ADVERTISEMENT

സിപിഎമ്മും മന്ത്രിസഭയും പച്ചക്കൊടി കാട്ടിയ വൻകിട സ്വകാര്യനിക്ഷേപങ്ങൾക്കു വഴിമുടക്കുന്നു എന്നതായിരുന്നു കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തുടനീളം മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ കേട്ട കടുത്ത ആക്ഷേപം. നേർവിപരീത ഭരണ, വികസന സമീപനമാണു മുഖ്യമന്ത്രി പിണറായി വിജയൻ പുലർത്തിയത്. സ്വകാര്യ സംരംഭകർക്കു വാതിൽ തുറന്നിട്ടു; വിദേശ കുത്തകകളോടുള്ള അയിത്തം മാറ്റിവച്ചു; വിമർശനങ്ങൾക്കു വില കൽ‍പിക്കാതെ ലോക കേരളസഭകളിലൂടെ വിദേശ വമ്പന്മാരുമായുള്ള സൗഹൃദം ഊട്ടിയുറപ്പിച്ചു. പലതും വലതുപക്ഷ സമീപനമാണെന്ന വിമർശനത്തെ രാജ്യത്തെ ഏക ഇടതുപക്ഷ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. പക്ഷേ, ആ ചുവപ്പൻ പരവതാനിയിലൂടെ ഒരു ‘അവതാരവും’ കടന്നുവരാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ ദൃഢനിശ്ചയം, എവിടെയോ പാളി. ഒരു രാജ്യാന്തര സ്വർണക്കടത്തിന്റെ സംശയമുന ഭരണകേന്ദ്രങ്ങളിലേക്കു തിരിഞ്ഞ അസാധാരണവും ഗുരുതരവുമായ സാഹചര്യം അങ്ങനെയാണു പിണറായി സർക്കാർ അഭിമുഖീകരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ അധികാരമേറിയ കമ്യൂണിസ്റ്റ് സർക്കാരുകളെല്ലാം 1957ലെ ഇഎംഎസ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം മാർഗരേഖ പോലെ കണക്കാക്കാറുണ്ട്. പ്രവചന സ്വഭാവത്തോടെ ഇഎംഎസ് അന്നു പറഞ്ഞു: ‘‘ബന്ധുക്കൾ, സ്നേഹിതന്മാർ, രാഷ്ട്രീയരംഗത്തെ സഹപ്രവർത്തകർ മുതലായ കൂടുതൽ അടുപ്പമുള്ളവർ വിചാരിച്ചാൽ കാര്യങ്ങൾ നടക്കുമെന്ന ബോധം വളരുന്നത് അഴിമതികളില്ലാത്ത നല്ല ഭരണത്തിന് ഏറ്റവും വലിയ തടസ്സമായിരിക്കും.’’ ഇതുകൂടി മനസ്സിൽവച്ചാകും അവതാരങ്ങളെ കരുതിയിരിക്കുമെന്ന് അധികാരമേറ്റപ്പോൾ പിണറായി പ്രഖ്യാപിച്ചത്. എന്നാൽ, സ്വപ്ന സുരേഷ് എന്ന ഗൂഢാവതാര ലക്ഷണങ്ങളൊത്ത വ്യക്തി ഉന്നത ഭരണകേന്ദ്രങ്ങളുമായി നടത്തിയ സമ്പർക്കങ്ങൾ അഞ്ചാം വർഷം സർക്കാരിനെ വലിയ കുരുക്കിലാക്കിയിരിക്കുന്നു. 

ചർച്ചയും തിരുത്തലും 

ഉയർന്ന തലത്തിലുള്ള ഉൾപ്പാർട്ടി ചർച്ചകൾ, ഓരോ വിഷയത്തിലും മന്ത്രിസഭയിലടക്കം ഇഴകീറിയുള്ള വിശകലനങ്ങൾ, അതിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ, തിരുത്തലുകൾ ഇതൊക്കെയായിരുന്നു എക്കാലത്തും കമ്യൂണിസ്റ്റ് സർക്കാരുകളുടെ പ്രവർത്തനരീതി. വിഎസ് സർക്കാരിന്റെ കാലത്ത് എഡിബി കരാറിനെക്കുറിച്ചുള്ള തർക്കം മുറുകിയപ്പോൾ ഒരു കേന്ദ്രകമ്മിറ്റി യോഗത്തിന്റെതന്നെ അജൻഡയായി അതു മാറി. നയപരമായ പ്രശ്നങ്ങളെച്ചൊല്ലിയുള്ള കേരള നേതൃത്വത്തിലെയും മന്ത്രിസഭയിലെയും ഭിന്നത നിരന്തരം തലവേദന സൃഷ്ടിച്ചതോടെ, 2008ലെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസ് തന്നെ ‘ഇടതുനേതൃത്വത്തിലുള്ള സർക്കാരുകൾ’ എന്ന രേഖ ആവിഷ്കരിച്ചു. 

എന്നിട്ടും ഭൂപ്രശ്നങ്ങളും വികസന സമീപനവും സ്വകാര്യ നിക്ഷേപങ്ങളും അടിക്കടി പോർമുഖം തുറന്നപ്പോൾ രണ്ടു ഭരണ മാർഗരേഖകൾ സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കി. ആ കടലാസുകൾ കടലിലെറിഞ്ഞു വ്യവസായ – ധന വകുപ്പുകളുടെ ഫയലുകൾ വിഎസ് മേശപ്പുറത്തു തടഞ്ഞുവച്ചു. ഓരോ ഫയലിലെയും വിവാദ വ്യവസ്ഥകളുടെ പേരിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇരുപക്ഷവും ഏറ്റുമുട്ടി. ഇതിൽ സഹികെട്ടിരുന്ന അന്നത്തെ ഔദ്യോഗിക പക്ഷത്തിനു നേതൃത്വം കൊടുത്ത പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ ധാരണാപത്രങ്ങളും കരാറുകളും ഉപകരാറുകളും കൺസൽറ്റൻസികളും മത്സരിച്ചൊപ്പിടുന്ന പുതുയുഗപ്പിറവിയായി.

മാറ്റങ്ങളുടെ പിണറായി യുഗം 

വിഎസിനെയും ആ വിഭാഗത്തെയും നിശ്ശബ്ദരാക്കിയ പടയോട്ടത്തിലൂടെ ആർജിച്ച മൂലധനത്തിന്റെ കൂടി മുകളിലാണ് ഇന്നു പിണറായി വിജയൻ ഇരിക്കുന്നത്. ശരങ്ങൾ ഒരുപിടി ഏറ്റുവെങ്കിലും ആ ഉൾപ്പാർട്ടി യുദ്ധത്തിൽ നേടിയ വിജയം പിണറായിയെ പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാക്കി. പാർട്ടിക്കാര്യങ്ങളിൽ മുഖ്യമന്ത്രിയും സർക്കാരിൽ പാർട്ടിയും പരിധിവിട്ട് ഇടപെടാനില്ലെന്ന ധാരണയിലാണു പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പ്രവർത്തിക്കുന്നത്. അതിരൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നുവന്ന സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും പലപ്പോഴും ‘റിപ്പോർട്ടിങ്ങുകളുടെ’ മാത്രം വേദിയായി ചുരുങ്ങി. ദേശീയ തലത്തിലെ ശക്തിക്ഷയത്തോടെ, നിലനിൽപു തന്നെ കേരളഘടകത്തെ ആശ്രയിച്ചായതിന്റെ പരിമിതി കേന്ദ്രനേതൃത്വത്തെ പൊതിഞ്ഞു. എതിർസ്വരങ്ങളും തിരുത്തലുകളും ഒഴിഞ്ഞ കാലത്ത് വിദേശ സഹവാസങ്ങളും അതിസമ്പന്ന സൗഹൃദങ്ങളും പുതിയ മേച്ചിൽപുറങ്ങൾ തുറന്നു. നയതന്ത്ര പാഴ്സലുകളിൽ സ്വർണം ഒളിപ്പിച്ചു കടത്തുന്നതുപോലെയുള്ള ഒരു കുറ്റകൃത്യത്തിനു തുനിഞ്ഞ ക്രിമിനൽ റാക്കറ്റിലെ മുഖ്യകണ്ണി അങ്ങനെ ഇടതുസർക്കാരിന്റെ ഭാഗമായി; മുഖ്യമന്ത്രിയുടെ വിശ്വസ്ത ഉദ്യോഗസ്ഥൻ അവരുടെ തലതൊട്ടപ്പനും. 

ഗൗരവതരമായ ആത്മപരിശോധനയ്ക്കും തിരുത്തലിനും പുതിയ സംഭവവികാസങ്ങൾ വഴിയൊരുക്കുമോ? 63 വർഷം മുൻപുള്ള ഇഎംഎസിന്റെ നയപ്രഖ്യാപനം തന്നെ ഓർക്കാം:‘‘ഭരണ വ്യവസ്ഥയ്ക്ക് അകത്തു മാത്രമല്ല, സമൂഹ വ്യവസ്ഥയിലാകെ ഇഴുകിപ്പിടിച്ച ദുർഗണങ്ങൾക്കെതിരെ വിട്ടുവീഴ്ചയും ഇടതടവും ഇല്ലാതെ പോരാടിയാൽ മാത്രമേ, അഴിമതിയും നെറികേടും അവസാനിപ്പിച്ച് ഒരു നല്ല ഭരണം സ്ഥാപിക്കാനാകൂ.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com