sections
MORE

പഠനഭാരം കുറയ്ക്കലോ തമസ്കരണമോ?

SHARE

ചരിത്രവും സാമൂഹികാവസ്ഥയും പൗരാവകാശങ്ങളുമൊക്കെ പാഠപുസ്തകങ്ങളിൽനിന്നാണു പുതിയ തലമുറ കൂടുതലായും മനസ്സിലാക്കുന്നത്. ഇന്ത്യ കാലങ്ങളായി കാത്തുസൂക്ഷിച്ച അടിസ്ഥാന മൂല്യങ്ങളും വൈവിധ്യസമന്വയവും ബഹുസ്വരതയുമൊക്കെ അങ്ങനെ പാഠങ്ങളായി തലമുറകൾ ഏറ്റുവാങ്ങുന്നു. അറിവ് എന്നാൽ സമൂഹത്തെയും ലോകത്തെയും സമകാലത്തെയുമൊക്കെ മനസ്സിലാക്കുന്നതുകൂടിയാണെന്നിരിക്കെ, അതിന്റെ ചില ജാലകങ്ങൾ അധികാരകരങ്ങൾകൊണ്ട് അടച്ചുകളയുന്നതു ന്യായീകരിക്കാവുന്നതല്ല. കോവിഡ് പ്രതിസന്ധി കാരണം ഈ അധ്യയനവർഷത്തെ സിബിഎസ്ഇ സിലബസ് 30% ചുരുക്കിയപ്പോൾ ഒഴിവാക്കിയ പാഠഭാഗങ്ങളിൽ പൗരത്വവും മതനിരപേക്ഷതയും മുതൽ ജിഎസ്ടിയും നോട്ടുനിരോധനവും വരെ ഉൾപ്പെട്ടതിനെതിരെ വ്യാപക പ്രതിഷേധം രാജ്യത്ത് ഉയരുകയാണിപ്പോൾ.

ഒൻപതു മുതൽ 12 വരെ ക്ലാസുകളിലെ സിലബസാണ് സിബിഎസ്ഇ ചുരുക്കിയത്. ഒൻപതാം ക്ലാസിലെ സാമൂഹികപാഠ പുസ്തകത്തിൽനിന്ന് അഞ്ചു പാഠങ്ങളാണ് ഒഴിവാക്കിയത്; ജനാധിപത്യ അവകാശങ്ങൾ സംബന്ധിച്ച ഭാഗം പൂർണമായി ഒഴിവാക്കി. 11–ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽനിന്നു ഫെഡറലിസം, മതനിരപേക്ഷത, പൗരത്വം, തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യം, തദ്ദേശ സ്ഥാപനങ്ങളുടെ വളർച്ച തുടങ്ങിയവയാണ് ഒഴിവാക്കിയത്.

കോവിഡ് ആശങ്കയുടെ സാഹചര്യത്തിൽ കുട്ടികളുടെ പഠനഭാരം കുറയ്ക്കാൻ, ഒറ്റത്തവണ എന്നു വ്യക്തമാക്കിയാണ് സിലബസ് വെട്ടിക്കുറച്ചതെന്ന് അവർ വിശദീകരിക്കുന്നു. ഒഴിവാക്കപ്പെട്ട ഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ 2020–21 പരീക്ഷയിൽ മാത്രമാണ് ഒഴിവാക്കുക. അതേസമയം, എൻസിഇആർടി തയാറാക്കിയ ഓൾട്ടർനേറ്റീവ് അക്കാദമിക് കലണ്ടർപ്രകാരം, ഒഴിവാക്കുന്ന ഭാഗങ്ങളും പഠിപ്പിക്കുമെന്നു സിബിഎസ്ഇ പറയുന്നു. പരീക്ഷയ്ക്ക് ഇവ ബാധകമാകില്ലെങ്കിലും, സ്കൂളുകളിലെ സമയലഭ്യത അനുസരിച്ച്, ഒഴിവാക്കപ്പെട്ടവയും വിദ്യാർഥികൾക്കു പകർന്നുകൊടുക്കാൻ നിർദേശം നൽകും.

ഒഴിവാക്കിയ പാഠഭാഗങ്ങളെ സംബന്ധിച്ച മറ്റ് ആരോപണങ്ങളെ സിബിഎസ്ഇ തള്ളിക്കളയുന്നു. അതേസമയം, സിബിഎസ്ഇ നിലപാടിലെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്. പരീക്ഷയ്ക്ക് ബാധകമാകില്ലെന്നു വന്നാൽ പാഠ്യവിഷയമെന്ന നിലയിൽ അതിനു ഗൗരവപൂർണമായ പരിഗണന ലഭിക്കുമോ എന്ന ചോദ്യം ന്യായമാണ്. തിരക്കിട്ട് അധ്യയനവർഷം പൂർത്തിയാക്കുന്നതിനിടയിൽ ഒഴിവാക്കപ്പെട്ട ഭാഗങ്ങൾ പഠിപ്പിച്ചുകൊടുക്കാൻ അധ്യാപകർക്കും അത് ഉൾക്കൊള്ളാൻ കുട്ടികൾക്കും സാധിച്ചെന്നു വരുമോ?

സിബിഎസ്ഇ പാഠപുസ്തകങ്ങളിലെ വെട്ടിനിരത്തൽ ഉയർത്തുന്ന കാതലായ ചോദ്യം പക്ഷേ ഇതല്ല. സിലബസ് വെട്ടിച്ചുരുക്കുമ്പോൾ ഏറ്റവും പ്രാധാന്യം കുറഞ്ഞതാണെന്ന ബോധ്യത്തിൽ ഈ പാഠഭാഗങ്ങളെ ഇവർ തള്ളിയത് എന്തുകൊണ്ടാണ്? പൗരത്വവും മതനിരപേക്ഷതയും ജനാധിപത്യ അവകാശങ്ങളും നോട്ടുനിരോധനവുമൊക്കെ ഇപ്പോൾ രാജ്യത്തെ ഏറ്റവും ഗൗരവമുള്ള വിഷയങ്ങളല്ലെന്നാണോ ഈ വെട്ടിനിരത്തലുകാർ കരുതിയത്? അതേസമയം, തെറ്റായ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇത്തരമൊരു പ്രചാരണം അഴിച്ചുവിടുന്നതെന്നാണ് കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാൽ പ്രതികരിച്ചത്.

എവിടെനിന്നുള്ള ആശയങ്ങളെയും അഭിപ്രായങ്ങളെയും ഉൾക്കൊള്ളാൻ തുറന്നുവച്ച വാതിലുകളാണ് ഇന്ത്യയുടെ അഭിമാനമുദ്ര. ബഹുസ്വരതയെ സ്വീകരിക്കാൻ തക്ക തുറന്ന മനസ്സുള്ള നാടായാണു കാലങ്ങളായി നമ്മുടെ രാജ്യം പ്രകീർത്തിക്കപ്പെട്ടിട്ടുള്ളതും. എന്നാൽ, ഈ പാരമ്പര്യത്തിനു നേരെതന്നെ വെല്ലുവിളി ഉയരുന്ന സ്‌ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങുന്നതിന്റെ സൂചനയാണോ വിവിധ മേഖലകളിലെ വിവാദപരമായ ഇടപെടലുകളെന്നു സംശയിക്കുന്നവരുണ്ട്. പാഠഭാഗങ്ങളിൽനിന്ന് ഇപ്പോഴുണ്ടായ തമസ്കരണം ബോധപൂർവമാണെങ്കിൽ അത് അങ്ങേയറ്റം അപലപനീയമാണെന്നതിൽ സംശയമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA