sections
MORE

വിശ്വാസത്തിന് അടിവര

HIGHLIGHTS
  • ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം സുഗമമാക്കുന്ന നിർണായകവിധി
SHARE

അനന്തപുരിയുടെയും തിരുവിതാംകൂറിന്റെതന്നെയും സാംസ്കാരിക പാരമ്പര്യത്തിന്റെ പ്രതീകമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച അവകാശ - അധികാര തർക്കങ്ങൾക്കു പരമോന്നത കോടതി തീർപ്പു കൽപിച്ചപ്പോൾ ആശ്വസിക്കുന്നതു തിരുവിതാംകൂർ രാജകുടുംബം മാത്രമല്ല, വിശ്വാസിസമൂഹം കൂടിയാണ്. പാരമ്പര്യ മഹിമകൊണ്ടും അമൂല്യമായ നിധിശേഖരത്താലും പുകഴ്പെറ്റ ക്ഷേത്രത്തിന്റെ പേരിലുള്ള തർക്കങ്ങളും വിവാദങ്ങളും ഒട്ടേറെ വിശ്വാസികളെ വേദനിപ്പിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ, ക്ഷേത്രത്തിന്റെ ഭരണാവകാശം തിരുവിതാംകൂർ രാജകുടുംബത്തിനു തന്നെയെന്ന സുപ്രീം കോടതി വിധി വ്യാപകമായി സ്വാഗതം ചെയ്യപ്പെടുന്നു. 

ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന 2011 ജനുവരി 31ലെ ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ യു.യു.ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചിൽനിന്നുണ്ടായ വിധി തീർച്ചയായും വിശ്വാസത്തെയും പാരമ്പര്യത്തെയും മാനിക്കുന്നതാണ്. തിരുവിതാംകൂർ – കൊച്ചി രാജകുടുംബങ്ങൾ തമ്മിലുണ്ടാക്കിയതും 1949 ജൂലൈ ഒന്നിനു പ്രാബല്യത്തിലായതുമായ ഉടമ്പടി, തിരുവിതാംകൂർ – കൊച്ചി മത സ്ഥാപന നിയമം (1950) എന്നിവയും ഭരണഘടനാ വ്യവസ്ഥകളും വ്യാഖ്യാനിച്ചുള്ള വിധി തിരുവിതാംകൂർ ഇന്നും നെഞ്ചേറ്റുന്ന രാജകീയ ചരിത്രത്തെ സമുചിതം, സാദരം അഭിസംബോധന ചെയ്യുന്നുമുണ്ട്. 

എത്രയോ നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണു വിശ്വാസവും ചരിത്രവും ഐതിഹ്യവും ചേർന്നു മഹനീയമാക്കുന്ന ഈ മഹാക്ഷേത്രം. തിരുവിതാംകൂർ മഹാരാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ കാലത്താണ് ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനർനിർമിച്ചത്. രാജ്യവും സ്വത്തുവകകളും ശ്രീപത്മനാഭനു സമർപ്പിച്ച്, രാജാവ് കാവൽക്കാരനാണെന്ന് അദ്ദേഹം പ്രഖ്യാപിച്ച തൃപ്പടിദാനം മുതലാണു വൻ നിധിശേഖരം ക്ഷേത്രത്തിന്റെ അറകളിൽ നിറയുന്നത്. പിന്നീട് രാജ്യം സ്വതന്ത്രമായശേഷം നാട്ടുരാജ്യങ്ങൾ ലയിച്ചപ്പോഴും ഉടമ്പടിപ്രകാരം ക്ഷേത്രത്തിൽ രാജകുടുംബത്തിനുള്ള അധികാരം കേന്ദ്രസർക്കാർ നിലനിർത്തി. രാജകുടുംബങ്ങൾക്കുള്ള പ്രിവിപഴ്സ് 1971ൽ കേന്ദ്ര സർക്കാർ എടുത്തുകളയുമ്പോഴും അവസാനത്തെ രാജാവിന് അവകാശങ്ങൾ തുടർന്നും നൽകാൻ ധാരണയായി. തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവായ ശ്രീചിത്തിര തിരുനാൾ ബാലരാമവർമയുടെ കാലശേഷം ക്ഷേത്ര സ്ഥാനീയ സ്ഥാനത്ത് എത്തിയത് ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയായിരുന്നു. 

ക്ഷേത്രത്തിലെ സ്വത്തു സംബന്ധിച്ച് ഇക്കാലത്തിനിടെ അഭ്യൂഹങ്ങളും പരാതികളുമുണ്ടായി. 2000നു ശേഷം, നിലവറകൾ തുറക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് ഇപ്പോഴത്തെ അധികാരത്തർക്കങ്ങളുടെ തുടക്കം. ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നു 2011ൽ വിധിച്ച ഹൈക്കോടതി, ക്ഷേത്രപരിസരത്തു മ്യൂസിയം നിർമിച്ച് ക്ഷേത്രത്തിന്റെ അമൂല്യവസ്‌തുക്കൾ ഭക്തർക്കും സഞ്ചാരികൾക്കും കാണാൻ അവസരമൊരുക്കണമെന്നും നിർദേശിച്ചു. ഇതിനെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ തീർപ്പാക്കിയിരിക്കുന്നത്. 

ക്ഷേത്രഭരണത്തിനും നയപരമായ ഉപദേശത്തിനുമായി സമിതികൾ രൂപീകരിക്കുന്നതിനു രാജകുടുംബം വച്ച നിർദേശം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ഭരണസമിതിയുടെ അധ്യക്ഷനായി, സംസ്ഥാന സർക്കാരിൽ സെക്രട്ടറി പദവിയിലുണ്ടായിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥനെന്നാണ് രാജകുടുംബം നിർദേശിച്ചതെങ്കിലും തിരുവനന്തപുരം ജില്ലാ ജഡ്ജിയെ അധ്യക്ഷനാക്കാനാണു കോടതി നിർദേശിച്ചത്. 

ഹൈക്കോടതി വിധി തള്ളിയുള്ള സുപ്രീം കോടതി വിധി എൽഡിഎഫ് സർക്കാരിന്റെ നിലപാടിനു തിരിച്ചടിയാവുകയും ചെയ്തു. ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണവും ദേവസ്വം ബോർഡ് മാതൃകയിൽ സർക്കാർ നിയന്ത്രണത്തിലുള്ള സമിതിക്കു കീഴിലാക്കണമെന്ന സംസ്ഥാന സർക്കാർ നിർദേശം തള്ളിയാണു വിധിയുണ്ടായത്. സംസ്ഥാന സർക്കാരിന്റെ ഒരു പ്രതിനിധി കൂടി ഉൾപ്പെട്ടതാവും പുതിയ ഭരണസമിതിയെങ്കിലും സർക്കാരിനു ക്ഷേത്രഭരണം നിയന്ത്രിക്കാനാവില്ല. ശബരിമല വിഷയത്തിന്റെ വെളിച്ചത്തിൽ ഈ വിധിയെ സ്വാഗതം ചെയ്യാനും ശ്രീപത്മനാഭസ്വാമി ക്ഷേത്ര തർക്കത്തിൽനിന്ന് അപ്പീൽ ഇല്ലാതെ പിൻവാങ്ങാനും ഇടതുസർക്കാർ നിർബന്ധിതമാവുകയും ചെയ്തു. തർക്കത്തിൽ രാജകുടുംബത്തിനും വിശ്വാസികൾക്കും അനുകൂലമായി നിലപാട് എടുത്തിരുന്ന യുഡിഎഫിനു തങ്ങളുടെ നിലപാട് അംഗീകരിക്കപ്പെട്ടെന്ന് അവകാശപ്പെടാനുമാവും. 

ക്ഷേത്രഭരണം സംബന്ധിച്ചു തീർപ്പുണ്ടായ സാഹചര്യത്തിൽ, പാരമ്പര്യവും വിശ്വാസവും കളങ്കപ്പെടാത്ത സുതാര്യ നടപടികളാണ് ഇനിയുണ്ടാവേണ്ടത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്കാലവും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പ്രതീകവുമായി നിൽക്കട്ടെ. 

English Summary: Supreme Court verdict on Sree Padmanabha Swami Temple

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA