വാചകമേള

vachakamela
SHARE

∙ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: സൂക്ഷിച്ചു നോക്കുംതോറും കൊറോണ ഒരു മിസ്റ്റിക് / സാമൂഹിക പരിഷ്കർത്താവാണെന്നു തെളിയുന്നു. അതു കണ്ണാടി പ്രതിഷ്ഠയാണ്. നമ്മിലേക്കു തിരിച്ചുവച്ച കണ്ണാടി. കാണുമ്പോൾ ഹൃദയപൂർവം എന്നഭിനയിച്ച് അങ്ങനെ നാം ഇതുവരെ നൽകിപ്പോന്ന എല്ലാ ഹസ്തദാനത്തെയും അതു റദ്ദ് ചെയ്തിരിക്കുന്നു. നാം ഹൃദയത്തിൽ ഒളിപ്പിച്ച മാസ്ക്കിനെ അത് ആ കണ്ണാടിയിൽ കാണിച്ചുതരുന്നു.

∙ ഡോ. എം.വി.പിള്ള: ഈ കോവിഡ്കാലത്ത് ലോകമൊട്ടാകെ ശാസ്ത്രീയമായ സ്ഥിതിവിവരക്കണക്കുകൾക്ക് ആശ്രയിക്കുന്നത് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കോവിഡ് റിസോഴ്സസ് സെന്ററിനെയാണ്. ഈ യൂണിവേഴ്സിറ്റിയുടെ പബ്ലിക് ഹെൽത്ത് സ്കൂളാണ് ഏതാനും വർഷം മുൻപ് കേരളത്തിൽ സെന്റർ സ്ഥാപിക്കാൻ മുന്നോട്ടുവന്നത്. തികച്ചും വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാൽ അതു നമ്മൾ നിരസിച്ചു. പബ്ലിക് ഹെൽത്ത് രംഗത്ത് ലോകനേതൃത്വത്തിൽ നിൽക്കേണ്ടിയിരുന്ന ഒട്ടേറെ പ്രതിഭകളെ അങ്ങനെ നമുക്കു നഷ്ടമായി.

∙ കെ.എൽ. മോഹനവർമ: ഇന്ന് എഴുത്തിൽ പേരെടുക്കുന്നതിനെക്കാൾ എളുപ്പം ദൃശ്യമേഖലയിൽ കഴിവു തെളിയിക്കുന്നതാണ്. അവിടെയാണ് അവസരങ്ങൾ. ഇതിനിടയിൽ ഞങ്ങളെപ്പോലെയുള്ളവർ സ്മാരക ചിഹ്നങ്ങളായി മാറും. പുതിയതിലേക്കു മാറാനുള്ള പ്രയാസം തീർച്ചയായും എന്റെ തലമുറയ്ക്കുണ്ട്. ഇത്ര വലിയ ഡിജിറ്റൽ വിപ്ലവമുണ്ടാകുമെന്ന് എന്റെ തലമുറയിലെ ഒരു എഴുത്തുകാരനും പ്രതീക്ഷിച്ചതല്ല.

∙ ഡോ. ബി.ഇക്ബാൽ: ഉന്നതതലങ്ങളിൽനിന്നുള്ള നിർദേശപ്രകാരമാണ് എല്ലാ വൈദ്യശാ‍സ്ത്ര ധാർമികതയ്ക്കും വാക്സിൻ പരീക്ഷണ ചട്ടങ്ങൾക്കും എതിരായ നീക്കം ഐസിഎംആറിന്റെ ഭാഗത്തുനിന്നുമുണ്ടായത്. ഓഗസ്റ്റ് 15ന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ‘ദേശീയ വാക്സിൻ’ തയാറായി എന്നു പ്രഖ്യാപിച്ച് ഖ്യാതി നേടാനാണ് ഭരണനേതൃത്വത്തി ന്റെ ശ്രമം.

∙ പ്രഫ. എം.കുഞ്ഞാമൻ: വികസനം എന്നത് എല്ലാവരും ഇഷ്ടപ്പെടുകയും ആവശ്യപ്പെടുകയും ചെയ്യുന്ന ഒന്നാണ്. എന്നാൽ, ദരിദ്രർ ഒരിക്കലും വികസനം വേണമെന്ന് ആവശ്യപ്പെടുകയില്ല. അവരുടെ ആവശ്യം ഭക്ഷണം, ഭൂമി, വിദ്യാഭ്യാസം, മരുന്ന് എന്നിവയാണ്.

∙ വി.ജെ.ജയിംസ്: അക്ഷരത്തിന് സ്വയം പ്രകാശന ശേഷിയുണ്ടെന്നും അതു സ്വയം പ്രകാശിച്ചുകൊള്ളുമെന്നുമാണ് എന്റെ വിശ്വാസം. അക്ഷരം ആവശ്യപ്പെടുമ്പോൾ ഒരു പേനയുടെ സ്ഥാനത്തു നിന്നുകൊടുക്കുക മാത്രമേ എഴുത്തുകാരനു ചെയ്യാനുള്ളൂ. അത്രമേൽ അനിശ്ചിതമായ എഴുത്തിനെക്കുറിച്ച് അതിനാൽ മേനി നടിക്കാൻ ഒന്നുമില്ലെന്നാണ് എന്റെ തോന്നൽ.

∙ എസ്.ഭാസുരചന്ദ്രൻ: നിങ്ങൾക്കു തോന്നിയിട്ടില്ലേ, ഒരു എം.കൃഷ്ണൻ നായർ ഇല്ലാത്തതിന്റെ കേട് മലയാള സാഹിത്യത്തിൽ കിടപ്പുണ്ടെന്ന്? പഴയ ശൈലിയിൽ പറഞ്ഞാൽ ആരൊക്കെ വാളെടുത്തിട്ടുണ്ടോ അവരെല്ലാം വെളിച്ചപ്പാടുമാരാണ്. 

∙ എ.ഹേമചന്ദ്രൻ: പൊലീസ് സ്റ്റേഷൻ ഒരു പാഠശാലയാണ്. ജീവിതത്തിൽ മറ്റൊരിടത്തും ലഭിക്കാത്ത തീവ്രമായ അനുഭവങ്ങളിലൂടെ നിങ്ങൾക്കു മനുഷ്യാവസ്ഥകളെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമെല്ലാം വിലപ്പെട്ട പാഠങ്ങൾ നൽകുന്ന ഒരു കലാശാല. ഒരു പൊലീസ് ഉദ്യോഗസ്ഥനു ലോകത്തൊരു പരിശീലനക്കളരിയും അതിനു പകരമാവില്ല; പഠിക്കാൻ മനസ്സുണ്ടെങ്കിൽ.

∙ പുനലൂർ രാജൻ‍: ‍മദിരാശിയിൽ വച്ച് പി.ജെ.ആന്റണിയുടെ കഴുത്തിനു പിടിച്ചു ബഷീർ കുത്താൻ ശ്രമിക്കുന്നതും നടൻ മധു തടയാൻ ശ്രമിക്കുന്നതുമായ ഒരു കുസൃതിരംഗം ഫൊട്ടോഗ്രഫർ പി.ഡേവിഡ് പകർത്തിയത് ഓർക്കുന്നു. പി.ജെ.ആന്റണിയുടെ കയ്യിലിരുന്ന് ഈ കഠാര (വി.അബ്ദുല്ല സാഹിബ് സമ്മാനിച്ചത്) ‘ഭാർഗവീനിലയ’ത്തിൽ അഭിനയിക്കുകയും ചെയ്തു.

English Summary: Vachakamela

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA