ADVERTISEMENT

കേരളത്തനിമയുടെ ആട്ടവിളക്കു തെളിഞ്ഞുനിൽക്കുന്നത് കഥകളിയിലാണെന്നു നമുക്കറിയാം. കഥകളിയിൽ കാണുന്നതു തലകുലുക്കി ശരിവയ്ക്കുന്നതാണ് നമ്മുടെ കലാബോധത്തിന്റെ അറ്റകൈ ആട്ടം.

കഥകളിയിൽ വേഷക്കാർ പഞ്ചഭൂതങ്ങൾ പോലെ അഞ്ച്: കത്തി, പച്ച, താടി, മിനുക്ക്. പിന്നെ കരിയും.

മോടിയുള്ള ഒരുപാടു ഭാഗങ്ങൾ നമ്മുടെ ശരീരത്തിലുണ്ടെങ്കിലും ഒരേയൊരു ഭാഗം മാത്രമേ കഥകളിയിലെടുത്തിട്ടുള്ളൂ എന്ന് അപ്പുക്കുട്ടൻ ശ്രദ്ധിച്ചത് പുലരുംവരെ കഥകളിയുടെ ആരാധകനായ കഷ്ടകാൽജി ചൂണ്ടിക്കാട്ടിയപ്പോഴാണ്.

താടി!

കുറഞ്ഞപക്ഷം മലയാളിയുടെ ശരീരത്തിലെങ്കിലും ഏറ്റവും പ്രാമാണികവും വിലപ്പെട്ടതുമായ ഭാഗം താടിയാണെന്ന് അർഥം.

കഥകളി കണ്ടിട്ടില്ലാത്തവർക്ക് അതു ബോധ്യപ്പെടാൻ ഈ കോവിഡ്കാലം വേണ്ടിവന്നു.

പുറത്തേക്കൊന്നു നോക്കൂ: മലയാളിയുടെ മാസ്ക് താടിയിലാണിരിക്കുന്നത്; അതു താടിയെ പരിരക്ഷിക്കുകയും താങ്ങിനിർത്തുകയും ചെയ്യുന്നു.

കോവിഡൻ‌ ഏതുവഴി വന്നാലും താടിവഴി വരില്ല. എന്തുകൊണ്ടെന്നാൽ, താടിക്കു നാം രക്ഷാകവചം പണിതിട്ടുണ്ടല്ലോ.താടിയാണ് ഏറ്റവും സുരക്ഷിതമായി കാത്തുസൂക്ഷിക്കേണ്ടതെന്ന് നമുക്കു ബോധ്യപ്പെട്ടിരിക്കുന്നു.

കഥകളിയിൽ താടികൾ മൂന്നാണ്; ചുവന്ന താടി, വെളുത്ത താടി, കറുത്ത താടി. താടിമാഹാത്മ്യത്തിൽ മൂന്നുതരം മാസ്ക്കുകളാണു കേമം എന്നു സൂചന: വെള്ളയും ചുവപ്പും കറുപ്പും.

കഥകളി കണ്ടിട്ടില്ലാത്തവർക്കു മറ്റു നിറങ്ങളും ഉപയോഗിക്കാൻ തടസ്സമില്ല.

നിറമേതായാലും മുഖക്കച്ച താടിയിൽത്തന്നെയിരിക്കണമെന്നു നിർബന്ധം.

Content Highlights: Covid, Mask, Tharangangalil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com