പുറംനിയമനത്തിൽ പുലികള്‍; നിയമനം ക്ലിഫ് ഹൗസിൽ; ജോലി കണ്ണൂരിൽ

cm-pinarayi-vijayan-cliff-house
SHARE

പുറംനിയമനങ്ങളുടെ ഘോഷയാത്ര തുടങ്ങുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു തന്നെ. ഉപദേഷ്ടാക്കളായി 5 പേർ. ഇതിൽ ദൃശ്യമാധ്യമങ്ങളെയും പത്രമാധ്യമങ്ങളെയും കുറിച്ച് മൊത്തത്തിൽ ഉപദേശം നൽകാൻ പാർട്ടി ചാനലിൽ നിന്നു ജോൺ ബ്രിട്ടാസ്. പത്രമാധ്യമങ്ങളെക്കുറിച്ചു മാത്രം ഉപദേശം നൽകാൻ പാർട്ടി പത്രത്തിൽനിന്നെത്തിയ പ്രഭാവർമ. ഇതൊന്നും പോരാഞ്ഞിട്ട് പ്രസ് സെക്രട്ടറിയായി പാർട്ടി പത്രത്തിൽനിന്ന് അടുത്തകാലത്ത് വീണ്ടുമൊരാളെ പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളത്തിനു നിയമിച്ചു. ശമ്പളം വാങ്ങാത്ത ഉപദേഷ്ടാക്കൾക്കായും ഓഫിസ്, കാർ, യാത്രാബത്ത അടക്കമുള്ള സൗകര്യങ്ങൾ സർക്കാർ വകയായുണ്ട്.

ഉമ്മൻ ചാണ്ടിയുടെ കാലത്ത് ആർക്കും കയറിച്ചെല്ലാവുന്ന ഇടമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസ്. എന്നാൽ, പിണറായി മുഖ്യമന്ത്രിയായതോടെ ‘അവതാരങ്ങളെ’ അകറ്റാനായി തന്റെ ഓഫിസിൽ കർശന നിയന്ത്രണങ്ങൾ വച്ചു. നോർത്ത് ബ്ലോക്കിലെ നാലും അഞ്ചും നിലകൾ മുഖ്യമന്ത്രിക്കും സഹായികൾക്കും മാത്രമാക്കി മാറ്റി. മുഖ്യമന്ത്രിയും പഴ്സനൽ സ്റ്റാഫും നാലാം നിലയിലും ഉപദേശകരും ശിവശങ്കറും സമൂഹമാധ്യമ സംഘവും അഞ്ചാം നിലയിലും. ഉപദേശകർക്കും ശിവശങ്കറിനുമായി വിശാലവും മനോഹരവുമായ മുറികളും ലോബിയും ഒരുക്കി.

നാലാം നിലയിലുണ്ടായിരുന്ന മന്ത്രി എ.സി.മൊയ്തീനെ അനെക്സ് കെട്ടിടത്തിലേക്കു മാറ്റിയാണ് 2 നിലകൾ പൂർണമായും മുഖ്യമന്ത്രിയുടെ സംഘത്തിനു മാത്രമാക്കിയെടുത്തത്. പാർട്ടിക്കാർ പോലും ഉള്ളിലേക്കു കടക്കാൻ ഏറെ ബുദ്ധിമുട്ടിയ ഇൗ രണ്ടു നിലകളിലും ഇടനിലക്കാരും കൺസൽറ്റൻസി കമ്പനി പ്രതിനിധികളും തെക്കുവടക്ക് ഓടി നടക്കുന്നതു പതിവു കാഴ്ചയായിരുന്നു. കോട്ടും സ്യൂട്ടും അണിഞ്ഞവരായിരുന്നു അവിടെയെത്തുന്ന സന്ദർശകരിൽ അധികവും. സാധാരണക്കാർ മുഖ്യമന്ത്രിയുടെ ഓഫിസിനു മുന്നിലോ ഇടനാഴികളിലോ അപൂർവമായി മാത്രം കാണാവുന്നവരായി. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി.ജയരാജൻ സ്ഥാനമൊഴിഞ്ഞതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പൂർണമായും പാർട്ടിയുടെ പിടിയിൽനിന്ന് അകന്നത്.

നിയമനം ക്ലിഫ് ഹൗസിൽ; ജോലി കണ്ണൂരിൽ 

വിനോദസഞ്ചാര വകുപ്പ് വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ദിവസവേതനക്കാരായ 11 വീട്ടുജോലിക്കാരുണ്ട്. തിരുവനന്തപുരത്തെ മന്ത്രി ബംഗ്ലാവുകളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി വിനോദസഞ്ചാര വകുപ്പാണു ജീവനക്കാരെ നിയമിക്കുന്നത്. ഔദ്യോഗിക വസതിയിൽ ജോലി ചെയ്യാൻ നിയോഗിക്കപ്പെട്ടവർ അവിടെത്തന്നെ ജോലി ചെയ്യണമെന്നാണു നിയമമെങ്കിലും ചിലരെ നാട്ടിലുള്ള വസതിയിലാണു നിയോഗിച്ചിരിക്കുന്നത്.

താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നടത്താവൂ എന്നിരിക്കെയാണ് കാലങ്ങളായി ഇഷ്ടക്കാർക്ക് അനധികൃതമായി ജോലി നൽകാനുള്ള കേന്ദ്രങ്ങളായി മന്ത്രി ബംഗ്ലാവുകൾ മാറുന്നത്. മന്ത്രിമാരുടെ വകുപ്പുകൾക്കു കീഴിലെ താൽക്കാലിക ജീവനക്കാരെ വീട്ടിൽ പണിയെടുപ്പിക്കുന്നതും പതിവ്.

സിഎംസ് ഫെലോസ് അഥവാ, ഡീൽ മേക്കേഴ്സ്

‘CM's IT Fellow’ അഥവാ മുഖ്യമന്ത്രിയുടെ ഐടി ഫെലോ എന്ന തസ്തിക കേട്ടാൽ ആരുമൊന്നു ഞെട്ടും. മുഖ്യമന്ത്രിയുടെ വലതുഭാഗത്തും ഇടതുഭാഗത്തുമിരുന്ന് അദ്ദേഹത്തിനായി ഐടി പ്രവർത്തനങ്ങൾ നടത്തുന്ന എക്സിക്യൂട്ടീവുകളെന്നാകും സാധാരണക്കാർ ധരിക്കുക. എന്നാൽ, ഇവർക്കു മുഖ്യമന്ത്രിയുമായി നേരിട്ടു ബന്ധമില്ലെന്നു മാത്രമല്ല, ഇവരിരിക്കുന്നതു പോലും ടെക്നോപാർക്കിലാണ്. പിന്നെയെന്തുകൊണ്ട് മുഖ്യമന്ത്രിയുടെ പേരു വന്നുവെന്നു ചോദിച്ചാൽ ‘പവർ’ അത്രയ്ക്കുള്ളതു കൊണ്ടാണെന്ന് പലരും അടക്കം പറയാറുണ്ട്!

സ്വർണക്കടത്തു കേസിൽ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനു പിന്നാലെ സിഎംസ് ഐടി ഫെലോ എന്ന ചുമതല വഹിച്ചിരുന്ന അരുൺ ബാലചന്ദ്രന്റെ പേരുകൂടി വന്നതോടെ ഈ തസ്തിക കൂടുതൽ ചർച്ചയാവുകയാണ്. കോർപറേറ്റ് കമ്പനികളുമായി ആശയവിനിമയം നടത്താനും കൂടുതൽ നിക്ഷേപകരെ കണ്ടെത്തി ഐടി മേഖലയെ പരിപോഷിപ്പിക്കാനുമായി 2017ൽ മൂന്നംഗ പ്രഫഷനൽ സംഘത്തെയാണു കൊണ്ടുവന്നത്. ഇവരെല്ലാം ഉയർന്ന വിദ്യാഭ്യാസ, പ്രഫഷനൽ യോഗ്യതയുള്ളവരാണ്.

രാജ്യാന്തര കമ്പനികളുടെ മാതൃകയിൽ ലക്ഷങ്ങളുടെ ശമ്പള പാക്കേജിലായിരുന്നു രണ്ടു വർഷത്തെ കരാർ നിയമനം. ഇതു പിന്നീട് നീട്ടിക്കൊടുത്തു. കുറച്ചുകാലം മുൻപ്  ഈ സിഎംസ് ഐടി ഫെലോ എന്ന സ്ഥാനം മാർക്കറ്റിങ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ എന്നതിലേക്കു വഴിമാറി. എന്നാൽ, ചുമതലകളിലൊന്നും വ്യത്യാസമുണ്ടായില്ല.

ഐടി രംഗത്തെ വമ്പന്മാര‌ടങ്ങിയ ഐടി ഉന്നതാധികാര സമിതിയെ സഹായിക്കുക എന്ന റോളിൽ‌നിന്ന് ഇതിൽ ചിലർ ഐടി വകുപ്പിലെ ഉന്നതരുടെ എക്സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്തേക്കു നീങ്ങുന്ന കാഴ്ചയാണു പിന്നീടു കണ്ടത്. ഫെലോസ് ആയ 3 പേരിൽ ഒരാൾ കുറച്ചുനാൾ മുൻപ് വേറെ ജോലികിട്ടി പോവുകയും ചെയ്തു. ഐടി വകുപ്പിലെ ‘ഡീൽ മേക്കേഴ്സ്’ എന്ന വിളിപ്പേരു പോലും ഇവർക്കു വന്നു. യുഎസിലും യൂറോപ്പിലും കേരള മോഡൽ ഐടി പരിചയപ്പെടുത്താൻ 2018ൽ കേരളത്തിൽനിന്നു പോയ പ്രതിനിധിസംഘത്തെ ഏകോപിപ്പിച്ചതും കൊച്ചിയിൽ നടന്ന ഹാഷ് ഫ്യൂച്ചർ ഡിജിറ്റൽ ഉച്ചകോടി സംഘടിപ്പിച്ചതും ഇവർതന്നെ. ബാർസിലോനയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ്, ദുബായിൽ നടന്ന ജിറ്റെക്സ് എക്സ്പോ എന്നിവയിൽ അരുൺ ബാലചന്ദ്രൻ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു.

മുഖ്യമന്ത്രിയും സഹായികളും

രമൺ ശ്രീവാസ്തവ (പൊലീസ് ഉപദേഷ്ടാവ്)

ചീഫ് സെക്രട്ടറി റാങ്ക്. ശമ്പളമില്ല. ഓഫിസ്, യാത്രാബത്തയും ദിനബത്തയും, കാർ, 2 ഡ്രൈവർമാർ.

ജോൺ ബ്രിട്ടാസ് (മാധ്യമ ഉപദേഷ്ടാവ്)

ചീഫ് സെക്രട്ടറി റാങ്ക്. ശമ്പളമില്ല. ഓഫിസ്, ബത്തകൾ, കാർ.

പ്രഭാവർമ (പ്രസ് അഡ്വൈസർ) 

ഒരു ലക്ഷത്തോളം ശമ്പളം. ഓഫിസ്, ബത്തകൾ, കാർ.

വി.എസ്.സെന്തിൽ (പ്രിൻസിപ്പൽ സെക്രട്ടറി- ഏകോപനം) അഡീഷനൽ 

ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം വീണ്ടും നിയമനം. വകുപ്പു സെക്രട്ടറിക്കു സമാനമായ ശമ്പളം, ഓഫിസ്, കാർ. 

എം.സി.ദത്തൻ (ശാസ്ത്ര ഉപദേഷ്ടാവ്)

ചീഫ് സെക്രട്ടറി റാങ്ക്, ശമ്പളമില്ല. ഓഫിസ്, കാർ, ബത്തകൾ.

എ.സമ്പത്ത് (ഡൽഹിയിലെ പ്രത്യേക  പ്രതിനിധി)

കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു സമാനമായ ശമ്പളം, പഴ്സനൽ സ്റ്റാഫ്, കാർ,  വീട്.

എൻ.കെ.ജയകുമാർ (നിയമ ഉപദേഷ്ടാവ്)

ഒരു ലക്ഷത്തോളം ശമ്പളം. ഓഫിസ്, ബത്തകൾ, കാർ.

പഴ്സനൽ സ്റ്റാഫിൽ ശമ്പളം വാങ്ങുന്ന 25 പേർ. സമൂഹമാധ്യമങ്ങളും വെബ്സൈറ്റും കൈകാര്യം ചെയ്യാൻ കരാറടിസ്ഥാനത്തിൽ 27 പേർ. ഇവരെ   സ്ഥിരപ്പെടുത്താനായി ചട്ട ഭേദഗതിക്കു  തീരുമാനിച്ചു.

നേതാക്കളുടെ  ഭാര്യമാർക്കായി സർവകലാശാലകൾ

∙ പിഎച്ച്ഡി യോഗ്യതയുള്ളവരെ ഒഴിവാക്കി മുൻ എംപിയുടെ ഭാര്യയ്ക്കു കൊച്ചി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായി നിയമനം നൽകി. ഇതിനെതിരെ കേസ് ഹൈക്കോടതിയിൽ. യുജിസി ചട്ടങ്ങൾക്കു വിരുദ്ധമായി ഇന്റർവ്യൂ ബോർഡ് രൂപീകരിച്ചായിരുന്നു നിയമനം.

∙ ഉയർന്ന മാർക്കും നെറ്റ് ഉൾപ്പെടെയുള്ള ഉയർന്ന യോഗ്യതകളുമുള്ള നൂറോളം പേരെ തഴഞ്ഞാണ് മറ്റൊരു മുൻ എംപിയുടെ ഭാര്യയ്ക്കു കേരള സർവകലാശാലയിൽ ബയോകെമിസ്ട്രി വകുപ്പിൽ അസിസ്റ്റന്റ് പ്രഫസറായി നിയമനം നൽകിയത്.

∙ ഉയർന്ന യോഗ്യതയുള്ളവരെ ഒഴിവാക്കി മറ്റൊരു നേതാവിന്റെ ഭാര്യയ്ക്കു കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി നൽകിയെങ്കിലും കോടതി വിധി വന്നതോടെ ഇറങ്ങേണ്ടി വന്നു.

∙ ഒരു മന്ത്രിയുടെ ഭാര്യയെ കേരള സർവകലാശാലയിൽ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ചുവെങ്കിലും വിവാദങ്ങളെത്തുടർന്നു രാജിവച്ചു.

∙ മലയാളം സർവകലാശാലാ വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയായി കാലിക്കറ്റ് സർവകലാശാലയിൽനിന്ന് 10 വർഷം മുൻപു വിരമിച്ച സിപിഎം പ്രവർത്തകനു പുനർനിയമനം നൽകി. ഡപ്യൂട്ടി റജിസ്ട്രാർക്കു തുല്യമായ തസ്തികയാണിത്.

∙ കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ നേതാവിന് 21 മാർക്ക് ദാനമായി നൽകാൻ 2010ലും തുടർന്ന് 2018ലും തീരുമാനിച്ച പരീക്ഷാ സ്ഥിരംസമിതി അധ്യക്ഷനു റജിസ്ട്രാർ തസ്തികയിൽ നിയമനം നൽകി.

തയാറാക്കിയത്: റെഞ്ചി കുര്യാക്കോസ്, മഹേഷ് ഗുപ്തൻ, വി.ആർ.പ്രതാപ്, എസ്.വി.രാജേഷ്,  എം.ആർ.ഹരികുമാർ, കെ.പി.സഫീന, ജിക്കു വർഗീസ് ജേക്കബ്

പരമ്പരയുടെ ഒന്നാം ഭാഗംനിയമനം പിൻവാതിലിലൂടെ; ചങ്കു പറിച്ചു കൊടുക്കും ഇഷ്ടക്കാർക്ക്

രണ്ടാം ഭാഗം: കഷ്ടപ്പെടാതെ ജോലി കിട്ടും (* ശ്രദ്ധിക്കുക, ഈ ഓഫർ അടുപ്പക്കാർക്കു മാത്രം)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA