ADVERTISEMENT

കർഷകർക്കു സോളർ പമ്പുകളും മറ്റും നൽകാനുള്ള പാരമ്പര്യേതര ഊർജ മന്ത്രാലയത്തിന്റെ പിഎം–കുസും പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ അവസരം എന്ന പേരിൽ ചില മെസേജുകൾ വരുന്നതു വിശ്വസിക്കാമോ?

ചില വെബ്സൈറ്റുകളുടെ ലിങ്ക് സഹിതമാണ് ഈ മെസേജുകൾ വരുന്നത്. അവ വ്യാജമാണെന്ന് മന്ത്രാലയം തന്നെ പത്രക്കുറിപ്പിറക്കിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ സംസ്ഥാനങ്ങളിലെ അംഗീകൃത ഏജൻസികൾ വഴിയാണു നടപ്പാക്കുന്നത്. ഈ ഏജൻസികളെക്കുറിച്ചു മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ വിവരം കിട്ടും: mnre.gov.in

കോവിഡ് ആനുകൂല്യങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സ്വീകരിക്കുന്നതായി കേട്ടല്ലോ?

കോവിഡിനൊപ്പം പടരാൻ തുടങ്ങിയതാണ് ഈ വ്യാജസന്ദേശവും. കേരള സ്റ്റേറ്റ് ഐടി മിഷൻ ഇതു നിഷേധിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴി സർക്കാർ നൽകുന്ന ആനുകൂല്യങ്ങളുടെ വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കുന്നതു മാത്രമേ വിശ്വസിക്കാവൂ.

വെളുത്തുള്ളി കഴിച്ചാൽ കോവിഡ് ബാധിക്കില്ലെന്നു വായിച്ചല്ലോ?

ഇതെക്കുറിച്ചു ലോകാരോഗ്യ സംഘടന (ഡബ്യുഎച്ച്ഒ) പറയുന്നതു കേട്ടാൽ കാര്യങ്ങൾ വ്യക്തമാകും: വെളുത്തുള്ളി ആരോഗ്യകരമാണ്. അതിൽ സൂക്ഷ്മാണുക്കളെ പ്രതിരോധിക്കാനുള്ള ചില ഘടകങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യാം. പക്ഷേ, വെളുത്തുള്ളിയോ അതിന്റെ സത്തോ കഴിച്ചാൽ കോവിഡ് പരത്തുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനാകുമെന്ന് ഒരിടത്തും കണ്ടെത്തിയിട്ടില്ല!

5ജി മൊബൈൽ നെറ്റ്‍വർക്കിലൂടെ കോവിഡ് പടരുമെന്ന് മെസേജ് കണ്ടല്ലോ?

ഇത്തരമൊരു പ്രചാരണം 3 മാസം മുൻപു തന്നെയുണ്ടായിരുന്നു. ഇതു വിശ്വസിച്ച് ബ്രിട്ടനിൽ മൊബൈൽ ടവറുകൾ നശിപ്പിക്കുകയും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിൽ 5ജി മൊബൈൽ ഫോണുകൾ ആളുകൾ ഉപേക്ഷിക്കുകയും ചെയ്തു. അന്നുതന്നെ ഇതു ശുദ്ധ അസംബന്ധമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതാണ്. കയ്യിലുള്ള ഫോൺ വൃത്തിയാക്കി കൊണ്ടുനടക്കണമെന്നതു ശരിയാണ്. പക്ഷേ, കോവിഡിനെ പേടിച്ചു പൊട്ടിച്ചുകളയേണ്ടതില്ല!

English Summary: Vireal reality behind the videos, photos and messages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com