ADVERTISEMENT

മലനിരകളിലൂടെ യാത്ര ചെയ്യുന്നതിനിടെ യുവതിക്ക് നദിയിൽ നിന്നൊരു രത്നം ലഭിച്ചു. അവളത് തന്റെ സഞ്ചിയിൽ സൂക്ഷിച്ചു. പിറ്റേന്ന് ഒരു യാത്രക്കാരനെ അവൾ പരിചയപ്പെട്ടു. വിശന്നുവലഞ്ഞ അയാൾ അവളോടു ഭക്ഷണം ചോദിച്ചു. ഭക്ഷണപ്പൊതി എടുക്കുന്നതിനിടെ അവളുടെ സഞ്ചിയിൽനിന്ന് ആ രത്നം താഴെ വീണു. അയാൾ അതു തരുമോ എന്നു ചോദിച്ചു. ഒരു മടിയും കൂടാതെ അവൾ ആ രത്നം നൽകി. വിലകൂടിയ രത്നം കിട്ടിയതിന്റെ സന്തോഷത്തിൽ ഭക്ഷണം പോലും കഴിക്കാതെ അയാൾ നടന്നകന്നു. രണ്ടു ദിവസം കഴിഞ്ഞ് അയാൾ അവളുടെ അടുത്തു മടങ്ങിയെത്തി ചോദിച്ചു – ഈ കല്ലു ഞാൻ തിരിച്ചുതരും. പകരം, ഞാൻ ചോദിച്ചപ്പോൾത്തന്നെ മടി കൂടാതെ ഈ രത്നം തരാൻ കാണിച്ച ആ മനസ്സ് എനിക്കു തരുമോ?

എന്തു ചോദിച്ചാലും കൊടുക്കാൻ കഴിയണമെങ്കിൽ ഒന്നിനോടും ഭ്രമമില്ലാത്ത മനസ്സുണ്ടാകണം. എന്തിലാണോ മനസ്സ് ഉടക്കിയിരിക്കുന്നത് അതു മാത്രമാകും കാണുന്നതും അഭിലഷിക്കുന്നതും. അവയിൽ പലതും പുറംചട്ടയുടെയോ നൈമിഷികതയുടെയോ താൽക്കാലിക ഭംഗി മാത്രമായിരിക്കും. തനിക്ക് ആവശ്യമുള്ളവ മാത്രം എടുക്കാനും മിച്ചമുള്ളവ അന്യർക്കു വിതരണം ചെയ്യാനുമുള്ള സന്മനസ്സ്, ആകർഷണങ്ങളിൽ അടിതെറ്റി വീഴാത്തവർക്കു മാത്രമേ ഉണ്ടാകൂ.

ശേഖരിച്ചു വയ്ക്കുന്നവയിൽ എത്രയെണ്ണം ഉപയോഗിക്കുന്നുണ്ടാകും? ശേഖരിക്കുന്നവയുടെ ഉപയോഗക്ഷമതയെക്കാൾ ശേഖരത്തിന്റെ വലുപ്പത്തിനും ഭംഗിക്കും വേണ്ടിയല്ലേ, പലതും വാങ്ങിക്കൂട്ടുന്നത്? ഒരിക്കലും ഉപയോഗിക്കാതെ, ആർക്കും ഉപകരിക്കാതെ നശിച്ചുപോകുന്ന എത്രയോ വിശിഷ്ടവസ്തുക്കൾ എല്ലാവരുടെയും സംഭരണശാലകളിൽ ഉണ്ടാകും. ഉപയോഗമില്ലാത്തവയെ സ്വന്തമാക്കാതിരിക്കാനും തനിക്ക് ഉപകരിക്കാത്തവ ഉപയോഗമുള്ളവർക്കു കൈമാറാനും തയാറായിരുന്നെങ്കിൽ ഓരോ വസ്തുവും അതിന്റെ ശ്രേഷ്ഠതയിൽ പരിഗണിക്കപ്പെട്ടേനെ.

ജീവിതത്തിലേക്ക് ഓരോന്നും അപ്രതീക്ഷിതമായി വന്നുചേരുമ്പോഴും ആകസ്മികമായി വിട പറയുമ്പോഴും പുലർത്താൻ കഴിയുന്ന സംയമനമാണ് മനസ്സിന്റെ മഹിമ.

English Summary: Subhadhinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com