sections
MORE

അധികാരവും അവിശ്വാസവും

pinarayi-vijayan-shivasankar
പിണറായിവിജയന്‍, എം.ശിവശങ്കർ
SHARE

രാജ്യത്താകെ ഒന്നാം ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ ഭാഗമായി കേരളവും അടച്ചുപൂട്ടിയ മാർച്ച് 23നു പുറത്തിറക്കിയ സർക്കാർ മാർഗരേഖയിൽ അധികമാരും ശ്രദ്ധിക്കാത്ത ഒരു പേര് ഇടം പിടിച്ചിരുന്നു: ഫാബ് ലാബ്. സംസ്ഥാനമാകെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ, അതു ബാധകമല്ലാത്ത 14 ഇന അവശ്യ സർവീസ് പട്ടികയിൽ ഇടംപിടിക്കാൻ മാത്രം എന്തു പ്രാധാന്യമാണു ഫാബ് ലാബുകൾക്ക്? മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിലെ അധികാര കേന്ദ്രീകരണത്തെക്കുറിച്ചു പുറത്തുവരുന്ന വിവരങ്ങൾ ആ സന്ദേഹത്തിനുള്ള ഉത്തരം കൂടിയാണു നൽകുന്നത്.

സ്റ്റാർട്ടപ് ആശയങ്ങൾ സാക്ഷാത്കരിക്കാനുള്ള പശ്ചാത്തല, സാങ്കേതിക പിന്തുണ നൽകുകയാണ് കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള ഫാബ് ലാബുകളുടെ ദൗത്യം. സ്റ്റാർട്ടപ് മിഷനൊപ്പം, ഫാബ് ലാബ് കൂടി ലോക്ഡൗണിലും പ്രവർത്തിക്കണമെന്ന പുരോഗമന വികസന കാഴ്ചപ്പാട് സർക്കാരിനാകാം. പക്ഷേ, ഒഴിച്ചുകൂടാൻ പറ്റാത്ത സ്ഥാപനങ്ങൾക്കു മാത്രം അനുമതി നൽകുമ്പോൾ ആ പട്ടികയിൽപെടാനുള്ള പ്രാധാന്യം ഉണ്ടോയെന്ന ചോദ്യമാണു പ്രസക്തം. സ്റ്റാർട്ടപ് മിഷന്റെ ചെയർമാൻ കൂടിയായ ശിവശങ്കർ സർക്കാരിന്റെ ഐടി സാമ്രാജ്യത്തലവൻ തന്നെയായിരുന്നു.

അങ്ങനെയൊരാൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായപ്പോൾ ആഗ്രഹിക്കുന്നതു നടപ്പാക്കാൻ കഴിഞ്ഞുവെന്നാണ് ആ ലോക്ഡൗൺ മാർഗരേഖ വിളിച്ചോതുന്നത്. പാലക്കാട് എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ നേതാവിൽനിന്നു പിണറായി വിജയന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനായുള്ള വളർച്ചയിൽ ശിവശങ്കർ ആർജിച്ച വിശ്വാസ്യത ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന ചോദ്യം കള്ളക്കടത്തുകേസോടെ മുഖ്യമന്ത്രിക്കു മുന്നിൽ ഉയരുന്നു. സർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള ധൈര്യം, ആ ‘അധികാര പ്രകടനങ്ങൾ’ പ്രതിപക്ഷത്തിനു സമ്മാനിച്ചിരിക്കുന്നു.

 ‘ഇടത് ’ പറഞ്ഞുകൊണ്ടിരുന്നത്

പ്രതിപക്ഷം നെറികേടു കാട്ടുകയാണെന്ന് ആരോപിച്ച് ശക്തമായി തിരിഞ്ഞിരിക്കുകയാണു മുഖ്യമന്ത്രി. എന്നാൽ, മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഒരു വർഷം മുൻപ് ആരോപണവിധേയനായപ്പോൾ അവിടെ സിപിഎം സംസ്ഥാന സെക്രട്ടറി ബാദൽ സരോജ് ഉയർത്തിയതും ഇവിടെ പ്രതിപക്ഷം ഉന്നയിക്കുന്നതും ഒരേ ആവശ്യമാണ്: സിബിഐ അന്വേഷണം. തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ പങ്കിലേക്കു വിരൽ ചൂണ്ടുന്നതാണു സെക്രട്ടറിക്കെതിരെയുള്ള ആക്ഷേപമെന്നും മധ്യപ്രദേശിലെ പാർട്ടി നിരീക്ഷിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ് മുഖ്യമന്ത്രിമാർക്കെതിരെ 2015ൽ ആരോപണമുയർന്നപ്പോൾ മാറിനിന്ന് അന്വേഷണം നേരിടണമെന്നു സംയുക്ത പ്രസ്താവന ഇറക്കിയത് ഇടതുപക്ഷ അമരക്കാരായ സീതാറാം യച്ചൂരിയും എസ്.സുധാകർ റെഡ്ഡിയുമാണ്. 

കേരളത്തിലേക്കു തന്നെ വരാം. ‘‘മൂക്കിനു താഴെ നടക്കുന്ന കാര്യങ്ങൾക്കുള്ള ഉത്തരവാദിത്തം തനിക്കല്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല. ജനങ്ങളോടു പ്രതിബദ്ധതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും രാജിവച്ച പാരമ്പര്യമാണ് ഇവിടെയുള്ളത്.’’ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനോ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രസംഗത്തിലേതല്ല ഈ വാക്കുകൾ. സോളർ കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് 2013 ഓഗസ്റ്റിലെ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാക്കുകളാണിത്.

 ഡോവൽ ലക്ഷ്യമിടുന്നത്

സ്പ്രിൻക്ലർ പോലെ സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന പ്രശ്നമല്ല ഇത്. സ്വന്തം ഓഫിസിലെ വിശ്വസ്തനായ ഉദ്യോഗസ്ഥൻ അവർക്കു വജ്രായുധം അങ്ങോട്ടു കൊടുക്കുകയായിരുന്നു. സർക്കാർതല നടപടിക്കപ്പുറം, കസ്റ്റംസോ എൻഐഎയോ അദ്ദേഹത്തിനെതിരെ നീങ്ങിയാൽ കള്ളക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്കു ചോദ്യം ചെയ്യപ്പെടുന്നുവെന്നാണ് അർഥം. ഭീകരവാദ ബന്ധത്തിലേക്ക് എൻഐഎ വിരൽ ചൂണ്ടിയതിൽനിന്നു മനസ്സിലാക്കേണ്ടത് ഏതു വഴിക്കും അന്വേഷണം തിരിയാമെന്നതും. രണ്ടു മുന്നണികളുടെയും വിശ്വാസ്യത ഇടിക്കാനുള്ള ഇരുതലമൂർച്ചയുള്ള നീക്കമാണോ കേന്ദ്രം ലക്ഷ്യമിടുന്നത്? ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ കേസിലെടുക്കുന്ന താൽപര്യം ഒരുപിടി ചോദ്യങ്ങൾ ഉയർത്തുന്നു. തലശ്ശേരി കലാപം ഉയർന്നപ്പോൾ അതു നിയന്ത്രിക്കാൻ ഇറങ്ങിപ്പുറപ്പെട്ട യുവ എഎസ്പിയായിരുന്നു,

1968ലെ കേരള കേഡർ ഉദ്യോഗസ്ഥനായ ഡോവൽ. അന്നു തലശ്ശേരിയിലെ കലാപത്തീ അണയ്ക്കാൻ മുന്നിൽനിന്ന യുവനേതാവായ പിണറായി വിജയനെ ഓർത്തെടുക്കുന്നവർ ഇന്നും പാർട്ടിയിലുണ്ട്. ആ ഡോവലും പിണറായിയും എൻഐഎക്ക് അപ്പുറവും ഇപ്പുറവും ഇന്നു മുഖാമുഖം നിൽക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA