ADVERTISEMENT

സർക്കാർ ജോലിക്കായി പിഎസ്‌സിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്നത് 41 ലക്ഷം പേർ. ഇപ്പോൾ പിഎസ്‌സിയുടെ പക്കലുള്ള അപേക്ഷകളോ, 3 കോടിയിലേറെ. കഴിവും യോഗ്യതയും ഉണ്ടായിട്ടും നേരിയ മാർക്ക് വ്യത്യാസത്താലും റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടതുമൂലവും സർക്കാർ ജോലിയെന്ന സ്വപ്നം തകർന്ന് നിരാശരാകുന്നത് എത്രയോ ലക്ഷം ഉദ്യോഗാർഥികൾ. എന്നാൽ, മറുവശത്ത് സ്വാധീനത്തിന്റെ മാത്രം ബലത്തിൽ എത്രയോ പേരാണു സർക്കാർ ലാവണങ്ങളിൽ കയറിപ്പറ്റുന്നത്. ഒട്ടേറെ താൽക്കാലിക കരാർ ജീവനക്കാർ രാപകലില്ലാതെ ജോലി ചെയ്യുന്നവരാണ്. എന്നാൽ, സ്വാധീനത്താൽ കയറിപ്പറ്റുന്ന പലർക്കും മേലനങ്ങാതെ കിട്ടും കൂലി.

എന്താ സർ, പ്രഫഷനലിസം ഇത്തിരി കൂടിപ്പോയോ?

സ്വപ്ന സുരേഷിനെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനു (പിഡബ്ല്യുസി) വേണ്ടി തിരഞ്ഞെടുത്ത വിഷൻ ടെക്നോളജി എന്ന ‘വമ്പൻ‌’ കമ്പനിയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്:

കമ്പനി വെബ്സൈറ്റിലുള്ള ഇമെയിലിലേക്ക് സന്ദേശം അയച്ചാൽ മിനിറ്റുകൾക്കുള്ളിൽ ഒരു സിസ്റ്റം ജനറേറ്റഡ് മറുപടി ലഭിക്കും – നിങ്ങൾ അയച്ച ഇമെയിൽ വിലാസം നിലവിലില്ല! എങ്കിൽ ഫോണിൽ വിളിക്കാമെന്നു കരുതി രണ്ടു നമ്പറുകൾ ഡയൽ ചെയ്തപ്പോൾ കണക്ട് ആകുന്നുപോലുമില്ല. പിഡബ്ല്യുസി എന്ന രാജ്യാന്തര കൺസൽറ്റൻസി സ്ഥാപനം ഉപകരാർ നൽകിയ ഫരീദാബാദിലെ വിഷൻ ടെക്നോളജിയുടേതാണ് ഇൗ അവസ്ഥ.

ഫോണിലും ഇമെയിലിലും അവിടെ ആരെയും കിട്ടാതായതോടെ സ്വപ്നയ്ക്ക് ഓഫർ ലെറ്റർ നൽകിയ സുനിത സേഥി എന്ന സീനിയർ എച്ച്ആർ എക്സിക്യൂട്ടീവിനെ ബന്ധപ്പെടാൻ ശ്രമം തുടങ്ങി. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച് സുനിത ജോലി ചെയ്യുന്നത് ‘വിഷൻ ടെക്നോളജീസ്’ എന്ന മറ്റൊരു കമ്പനിയിൽ. ആ യുഎസ് കമ്പനിക്ക് ഇന്ത്യയിൽ ഓഫിസ് പോലുമില്ല. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ സുനിതയ്ക്ക് മെസേജ് അയച്ചു. അറിയേണ്ടിയിരുന്നത് ആ ഓഫർ ലെറ്റർ ഒറിജിനലാണോ എന്നു മാത്രം. അവർ കത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് ഒന്നും മിണ്ടിയില്ല. ആകെ പറയാനുണ്ടായിരുന്നത് ഇതു മാത്രം – ‘ഏപ്രിലിൽ ഞാൻ വിഷൻ ടെക്നോളജി വിട്ടു, നിങ്ങളെന്തിനാണ് എനിക്കു മെസേജ് അയയ്ക്കുന്നത്?’. മിനിറ്റുകൾക്കുള്ളിൽ‌ ചാറ്റ് അവസാനിപ്പിച്ച് അക്കൗണ്ട് ബ്ലോക്കും ചെയ്തു!

