sections
MORE

നയതന്ത്രവും ‘കടത്തുതന്ത്രവും’; മുൻപും നയതന്ത്ര ബാഗുകളില്‍ കള്ളക്കടത്ത്

swapna-gold
SHARE

തിരുവനന്തപുരത്തു പിടിച്ചതുപോലെ, നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണക്കടത്തു കേസുകൾ അപൂർവമാണ്. എന്താണീ നയതന്ത്ര ബാഗുകൾ? യുഎന്നിന്റെ വിയന്ന കൺവൻഷൻ നൽകുന്ന നിർവചനം അനുസരിച്ച് ‘‘മിഷന്റെ ഔദ്യോഗിക ഉപയോഗത്തിനുള്ള സാമഗ്രികൾ അഥവാ, ഒരു കോൺസുലർ ഉദ്യോഗസ്ഥന്റെയോ അയാളുടെ കുടുംബത്തിന്റെ ഭാഗമായ അംഗങ്ങളുടെയോ വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങളുമാണ്’’ നയതന്ത്ര ബാഗിൽ ഉൾപ്പെടുത്താവുന്നത്. വിയന്ന കൺവൻഷൻ  കുടുംബത്തെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ്:  അവർ സാമഗ്രികൾ സ്വീകരിക്കുന്ന രാജ്യത്തെ പൗരന്മാർ അല്ലെങ്കിൽ അവർക്ക് എല്ലാവിധ നയതന്ത്ര പരിരക്ഷയും പ്രത്യേകാവകാശങ്ങളും ലഭ്യമാണ് എന്നാണ്. 

വിയന്ന കൺവൻഷൻ അനുസരിച്ചും ഇന്ത്യയുടെതന്നെ കസ്റ്റംസ് പ്രിവൻഷൻ മാന്വൽ പ്രകാരവും കസ്റ്റംസ് അധികൃതർ ഡിപ്ലോമാറ്റിക്, കോൺസുലർ ബാഗുകൾ തടഞ്ഞുവയ്ക്കാനോ തുറന്നുനോക്കാനോ പാടില്ല.

തിരുവനന്തപുരത്തു വന്ന പാഴ്സലിലുള്ള മേൽവിലാസം അവിടത്തെ യുഎഇ കോൺസുലേറ്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റേതായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഡിപ്ലോമാറ്റിക് പരിരക്ഷ ഉള്ളതിനാൽ മേൽപറഞ്ഞ ചട്ടങ്ങളെല്ലാം ഇതിനു ബാധകമാണ്. നയതന്ത്ര ബാഗിൽ സ്വർണമുണ്ടെന്നു മുൻകൂട്ടി സൂചന ലഭിച്ചിട്ടും കസ്റ്റംസ് അധികൃതർക്ക് തുടർ നടപടികൾക്കായി ഡൽഹിയിൽനിന്നു സമ്മതം വേണമായിരുന്നു.

അതിനു രണ്ടു ദിവസം പിടിച്ചു. പിന്നീട് അവർ യുഎഇ കോൺസുലേറ്റിന്റെ പ്രതിനിധിയെ വിളിച്ചുവരുത്തി. സരിത് കുമാർ എന്ന, യുഎഇ കോൺസുലേറ്റിൽ മുൻപു ജോലി ചെയ്തിരുന്ന ആളാണു പാഴ്സൽ സ്വീകരിക്കാൻ അവിടെ പ്രത്യക്ഷപ്പെട്ടത്. സരിത്തിന്റെ തിരിച്ചറിയൽ പത്രം കപടമാണെന്നു കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ യുഎഇ കോൺസുലേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥനെ വരുത്തിക്കുകയും അദ്ദേഹത്തിന്റെ മുൻപിൽവച്ച് പാഴ്സൽ തുറക്കുകയും ചെയ്തു.

സാമഗ്രികൾ സ്വീകരിക്കേണ്ട തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ്, നയതന്ത്ര ബാഗിന്റെ യാത്രയുടെ ലക്ഷ്യസ്ഥാനം മാത്രമായിരുന്നെങ്കിൽ അതിന്റെ സുപ്രധാനമായ ഉറവിടം അബുദാബിയാണ്. അവിടത്തെ യുഎഇയുടെ വിദേശകാര്യ മന്ത്രാലയമാണു ബാഗ് തയാറാക്കേണ്ടത്. ഏതു രീതിയിലുള്ള തിരിമറി നടന്നാലും പെട്ടെന്ന് അറിയാവുന്ന രീതിയിലുള്ള സീൽ പതിപ്പിച്ച്, അതിനെ നയതന്ത്ര ബാഗ് ആണെന്നു പ്രഖ്യാപിച്ചു കൊണ്ട് ഉള്ളടക്കത്തിന്റെ വിവരവും നൽകുന്ന അധികാരപത്രം തയാറാക്കേണ്ടത് വിദേശകാര്യ മന്ത്രാലയമാണ്. തിരുവനന്തപുരത്തെ കോൺസുലേറ്റിലേക്ക് യുഎഇ സർക്കാർ കുറിയർ ചെയ്ത പാഴ്സലിലും ഈ ചട്ടങ്ങളെല്ലാം പാലിച്ചിരിക്കണം. 

ഇതിനു മുൻപും നയതന്ത്ര ബാഗുകൾ കള്ളക്കടത്തിന് അപൂർവമായെങ്കിലും ഉപയോഗിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഒന്നുകിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ മോശമാകുകയോ അല്ലെങ്കിൽ കേസ് തേഞ്ഞുമാഞ്ഞു പോകുകയോ ആണു സംഭവിച്ചിട്ടുള്ളത്.

goerge-floyd-murder
ജോർജ് ഫ്ലോയ്‌ഡ്.

നവകാലത്തെ പൊളിച്ചെഴുത്തുകൾ 

സംസ്കാരം റദ്ദാക്കുക (cancel culture) എന്നതാണ് ഇപ്പോൾ പടിഞ്ഞാറൻ നാടുകളിലും യുഎസിലും കത്തിപ്പടരുന്ന വിഷയം. ഇതൊരു ഓൺലൈൻ പ്രതിഭാസമാണ്. ഏതെങ്കിലും രീതിയിൽ വിവാദപരമായ പ്രസ്താവന നടത്തുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടുള്ള പ്രമുഖ വ്യക്തികളെ കൂട്ടമായി എതിർക്കുക; അവർക്കുള്ള പിന്തുണ പിൻവലിക്കുക; അവരുടെ സൃഷ്ടികൾ വാങ്ങാതിരിക്കുക... ചുരുക്കിപ്പറഞ്ഞാൽ അവരെ ബഹിഷ്കരിക്കുക. കാൻസൽ അഥവാ റദ്ദാക്കുക എന്ന വാക്ക് ഇത്തരത്തിലൊരു പുതിയ അർഥം കൈവരിച്ചിട്ടുണ്ടെന്ന് മിറിയം - വെബ്സ്റ്റർ ഡിക്‌ഷണറി ഈയിടെ പറഞ്ഞിട്ടുണ്ട്.

ട്വിറ്ററിൽ ഒരു ഹാഷ്ടാഗായാണ് ഇതിന്റെ തുടക്കം. മൈക്കൽ ജാക്സൺ, ബിൽ കോസ്ബി തുടങ്ങിയ പ്രമുഖരുടെ ജീവിതത്തെപ്പറ്റി ഗുരുതര ആരോപണങ്ങൾ വന്നപ്പോൾ, ‘നമുക്ക് അവരെ റദ്ദാക്കാം’ എന്നു പറഞ്ഞ് കൂട്ടമായി ട്വീറ്റുകൾ വന്നു. കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെത്തുടർന്ന് ‘സംസ്കാരം റദ്ദാക്കുക’ എന്ന പദം കൂടുതൽ അർഥവ്യാപ്തി നേടി. വർണവിവേചനത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ലോകത്തു പലയിടത്തും, സാമ്രാജ്യത്വത്തിന്റെ വക്താക്കളായിരുന്ന നേതാക്കളുടെ പ്രതിമകൾ തകർക്കപ്പെട്ടു.

പറഞ്ഞുകേട്ട ചരിത്രത്തെയും പാടിപ്പുകഴ്ത്തിയിരുന്ന ചരിത്രപുരുഷന്മാരെയും കടപുഴക്കി എറിയാനുള്ള ഈ ഓൺലൈൻ ത്വര, ലോകത്തിലെ പ്രമുഖ ബുദ്ധിജീവികളെ പരിഭ്രമിപ്പിച്ചുവെന്നു തോന്നുന്നു. നോം ചോംസ്കി, സൽമാൻ റുഷ്ദി തുടങ്ങി 150 പേർ, ഈ മാസം 7നു പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നത്, ‘സംസ്കാരം റദ്ദാക്കുക’ തുടങ്ങിയതിനു ശേഷം, വീർപ്പുമുട്ടിക്കുന്ന അന്തരീക്ഷത്തിൽ സ്വതന്ത്രമായ സംവാദം സാധ്യമാകുന്നില്ല എന്നാണ്. ഭിന്നാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയ്ക്കും പൊതു ഇടങ്ങളിൽവച്ചു നാണിപ്പിക്കാനും ഊരുവിലക്കാനുമുള്ള ഈ പ്രവണതകൾക്കെതിരെയും ജാഗ്രത പുലർത്താൻ അവർ ആഹ്വാനം ചെയ്യുന്നു. പ്രസ്താവനയിൽ ഒപ്പു വച്ചിട്ടുള്ള, ഹാരി പോട്ടറിന്റെ സ്രഷ്ടാവ് ജെ.കെ.റോളിങ് ട്രാൻസ്ജെൻഡേഴ്സിനെപ്പറ്റി നടത്തിയ ചില പരാമർശങ്ങൾ ‘റദ്ദാക്കൽ’ ക്ഷണിച്ചുവരുത്തിയിരുന്നു.

വാസ്തവത്തിൽ സംഭവിക്കുന്നതെന്താണ്? സംവാദത്തിന്റെ ഇടങ്ങൾ സമീപകാലം വരെ സാധാരണക്കാർക്കും ചെറുപ്പക്കാർക്കും സ്ത്രീകൾക്കും ഏതാണ്ട് അപ്രാപ്യമായിരുന്നു. ആ സ്ഥലങ്ങൾ കുത്തകയാക്കി വച്ചിരുന്ന വിശേഷ ഭാഗ്യമുള്ളവർ അതിനെ പലപ്പോഴും ഉപയോഗിച്ചിരുന്നത് വിനാശകരമായ ആശയങ്ങൾ പ്രചരിപ്പിക്കാനാണ്. സമൂഹമാധ്യമങ്ങൾ ഇപ്പോൾ എല്ലാവർക്കും വേദി നൽകുന്നു. അതിലൂടെ ആളുകൾ ‘സംസ്കാരം റദ്ദാക്കുക’ എന്നു പറഞ്ഞു പ്രതിഷേധിക്കുന്നത് മുഖ്യമായും സ്ത്രീപീഡനം, വർണവിവേചനം തുടങ്ങിയ തിന്മകൾക്കെതിരെയാണ്. ഇത്തരമൊരു മുന്നേറ്റത്തെ, സ്വതന്ത്രാവിഷ്കാരത്തിനു വിഘാതമായ സംഗതിയായി ചുരുക്കിക്കാണാൻ ചോംസ്കി ഉൾപ്പെടെയുള്ളവർക്ക് എങ്ങനെ കഴിയുന്നുവെന്നത് ആലോചിക്കേണ്ട വിഷയമാണ്.

സ്കോർപ്പിയൺ കിക്ക്: സ്വപ്ന സുരേഷ് തലസ്ഥാനത്തുനിന്നു കടന്നത് ആംബുലൻസിൽ എന്നു വാർത്ത.

മാസ്ക്കും സഹായകരമായി കാണും!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA