sections
MORE

ഇടുക്കി പകരുന്ന അഭിമാനോർജം

SHARE

കേരളത്തിന്റെയും രാജ്യത്തിന്റെ തന്നെയും വികസനസ്വപ്നങ്ങളിൽ ഊർജം പകരുന്ന രണ്ടു വലിയ നേട്ടങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നാം കേൾക്കുകയുണ്ടായി. കേരളത്തിന്റെ ഏറ്റവും വലിയ ഊർജസ്രോതസ്സായ ഇടുക്കി പദ്ധതിയുടെ മൂലമറ്റം വൈദ്യുതനിലയത്തിലെ ഇതുവരെയുള്ള ആകെ ഉൽപാദനം ഒരു ലക്ഷം മില്യൻ (10,000 കോടി) യൂണിറ്റിലെത്തി എന്നതിൽ സംസ്ഥാനത്തിന്റെ അഭിമാനപ്പെരുമ പ്രകാശം തൂകുന്നു; ഒരു ജലവൈദ്യുതനിലയത്തിൽനിന്ന് ഇത്രയും വൈദ്യുതി ഉൽപാദിപ്പിക്കുന്നതു രാജ്യത്താദ്യമാണെന്നിരിക്കെ വിശേഷിച്ചും. മധ്യപ്രദേശിലെ റേവയിൽ വൻകിട സോളർ പദ്ധതി ഉദ്ഘാടനം ചെയ്തതാണു മറ്റൊരു അഭിമാനവാർത്ത.

കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്കു നവോർജം നൽകി 1976 ഫെബ്രുവരി 12നാണ് ഇടുക്കി പദ്ധതി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തത്. പെരിയാറിലെ ജലപ്രവാഹത്തെ വൈദ്യുതോൽപാദനത്തിനുള്ള ജലശക്‌തിയായി മെരുക്കിയെടുക്കുവാൻ ഏറെ മനുഷ്യപ്രയത്നം വേണ്ടിവന്നു. പ്രതിവർഷം 2398 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിക്ക് 44 വർഷംകൊണ്ടു കൈവന്ന ഉൽപാദനപ്പെരുമയിൽ ഓരോ മലയാളിയുടെയും അഭിമാനംകൂടി പ്രകാശിക്കുന്നുണ്ട്. ഇപ്പോൾ സംസ്ഥാനത്തെ ആവശ്യത്തിന്റെ മൂന്നിലൊന്നു വൈദ്യുതിയും മൂലമറ്റം നിലയത്തിലാണ് ഉൽപാദിപ്പിക്കുന്നത്.

പുതിയ കാലത്തിന്റെ ഊർജാവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഇടുക്കി ജലവൈദ്യുതപദ്ധതി പുതിയൊരു ‌‌വികസനഘട്ടത്തിലേക്കു കടക്കുകയാണിപ്പോൾ. നിലവിലെ ഭൂഗർഭ നിലയത്തിൽനിന്ന് ഏറെ ദൂരെയല്ലാതെ, ആയിരം കോടി രൂപ ചെലവിൽ രണ്ടാമത്തെ ഭൂഗർഭ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയാണിത്. പുതിയ നിലയം സ്ഥാപിച്ചാൽ വർഷം 500 കോടി രൂപയുടെ ലാഭം ഉണ്ടാകുമെന്നാണു കണക്കാക്കുന്നത്.

മധ്യപ്രദേശിലെ റേവയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് 750 മെഗാവാട്ടിന്റെ സോളർ പദ്ധതിയാണ്. 500 ഹെക്ടറിലുള്ള സോളർ പാർക്കിൽനിന്നുള്ള വൈദ്യുതി ഉൽപാദനത്തിന് യൂണിറ്റിന് 2.97 രൂപയാണു ചെലവു കണക്കാക്കുന്നത്. 2010ൽ 18 രൂപയോളമായിരുന്നു ഒരു യൂണിറ്റ് സോളർ വൈദ്യുതിയുടെ ഉൽപാദനച്ചെലവ് എന്നതുകൂടി ഓർമിക്കാം. സോളർ പദ്ധതികളിലെ ഉൽപാദനച്ചെലവ് ഇനിയും കുറയ്ക്കാനായാൽ ഇതിലും കുറഞ്ഞ നിരക്കിൽ രാജ്യത്തു സൗരോർജം ലഭ്യമാക്കാനാവും.

ലോകമെങ്ങും പാരമ്പര്യേതര ഉൗർജ ഉൽപാദനത്തിലേക്കു ശ്രദ്ധ തിരിക്കുമ്പോൾ, ഇക്കാര്യത്തിൽ മുൻനിരക്കാരാകാൻ കേരളത്തിനും കഴിയണം. നിലവിൽ സംസ്ഥാനത്തിന് ആവശ്യമായതിന്റെ 70 ശതമാനം വൈദ്യുതിയും വിവിധ കരാറുകൾ പ്രകാരം പുറമേനിന്ന് എത്തിക്കുകയാണ്. പുറത്തുനിന്നു വൈദ്യുതി വാങ്ങാൻ മാത്രം വൻതുകയാണു ചെലവിടുന്നത്. കേരളം മനസ്സുവച്ചാൽ വലിയൊരളവിൽ വൈദ്യുതി സൗരോർജത്തിൽനിന്ന് ഉൽപാദിപ്പിക്കാൻ കഴിയുമെന്നതിൽ സംശയമില്ല.

കേരളത്തിന് ആകെ ഏകദേശം 45,000 മെഗാവാട്ട് സൗരോർജം ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്നു വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ടും വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റെയ്നബിൾ എനർജിയും ചേർന്നു മുൻപു തയാറാക്കിയ പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. സംസ്ഥാനത്തിന്റെ ഊർജാവശ്യത്തിന്റെ പല മടങ്ങാണിത്. കേരളത്തിലെ പത്തു ലക്ഷത്തോളം വീടുകളെങ്കിലും പുരപ്പുറത്തു സൗരോർജ സംവിധാനം ഒരുക്കാൻ സാധ്യതയുള്ളവയാണെന്നാണു വിദഗ്ധാഭിപ്രായം. വൈദ്യുതി ബോർഡ് നടപ്പാക്കുന്ന പുരപ്പുറ സോളർ പദ്ധതിക്കായി സംസ്ഥാനത്ത് കഴിഞ്ഞ ഫെബ്രുവരി വരെ 2,80,000 പേർ റജിസ്റ്റർ ചെയ്തു എന്നതു പ്രതീക്ഷ നൽകുന്നുണ്ട്. കേരളത്തിൽ കാറ്റിൽനിന്ന് 1700 മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജിയുടെ (എൻഐഡബ്ല്യുഇ) പ്രാഥമിക വിലയിരുത്തലും വൈദ്യുതിസ്വപ്നങ്ങൾക്ക് ഊർജം പകരുന്നു.

നിർദിഷ്ട പാരമ്പര്യേതര ഉൗർജ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും പുതിയ പദ്ധതികൾ പ്രായോഗികമായി വിഭാവനം ചെയ്യാനും ഇനിയെങ്കിലും നമുക്കു കഴിയണം. സൗരോർജ മുന്നേറ്റത്തിൽ നാം ഒരു കാരണവശാലും പിന്നിലായിക്കൂടാ. മുഖ്യമായും സൗരോർജത്തിലൂടെയാകും സംസ്ഥാനത്തിനു വൈദ്യുതിരംഗത്തു സ്വയംപര്യാപ്തത നേടാനാകുക എന്ന വസ്തുത മറക്കാനും പാടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA