നേതാവിന്റെ ആരോഗ്യം മുഖ്യം!

nitish-kumar-jdu
SHARE

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയോടു ചേർന്ന് വെന്റിലേറ്റർ സൗകര്യവും 4 കിടക്കകളുമുള്ള താൽക്കാലിക ആശുപത്രി സ്ഥാപിക്കാനുള്ള ഉത്തരവ് പട്ന ഗവ.മെഡിക്കൽ കോളജ് പിൻവലിച്ചത് പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്നാണ്. താൽക്കാലിക ആശുപത്രി ഒരുക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പാണു മെഡിക്കൽ കോളജിനു വാക്കാൽ നിർദേശം നൽകിയത്. മുഖ്യമന്ത്രിയുടെ ബന്ധുവിനും ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു.

സാധാരണക്കാരായ കോവിഡ് രോഗികൾ വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിൽ കിടക്ക കിട്ടാതെ വലയുമ്പോൾ, നിതീഷ് കുമാർ തനിക്കായി പ്രത്യേക ആശുപത്രിതന്നെ ഒരുക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ വിമർശനം. ലളിതജീവിതശൈലി പിന്തുടരുന്ന നേതാവ് എന്ന പ്രതിഛായ ഇഷ്ടപ്പെടുന്ന നിതീഷ് കുമാറിനെ ഇതു വെട്ടിലാക്കി. തനിക്കു പ്രത്യേക ആശുപത്രി ആവശ്യമില്ലെന്നു നിതീഷ് വ്യക്തമാക്കിയെങ്കിലും, വൈറസ് ആക്രമണം ഉൾപ്പെടെയുള്ള ഭീഷണികളിൽനിന്നു സംസ്ഥാനം ഭരിക്കുന്ന വ്യക്തിയെ സംരക്ഷിക്കാൻ മുൻകരുതലുകൾ എടുക്കേണ്ടത് ആവശ്യമാണെന്നായിരുന്നു മുതിർന്ന ഉദ്യോഗസ്ഥരുടെ നിലപാട്. 69 വയസ്സുള്ള മുഖ്യമന്ത്രിക്ക് എല്ലാ മുൻകരുതലുകളും അനിവാര്യമാണ്.

വിവിഐപികളുടെ സുരക്ഷാച്ചുമതലയുള്ള ഏജൻസികൾ പറയുന്നത്, ഭരണത്തലവന്റെ ആരോഗ്യസംരക്ഷണം ഏറ്റവും പ്രധാനമാണെന്നാണ്. ഭരണത്തലവന് അടിയന്തര ആരോഗ്യപ്രശ്നം ഉണ്ടായാൽ, ചികിത്സ നൽകേണ്ടത് സുരക്ഷിതമായ ഇടത്തായിരിക്കണം. ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും നിരീക്ഷിക്കാൻ സാധിക്കുന്ന സംവിധാനമുണ്ടാകണം. ചികിത്സാ അട്ടിമറി തടയാനുള്ള മുൻകരുതൽ സ്വീകരിക്കാനാണിത്. നിതീഷ് കുമാറിനു പ്രത്യേക ആശുപത്രി എന്ന ആശയത്തെ അനുകൂലിച്ച ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്ന ഉദാഹരണം, തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗവും മരണവും സംബന്ധിച്ച ദുരൂഹതകളാണ്.

ഭരണത്തലവന്മാരുടെ സുരക്ഷയ്ക്കുള്ള മാർഗനിർദേശങ്ങൾ അതീവ രഹസ്യരേഖകളാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ ഇത് ബ്ലൂ ബുക് എന്ന് അറിയപ്പെടുന്നു. ആഭ്യന്തര മന്ത്രാലയം, ഇന്റലിജൻസ്, പൊലീസ് ഏജൻസികൾ എന്നിവയുടെ പ്രതിനിധികൾ അടങ്ങിയതാണു വിവിഐപി സുരക്ഷാസമിതി. ഭരണനേതാക്കളുടെ സുരക്ഷാ മാർഗനിർദേശങ്ങൾക്ക് ഓരോന്നിനും പ്രത്യേകം മാന്വലാണുള്ളത്. ഏറ്റവും ഉയർന്ന സുരക്ഷ വേണ്ട വിവിഐപികളുടെ മാന്വലിന് നീല പുറംചട്ടയാണ്. അതിനു താഴെയുള്ളവരുടെ മാന്വലിനു മഞ്ഞനിറവും.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെയും ആഭ്യന്തരം, പ്രതിരോധം പോലുള്ള സുപ്രധാന വകുപ്പുകൾ ഭരിക്കുന്ന മന്ത്രിമാരുടെയും ചികിത്സയ്ക്കുള്ള ആശുപത്രികൾ കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുണ്ട്. മുൻപ് എല്ലാ വിവിഐപികൾക്കും ചികിത്സ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) സൂപ്പർ സ്പെഷ്യൽറ്റിയിലായിരുന്നു. പക്ഷേ, 2000 മുതൽ രാഷ്ട്രപതിക്കും പ്രതിരോധ മന്ത്രിക്കും ഡൽഹിയിലെ ആർമിയുടെ റിസർച് ആൻഡ് റഫറൽ (ആർആർ) ആശുപത്രിയിൽ പ്രത്യേക വാർഡുകളുണ്ട്. രാഷ്ട്രപതി പ്രണബ് മുഖർജിക്കു ഹൃദ്രോഗം വന്നപ്പോൾ ആർആർ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പ്രതിരോധ മന്ത്രിമാരായിരുന്ന എ.കെ. ആന്റണി, മനോഹർ പരീക്കർ എന്നിവരും ഒട്ടേറെ മുൻ മന്ത്രിമാരും ഇവിടെ ചികിത്സ തേടിയിട്ടുണ്ട്.

ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി ഒഴികെയുള്ള മുതിർന്ന മന്ത്രിമാർ എന്നിവർക്ക് എയിംസിലാണു ചികിത്സ. പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ്ങിനു ഹൃദയശസ്ത്രക്രിയ നടത്തിയത് എയിംസിലായിരുന്നു. കഴിഞ്ഞ മോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്ലിക്കും വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജിനും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതും ഇവിടെത്തന്നെ. 24 മണിക്കൂറും ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനമുള്ള ചികിത്സാകേന്ദ്രങ്ങൾ രാഷ്ട്രപതി ഭവനിൽ പ്രവർത്തിക്കുന്നു. ഇതേ സൗകര്യം പ്രധാനമന്ത്രിയുടെ ഓഫിസിലും വസതിയിലുമുണ്ട്.

ഇന്ത്യയിലും വിദേശത്തും രാഷ്ട്രപതിയും പ്രധാനമന്ത്രിയും സ‍ഞ്ചരിക്കുമ്പോൾ അവർക്കൊപ്പം മൊബൈൽ വൈദ്യസഹായ സംഘങ്ങളുണ്ടാവും. വിവിഐപികൾ ഉപയോഗിക്കുന്ന എല്ലാ മുറികളിലും വൈദ്യസഹായം തേടാനുള്ള എമർജൻസി ബട്ടണുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭരണത്തലവന്മാരുമായി അടുത്തിടപഴകുന്ന കുടുംബാംഗങ്ങൾ, സഹായികൾ, സെക്രട്ടേറിയൽ സ്റ്റാഫ്, സുരക്ഷാഭടന്മാർ എന്നിവർക്കെല്ലാം വിവിഐപിക്ക് എന്തെങ്കിലും രോഗലക്ഷണം കണ്ടാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങളിൽ പ്രത്യേക പരിശീലനം കൊടുക്കാറുണ്ട്.

കോവിഡ് വന്നതോടെ, ഭരണത്തലവന്മാർക്ക് ഏറ്റവും അണുവിമുക്തമായ അന്തരീക്ഷം ഉറപ്പാക്കാനായി സുരക്ഷാസമിതി കൂടുതൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം ചില മുൻകരുതൽ സൗകര്യങ്ങൾ രഹസ്യമായിരിക്കാൻ നേതാക്കൾ താൽപര്യപ്പെടുന്നു. ജനങ്ങളിൽനിന്ന് അകലെ എന്ന നിഷേധ പ്രതിഛായ അവർ ആഗ്രഹിക്കുന്നില്ല. അതാണ് ഔദ്യോഗിക വസതിയിലെ താൽക്കാലിക ആശുപത്രി റദ്ദാക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രേരിപ്പിച്ചത്.

English Summary: Health of the leader very important - Deseeyam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA