ADVERTISEMENT

അധികാരത്തിന്റെ പേരുപറഞ്ഞുള്ള രാഷ്ട്രീയക്കാരുടെ ധാർഷ്ട്യം കാലങ്ങളായി കണ്ടുവരികയാണു കേരളം. തങ്ങളുടെ കക്ഷികളാണു സംസ്ഥാനം ഭരിക്കുന്നതെന്ന ഹുങ്കിൽ പ്രാദേശിക നേതാക്കൾപോലും നടത്തുന്ന അഹങ്കാരവിളയാട്ടങ്ങൾ അസഹനീയം മാത്രമല്ല, അങ്ങേയറ്റം അപലപനീയംകൂടിയാണ്. ഇടുക്കി മാങ്കുളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും റവന്യു അധികൃതരുടെയും നേർക്കു സിപിഐ ലോക്കൽ സെക്രട്ടറി ഇന്നലെ നടത്തിയ കൊലവിളിയും ഭീഷണിയും അധികാര ഗർവിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാകുന്നു.

വനംവകുപ്പ് നിർമിച്ച ട്രെഞ്ചിനെതിരെ ഉയർന്ന പ്രതിഷേധം അന്വേഷിക്കാൻ സംയുക്ത പരിശോധനയ്ക്ക് എത്തിയ ഡിഎഫ്ഒ, റേഞ്ച് ഓഫിസർ എന്നിവരടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർക്കും റവന്യു അധികൃതർക്കും നേരെയായിരുന്നു പ്രാദേശിക നേതാവിന്റെ ഭീഷണി. ‘എടോ, തന്നെ ഞങ്ങൾ മാങ്കുളം ടൗണിൽ നടുറോഡിൽ കെട്ടിയിട്ട് തല്ലും. പറയുന്നത് സിപിഐ ലോക്കൽ സെക്രട്ടറിയാ...’ എന്നൊക്കെ പറഞ്ഞായിരുന്നു പ്രകടനം. ‘ഞാൻ വിചാരിച്ചാൽ 24 മണിക്കൂറുകൊണ്ട് നിന്നെ മാറ്റും. പക്ഷേ, നിനക്ക് നാലെണ്ണം തന്ന് വിടാൻ വേണ്ടിയാണ് മാറ്റാതെ വച്ചേക്കുന്നേ. ഈ പഞ്ചായത്ത് ഇലക്‌ഷൻ ഒന്നു കഴിഞ്ഞോട്ടെ....’ എന്നൊക്കെ ഉദ്യോഗസ്ഥർക്കുനേരെ ഭീഷണിയുയർത്താൻ ഒരു ചെറു പ്രാദേശിക നേതാവിന് എങ്ങനെയാണു ധൈര്യം ലഭിച്ചത്?

സിങ്കുകുടി ആദിവാസി സങ്കേതത്തിനോടു ചേർന്നുള്ള മലമുകളിൽ ബംഗ്ലാവ് തറയിലാണ് കാട്ടാനശല്യത്തിനെതിരെ രണ്ടാഴ്ച മുൻപു വനംവകുപ്പ് ട്രെഞ്ച് നിർമിച്ചത്. മഴക്കാലം ആരംഭിക്കുന്നതോടെ ട്രെഞ്ചിൽ വെള്ളം കെട്ടിനിന്ന് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നു കോളനി നിവാസികൾ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ, ജില്ലാ കലക്ടർ ഇടപെട്ട് പ്രശ്നപരിഹാരത്തിനായി സംയുക്ത പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു. തുടർന്നാണ് ദേവികുളം തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും മാങ്കുളം ഡിഎഫ്ഒയുടെ നേതൃത്വത്തിൽ വനപാലകസംഘവും സംഭവസ്ഥലത്തെത്തിയത്. പ്രാദേശിക നേതാവിന്റെ ഭീഷണിയും കൊലവിളിയും കണ്ട് പ്രശ്നപരിഹാരത്തിനെത്തിയ ഉദ്യോഗസ്ഥർ സ്ഥലംവിട്ടു. മഴക്കാലം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കേണ്ട മാങ്കുളം നിവാസികളുടെ അടിയന്തര ആവശ്യം ബാക്കിയാവുകയും ചെയ്തു.

രാഷ്ട്രീയത്തിൽ ധാർമികതയുടെയും മൂല്യബോധത്തിന്റെയും പ്രസക്തി ഓർമിപ്പിച്ചുപോന്ന നേതാക്കളുടെ പാരമ്പര്യമുള്ള പാർട്ടിയാണ് സിപിഐ. ധാർഷ്ട്യം മാത്രം കൈമുതലാക്കി മാന്യമല്ലാത്ത ഇത്തരം ഇടപെടലുകൾ നടത്തുന്ന പ്രാദേശിക നേതാക്കൾ പാർട്ടിയുടെ ആ കുലീന പാരമ്പര്യത്തെക്കൂടിയാണു നാണംകെടുത്തുന്നത്.

ഇടുക്കിയിലെ രാഷ്ട്രീയപ്രവർത്തനത്തിനുമേൽ വെല്ലുവിളിയുടെയും കൊലവിളിയുടെയും കരിനിഴൽ പണ്ടേ വീണുകിടക്കുന്നുണ്ട്. 2007ൽ, മൂന്നാറിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്ന ദൗത്യസംഘത്തിനു നേരെ അന്നു സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ മന്ത്രി എം.എം.മണി ഉയർത്തിയ ഭീഷണി വിവാദമായതാണ്. 2017ൽ അന്നത്തെ ദേവികുളം സബ് കലക്ടറെ ഊളമ്പാറയ്ക്കു വിടണമെന്നും എം.എം.മണി പറഞ്ഞു. കഴിഞ്ഞ വർഷം, ദേവികുളം സബ് കലക്ടർ ഡോ.രേണു രാജിനെ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ തരംതാണ വാക്കുകളാൽ അധിക്ഷേപിച്ച സംഭവം കേരളത്തിന്റെയാകെ പ്രതിഷേധത്തിനു കാരണമായിരുന്നു. ലോക്കൽ നേതാക്കളും ഒട്ടും കുറച്ചിട്ടില്ല. ചിന്നക്കനാലിലും മറയൂരും രാജാക്കാടും പാർട്ടിയുടെ പ്രാദേശിക നേതാക്കൾ കൊലവിളിയുമായി ഉദ്യോഗസ്ഥരെ നേരിട്ട ചരിത്രവുമുണ്ട്.

മാങ്കുളത്ത് ഉണ്ടായതുപോലെയുള്ള ഭീഷണിയും കൊലവിളിയും പരിഷ്കൃതസമൂഹത്തിനു ചേർന്നതല്ല. അധികാരത്തിന്റെ ലഹരിയിൽ സ്വയംമറക്കുന്ന നേതാക്കൾക്കു പ്രാദേശികതലം മുതൽ മൂക്കുകയറിടാൻ രാഷ്ട്രീയ പാർട്ടികൾ ഉറച്ച തീരുമാനമെടുക്കുകയും വേണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com