിലെ യുഎഇ അംബാസഡർ അനുമതി നൽകിയതോടെ ഈ ഉദ്യോഗസ്ഥനെ കസ്റ്റംസ് വീണ്ടും വിളിപ്പിച്ചു. 

sarith
സരിത്

അന്ന് അദ്ദേഹം ജീൻസും ടിഷർട്ടും ധരിച്ചാണു വന്നത്. ഒപ്പം മറ്റൊരു സ്ഥാപനത്തിന്റെ പിആർഒയും ഉണ്ടായിരുന്നു. ബാഗേജിൽനിന്നു 30 കിലോഗ്രാം സ്വർണം കണ്ടെത്തിയതോടെ അതു തന്റേതല്ലെന്നും ഭക്ഷ്യധാന്യങ്ങൾ മാത്രമാണു വരുത്തിയതെന്നും പറഞ്ഞു. കോൺസുലേററ്റിൽ പിആർഒ ആയിരുന്ന സരിത് എന്ന വ്യക്തിയാണ് ഇതെല്ലാം വരുത്തുന്നതും കൈപ്പറ്റുന്നതും എന്ന് അദ്ദേഹം പറഞ്ഞു. തുടർന്നാണു സരിത് അറസ്റ്റിലായത്. 

സ്വർണനികുതി വരവിൽ 200 കോടി കുറഞ്ഞു; കാരണം കള്ളക്കടത്തും

സ്വർണത്തിൽനിന്നു നികുതിയായി 629 കോടിയാണ് പ്രതിവർഷം സംസ്ഥാന സർക്കാരിനു ലഭിച്ചിരുന്നത്; 3 വർഷം മുൻപു വരെ. എന്നാൽ, ഇപ്പോഴത് ഒറ്റയടിക്കു 400 കോടിയായി കുറഞ്ഞതിനു കാരണം ജിഎസ്ടി മാത്രമല്ല. ‘വാറ്റ്’ കാലത്തു കള്ളക്കടത്തു സ്വർണത്തിൽ ഒരുപങ്ക് വിൽപനക്കാരുടെ അക്കൗണ്ടിൽ കയറിയിരുന്നു. അതിനാൽ കള്ളക്കടത്തു സ്വർണത്തിനുപോലും വിൽപനനികുതി സർക്കാരിനു ലഭിച്ചിരുന്നു. 

എന്നാൽ, ജിഎസ്ടി വന്നതോടെ ഇറക്കുമതി മുതൽ വിൽപന വരെയുള്ള ശൃംഖലയ്ക്കുള്ളിൽ കള്ളക്കടത്തു സ്വർണത്തെ തിരുകിക്കയറ്റാൻ പറ്റാതായി. കടത്തുന്ന സ്വർണത്തിനായി തുടക്കം മുതൽ ഒടുക്കം വരെ സമാന്തരവിപണി രൂപപ്പെട്ടു. ഇൗ കള്ളക്കടത്തുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നു സ്വർണ വ്യാപാരികളുടെ സംഘടനകൾ പലവട്ടം ആവശ്യപ്പെട്ടെങ്കിലും സർക്കാർ കാര്യമായി അനങ്ങിയില്ല. 

ലോക വിപണിയിലെ മൂന്നിലൊന്നു സ്വർണവും എത്തുന്നത് ഇന്ത്യയിലേക്കാണ്. 2007ൽ 800 ടൺ ഇറക്കുമതി ചെയ്തിരുന്നെങ്കിൽ ഇപ്പോഴത് 1000 ടൺ കടന്നു. സ്വർണവില അന്നു പവന് 9000 രൂപയെങ്കിൽ ഇന്നു 40,000 രൂപയിലെത്തി. ഇറക്കുമതി തീരുവ, ബാങ്ക് പ്രീമിയം, ജിഎസ്ടി, ആദായനികുതി എന്നിവ ഒഴിവാക്കി കള്ളക്കടത്തു വഴി ഒരു കിലോ സ്വർണം ഇവിടെയെത്തിച്ചാൽ വെട്ടിക്കാനാകുന്നത്7 ലക്ഷം രൂപ.

നാളെ: കള്ളക്കടത്തിന്റെ കാണാത്ത സുവർണ വഴികൾ 

......................................................

തയാറാക്കിയത്: ജിജോ ജോൺ പുത്തേഴത്ത്, ജി.വിനോദ്, കെ.ജയപ്രകാശ് ബാബു, രാജു മാത്യു, മഹേഷ് ഗുപ്തൻ, എ.എസ്.ഉല്ലാസ്, ജോജി സൈമൺ 

സങ്കലനം: ബി.മുരളി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA