sections
MORE

രോഗം കടുക്കുമ്പോൾ ഈ നിർബന്ധം വേണ്ട

HIGHLIGHTS
  • കേരള എൻജിനീയറിങ് എൻട്രൻസ് മാറ്റിവയ്ക്കണം
177783399
SHARE

തിരുവനന്തപുരം, കൊച്ചി നഗരങ്ങളെയടക്കം രോഗവ്യാപനത്തിന്റെ കടുത്ത ആശങ്കയിലെത്തിച്ച്, കോവിഡ് കേരളത്തിലും അതിവേഗം വ്യാപിക്കുകയാണ്. തിരുവനന്തപുരം കോർപറേഷനിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ഡൗൺ പോലെയുള്ള കടുത്ത നിയന്ത്രണങ്ങൾ രോഗവ്യാപനം രൂക്ഷമായ മറ്റു ചിലയിടങ്ങളിലും ഉണ്ടായേക്കുമെന്ന ആശങ്കയുമുണ്ട്. പ്രശ്നസങ്കീർണമായ ഈ വേളയിൽ നിർണായകമായ ഒരു പ്രവേശനപരീക്ഷ നടത്തുന്നതിന്റെ അനൗചിത്യവും അതു കുട്ടികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടും അധികൃതർ മനസ്സിലാക്കേണ്ടതുണ്ട്.

കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ (കീം) ആണ് 16നു നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഓൺലൈനിൽ ലഭ്യമാക്കിക്കഴിഞ്ഞു. പരീക്ഷയുടെ ഒരുക്കങ്ങളെല്ലാം മുന്നേറുമ്പോൾ, കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന തിരുവനന്തപുരവും കൊച്ചിയുമൊക്കെ കടുത്ത രോഗാശങ്കയിലാണ്. ദേശീയതലത്തിലെ നീറ്റ്, ജെഇഇ എന്നീ വലിയ പരീക്ഷകൾ ഈ രോഗകാലത്തെ പ്രായോഗിക പ്രയാസങ്ങൾ പരിഗണിച്ച് കേന്ദ്രസർക്കാർ സെപ്റ്റംബറിലേക്കു മാറ്റിവച്ച സാഹചര്യത്തിൽ കേരളം എന്തിനാണ് ഈ തീയതിയിൽ ഉറച്ചുനിൽക്കുന്നതെന്ന സംശയമാണ് ഒട്ടേറെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ളത്.

ഊണും ഉറക്കവും വെടിഞ്ഞു പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർഥികളുടെയും അവരെ അതിനു സജ്ജരാക്കുന്ന രക്ഷിതാക്കളുടെയും ഈ രോഗകാലത്തെ കൊടുംസമ്മർദം അറിയാത്തവരാണോ ഈ തീരുമാനമെടുത്തത്? തീർച്ചയായും അധികൃതർക്ക് അവരുടേതായ ന്യായീകരണങ്ങളുണ്ടാകും. സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിൽ, എൻജിനീയറിങ് പ്രവേശനം ഓഗസ്റ്റ് 15നു ശേഷം നടത്തില്ലെന്ന് കേരള എൻട്രൻസ് പ്രോസ്പെക്ടസിലുണ്ട്. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എഐസിടിഇ) പുതുക്കിയ അക്കാദമിക് കലണ്ടർ പ്രകാരം ഒഴിവുകൾ നികത്താനായി സെപ്റ്റംബർ 15വരെ കുട്ടികളെ പ്രവേശിപ്പിക്കാം; പക്ഷേ ഓഗസ്റ്റ് 16നു ക്ലാസ് തുടങ്ങണം. ഇതുകൂടി പരിഗണിച്ചാവണം ഈ 16നുതന്നെ കേരള എൻട്രൻസ് നടത്താനുള്ള തീരുമാനമുണ്ടായതെന്നുവേണം കരുതാൻ.

ഇപ്പോഴത്തെ രോഗാവസ്ഥയുടെ സങ്കീർണതകൾ തിരിച്ചറിഞ്ഞതുകൊണ്ടും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സമ്മർദം കുറയ്ക്കണമെന്നു തോന്നിയതുകൊണ്ടുമാണ് പ്രധാനപ്പെട്ട ദേശീയ പ്രവേശനപരീക്ഷകളുടെ കാര്യത്തിൽ പുതിയ തീരുമാനങ്ങളുണ്ടായത്. ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ ആറു വരെയും ജെഇഇ അഡ്വാൻസ്ഡ് സെപ്റ്റംബർ 27നും നീറ്റ് സെപ്റ്റംബർ 13നും മാത്രമേ നടത്തൂ എന്നുള്ള കേന്ദ്രസർക്കാർ തീരുമാനം തീർച്ചയായും കേരള സർക്കാരിനടക്കം മാതൃകയാണെങ്കിലും അതല്ല സംഭവിച്ചത്. പതിനാറിനുതന്നെ പരീക്ഷ നടത്താനുള്ള തീരുമാനം അതുകൊണ്ടുതന്നെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഒപ്പം നിൽക്കുന്നതല്ല എന്നതിൽ സംശയമില്ല.

ഓരോ ദിവസവും കേരളത്തിലെ രോഗനില കൂടുതൽ വഷളാവുകയാണ്. പരീക്ഷാത്തീയതിയായ 16 ആവുമ്പോഴേക്കും രോഗവ്യാപനം കുറയുമെന്നു പ്രതീക്ഷിക്കാനാവില്ല. നിർഭാഗ്യവശാൽ, തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ അപ്പോഴും തുടരേണ്ട അവസ്ഥ വന്നാൽ പ്രവേശനപരീക്ഷ എഴുതേണ്ട കുട്ടികൾ എന്താണു ചെയ്യേണ്ടത്? സംസ്ഥാനത്തെ പരീക്ഷാകേന്ദ്രങ്ങളിൽ മറ്റു ചില ഇടങ്ങളിൽക്കൂടി കടുത്ത നിയന്ത്രണം പ്രാബല്യത്തിൽ വരികയാണെങ്കിലോ? അങ്ങനെ വന്നാൽ, പരീക്ഷയ്ക്കു തൊട്ടുമുൻപാണോ തീരുമാനം പുനഃപരിശോധിക്കേണ്ടത്? കേരളത്തിനു പുറത്തുനിന്നും ഒട്ടേറെ കുട്ടികൾ കേരള എൻജിനീയറിങ് എൻട്രൻസ് എഴുതാൻ ഇവിടെ എത്താറുണ്ടെന്നതുകൂടി സർക്കാർ ഓർക്കേണ്ടതുണ്ട്. കേരളത്തിനു പുറത്തും ദുബായിലുമുള്ള പരീക്ഷാകേന്ദ്രങ്ങളിലെഴുതേണ്ട കുട്ടികളും സമാനമായ സാഹചര്യമാണ് അഭിമുഖീകരിക്കുന്നത്.

സാങ്കേതിക കാരണങ്ങളിൽ മുറുകെപ്പിടിക്കാതെ, അധികൃതർ പ്രായോഗികമായി ചിന്തിക്കുകതന്നെ വേണമെന്ന് ഈ രോഗകാലം ആവശ്യപ്പെടുന്നു. പ്രവേശനം സംബന്ധിച്ച എഐസിടിഇ തീരുമാനം പരിഷ്കരിച്ചു വാങ്ങുന്നതിനു നടപടി എടുക്കുകയാണു വേണ്ടത്. അങ്ങനെ, ഈ പതിനാറിനുള്ള എൻട്രൻസ് മാറ്റിവയ്ക്കാൻ കഴിഞ്ഞാൽ എത്രയോ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും നെഞ്ചിലെ ആധിക്കാവും ശമനമുണ്ടാകുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA