ADVERTISEMENT

ജീവിതത്തിലെ ഏറ്റവും സങ്കീർണ പ്രതിസന്ധിയെ ഒന്നിച്ച് അഭിമുഖീകരിക്കുകയാണു നാമോരോരുത്തരും. കോവിഡ് ബാധിതരുടെ എണ്ണം കൈവിട്ട് ഉയരുന്നതാണ് ഇപ്പോൾ രാജ്യത്തോടൊപ്പം കേരളത്തിന്റെയും മുന്നിലുള്ള ഏറ്റവും കടുത്ത ആശങ്ക. സമൂഹവ്യാപനം എന്ന വലിയ ഭീഷണി അരികിലുണ്ടുതാനും. രോഗപ്രതിരോധത്തിന്റെ കാര്യത്തിൽ പുലർത്തേണ്ട അതിജാഗ്രതയ്ക്കു വിള്ളലേൽപിക്കുന്നവിധം ജനങ്ങൾ ഇളവുകൾ ആഘോഷിക്കരുതെന്നുകൂടി ഓരോ ദിവസവും ഉയരുന്ന ആശങ്കാനില ഓർമിപ്പിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിനു നാലു ഘട്ടങ്ങളുണ്ട്. രോഗികളില്ലാത്ത സ്ഥിതി, പുറമേനിന്നു രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്കു രോഗം പകരുന്ന ഘട്ടം, ചില ജനവിഭാഗങ്ങളും പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള (ക്ലസ്റ്റേഴ്സ്) രോഗവ്യാപനം, സമൂഹവ്യാപനം എന്നിങ്ങനെയുള്ളതിൽ കേരളം മൂന്നാം ഘട്ടത്തിലെത്തി നിൽക്കുന്നുവെന്നാണു സർക്കാർ പറയുന്നത്. കേരളത്തിൽ പല ജില്ലകളിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടുകഴിഞ്ഞു. വൈറസിന്റെ സ്രോതസ്സ് സ്ഥിരീകരിക്കാൻ കഴിയാത്ത രോഗികളുടെ എണ്ണം വർധിച്ചുവരുന്നതിനാൽ സംസ്ഥാനത്തു സമൂഹവ്യാപനം നടക്കുന്നതായി കരുതണമെന്ന് മെഡിക്കൽ വിദഗ്ധസമിതി മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റും അറിയിച്ചിട്ട് ഒരു മാസത്തിലേറെയായി. നിർഭാഗ്യവശാൽ സമൂഹവ്യാപനം സംഭവിക്കുകയാണെങ്കിൽ അതു നേരിടാൻ സർക്കാർ സംവിധാനങ്ങൾ എത്രത്തോളം സജ്ജമാണെന്ന ചോദ്യത്തിന് ഇപ്പോൾ ജീവന്റെ വിലയാണുള്ളത്.

അശ്രദ്ധയാണു സമ്പർക്കരോഗികളുടെ എണ്ണം വർധിക്കാൻ മുഖ്യ കാരണം. നിയന്ത്രണങ്ങൾ കുറഞ്ഞതിനനുസരിച്ച് പരസ്പര അകലത്തിലും ശുചിത്വത്തിലുമടക്കം ഇനിയങ്ങോട്ടു നാം പാലിക്കേണ്ട ജാഗ്രത വർധിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമെന്നതിൽ സംശയമില്ല. പുറംലോകത്തേക്കുള്ള വാതിലുകൾ തുറന്നിട്ടത് ആഘോഷിക്കാനല്ല, അത്യാവശ്യങ്ങൾ സുഗമമായി നിർവഹിക്കാൻ വേണ്ടിയാണെന്നതു മറക്കാതിരിക്കാം. കോവിഡ് ഈ വർഷം അവസാനത്തോടെ മാത്രമേ നിയന്ത്രണവിധേയമാകൂ എന്നാണു സംസ്ഥാന സർക്കാരിന്റെതന്നെ വിലയിരുത്തൽ.

കേരളത്തിലെ തീരദേശങ്ങളിൽ പലയിടത്തും കോവിഡ് ആശങ്കാജനകമാംവിധം വ്യാപിക്കുന്നതു സർക്കാരിന്റെ കൂടുതൽ ഊർജിതമായ ഇടപെടൽ അനിവാര്യമാക്കുന്നു. പട്ടിണിയും സങ്കടങ്ങളുമായി ജീവിതം നയിക്കുന്നവരാണ് ഈ മേഖലകളിൽ കൂടുതലുമെന്നിരിക്കെ രോഗവ്യാപനം അവരെ കഠിനമായി തളർത്തിയിരിക്കുകയാണ്. ഇവരുടെ ജീവിതം സുഗമമായി മുന്നോട്ടുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനോടൊപ്പം രോഗപ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കേണ്ടതുണ്ട്. ട്രിപ്പിൾ ലോക്ഡൗണുള്ള തീരദേശ മേഖലകളിൽ ആരോഗ്യസുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറയുകയുണ്ടായി.

ഇതിനിടെ, കോവിഡ് ആശങ്കകൾ പലരുടെയും മനോബലത്തെ തളർത്തുന്നുണ്ടെന്നതും കാണാതിരുന്നുകൂടാ. ഇവർക്കുവേണ്ട മാനസികാശ്വാസവും കരുതലും നൽകേണ്ടതു സർക്കാരിനോടൊപ്പം സഹജീവികളുടെ കൂടി കടമയാണ്. സ്വന്തം വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നവരെ രോഗികളാണെന്ന മട്ടിൽ പലയിടത്തും അയൽക്കാർപോലും കാണുന്നത് അത്യധികം നിർഭാഗ്യകരം തന്നെയാണെന്നതിൽ സംശയമില്ല. ആരോഗ്യപ്രശ്നങ്ങളുള്ളവരെ സ്രവ പരിശോധനയ്ക്കു കൊണ്ടുപോകുമ്പോൾത്തന്നെ നാട്ടുകാരിൽ ചിലർ അവർക്കു കോവിഡാണെന്നു പറഞ്ഞുതുടങ്ങുന്നതും വാട്സാപ്പിൽ അവരുടെ സകല വിവരവും വച്ച് മെസേജുകൾ ഫോർവേഡ് ചെയ്യുന്നതുമൊക്കെ ഇക്കൂട്ടരുടെ രോഗാതുരമായ മാനസികാവസ്ഥയല്ലേ വിളിച്ചറിയിക്കുന്നത്?

സംസ്ഥാനം മുഴുവൻ രോഗപരിശോധന പരമാവധി വർധിപ്പിച്ചും രോഗികൾക്കു ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയും സമൂഹവ്യാപന സാധ്യത മുന്നിൽക്കണ്ടുള്ള സജ്ജീകരണങ്ങൾ ഒരുക്കിയും സർക്കാർ ഈ കഠിനസന്ധി നേരിടേണ്ടതുണ്ട്. കോവിഡ് നിയന്ത്രണ മാർഗരേഖകൾ അവരവർക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയുമാണെന്ന തിരിച്ചറിവോടെ അതു പൂർണമായി പാലിച്ച് ജനങ്ങൾ കൂടുതൽ ജാഗരൂകരാകുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com