ADVERTISEMENT

നയതന്ത്ര സ്വർണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് മുഖ്യസംഘാടകയുടെ റോൾ വഹിച്ച സ്പേസ് കോൺക്ലേവിന്റെ ‘തനിനിറത്തെപ്പറ്റി’ മുതിർന്ന ശാസ്ത്രജ്ഞർക്കു നല്ല ‘ധാരണ’ ഉണ്ടായിരുന്നുവെന്ന് ഊഹിക്കണം.

സംസ്ഥാന സർക്കാർ ജനുവരി 31, ഫെബ്രുവരി 1 തീയതികളിലായി കോവളത്തു നടത്തിയ കോൺക്ലേവിൽനിന്ന് ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞർ വിട്ടുനിന്നത് നടത്തിപ്പിനെക്കുറിച്ചു സംശയം ഉയർന്നതിനാലാണ് എന്നു സൂചന. ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, അവരാരും എത്തിയില്ല. കോൺക്ലേവ് വെറും ‘ഷോ’ ആയി മാറുകയും ചെയ്തു.

പഞ്ചനക്ഷത്ര ഹോട്ടലിൽ ആഡംബര സൗകര്യങ്ങളൊരുക്കി ലക്ഷക്കണക്കിനു രൂപയാണ് കോൺക്ലേവിനു വേണ്ടി പൊടിച്ചത്. പ്രതിനിധികളിൽനിന്ന് 6,000 രൂപ റജിസ്ട്രേഷൻ ഫീസ് വാങ്ങിയിരുന്നു. വിദ്യാർഥികൾക്കും അധ്യാപകർക്കും 3,000 രൂപ നൽകിയാൽ മതിയായിരുന്നു. എന്നാൽ, സർക്കാർ പ്രതീക്ഷിച്ചത്ര പ്രതിനിധികൾ എത്തിയില്ല. 

കോൺക്ലേവിന്റെ സംഘാടനത്തെക്കുറിച്ചും പ്രമുഖർ വിട്ടുനിൽക്കാനിടയായ സാഹചര്യത്തെക്കുറിച്ചും സർക്കാർ തലത്തിൽതന്നെ പിന്നീടു വിമർശനമുയർന്നിരുന്നു. സ്വപ്ന സുരേഷിനെക്കൂടാതെ, സ്വർണക്കടത്തുകേസിലെ ഒന്നാം പ്രതി സരിത്തും സർക്കാർ പരിപാടിയിൽ സജീവമായി പങ്കെടുത്തിരുന്നു.

ഇതേസമയം, സർക്കാർ 2018ലും 2019ലുമായി സംഘടിപ്പിച്ച ഹാഷ് ഫ്യൂച്ചർ, കൊച്ചി ഡിസൈൻ വീക്ക് എന്നീ പരിപാടികൾക്കു ഗ്രീൻ ചാനലിലൂടെ എത്തിയ വിദേശ പ്രതിനിധികളുടെ വിവരം കസ്റ്റംസ് പരിശോധിച്ചു തുടങ്ങി. ഇവയുടെ സംഘാടകൻ ഐടി സെക്രട്ടറിയായിരുന്നു. ഈ രണ്ടു പരിപാടികളിലും നിറസാന്നിധ്യമായിരുന്നു സ്വപ്നയും സരിത്തും. ഇവരും പരിപാടിയിൽ പങ്കെടുക്കാൻ വിദേശത്തുനിന്ന് എത്തിയ ചിലരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണു കസ്റ്റംസ് പരിശോധിക്കുന്നത്.

സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ കഴുത്തിൽ തിരിച്ചറിയൽ കാർഡുമണിഞ്ഞ് എത്തിയിരുന്ന സ്വപ്ന സുരേഷ് വല്ലപ്പോഴും മാത്രമുള്ള കാഴ്ച ആയിരുന്നില്ല. എം.ശിവശങ്കറിന്റെ ഓഫിസിൽ യുവതി ഇടയ്ക്കിടെ എത്തുമായിരുന്നുവെന്നു ജീവനക്കാർ ഓർക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സരിത നായർ അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയോ എന്നു കണ്ടെത്താൻ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും 2 ആഴ്ചത്തെ ദൃശ്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ ഒന്നും ലഭിച്ചില്ല. പിന്നീട് ഇതിന്റെ ശേഷി 6 മാസമായി വർധിപ്പിക്കണമെന്നു പൊലീസ് നിർദേശിച്ചിരുന്നു. കസ്റ്റംസ് അധികൃതർ ഈ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചേക്കും. 

പേരിന് ഒരു പേരു മതി!

തിരുവനന്തപുരത്തു പിടികൂടിയ 30 കിലോ സ്വർണം യഥാർഥത്തിൽ ആരുടേതാണ്? സ്വർണമടങ്ങിയ ബാഗേജ് യുഎഇയിൽനിന്നു തയാറാക്കി കയറ്റിവിട്ടത് ഫാസിൽ ഫരീദ് എന്നയാളാണെന്നും ബാഗേജ് കൊച്ചിയിൽ എത്തിക്കാനുള്ളതാണെന്നുമാണു കേസിൽ പിടിയിലായ സരിത് നൽകിയ മൊഴി. ഇതിനപ്പുറത്ത് ഇക്കാര്യത്തിൽ ഒന്നും വ്യക്തമല്ലെന്നാണു കസ്റ്റംസ് പറയുന്നത്. ഫാസിൽ ഫരീദ് എന്ന ആളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് യുഎഇ അധികൃതരും. ‘സ്വർണമേഖല’യിൽ കേട്ടുപരിചയമുള്ള പേരല്ല ഇത്. പേരുതന്നെ വ്യാജമാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല, അധികൃതർ. ആർക്കു വേണ്ടിയാണു സ്വർണം എന്ന കാര്യം കടത്തുന്നവർ പോലും അറിയാറില്ല എന്നിരിക്കെ അതും സംഭവ്യം!

എന്നാൽ, പിടിക്കപ്പെട്ടാലും 15 കോടി വേണ്ടെന്നുവയ്ക്കാൻ മാത്രം ശേഷിയുള്ളവരാകും ഇപ്പോഴത്തെ കടത്തിനു പിന്നിലെന്നാണു സംസാരം. ഏതാണ് ആ വമ്പൻ സ്രാവെന്നു കാണാനുള്ള ആകാംക്ഷയിലാണ് പ്രവാസലോകവും. പക്ഷേ, പഴയ അനുഭവങ്ങൾവച്ച് അതുവരെ അന്വേഷണം നീളുമെന്ന് ആർക്കും പ്രതീക്ഷയില്ല. അന്വേഷണ വലക്കണ്ണിയിൽ ചെറുമീനുകൾ മാത്രം കുരുങ്ങും.

ഗൾഫ് രാജ്യങ്ങളിൽനിന്നു സ്വർണം കൈമാറുന്നവരെയും കേരളത്തിൽ ഏറ്റുവാങ്ങേണ്ടവരെയും പറ്റിയുള്ള അന്വേഷണം, കാരിയർമാരുടെ മൊഴികളിൽ പറയുന്നവരിൽ മാത്രമായി ഒതുങ്ങും. വിറ്റുകിട്ടുന്ന കോടിക്കണക്കിനു രൂപ എവിടെയാണ് അന്തിമമായി എത്തുന്നതെന്ന കാര്യം കേരളത്തിലെ ഒരു സ്വർണക്കടത്തു കേസിലും ഇതുവരെ വ്യക്തമായിട്ടില്ല. കസ്റ്റംസിനും ഡിആർഐക്കും ഇതിനപ്പുറം അന്വേഷിക്കാൻ വേണ്ട ആൾബലമോ സാങ്കേതിക സൗകര്യമോ ഇല്ലെന്നതാണു പ്രധാന കാരണം. ഇത്തരം ബന്ധങ്ങൾ മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു നേരത്തേ തന്നെ കസ്റ്റംസും ഡിആർഐയും ആവശ്യപ്പെട്ടിരുന്നു. 

തിരുവനന്തപുരം സ്വർണക്കടത്തു കേസിലേതടക്കം, കേരളത്തിലേക്കുള്ള കള്ളക്കടത്ത് സ്വർണം വിറ്റുകിട്ടുന്ന പണം അന്തിമമായി എത്താനിടയുള്ള സ്ഥലങ്ങൾ ഇവയാണെന്ന് അന്വേഷണ ഏജൻസികൾ കരുതുന്നു:

∙ ഹവാലപ്പണമായി ചില ഗൾഫുകാരുടെ വീടുകൾ. 

∙ ഇടപാടുകൾക്ക്, കള്ളപ്പണം ആവശ്യമുള്ളവർ.  

∙ വിമാനത്താവളങ്ങളെ ചുറ്റിപ്പറ്റിയുള്ള അനധികൃത കറൻസി ഇടപാടുകാർ.

