ADVERTISEMENT

നമ്മുടെ വേദങ്ങൾ, ഉപനിഷത്തുകൾ തുടങ്ങിയ ആധ്യാത്മിക ഗ്രന്ഥങ്ങൾ അനർഘങ്ങളായ ചിന്താരത്നങ്ങളാണെന്ന വസ്തുത അവിതർക്കിതമാണ്. അവയെല്ലാം അനേകം തത്വജ്ഞാനികളുടെയും കവികളുടെയും മറ്റു സാംസ്കാരിക പ്രവർത്തകരുടെയും മനോമണ്ഡലത്തിനു വ്യാപ്തി നൽകിയിട്ടുമുണ്ട്. എന്നാൽ അവയ്ക്കു രാമായണം, മഹാഭാരതം എന്നീ രണ്ട് ഇതിഹാസ ഗ്രന്ഥങ്ങളെപ്പോലെ ജനസാമാന്യത്തെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രസങ്കൽപവും ദേശീയ െഎക്യബോധവും ഇവയുടെ സംഭാവനയാണ്. ഭാരതീയ സംസ്കാരസൗധത്തെ താങ്ങിനിർത്തുന്ന സ്തംഭദ്വയം അഥവാ ഭാരതീയ സംസ്കാരശരീരത്തിന്റെ കാലുകളാണു വാല്മീകിയുടെ രാമായണവും വ്യാസന്റെ മഹാഭാരതവും.

വാല്മീകിക്കു രാമായണരചനയ്ക്കു പ്രചോദനം നൽകിയെന്നു വിശ്വസിക്കപ്പെടുന്ന ബ്രഹ്മാവ് രാമായണത്തെക്കുറിച്ചു പറയുന്നു:

‘യാവത് സ്ഥാസ്യന്തി ഗിരയഃ

സരിതശ്ച മഹീതലേ

താവദ് രാമായണകഥാ

ലോകേഷു പ്രചരിഷ്യതി’

പർവതങ്ങളും നദികളും ഉള്ളിടത്തോളം രാമായണകഥ ലോകത്തു പ്രചരിക്കും എന്ന ഇൗ സൂക്തി സൂചിപ്പിക്കുന്നതു രാമായണകഥയുടെ സാർവകാലിക പ്രസക്തിയാണ്.

cg-rajagopal
പ്രഫ. സി.ജി.രാജഗോപാൽ

വാല്മീകിരാമായണത്തിന്റെ ഭാഷ ലളിതവും പ്രസന്നവും ആണെങ്കിലും പ്രാദേശിക ഭാഷകളിൽ വിരചിതമായ രാമായണമാണു ഭാരതീയർ പൊതുവേ പാരായണം ചെയ്യാറുള്ളത്. കേരളത്തിൽ പ്രചുരപ്രചാരം നേടിയതു തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ സ്വതന്ത്രമായി വിവർത്തനം ചെയ്ത അധ്യാത്മരാമായണമാണ്. ഹൃദയാവർജകമായ ജീവിതമുഹൂർത്തങ്ങളും വിസ്മയകരവും പലപ്പോഴും പ്രാസനിബദ്ധവുമായ പദാവലികളും സാരവത്തായ തത്വോപദേശങ്ങളും നിറഞ്ഞ ഇൗ ഉത്കൃഷ്ട കൃതിയെക്കുറിച്ചു മഹാകവി വള്ളത്തോൾ എഴുതിയതിങ്ങനെ:

‘കാവ്യം സുഗേയം, കഥ രാഘവീയം

കർത്താവു തുഞ്ചത്തുളവായ ദിവ്യൻ

ചൊല്ലുന്നതോ ഭക്തിമയസ്വരത്തിൽ

ആനന്ദലബ്ധിക്കിനിയെന്തു വേണം.’

കേരളീയർ അതിവിശിഷ്ടമായ ഇൗ രാമായണം നിത്യപാരായണത്തിനു വിധേയമാക്കുന്നതു കർക്കടകമാസത്തിലാണല്ലോ. എന്നാൽ, ഇൗ മാസത്തിൽ പോലും രാമായണം വായിക്കാത്ത ഒരു ഭക്തയെ എനിക്കറിയാം. നിത്യേന നാരായണീയവും പലപ്പോഴും ശ്രീമദ് ഭാഗവതവും വായിക്കാറുള്ള അവർ, ഇതെക്കുറിച്ചു ചോദിച്ചപ്പോൾ പറഞ്ഞതിങ്ങനെ:

‘പ്രാണപ്രേയസിയായ സീതയെ പരിത്യജിച്ച ശ്രീരാമനെ എങ്ങനെ വാഴ്ത്താനാവും?’ ഇങ്ങനെ കരുതുന്ന പലരുമുണ്ടാവും. എന്തിന്, മഹാനായ ഹിന്ദി ഭക്തകവി ഗോസ്വാമി തുളസീദാസൻ പോലും തന്റെ പ്രസിദ്ധ കൃതിയായ ‘ശ്രീരാമചരിതമാനസ’ത്തിൽ സീതാപരിത്യാഗം സൂചിപ്പിക്കുന്നില്ല. പക്ഷേ, മറ്റൊരു തരത്തിൽ ചിന്തിച്ചാൽ അങ്ങനെ കരുതേണ്ടതില്ല. കാരണം, മഹാവിഷ്ണുവാണെങ്കിലും മനുഷ്യനായല്ലേ ശ്രീരാമൻ അവതരിച്ചത്? ശ്രീരാമൻ തന്നെ പറയുന്നുണ്ട്: ‘ആത്മാനം മാനുഷം മന്യേ’. ശ്രീരാമൻ സീതാരാമൻ മാത്രമല്ല, രാജാവായ രാമനുമാണ്. രാജാവായ രാമൻ നരപതിയും സീതാപതിയുമാണ്. പ്രജകളുടെ മനസ്സിൽ സീത സംശയത്തിന്റെ നിഴലിലാണെന്നറിഞ്ഞ നരപതി, സീതാപതി സ്ഥാനം ഉപേക്ഷിച്ചു എന്നു മനസ്സിലാക്കിയാൽ മതി. രാമകഥയുടെ വഴികളിൽ വിഷമിക്കുന്നതു നിഷ്കളങ്കമായ നേർച്ചിന്തകളുടെ ലക്ഷണമാണ്. പക്ഷേ കഥയ്ക്കപ്പുറം, അതിന്റെ കാമ്പു കൂടി കണ്ടെത്തിയാൽ പിന്നെ പരിഭവത്തിനു കാര്യമില്ലാതെയാവും. വിമർശനങ്ങളെ ആക്ഷേപിക്കേണ്ടതുമില്ല. പ്രതിവാദങ്ങളുടെ തീക്കടൽ കടഞ്ഞും ഒടുവിൽ ‘രാമതത്വം’ എന്ന മധുരാമൃതം സിദ്ധമാകാതിരിക്കില്ല. ‘വാദേ വാദേ ജയതേ തത്വബോധഃ’ എന്നുമുണ്ടല്ലോ.

ഏതു കാലത്തും ഏതു ലോകത്തും ജീവിതത്തിനു മാർഗദർശകമാകുന്നു എന്നതാണു രാമായണത്തിന്റെ സവിശേഷത. രാമന്റെ ഇൗ അയനകഥ മനസ്സിലെ ‘രാ’ മായ്ച്ച് വെളിച്ചം നിറയ്ക്കുന്നതിനു സഹായകമാണ്. തെറ്റുകൾ മാത്രം ചെയ്തു ജീവിച്ച ഒരു അസുരമനസ്കൻ രാമനാമജപത്തോടെ ദേവചിത്തനായി എന്നതു തന്നെയാണു രാമായണ അനുഭവത്തിലെ ആദ്യപാഠം. ഒന്നും അറിയാതെയുള്ള ജപത്തിന് ഇൗ മാറ്റം സാധ്യമാണെങ്കിൽ പൊരുളറിഞ്ഞും സ്വയം അർപ്പിച്ചും നടത്തുന്ന പാരായണത്തിന് എത്രമേൽ നന്മ മനസ്സിൽ നിറയ്ക്കാനാകും– പക്ഷേ, മനസ്സുകൾ കൂടി അതു സ്വായത്തമാക്കാൻ ഒരുങ്ങണമെന്നു മാത്രം.

വർഷത്തിൽ ഒരു മാസമെങ്കിലും കുറച്ചു നേരം പ്രാർഥനാനിർഭരമായ മനസ്സോടും ശുദ്ധമായ ശരീരത്തോടും കൂടി സ്വസ്ഥമായിരുന്നു െദെവചിന്തകളിൽ വ്യാപൃതരാവുക എന്നതാവാം, രാമായണ മാസാചരണത്തിനു പിന്നിലെ പൊരുൾ. പാരായണം ചെയ്യുന്നവരുടെ അറിവും അനുഭവവും ജീവിതദർശനവുമനുസരിച്ച് ആത്മീയാനുഭൂതി മുതൽ കേവലമായ ജീവിതാശ്വാസം വരെ അതു പ്രദാനം ചെയ്യും. നശ്വരമായ ജീവിതത്തിലെ സുഖദുഃഖങ്ങൾ െനെമിഷികമാണെന്ന തിരിച്ചറിവ് രാമായണം ചിലർക്കു നൽകുമെങ്കിൽ, അതിലെ സന്ദർഭങ്ങളും കഥാപാത്രങ്ങളും ജീവിതത്തിലെ വെല്ലുവിളികൾ നേരിടാനുള്ള ആർജവവും കരുത്തുമാകും ഏറെപ്പേർക്കും പകരുക.

രാമായണത്തിലെ കഥാപാത്രങ്ങൾ എന്നും എവിടെയും നമുക്കിടയിലുള്ളവരാണ്. ഒരർഥത്തിൽ അവ മനുഷ്യമനസ്സിലെ വ്യത്യസ്ത ചിന്തകൾ തന്നെയാവാം. മനസ്സിലെ ധർമവും നീതിയുമാണു രാമൻ. മദഭാവമാണു രാവണൻ. ക്ഷോഭം ലക്ഷ്മണൻ. സ്നേഹഭാവമായി സീതയെ കരുതാം. ത്യാഗമാണു ഭരതൻ. ഹനുമാൻ സേവനവ്യഗ്രത. കുടിലചിന്തയാണു മന്ഥര. സത്യബോധം വിഭീഷണനാകാം. വിരഹഭാവം ഊർമിള. അലസചിന്ത കുംഭകർണൻ... അങ്ങനെ നോക്കിയാൽ ജീവിതത്തിലെ പല സന്ദർഭങ്ങളിലും രാമായണ കഥാപാത്രങ്ങളായി നാമോരോരുത്തരും തന്നെ പെരുമാറാറുണ്ടല്ലോ. അത്തരം പകർന്നാട്ടങ്ങളിൽ പ്രയോജനപ്രദമാകുന്ന ചില അറിവുകൾ കൂടി രാമായണം നൽകുന്നു എന്നതും അതിന്റെ ചിരപ്രസക്തി വിളിച്ചോതുന്ന പ്രായോഗിക ജീവിതപാഠമാണ്.

(തുളസീദാസ രാമായണത്തിന്റെ വിവർത്തകനായ ലേഖകൻ കാലടി സംസ്കൃത സർവകലാശാലാ മുൻ ഡീൻ ആണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com