ADVERTISEMENT

നയതന്ത്രം അങ്ങനെ എല്ലാവർക്കും എപ്പോഴും വഴങ്ങുന്ന വിദ്യയല്ല. നയവും തന്ത്രവും സമാസമം ഒത്തുവന്നാലേ, ശരിയായ നയതന്ത്രജ്ഞനാകൂ. ലക്ഷം മാനുഷർ കൂടുമ്പോൾ അതിൽ ലക്ഷണമൊത്ത നയതന്ത്രജ്ഞർ ഒന്നോ രണ്ടോ പേർ ഉണ്ടായാൽ അതുതന്നെ വലിയ ഭാഗ്യം. അമേരിക്കയിൽ 10 കോടി ജനങ്ങൾക്കു നയതന്ത്രജ്ഞതാ പരീക്ഷ നടത്തിയാൽ കഷ്ടിപിഷ്ടി ഒരാളിലാണു നയതന്ത്രജ്ഞതയുടെ എന്തെങ്കിലും ലക്ഷണം കണ്ടുപിടിക്കാൻ പറ്റുന്നത്. റഷ്യയിൽ അത്രയ്ക്കുപോലും വരാറില്ല. എന്നാൽ, മറ്റു പല കാര്യങ്ങളിലെന്ന പോലെ ഇക്കാര്യത്തിലും കേരളം ലോകത്തിനു മാതൃകയാവുകയാണ്. ഇവിടെ 1000 പുരുഷന്മാർക്കു നയതന്ത്രജ്ഞതയുടെ റാൻഡം ടെസ്റ്റ് നടത്തിയാൽ 5 പേരെങ്കിലും പോസിറ്റീവ് ആയിരിക്കുമെന്നു തീർച്ച. പരിശോധന നടത്തുന്നതു സ്ത്രീകളിലാണെങ്കിൽ ചുരുങ്ങിയത് 50 പേരെങ്കിലും പോസിറ്റീവ് ലക്ഷണം പ്രകടിപ്പിച്ചിരിക്കും. 

നയതന്ത്രം പലതരത്തിലുണ്ടെന്നു കേട്ടിട്ടുണ്ട്. പിങ് പോങ് ഡിപ്ലോമസി, ഓയിൽ ഡിപ്ലോമസി എന്നിങ്ങനെ പലയിനം. ചൈനയും അമേരിക്കയും തമ്മിൽ ടേബിൾ ടെന്നിസ് കളിച്ചാൽ അതു പിങ് പോങ് ഡിപ്ലോമസി. ഇറാൻ ഇന്ത്യയ്ക്കു കുറഞ്ഞ വിലയ്ക്ക് എണ്ണ വിറ്റാൽ അത് ഓയിൽ ഡിപ്ലോമസി. ഇക്കൂട്ടത്തിലേക്കു കേരളത്തിന്റെ ഏറ്റവും പുതിയ സംഭാവനയാണു ഗോൾഡൻ ഡിപ്ലോമസി. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തുന്നതാണ് ഈ നയതന്ത്രത്തിന്റെ മുഖമുദ്ര. ഗോൾഡൻ ഡിപ്ലോമസിക്കു രൂപം നൽകിയതിൽ പ്രധാനി ഒരു മലയാളി വനിതയാണെന്നതിൽ ലോക മലയാളികളെല്ലാം അഭിമാനിക്കേണ്ടതാണ്. 

എന്നാൽ, മലയാളിയുടെ ജീനിൽനിന്ന് അടർത്തിമാറ്റാൻ പറ്റാതെ അലിഞ്ഞു ചേർന്നിരിക്കുന്നതു കുശുമ്പും കുന്നായ്മയുമാണെന്നതു ലോകപ്രസിദ്ധമാണ്. അതുകൊണ്ടു തന്നെ, ഗോൾഡൻ ഡിപ്ലോമസിയുടെ ഉപജ്ഞാതാവായ സ്വപ്ന സുരേഷിനെ വിചാരണയും മാധ്യമവിചാരണയും ചെയ്യാനാണ് എല്ലാവർക്കും തിടുക്കം. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ‍ അവരെ ആ രാജ്യത്തിന്റെ യുഎന്നിലെ സ്ഥിരം പ്രതിനിധിയാക്കുമായിരുന്നു. 

സ്വപ്നയ്ക്ക് എവിടെനിന്നെല്ലാം സഹായം കിട്ടിയെന്ന് അന്വേഷിക്കുന്നതിലും നല്ലത്, എവിടെനിന്നെല്ലാം സഹായം കിട്ടിയില്ലെന്ന് അന്വേഷിക്കുന്നതായിരിക്കും. നമ്മളെപ്പോലുള്ള ഇസ്പേഡ് ഏഴാംകൂലി പൗരന്മാരേ അവരെ സഹായിക്കാതെ ഉണ്ടാകൂ. നമ്മളും സഹായിച്ചു പോയേനെ. അവർ ചോദിക്കാത്തതു കൊണ്ടുമാത്രമാണ് സഹായം നൽകാതിരുന്നതെന്നു വേണമെങ്കിൽ പറയാം. 

അല്ലെങ്കിലും അവരെന്തിനു ബിപിഎൽ പൗരന്മാരോടു സഹായം ചോദിക്കണം? പ്രത്യേകിച്ചും അവരെ സഹായിക്കാൻ ഗവ.സെക്രട്ടേറിയറ്റിലും നിയമസഭാ സെക്രട്ടേറിയറ്റിലും അരയും തലയും മുറുക്കി ആയിരങ്ങൾ ക്യൂ നിൽക്കുമ്പോൾ. രണ്ടു സെക്രട്ടേറിയറ്റിലുമുള്ളവർ വിചാരിച്ചിരിക്കുന്നതു സ്വപ്നയ്ക്കു ഡിപ്ലോമാറ്റിക് പരിരക്ഷ ഉണ്ടെന്നാണ്. പാവപ്പെട്ട ഏതെങ്കിലും ജീവനക്കാരനാണെങ്കിൽ മനസ്സിലാക്കാം. സ്പീക്കറും മുഖ്യമന്ത്രിയുടെ സെക്രട്ടറിയും വരെ അങ്ങനെ ധരിച്ചെങ്കിൽ അവർക്കു കാര്യമായ എന്തോ പ്രശ്നമുണ്ട്. സ്വപ്നയ്ക്കു ‘ഡിപ്ലോമാറ്റിക് സല്യൂട്ട്’ നൽകണമെന്ന് കാവൽ നിൽക്കുന്ന പൊലീസുകാർക്കു ചില പൊലീസ് ഉന്നതന്മാർ വാക്കാൽ നിർദേശം നൽകിയിരുന്നത്രെ. അവർ വരുമ്പോൾ 21 ആചാരവെടി മുഴക്കാനും ഗാർഡ് ഓഫ് ഓണർ നൽകാനും നിർദേശിക്കാത്തതു കേരളത്തിന്റെ ഭാഗ്യമെന്നു കരുതിയാൽ മതി. 

ഭാവി ഗണിക്കുന്ന ചിലർ 

സ്വപ്നതുല്യമായ ഒരു ഭരണമാണു നാലു വർഷമായി കേരളത്തിൽ നടക്കുന്നതെന്ന കാര്യത്തിൽ മുല്ലപ്പള്ളിജിക്കും ചെന്നിത്തലജിക്കുമൊഴികെ ആർക്കും തർക്കമുണ്ടാവില്ല. പ്രവാസികളുടെ പുനരധിവാസത്തിനുള്ള നിർദേശങ്ങൾ ക്രോഡീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ‘ഡ്രീം കേരള’ പദ്ധതി 15നു തുടങ്ങാനിരിക്കുകയാണ്. പദ്ധതിയുടെ പേർ പച്ചമലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത് സ്വപ്നകേരളം എന്നാക്കുന്നതു നന്നായിരിക്കും. ലോകകേരള സഭയുടെ അടുത്ത എഡിഷന്റെ പേർ സ്വപ്നലോക കേരളസഭ എന്നാക്കുന്നതും ഗൗരവമായി പരിഗണിക്കണം. 

മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും തിരുത്താൻ പടച്ചോൻ വിചാരിച്ചാലും കഴിയില്ല. അവർ അങ്ങനെയാണ്. ചങ്കെടുത്തു കാണിച്ചാൽ ചെമ്പരത്തിപ്പൂവാണെന്നു വാദിക്കും. കുടൽമാലയെടുത്തു പുറത്തിട്ടാൽ ചായം മുക്കിയ വാഴനാരാണെന്നു ശഠിക്കും. അവരെ തിരുത്താൻ ശ്രമിക്കുന്നതിലും നല്ലത് പട്ടിയുടെ വാലിന്റെ വളവു നിവർത്തുക, ചേമ്പിലയിൽ വെള്ളമൊഴിച്ചു കുതിർക്കുക തുടങ്ങിയ ക്ഷിപ്രസാധ്യമായ കാര്യങ്ങൾ ചെയ്യുന്നതാണ്. 

തിരുവഞ്ചൂർ രാധാകൃഷ്ണനെപ്പോലുള്ളവരുടെ കാര്യമാണ് അതിലും കഷ്ടം. അവർക്കു ചിലപ്പോൾ ഗുളികൻ നാവിൻതുമ്പത്തു വിലസും. അടുത്ത മുഖ്യമന്ത്രിയാകാൻ സർവഥാ യോഗ്യൻ പിണറായി സഖാവാണെന്നു കണ്ടെത്തുന്ന സർവേ പുറത്തുവന്നതിനു ശേഷം ചാനൽ ചർച്ചയ്ക്കു വന്ന തിരുവഞ്ചൂർ പറഞ്ഞത് ഇനിയെത്രയോ പ്രളയങ്ങൾ വരാൻ പോകുന്നുവെന്നാണ്. പിറ്റേന്നു തന്നെ പ്രളയവും ഉരുൾപൊട്ടലും സ്വപ്നയുടെ രൂപത്തിൽ വന്നു. കേരളം അഗ്നിപർവതത്തിനു മുകളിലാണെന്നു കടകംപള്ളി സുരേന്ദ്രനും എൽഡിഎഫ് സർക്കാർ തീഗോളമാണെന്ന് ഇ.പി.ജയരാജനും പറഞ്ഞത് ഗുളികന്റെ വിളയാട്ടം തന്നെ. ഇവർക്കെല്ലാം ഭാവി കാണാനുള്ള വരം നൽകിയതു ജഗദീശ്വരനല്ലാതെ മറ്റാരുമാകാൻ വഴിയില്ല. 

സ്റ്റോപ് പ്രസ്: താൻ ഉദ്ഘാടനം ചെയ്യുന്ന കടകളിൽ നല്ല കച്ചവടം കിട്ടുമെന്നു പൊന്നാനിയിൽ പലർക്കും അന്ധവിശ്വാസമുണ്ടെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. 

അതു വെറും അന്ധവിശ്വാസമല്ലെന്നു  തിരുവനന്തപുരത്തു തെളിഞ്ഞു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com