∙ തിരഞ്ഞെടുപ്പു കാലത്തും മറ്റും വൻതോതിൽ പണം ആവശ്യമുള്ള രാഷ്ട്രീയക്കാർക്ക്. പല രാഷ്ട്രീയകക്ഷികളും ഗൾഫിൽനിന്നുള്ള കനപ്പെട്ട സംഭാവന‍കൾ കേരളത്തിലെത്തിക്കാൻ ഹവാല, സ്വർണക്കടത്ത് റൂട്ട് ആശ്രയിക്കാറുണ്ടെന്ന് ആരോപണമുണ്ട്.  

∙ കണക്കുകൾ കൃത്യമായി കാണിക്കാൻ ഇഷ്ടപ്പെടാത്ത എൻജിഒകൾക്ക്, സർക്കാരിതര സ്ഥാപനങ്ങൾക്ക്. 

∙ ദേശവിരുദ്ധ പ്രവർത്തനത്തിലേർപ്പെടുന്ന വ്യക്തികൾക്ക്, സംഘടനകൾക്ക്. ഇവർക്കു രേഖാമൂലമല്ലാതെ ലഭിക്കുന്ന പണമാണ് ആവശ്യം. ഇക്കാര്യം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. 

നയതന്ത്ര പാഴ്സൽ കേസിൽ മാത്രമായി അന്വേഷണം ഒതുങ്ങില്ല. വൻതോതിൽ സ്വർണം കടത്തിയ കേസുകളിലും എൻഐഎ അന്വേഷണമുണ്ടാകും. കേരളത്തിലെയും വിദേശത്തെയും കണ്ണികളെ കണ്ടെത്താൻ, നയതന്ത്ര പാഴ്സൽ കേസ് എൻഐഎക്കു പ്രധാനപ്പെട്ടതാണ്.

കാഴ്ച കാണാനല്ല, കടത്താൻ

bag-gold

ദുബായ് നഗരത്തിൽ വന്നിറങ്ങുന്നവരെല്ലാം കാഴ്ചകൾ കാണാൻ എത്തുന്നവരല്ല. പലരും ഏജന്റുമാർ സ്പോൺസർ ചെയ്തു വരുത്തുന്ന സംഘങ്ങളാണ്. കാഴ്ചകളെക്കാൾ, അവരെക്കൊണ്ടു ‘കാര്യം’ നടത്തിക്കാനാണ് ഇങ്ങനെ എത്തിക്കുന്നത്. ഒരു കുടുംബത്തെയൊന്നാകെ എത്തിക്കുന്ന രീതിയുമുണ്ട്. തിരികെ പോകുമ്പോൾ ഒരോരുത്തർ വഴിയും ആവശ്യത്തിനു സ്വർണം കടത്തിയിരിക്കും. കുഞ്ഞുങ്ങളും അമ്മമാരും അടങ്ങുന്ന സംഘത്തോട്  പരിശോധകരും അത്ര കാർക്കശ്യം കാണിക്കില്ല. 

ഇത്തരം സംഘങ്ങൾക്ക് എന്നാണു തങ്ങളുടെ മടക്കയാത്രയെന്നോ അത് എങ്ങോട്ടാണെന്നോ പോലും പലപ്പോഴും അറിയില്ല. നാട്ടിലെ ഏതു വിമാനത്താവളത്തിൽ, എപ്പോഴാണ് ഏജന്റിന് ‘വേണ്ടപ്പെട്ട’ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുള്ളത് എന്നതിന് അനുസരിച്ചാവും ഇക്കാര്യങ്ങൾ തീരുമാനിക്കുക. ഏതു വിമാനത്താവളം വഴി മടക്കയാത്ര വേണമെന്നു നിശ്ചയിക്കുന്നതു പോലും ഇതറിഞ്ഞിട്ടാണ്. 

ചില ഏജന്റുമാർക്ക് സ്വർണം കടത്താൻ സ്ത്രീകളുടെ സംഘം തന്നെ സജീവമായുണ്ട്. അറബിക് നന്നായി വശമുള്ള സ്വപ്നയ്ക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടാകുക അസ്വാഭാവികമല്ല. അബുദാബിയിൽ ഉൾപ്പെടെ വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡ്​ലിങ് വിഭാഗത്തിൽ പാസഞ്ചർ സെക്​ഷനിൽ ജോലി ചെയ്തിരുന്ന പരിചയവുമുണ്ട്. ഫലത്തിൽ, ഈ മേഖലയെക്കുറിച്ചു നന്നായി അറിയാം എന്നതിനൊപ്പം ബന്ധങ്ങളുടെ ബലവും.

സന്ദീപിന്റെ തോഴൻ പൊലീസ് നേതാവ്

സ്വർണക്കടത്തു കേസിൽ കസ്റ്റംസ് തിരയുന്ന സന്ദീപ് നായരുടെ ഉറ്റതോഴൻ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവ്. ഇരുവരും തമ്മിലുള്ള അടുപ്പം തലസ്ഥാന ജില്ലയിലെ മിക്ക പൊലീസ് ഉദ്യോഗസ്ഥർക്കും അറിയാം. സന്ദീപ് ഇടയ്ക്കിടെ എറണാകുളത്തേക്കു യാത്ര ചെയ്യും. ഒപ്പം പോകുന്നത് ഈ നേതാവാണ്. നഗരത്തിലാണു ജോലിയെങ്കിലും നേതാവായതിനാൽ ജോലി ചെയ്യാതെ എവിടെയും പോകാം. മേലുദ്യോഗസ്ഥർ ചോദിക്കാൻ ധൈര്യപ്പെടില്ല. വഴിയിൽ പൊലീസ് വാഹനം തടഞ്ഞാൽ നേതാവ് സ്വയം വെളിപ്പെടുത്തും. പിന്നെ യാത്ര സുഗമം. 

പോകുമ്പോഴും വരുമ്പോഴുമെല്ലാം ചേർത്തലയിലെ ഒരു സ്ഥാപനത്തിൽ ആഘോഷവുമുണ്ട്. ഈ യാത്രയുടെ വിശദാംശങ്ങളും, സന്ദീപ് കൊച്ചിയിൽ ആരെയാണു സ്ഥിരം സന്ദർശിച്ചിരുന്നതെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. നേരത്തേ ഈ നേതാവ് ആര്യനാട് സ്റ്റേഷൻ പരിധിയിൽ പട്ടികജാതിയിൽപെട്ട ഒരു കുടുംബത്തെ ഇറക്കിവിടാൻ ശ്രമിച്ചു. ഒരു മാധ്യമപ്രവർത്തകയുടെ വീടിനു സമീപവും ബഹളമുണ്ടാക്കി. രണ്ടു സംഭവത്തിലും പൊലീസിനു പരാതി ലഭിച്ചു. എന്നാൽ, സംഘടനയുടെ സ്വാധീനത്താൽ പൊലീസ് കേസെടുത്തില്ല. 

ഒരു ഡിവൈഎസ്പി രണ്ടു സംഭവത്തിലും ഈ നേതാവിനെ രക്ഷിച്ചു. ഇതിൽ പ്രതിഷേധിച്ച് സ്റ്റേഷൻ ഹൗസ് ഓഫിസർ മെഡിക്കൽ ലീവിൽ പോയി. പ്രത്യുപകാരമായി ഡിവൈഎസ്പിക്കു നഗരത്തിൽ മികച്ച കസേരയും ലഭിച്ചു. 

മലയാളിയുടെ ആഫ്രിക്കൻ കണ്ണ്

കടത്താനുള്ള സ്വർണം വൻ ലാഭം ലക്ഷ്യമിട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ പോയി ശേഖരിക്കുന്ന സംഘങ്ങളിൽ നഗ്ഗറ്റ്സ് (സ്വർണം കുഴിച്ചെടുക്കുന്ന രൂപത്തിലുള്ളത്) നോക്കി മാറ്റു തിരിച്ചറിയാനുള്ള ശേഷി വലിയ ഘടകമാണ്. ഇക്കാര്യത്തിൽ പ്രഗല്ഭരായ മലയാളികളാണ് പല സംഘത്തിലെയും ആദ്യ കണ്ണികളിലെ പ്രമുഖർ. 

റിഫൈനറികളിൽനിന്നും മറ്റും വാങ്ങിയുള്ള സ്വർണക്കടത്തിനു പക്ഷേ, ഇതിന്റെ ആവശ്യമില്ല. നഗ്ഗറ്റ്സ് എല്ലാം അപ്പോഴേക്കു ബാറുകളായി മാറും. അതിന്റെ മാറ്റു കൃത്യമായി രേഖപ്പെടുത്തിയിരിക്കും. പക്ഷേ, നല്ല നഗ്ഗറ്റ്സ് വാങ്ങി റിഫൈനറികളിലെത്തിച്ചു കടത്തുന്ന ലാഭം ഇതിനു കിട്ടില്ല. 

പരമ്പര അവസാനിച്ചു

തയാറാക്കിയത്:

ജിജോ ജോൺ പുത്തേഴത്ത്, ജി.വിനോദ്, കെ.ജയപ്രകാശ് ബാബു, രാജു മാത്യു, മഹേഷ് ഗുപ്തൻ, എ.എസ്.ഉല്ലാസ്, ജോജി സൈമൺ സങ്കലനം: ബി.മുരളി

English Summary: Diplomatic Baggage Gold Smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com