സുനിത പ്രവർത്തിച്ച കമ്പനിയുടെ പേരിലുള്ള ആശയക്കുഴപ്പത്തെക്കുറിച്ച് ഔദ്യോഗിക വൃത്തങ്ങളിൽ ചോദിച്ചപ്പോൾ ലിങ്ക്ഡ്ഇൻ അപ്ഡേറ്റ് ചെയ്തപ്പോൾ വന്ന പിഴവാണെന്നായിരുന്നു വിശദീകരണം. വിഷൻ ടെക്നോളജി എന്ന സ്വന്തം കമ്പനിക്കു പകരം വിഷൻ ടെക്നോളജീസ് എന്ന കമ്പനിയുടെ പേരാണ് വർഷങ്ങളായി പ്രൊഫൈലിൽ വച്ചിരുന്നത്. ലോകോത്തര കൺസൽറ്റിങ് കമ്പനിയുടെ ഉപകരാർ എടുത്ത സ്ഥാപനത്തിന്റെ അവസ്ഥ ഇനി പറയേണ്ടതുണ്ടോ?!

വാടക ഇത്തിരി കൂടുതലായാലെന്താ, തസ്തികയും കൂടിയല്ലോ!

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഗവേഷണങ്ങൾക്കായി ഐടി വകുപ്പിനു കീഴിൽ കാര്യവട്ടം സ്പോർട്സ് ഹബ്ബിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐസിഫോസ് എന്ന സ്ഥാപനത്തിന്റെ വാടക പ്രതിമാസം 13 ലക്ഷം രൂപ! കണ്ടാൽ നക്ഷത്ര ഹോട്ടൽ തോറ്റുപോകുന്ന ഇന്റീരിയർ. 27,000 ചതുരശ്രയടി വികസിപ്പിക്കാൻ ചെലവായത് 5 കോടിയിലധികം രൂപ. പ്രതിമാസ വൈദ്യുതി ചാർജ് മൂന്നര ലക്ഷം! എന്നിട്ടും ഒരുവശം മുഴുവൻ ചോർച്ച. അതും സെർ‌വറും പവർ യൂണിറ്റും ഇരിക്കുന്ന ഭാഗം. അതു പരിഹരിക്കാൻ വിളിച്ചത് പന്തലുകാരെ! ചോർച്ച തടയാൻ താൽക്കാലികമായ ഷീറ്റ് വിരിച്ചതിന് 6 മാസത്തെ ചെലവ് 3 ലക്ഷത്തിലധികം രൂപ.വാടകയുടെ പേരിൽ ഏറ്റവുമധികം പഴികേട്ട കിഫ്ബി ഓഫിസിനു പോലും പ്രതിമാസ ചെലവ് 5.48 ലക്ഷം രൂപയാണെന്നോർക്കുക. കരാർ ജീവനക്കാർ മാത്രമുള്ള ഈ സ്ഥാപനത്തിലെ എല്ലാവരുടെയും വിസിറ്റിങ് കാർഡുകളിലുമുണ്ട് സർക്കാർ മുദ്ര.

സ്വതന്ത്ര സോഫ്റ്റ്‌വെയർ മേഖലയിൽ കനത്ത സംഭാവനകളൊന്നും നൽകാത്ത ഐസിഫോസിന്റെ ഈ ധാരാളിത്തത്തിനു പുറമേയാണ് ഈയിടെ 11 തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. നിലവിലുള്ള കരാർ ഉദ്യോഗസ്ഥരെ സ്ഥിരപ്പെടുത്തുകയാണു ലക്ഷ്യം. പുതിയ ചട്ടമനുസരിച്ച് കേരള സർവകലാശാലാ വൈസ് ചാൻസലറുടെ ശമ്പളമാണു ഡയറക്ടർക്ക്. യുജിസി സ്കെയിലിൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ ശമ്പളമാണു മറ്റുള്ളവർക്ക്. നിലവിൽ കരാർ അടിസ്ഥാനത്തിൽ ഒരുലക്ഷം വാങ്ങുന്നയാൾക്ക് 80,000 രൂപ വരെ അധികം ലഭിക്കുന്ന സ്ഥിതിയുണ്ട്. ഡിജിറ്റൽ സർവകലാശാല വരാനിരിക്കെ എന്തിനാണ് ഐസിഫോസിനു കീഴിൽ പ്രഫസറും അസോഷ്യേറ്റ് പ്രഫസറും? ആർക്കുമറിയില്ല. അക്കാദമിക സ്ഥാനങ്ങൾക്കു പുറമേ, ടെക്നിക്കൽ കോഓർഡിനേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, പ്രോഗ്രാം കോഓർഡിനേറ്റർ തുടങ്ങിയ തസ്തികകളിലും ആളുകളെ സ്ഥിരപ്പെടുത്തുന്നത് ഏത് ഉന്നതന്റെ താൽപര്യമായിരുന്നുവെന്നു മാത്രമേ അറിയാനുള്ളൂ.

അളവിനൊത്ത് സൃഷ്ടിക്കും തസ്തികകൾ

ശിവശങ്കർ ഐടി സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ (കെഎസ്ഐടിഎൽ) സർക്കാർ സൃഷ്ടിച്ചത് 34 തസ്തികകളാണ്. 16 സ്ഥിരം തസ്തികയും 18 താൽക്കാലികവും. ഈ സ്ഥാപനത്തിലാണ് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ കൺസൽറ്റന്റ് വഴി ഓപ്പറേഷൻസ് മാനേജരായി തിരുകിക്കയറ്റിയത്. 3000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്ന ഈ സ്ഥാപനത്തിനു കൂടുതൽ തസ്തിക വേണമെന്നു ധരിപ്പിച്ചാണ് അംഗീകാരം നേടിയെടുത്തത്. ചെലവുചുരുക്കലിന്റെ ഭാഗമായി അധിക തസ്തികകൾ അനുവദിക്കാൻ പാടില്ലെന്ന വിദഗ്ധസമിതി നിർദേശം നിലനിൽക്കെ, വർഷം 2 കോടിയോളം രൂപ ശമ്പള ഇനത്തിൽ അധികച്ചെലവു വരുന്ന തസ്തികകൾ സൃഷ്ടിക്കണമെന്ന ശിവശങ്കറിന്റെ ഫയലിൽ‌ ഒപ്പിടാൻ മുഖ്യമന്ത്രി മടിച്ചുമില്ല.

ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ഓഫിസുകളിൽ ഐടി പ്രോജക്ട് അസിസ്റ്റന്റുമാരായി കരാർ അടിസ്ഥാനത്തിൽ ഒട്ടേറെപ്പേരെ നിയമിച്ചിട്ടുണ്ട്. ഐടി സംബന്ധിച്ച ജോലികളിൽ സഹായിക്കാനെന്ന പേരിലാണ് ഇൗ നിയമനങ്ങളത്രയും. രഹസ്യ സ്വഭാവമുള്ള സുപ്രധാന ഫയലുകളും സന്ദേശങ്ങളും എത്തുന്ന ഇത്തരം ഓഫിസുകളിൽ കരാറുകാരെ നിയമിക്കാമോ എന്നു ചോദിക്കാൻ പോലും ആർക്കും ധൈര്യമില്ല. തിരുവായ്ക്ക് എതിർവായില്ലാതെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഐടിയിൽ വാണപ്പോൾ ചോദ്യങ്ങൾ അപ്രസക്തം.

ശിവശങ്കറിനൊപ്പം സഹായിയായി ഓഫിസിൽ ഒരാളുണ്ട്. സെക്രട്ടേറിയറ്റിൽ ഓഫിസ് അറ്റൻഡന്റ് ആയിരുന്ന് 15 വർഷം മുൻപു വിരമിച്ചയാൾ. പക്ഷേ, ഇപ്പോഴും സർക്കാർ ശമ്പളം വാങ്ങി അദ്ദേഹം ശിവശങ്കറിനെ സേവിക്കുന്നതിനു പിന്നിൽ ഒരു വളഞ്ഞ വഴിയുണ്ട്. ഇഷ്ടക്കാരെ സെക്രട്ടേറിയറ്റിനുള്ളിൽ തന്നെ തിരുകിക്കയറ്റാൻ സൃഷ്ടിച്ചതാണ് സെക്രട്ടേറിയറ്റിലെ ഐടി സെൽ. അവിടെ കരാർ അടിസ്ഥാനത്തിൽ വേണ്ടപ്പെട്ടവരെ വയ്ക്കും. ചെയ്യുന്ന ജോലിയാകട്ടെ മറ്റൊന്നും. സെക്രട്ടേറിയറ്റിൽ ജോലിയില്ലാതെയിരിക്കുന്ന ഇരുനൂറിലേറെ ഓഫിസ് അറ്റൻഡന്റുമാരെ മറ്റു വകുപ്പുകളിലേക്കു വിന്യസിക്കണമെന്ന ശുപാർശ സർക്കാരിനു മുന്നിലുള്ളപ്പോഴാണ് വിരമിച്ചവരെപ്പോലും വീണ്ടും വീണ്ടും നിയമിച്ച് ഇങ്ങനെ ജനങ്ങളുടെ പണമെടുത്തു കൊടുക്കുന്നത്.

ആവശ്യക്കാരാണോ, അങ്ങോട്ടു മാറിനിൽക്ക്

എന്നാൽ, അടിയന്തരമായി ആവശ്യമുള്ള തസ്തികകളുടെ കാര്യം വരുമ്പോൾ സർക്കാരിന് ഇൗ തിടുക്കമില്ല. അട്ടപ്പാടിയിൽ ആദിവാസിക്ഷേമത്തിനായി ട്രൈബൽ താലൂക്ക് രൂപീകരിക്കുന്നതിന് 8 തസ്തികകൾ അനുവദിക്കണമെന്നു റവന്യു വകുപ്പ് മന്ത്രിസഭയിൽ ആവശ്യപ്പെട്ടപ്പോൾ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് എതിർത്തു. ഇതു സംബന്ധിച്ച ഫയൽ മാറ്റിവച്ചാൽ പോരെന്നും പിൻവലിക്കണമെന്നും വരെ അവർ ആവശ്യപ്പെട്ടു. തുടർന്നു റവന്യു മന്ത്രിക്കു പിൻവലിച്ചു തലയൂരേണ്ടിവന്നു.

തുടർന്നുള്ള മന്ത്രിസഭാ യോഗങ്ങളിലാണ് ഐടി വകുപ്പ് ചോദിച്ച തസ്തികകൾക്കെല്ലാം ധനവകുപ്പും മന്ത്രിസഭയും അംഗീകാരം നൽകിയത്. ഈ തസ്തികകളിൽ ആരൊക്കെ കയറിപ്പറ്റുന്നെന്ന് ആരും അന്വേഷിക്കാറില്ല. 

ഐടി വകുപ്പിനു കീഴിൽ ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനം പല മന്ത്രിമാരും അറിഞ്ഞതു മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയപ്പോഴാണ്. കുസാറ്റും സാങ്കേതിക സർവകലാശാലയും ഉള്ളപ്പോൾ ഇനിയൊരു ഡിജിറ്റൽ സർവകലാശാല വേണോ എന്നു ചോദിക്കാൻ പോലും ആർക്കും ധൈര്യമുണ്ടായില്ല.

ചിലപ്പോൾ പാർട്ടിക്കാരും പുറത്ത്

ഐടി വകുപ്പിനു കീഴിലുള്ള സ്റ്റാർട്ടപ് മിഷനിലെ ഉന്നത പദവിയിൽ സർക്കാർ ഈയിടെ നടത്തിയ ഒരു ‘വിദഗ്ധ നിയമന’ത്തിനെതിരെ, സർക്കാരിനെ നിരന്തരം ന്യായീകരിച്ചു തളരുന്ന സൈബർ അണികൾതന്നെ രംഗത്തുണ്ട്. സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും നിരന്തരം ആക്രമിച്ച വനിതയെ സ്റ്റാർട്ടപ് മിഷനിൽ പ്രതിമാസം 80,000 രൂപ ശമ്പളത്തിൽ പ്രോഡക്ട് മാർക്കറ്റിങ് വിഭാഗത്തിൽ സീനിയർ ഫെലോ ആയി നിയമിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് പാർട്ടി പ്രവർത്തകരുടെ പരസ്യമായ ചോദ്യം.യുഎസിൽ സ്വന്തമായി ഐടി കമ്പനിയും ഗ്രീൻ കാർഡുമുള്ള യുവതിക്ക് സ്റ്റാർട്ടപ് മിഷനിൽ കരാർ നിയമനം നൽകിയതിൽ ദുരൂഹതയുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു.

നാളെ: ഭാര്യമാരെ വാഴിക്കാൻ സർവകലാശാലകൾ

തയാറാക്കിയത്: റെഞ്ചി കുര്യാക്കോസ്, മഹേഷ് ഗുപ്തൻ, വി.ആർ.പ്രതാപ്, എസ്.വി.രാജേഷ്, എം.ആർ.ഹരികുമാർ, കെ.പി.സഫീന, ജിക്കു വർഗീസ് ജേക്കബ്

ഒന്നാം ഭാഗം വായിക്കാം:

നിയമനം പിൻവാതിലിലൂടെ; ചങ്കു പറിച്ചു കൊടുക്കും ഇഷ്ടക്കാർക്ക്

English Summary: Job appointments in state government departments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com