എം.സി ദത്തന് ഉപഹാരം നല്‍കാന്‍ സ്വപ്ന; ഇതിന്റെ ഗുട്ടൻസ് ഒന്നു പറഞ്ഞുതരൂ സർ!

joy-mathew
ജോയ് മാത്യു
SHARE

തല താഴ്ന്നുപോയി. നമ്മുടെ ഐഎസ്ആർഒ വികസിത രാഷ്ട്രങ്ങൾക്കുപോലും അസൂയ ജനിപ്പിക്കുംവിധം മികവു തെളിയിച്ചൊരു ബഹിരാകാശ ഗവേഷണ സ്ഥാപനമാണ്. കേരള സർക്കാർ കോവളത്തൊരു രാജ്യാന്തര ബഹിരാകാശ കോൺക്ലേവ് സംഘടിപ്പിച്ചപ്പോൾ, അതിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ഐഎസ്ആർഒയിൽ ഉന്നത സ്ഥാനമലങ്കരിച്ച ശാസ്ത്രജ്ഞനുമായ എം.സി.ദത്തന് ഉപഹാരം നൽകാൻ നിയോഗിക്കപ്പെട്ടത് സ്വപ്ന സുരേഷ് ആയിരുന്നു. ഒരു ശാസ്ത്രജ്ഞനെ ഇതിൽപരം അപമാനിക്കാനുണ്ടോ?

ആ വ്യക്തി പത്താം ക്ലാസ് പാസായോ ഇല്ലയോ എന്ന തർക്കം ഈ വിഷയത്തിൽ വിട്ടുകളയാം. പക്ഷേ, അവരുടെ മറ്റെല്ലാ യോഗ്യതകളുംകൊണ്ട് സർക്കാർ നമുക്കഭിമാനമായ ആ ശാസ്ത്രജ്ഞനെ അപമാനിച്ചുകളഞ്ഞു. അത്തരം യോഗ്യതകൾകൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഒരു കേസിൽ മുഖ്യ കഥാപാത്രമായിക്കഴിഞ്ഞിരുന്നല്ലോ അവർ. യോഗ്യതയെക്കാൾ അയോഗ്യതയും അപയോഗ്യതയും അലങ്കാരമായി കാണുന്ന ഒരു സർക്കാർ ജനങ്ങൾക്കു നാണക്കേടാണ്.

വിദ്യാഭ്യാസയോഗ്യതയല്ല ഒരാളെ വിലയിരുത്താനുള്ള ശരിയായ മാനദണ്ഡം എന്നതു ശരി. പരിഷ്കൃത വിദ്യാഭ്യാസം ലഭിക്കാൻ അവസരമില്ലാതെപോയ എത്രയോ കർഷകർ, തൊഴിലാളികൾ, വ്യാപാരികൾ, കലാകാരന്മാർ, രാഷ്ട്രീയ –  സാമൂഹിക പ്രവർത്തകർ ഒക്കെ നമുക്കു ചുറ്റിലുമുണ്ട്, മികവിന്റെ തൂവലുള്ളവർ. എന്നാൽ, അനധികൃത വഴിയിലൂടെ മികച്ച ജോലികൾ സ്വായത്തമാക്കാനും വ്യാജ കേസുകളിലൂടെ നിരപരാധികളെ കുടുക്കാനുള്ള വൈദഗ്ധ്യം കൈമുതലാക്കിയ മുതലുകളെ എഴുന്നള്ളിച്ചുകൊണ്ടു നടക്കുന്ന ഒരു ജനകീയ ഗവൺമെന്റ് നൂറുശതമാനം സാക്ഷരത നേടിയ ജനതയെ എന്തായിട്ടാണു കണക്കാക്കുന്നത്?

പഠിപ്പിന്റെയും അറിവിന്റെയും സ്വപ്രയത്നത്തിന്റെയും പ്രതിരൂപങ്ങളായി ഒട്ടേറെ ആളുകളുള്ള ഒരു നാട്ടിൽ, പുരോഗമന സ്വഭാവം ഉണ്ടെന്നു നടിക്കുന്ന ഒരു ഗവൺമെന്റ് ഇത്തരം ആളുകളെ ഒപ്പം കൊണ്ടുനടക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. അതോ ഇനി ഇതായിരിക്കുമോ പുരോഗമനപരവും വിപ്ലവാത്മകവുമായ ശൈലി?

ഒടുവിൽ പറഞ്ഞ യോഗ്യത – അതായത് സ്വപ്രയത്നം ആണു മാനദണ്ഡമെങ്കിൽ ഒന്നും പറയാനില്ല. കാരണം, സ്വപ്ന സുരേഷ് സ്വപ്രയത്നംകൊണ്ട് ആർജിച്ചെടുത്തതാണ് പദവികൾ എന്നാണല്ലോ എല്ലാവരും പറയുന്നത്.

കേരളത്തിൽ ചെറുപ്പക്കാർ എംടെക്കും എംബിഎയും കഴിഞ്ഞു വാടകവണ്ടികളോടിച്ചും ഹോട്ടലുകളിൽനിന്നു ഭക്ഷണമെത്തിച്ചും അന്യരാജ്യത്തു ചുമടെടുക്കാനെങ്കിലും കഴിഞ്ഞാലെന്നുവരെ ആശിച്ചു നാടുവിടുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരക്കാർ അധികാര സ്ഥാനത്തുള്ളവരുടെ ചുമലിൽ കയറിയിരിക്കുന്നതിന്റെ ഗുട്ടൻസ് എന്താകും? പിഎസ്‌സി പരീക്ഷയെഴുതി (അതിന്റെ കഥ പറയണ്ടാ) നേരാംവഴിക്കൊരു ജോലി കിനാവു കാണുന്നവരെ കൊഞ്ഞനം കുത്തിക്കൊണ്ട് ഇവരൊക്കെ നിരയായി ഉന്നതശമ്പള പദവികളിൽ എത്തിപ്പെടുന്നത് എങ്ങനെയാണ്? അതോ ഇതാണോ വൈരുധ്യാത്മക ഭൗതികവാദം?

സർക്കാരിനു നേരിട്ടു നിയമനം നടത്താവുന്ന പലയിടത്തും നിയമിച്ചിരിക്കുന്നവരുടെ അടിസ്ഥാന യോഗ്യതകളറിയുമ്പോൾ സന്ദേഹിച്ചുപോകും, കേരളത്തിൽ ജീവിക്കണോ ബഹിരാകാശത്തു ജീവിക്കണോ എന്ന്.

(നടനും സംവിധായകനുമാണ് ലേഖകൻ)

English Summary: Joy Mathew writeup about State Government and Swapna Suresh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA