ADVERTISEMENT

7960    പേരുൾപ്പെട്ടതായിരുന്നു പിഎസ്‌സിയുടെ സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടിക. എസ്എഫ്ഐ നേതാക്കൾ കോപ്പിയടിച്ചതു കാരണം 4 മാസം മരവിപ്പിച്ച പട്ടികയുടെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചു. ആകെ നിയമിച്ചത് 2252 പേരെ മാത്രം. പഠിച്ചു പരീക്ഷയെഴുതി യോഗ്യരായ ബാക്കിയുള്ളവർക്ക് അവസരം ലഭിക്കാത്തതിനു കാരണം മറ്റാരുമല്ല, സർക്കാർ തന്നെ. റാങ്ക് പട്ടിക നീട്ടുന്ന കാര്യത്തിൽ വിട്ടുവീഴ്ച കാട്ടാൻ തയാറാകാത്ത സർക്കാർ വേണ്ടപ്പെട്ടവർക്കു മുന്നിൽ നിയമങ്ങളും ചട്ടങ്ങളും ധാർമികതയും ഒക്കെ സൗകര്യപൂർവം മറക്കും.

ഏറ്റവും വലിയ ബന്ധുനിയമനങ്ങൾ നടക്കുന്നത് വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്താണ്. ഏതാനും ഐഎഎസുകാർ ഒഴിച്ചാൽ, മിക്ക പൊതുമേഖലകളുടെയും മാനേജിങ് ‍ഡയറക്ടർ, ജനറൽ മാനേജർ, സിഇഒ തസ്തികകളിൽ പാർട്ടിയുടെ ഉന്നത നേതാക്കളുടെ ബന്ധുക്കളുണ്ട്. നിയമനം പിഎസ്‍സിക്കു വിടാത്ത തസ്തിക ആയതിനാൽ സർക്കാരിനു താൽപര്യമുള്ളവർക്കു നിയമനം നൽകാം എന്നതാണ് പൊതുമേഖലകളുടെ പ്രത്യേകത. ഇവിടങ്ങളിലെ എംഡി, ജനറൽ മാനേജർ, സിഇഒ നിയമനത്തിന് വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും അതില്ലാതെയും ഇഷ്ടക്കാരെ പിടിച്ചിരുത്തും.

എംഡി, സിഇഒ തസ്തികയിൽ വിവിധ ആനുകൂല്യങ്ങളടക്കം പ്രതിമാസം ഒരു ലക്ഷം രൂപയ്ക്കു മുകളിലാണു പ്രതിഫലം. ഉന്നത തസ്തികകൾ ബന്ധുക്കൾക്കാണെങ്കിൽ ഏറ്റവും താഴെത്തട്ടിലുള്ള വർക്കർ തസ്തികയാണു പാർട്ടിക്കാർക്ക്. പ്രാദേശിക നേതൃത്വത്തിന്റെ ശുപാർശയനുസരിച്ച് താൽക്കാലികമായി നിയമിക്കും. പിന്നീട് സൗകര്യപൂർവം സ്ഥിരപ്പെടുത്തും. സർക്കാർ കാലാവധി പൂർത്തിയാക്കുന്ന സമയത്താണ് കൂട്ട സ്ഥിരപ്പെടുത്തലുകൾ.

 ഇല്ലാത്ത കസേരയിലും...

തൊഴിൽവകുപ്പു മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ദീപു പി.നായരുടെ അടുത്ത ബന്ധു സുകേശ് ആർ. പിള്ളയ്ക്കാണു വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിൽ (സിൽക്ക്) സ്ഥിരം നിയമനം. കഴിഞ്ഞ രണ്ടര വർഷമായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്ന ഇദ്ദേഹത്തെ രഹസ്യമായി അഭിമുഖം നടത്തിയാണ് ഉയർന്ന തസ്തികയിൽ സ്ഥിരപ്പെടുത്തിയത്. ‘സിൽക്കി’ന്റെ ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത, ‘ലെയ്സൺ ഓഫിസ് ക്ലസ്റ്റർ ഹെഡ്’ എന്ന കസേര സൃഷ്ടിച്ചു ഡപ്യൂട്ടി മാനേജർ (ഇലക്ട്രോണിക്സ്) തസ്തികയിലായിരുന്നു പോസ്റ്റിങ്. 

കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ജോലിക്കെടുത്തു രണ്ടര വർഷത്തിനു ശേഷം ഡപ്യൂട്ടി മാനേജർ തസ്തികയിൽ സ്ഥിരപ്പെടുത്തുകയായിരുന്നു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ വിഭാഗങ്ങൾ മാത്രം ആവശ്യമുള്ള ‘സിൽക്കി’ൽ നിയമിതനായ ഇദ്ദേഹം, ഇലക്ട്രോണിക്സ് എൻജിനീയർ ആണെന്ന വൈരുധ്യം വേറെ. സ്റ്റാഫ് പാറ്റേൺ പ്രകാരം വേണ്ടതിന്റെ ഇരട്ടിയിലധികം ആൾക്കാർക്ക് ഇതിനോടകം ‘സിൽക്കി’ൽ താൽക്കാലിക നിയമനം നൽകിയതായും ആരോപണമുണ്ട്.

 കരകയറ്റാൻ കരാർ കമ്പനി

സർക്കാരിന്റെ നിർമാണക്കരാറുകളി‍ൽ ഭൂരിഭാഗവും ടെൻഡർ ഇല്ലാതെ ലഭിക്കുന്ന ഒരു നിർമാണക്കമ്പനിയിൽ സർക്കാരിനും മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വേണ്ടപ്പെട്ട പലർക്കും ജോലി ലഭിക്കുന്നു എന്നത് ഭരണസിരാകേന്ദ്രങ്ങളിൽ പരസ്യമായ രഹസ്യമാണ്. ഒരു മന്ത്രിയുടെ മകനും മരുമകളും ജോലി ചെയ്തിരുന്നത് ഈ കമ്പനിയിലാണ്. മറ്റൊരു മന്ത്രിയുടെ മകൻ അടുത്ത കാലം ഇൗ കമ്പനിയിലുണ്ടായിരുന്നു.

ഭരണകക്ഷി എംഎൽഎയുടെ മരുമകൻ, ഉന്നത സിപിഎം നേതാവിന്റെ മകൾ എന്നിവരൊക്കെ ഇപ്പോഴും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. മന്ത്രിമാരുടെയും നേതാക്കളുടെയും മക്കൾ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നത് തെറ്റാണോ എന്നാണു ചോദ്യമെങ്കിൽ ഒരിക്കലുമല്ല എന്നുതന്നെയാണ് ഉത്തരം. പക്ഷേ, ഈ കമ്പനിക്ക് സർക്കാർ അവിഹിതമായി പല കരാറുകളും നൽകുന്നുവെന്ന് ആരോപണമുയരുമ്പോൾ ഈ ബന്ധങ്ങൾ സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടും. ബന്ധുനിയമനങ്ങളെന്ന് ആരോപണമുയരുകയും ചെയ്യും.

സഭയിലും കൺസൽറ്റൻസി

സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ നിയമസഭയിൽ ആരംഭിക്കുന്ന സഭാ ടിവി ജനങ്ങൾക്കു മുന്നിലേക്ക് എത്താൻ പോകുകയാണ്. അതിന്റെ പിന്നണിയിൽ നോക്കിയാലും കാണാം, കൺസൽറ്റൻസിയെ. സഭാ ടിവിയുടെ പരിപാടികൾ സമൂഹമാധ്യമങ്ങളിലൂടെ സ്ട്രീം ചെയ്യാനും ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനും അരക്കോടിയോളം രൂപയാണ് 2 വർഷത്തേക്കു നൽകുന്നത്. സോഷ്യൽ മീഡിയ മാനേജ്മെന്റ് എന്ന പേരിൽ ഇതേ ഏജൻസിക്ക് മാസം 2 ലക്ഷം രൂപ വീതം വേറെയും നൽകുന്നു.

സർക്കാർ സ്ഥാപനമായ സിഡിറ്റിനെ മറികടന്നാണ് ഈ സ്വകാര്യ ഏജൻസിക്കു ടെൻഡർ നൽകിയത്. ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ, കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ, ഐടി മിഷൻ ഡയറക്ടർ തുടങ്ങിയവർ അംഗങ്ങളായ ഉപദേശക സമിതിയുടെ നേതൃത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുതിർന്ന പത്രപ്രവർത്തകനാണു സഭാ ടിവിയുടെ മീഡിയ കൺസൽറ്റന്റ്. അദ്ദേഹത്തിനു ഡൽഹിയിൽനിന്നു തിരുവനന്തപുരത്ത് എത്താനുള്ള വിമാന ടിക്കറ്റ്, നക്ഷത്ര ഹോട്ടലിൽ താമസ സൗകര്യം, സിറ്റിങ് ഫീസായി ദിവസം 1000 രൂപ എന്നിവയാണു നൽകേണ്ടത്.

സഭാ ടിവിയുടെ പ്രൊഡ്യൂസർമാരായി ദൃശ്യമാധ്യമരംഗത്തു പ്രവർത്തിച്ചിരുന്ന 3 പേരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്കു മാസം 60,000 രൂപ വീതമാണു പ്രതിഫലം. പുറമേ, പ്രൊഡക്‌ഷൻ സഹായിയായി 45,000 രൂപ പ്രതിഫലത്തിന് ഒരു വനിതയെയും ഡോക്യുമെന്റേഷൻ റിസർച് ജോലിക്കായി 35,000 രൂപയ്ക്ക് മറ്റൊരു വനിതയെയും നിയോഗിച്ചിരിക്കുന്നു. ഇവരുടെ യോഗ്യത എന്തെന്നോ എങ്ങനെ നിയമിച്ചെന്നോ ആർക്കും അറിയില്ല. കൺസൽറ്റൻസി നിയമനം എന്ന പേരിലാണ് ഇവർക്കെല്ലാം പ്രതിഫലം.

പുറത്തുനിന്നുള്ള ക്യാമറാമാൻ, എഡിറ്റർ തുടങ്ങിയവരുടെ സേവനം ഉപയോഗിച്ചാണു സഭാ ടിവിയുടെ പരിപാടികൾ തയാറാക്കുന്നത്. അതിനുള്ള ബിൽ ഈ ചെലവുകൾക്കെല്ലാം പുറമേയാണ്. സഭാ ടിവിയുടെ ഭരണത്തിനായി നിയമസഭാ സെക്രട്ടേറിയറ്റിൽ ഒരു ഡപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സെക്‌ഷൻ തന്നെ രൂപീകരിച്ചിരിക്കുകയാണ്. 

ബ്രിട്ടാസിനും ദത്തനും പ്രിൻസിപ്പൽ സെക്രട്ടറി റാങ്ക്

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിനും ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തനും ഗവ.പ്രിൻസിപ്പൽ സെക്രട്ടറിയുടെ റാങ്കും സ്റ്റേറ്റസും നൽകിയാണ് നിയമനം (ചീഫ് സെക്രട്ടറിയുടെ റാങ്ക് എന്നു കഴിഞ്ഞ ദിവസം ചേർത്തതു ശരിയല്ല).

പ്രതിഫലമില്ലെങ്കിലും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കു ലഭിക്കുന്ന ഓഫിസ് ക്യാബിൻ, കാർ, ഫോൺ, അലവൻസുകൾ എന്നിവയ്ക്ക് ഇവർക്ക് അർഹതയുണ്ട്. എന്നാൽ കഴിഞ്ഞ നാലു വർഷവും താൻ ആനുകൂല്യങ്ങളൊന്നും പറ്റിയിട്ടില്ലെന്നും സർക്കാർ ആവശ്യങ്ങൾക്കായി നടത്തിയ യാത്രകൾക്കുപോലും സർക്കാരിൽനിന്നു ചെലവു വാങ്ങിയിട്ടില്ലെന്നും ബ്രിട്ടാസ് അറിയിച്ചു.

job-recruitment
സഹീർ കാലടി

ബന്ധുനിയമനം വിളിച്ചു പറഞ്ഞു; പണി പോയി

മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമനത്തിനെതിരെ പോരാടിയതിന്റെ പേരിൽ സ്വന്തം ജോലി പോലും നഷ്ടപ്പെട്ട ഒരാളുണ്ട് – മലപ്പുറം സ്വദേശി സഹീർ കാലടി. വ്യവസായ വകുപ്പിനു കീഴിലെ കുറ്റിപ്പുറം മാൽകോടെക്സിൽ ഫിനാൻസ് മാനേജരായി ഇരിക്കെയാണ് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ നൽകിയത്. ബാങ്ക് ജീവനക്കാരനായ കെ.ടി.അദീബിനു മന്ത്രി നിയമനം നൽകിയപ്പോൾ അദീബിനെക്കാൾ യോഗ്യത തനിക്കാണെന്നു മാധ്യമങ്ങളോടു സഹീർ വെളിപ്പെടുത്തിയിരുന്നു.

ഇതു വൻ വിവാദമായതോടെ അദീബ് രാജിവച്ചൊഴിഞ്ഞു. ഇതോടെ മന്ത്രിയുടെ ഓഫിസിൽനിന്നുള്ള സമ്മർദത്തെ തുടർന്നു സ്ഥാപനത്തിൽ തൊഴിൽപീഡനം തുടങ്ങി. ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. 

കാരണം കാണിക്കൽ നോട്ടിസും ആനുകൂല്യങ്ങൾ നിഷേധിക്കലും പതിവായതോടെ 20 വർഷത്തെ സർവീസ് ബാക്കി നിൽക്കെ കഴിഞ്ഞ ജൂലൈയിൽ രാജിവച്ചു. ഹൈക്കോടതി ഇടപെടലൽമൂലമാണ് തടഞ്ഞുവച്ച വിരമിക്കൽ ആനുകൂല്യങ്ങൾ ഭാഗികമായെങ്കിലും കിട്ടിയത്. മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുകയാണ് ഇപ്പോൾ സഹീർ.

നേതാക്കൾക്ക് വേണ്ടപ്പെട്ടവർ *ഇതാ ആ നീണ്ട പട്ടിക

∙ എസ്.ആർ.വിനയകുമാർ

മാനേജിങ് ഡയറക്ടർ, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ. 

∙ സൂരജ് രവീന്ദ്രൻ

മാനേജിങ് ഡയറക്ടർ, കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്ക്. മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ കൊച്ചുമകൻ

∙ ജീവ ആനന്ദ്

മാനേജിങ് ഡയറക്ടർ, കിൻഫ്ര, അപ്പാരൽ പാർക്ക്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റെ മകൻ.

∙ ടി. ഉണ്ണിക്കൃഷ്ണൻ

ജനറൽ മാനേജർ, കിൻഫ്ര. സിപിഎം സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണൻ നായരുടെ മകൻ. 

∙ എം.ഡി.ജോസ്മോൻ

ജനറൽ മാനേജർ, കൊച്ചിൻ ഇന്റർനാഷനൽ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ സിപിഎം നേതാവ് എം.എം.ലോറൻസിന്റെ ബന്ധു.

∙ ശരത് വി.രാജ്

സിഇഒ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർ ഡവലപ്മെന്റ്. സിപിഎം സംസ്ഥാന സമിതിയംഗം  കെ.വരദരാജന്റെ മകൻ.

∙ വിജയകുമാരൻ പിള്ള

മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്. സിപിഎമ്മിന്റെ ഗസറ്റഡ് ഓഫിസർമാരുടെ സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന നേതാവ്. വിരമിച്ച ഉടൻ പുനർനിയമനം നൽകി. യോഗ്യതയെക്കുറിച്ചു പരാതി ഉയർന്നതിനാൽ നിയമന ഉത്തരവ് നൽകിയിട്ടില്ല.

∙ പ്രസാദ് മാത്യു

മാനേജിങ് ഡയറക്ടർ, ട്രാക്കോ കേബിൾ കമ്പനി. കെഎസ്ഇബിയിലെ ഇടതു യൂണിയൻ നേതാവ്.

തയാറാക്കിയത്: റെഞ്ചി കുര്യാക്കോസ്, മഹേഷ് ഗുപ്തൻ, വി.ആർ.പ്രതാപ്, എസ്.വി.രാജേഷ്,  എം.ആർ.ഹരികുമാർ, കെ.പി.സഫീന, ജിക്കു വർഗീസ് ജേക്കബ്

പരമ്പരയുടെ ഒന്നാം ഭാഗം: നിയമനം പിൻവാതിലിലൂടെ; ചങ്കു പറിച്ചു കൊടുക്കും ഇഷ്ടക്കാർക്ക്

രണ്ടാം ഭാഗം: കഷ്ടപ്പെടാതെ ജോലി കിട്ടും (* ശ്രദ്ധിക്കുക, ഈ ഓഫർ അടുപ്പക്കാർക്കു മാത്രം)

മൂന്നാം ഭാഗം: പുറംനിയമനത്തിൽ പുലികള്‍; നിയമനം ക്ലിഫ് ഹൗസിൽ; ജോലി കണ്ണൂരിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com