ADVERTISEMENT

സ്വ‌ർണക്കടത്തു കേസിൽ എല്ലാമുണ്ട്: കക്ഷിരാഷ്ട്രീയം, നയതന്ത്രം, സ്വർണം, രാജ്യദ്രോഹം, പോരാഞ്ഞിട്ട് സ്ത്രീയും. ഭിന്നരുചികൾക്കൊത്തു വാർത്തയും അഭിപ്രായവും ഒരുക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും ഇവയോട് എങ്ങനെ പ്രതികരിച്ചു എന്നത് 21–ാം നൂറ്റാണ്ടിലെ കേരളത്തിനു മുഖം നോക്കാനുള്ള കണ്ണാടികൂടി നൽകുകയാണ്. സ്ത്രീകൾ ഉൾപ്പെടുന്ന രാഷ്ട്രീയമാനമുള്ള കേസുകൾ ലോകത്തു കാലാകാലങ്ങളിലായി സംഭവിക്കുന്നു. എന്നാൽ, അവയോടു പൊതുസമൂഹം പ്രതികരിക്കുന്ന രീതിയിൽ കഴിഞ്ഞ കുറച്ചു ദശകങ്ങളിലായി മാറ്റം സംഭവിച്ചിട്ടുണ്ട്.

1961ൽ ബ്രിട്ടനിലെ പ്രതിരോധ മന്ത്രിയായിരുന്ന ജോൺ പ്രൊഫ്യൂമോയും പത്തൊൻപതുകാരി ക്രിസ്റ്റീൻ കീലറുമായുള്ള ബന്ധം അന്നത്തെ പ്രധാനമന്ത്രി ഹാരോൾഡ് മക്മില്ലന്റെ രാജിയിലാണ് അവസാനിച്ചത്. അന്നും ഇന്നും മസാലക്കൂട്ടുള്ള വാർത്തകൾക്കു പ്രാധാന്യം നൽകുന്ന ബ്രിട്ടനിലെ ടാബ്ലോയ്ഡ് പത്രങ്ങളുടെ അത്ര ശ്ലീലമല്ലാത്ത ശ്രദ്ധ മുഴുവനും അക്കാലത്ത് ക്രിസ്റ്റീൻ കീലറിലായിരുന്നു.

എന്നാൽ 2020ൽ, ബ്രിട്ടനിലെ രാജ്ഞിയുടെ മകനായ ആൻഡ്രൂ രാജകുമാരനെതിരെ ഗുരുതര ലൈംഗികാരോപണം ഉയർന്നപ്പോൾ ഇതേ ടാബ്ലോയ്ഡ് പ്രസ് കുറ്റാരോപിതനായ ആൻഡ്രൂവിനെ മാത്രം മുൾമുനയിൽ നിർത്തുകയാണു ചെയ്തത്. അവർ സ്ത്രീകളെ അന്വേഷിച്ചു പോയില്ലെന്നു മാത്രമല്ല, അവരോടു സഹതാപം പ്രകടിപ്പിക്കുകയും ചെയ്തു. യുഎസിലും മറ്റു പടിഞ്ഞാറൻ രാജ്യങ്ങളിലും ഇത്തരത്തിലൊരു മാറ്റം ഇന്നു കാണാവുന്നതാണ്.

profumo
ജോൺ പ്രൊഫ്യൂമോ, ക്രിസ്റ്റീൻ കീലർ, ഹാരോൾഡ് മക്മില്ലന്‍.

കഴിഞ്ഞ ആറു ദശകങ്ങളിൽ സ്ത്രീകളോടുള്ള കാഴ്ചപ്പാടിൽ വലിയ മാറ്റമാണു സംഭവിച്ചിട്ടുള്ളത്. അതിനു കാരണം ലിംഗനീതിക്കു വേണ്ടി ഈ കാലയളവിൽ സ്ത്രീകൾ നടത്തിയ വലിയ പോരാട്ടം തന്നെയാണ്. അതിന്റെ അവസാനത്തെ പോർമുഖമാണ് സ്ത്രീവാദികൾ മീടൂ പ്രസ്ഥാനത്തിലൂടെ തുറന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ ആണധികാരം അവസാനിച്ചുവെന്നല്ല പറയുന്നത്, പക്ഷേ ഫെമിനിസം അവിടങ്ങളിലെ സംവാദങ്ങളെയും ഉപയോഗിക്കുന്ന ഭാഷയെയും പൊതുബോധത്തെയും ഒരു പരിധിവരെ മാറ്റി. എന്നാൽ, കേരളത്തിൽ ഇതൊന്നും ബാധകമായിട്ടുള്ളതായി തോന്നുന്നില്ല. 1964ൽ ഒരു സഹപ്രവർത്തകയുമൊത്ത് അന്നത്തെ മന്ത്രി  പി.ടി.ചാക്കോ പീച്ചി അണക്കെട്ടിലേക്കു നടത്തിയ യാത്ര അവസാനിച്ചത് അദ്ദേഹത്തിന്റെ രാജിയിലാണ്. അന്നുണ്ടായ കോലാഹലത്തിന്റെ ശൈലിയും ഉള്ളടക്കവും ഇപ്പോഴും കേരളത്തിൽ മാറ്റമില്ലാതെ തുടരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, ശിവശങ്കറിനെ തന്റെ സെക്രട്ടറിയുടെ പദവിയിൽനിന്നു മാറ്റിയതിനു കാരണമായി പറഞ്ഞത് വിവാദസ്ത്രീയുമായി ചേർത്തു ചില ആക്ഷേപങ്ങൾ ഉയർന്നു എന്നാണ്. അതായത് ഇതിനെയൊരു സദാചാരപ്രശ്നമായും സ്വപ്ന സുരേഷിനെ ഒരു സ്ത്രീ മാത്രമായും ചുരുക്കുന്നു. വാസ്തവത്തിൽ അവരുടെ ജെൻഡറിനെക്കാൾ പ്രാധാന്യം നൽകേണ്ടത് അവർ സ്വർണക്കടത്തു കേസിലെ പ്രതിയാണ് എന്നതിനാണ്. 

സർക്കാരിൽ സ്ഥലംമാറ്റ ഉത്തരവുകളിൽ കാരണം കാണിക്കാറില്ല; ആരുമൊട്ടും ഔദ്യോഗികമായി വിശദീകരിക്കാറുമില്ല. തന്റെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് ശിവശങ്കറിന്റെ സ്ഥാനചലനത്തെക്കുറിച്ച് ഇത്തരമൊരു വെളിപ്പെടുത്തൽ ആവശ്യമാണെന്നു തോന്നിയെങ്കിൽ അതിനു കാരണം, പൊതുസമൂഹത്തെ അതുകൊണ്ടു തൃപ്തരാക്കാമെന്നും രാഷ്ട്രീയ എതിരാളികളുടെ വായടപ്പിക്കാമെന്നുമുള്ള വിശ്വാസമാണ്.

വാസ്തവത്തിൽ നമ്മുടെ പൊതുസമൂഹം അത്ര മോശമാണോ? സ്ത്രീപുരുഷ സമത്വവും 21–ാം നൂറ്റാണ്ടിന്റെ ആധുനികതയും ഉൾക്കൊണ്ട വലിയൊരു കൂട്ടം ആളുകൾ, പ്രത്യേകിച്ചു ചെറുപ്പക്കാർ, കേരളത്തിലുണ്ട്. അവർ ഈ കേസ് ആദ്യ ദിനങ്ങളിൽ കൈകാര്യം ചെയ്ത രീതിയിൽ – സ്വപ്ന സുരേഷിന്റെ ചിത്രങ്ങളുടെ അമിതോപയോഗം, ദുഃസൂചനകൾ തുടങ്ങിയവ – ഖിന്നരാണ്. അവരുടെ ശബ്ദം ഉയർന്നു കേൾക്കുന്നില്ലെങ്കിൽ അതിനു കാരണം, രാഷ്ട്രീയ നേതൃത്വങ്ങളും പൊതുമണ്ഡലത്തിലെ മറ്റു താക്കോൽ സ്ഥാനങ്ങളും ഇപ്പോഴും കേരളത്തിൽ കയ്യാളുന്നത് ആണധികാരമാണ് എന്നതാണ്. 

child

തകർന്നുപോകുന്ന പിഞ്ചുമനസ്സുകൾ 

കോവിഡ് നമ്മെ പല രീതിയിലും പരീക്ഷിക്കുകയാണ്. ശ്വാസകോശങ്ങളെ മാത്രമല്ല, അതു മനസ്സിനെയും ബാധിക്കുന്നു. അടച്ചിടലും സഹവാസികളിൽനിന്ന് അകലം പാലിക്കലുമെല്ലാം സമൂഹജീവിയായ മനുഷ്യന്റെ മാനസികാരോഗ്യത്തെ ബാധിക്കും. കൂടുതൽ ബാധിക്കുക, ഇതിനെ നേരിടാനുള്ള പക്വതയോ അനുഭവസമ്പത്തോ ആർജിച്ചിട്ടില്ലാത്ത പ്രായപൂർത്തിയാകാത്തവരെയാണ്. 

പിഞ്ചുമനസ്സുകൾ തകർന്നുപോയതിന്റെ വളരെ ഞെട്ടിപ്പിക്കുന്ന കണക്ക് ഈയിടെ കേരളത്തിൽ പുറത്തുവന്നു. കോവിഡ് കാലയളവിൽ കേരളത്തിൽ 66 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. സംസ്ഥാന സർക്കാർ ഇതു ഗൗരവമായി കാണുകയും പ്രശ്നം പഠിക്കാൻ ഒരു വിദഗ്ധസമിതിയെ നിയമിക്കുകയും ചില പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്നത് സ്വാഗതാർഹമാണ്.

ഈ ദുരന്തങ്ങൾക്കു പിന്നിലുള്ള പ്രധാന കാരണം നമുക്കറിയാം: സ്കൂൾ അടച്ചിടൽ. ഇന്ത്യയിൽ 15 ലക്ഷം സ്കൂളുകളിലായി 25 കോടി വിദ്യാർഥികൾ, ആദ്യമായി ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25 മുതൽ വീട്ടിലിരിപ്പാണ്. ഇതിൽ 33% വിദ്യാർഥികൾ സ്വകാര്യ സ്കൂളുകളിലാണ്. അവിടങ്ങളിൽ ഓൺലൈൻ പഠനം നടക്കുന്നു. സർക്കാർ സ്കൂളുകളിൽ ടിവി ചാനലുകൾ, വാട്സാപ്, ആൻഡ്രോയ്ഡ് ഫോൺ തുടങ്ങി പല രീതിയിലുമുള്ള പഠനരീതികൾ സംസ്ഥാനങ്ങൾ പിന്തുടരുന്നു. ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ഓൺലൈൻ പഠനത്തിന്റെ പ്രശ്നം ഡിജിറ്റൽ വിഭജനത്തിന്റേതാണ്. വാസ്തവത്തിൽ പല വിദ്യാർഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം പ്രാപ്യമല്ല; അവരുടെ വേനലവധി തുടരുകയാണ്.

ലോക വ്യാപകമായി സ്കൂൾ അടച്ചിടുന്നതിനെപ്പറ്റി പൊതുധാരണയില്ല. ഇന്ത്യയിലും ഏഷ്യയിൽ ചൈന ഒഴിച്ചുള്ള മറ്റു മിക്ക രാജ്യങ്ങളിലും, ആഫ്രിക്കയിലും തെക്കൻ അമേരിക്കയിലും രാജ്യവ്യാപകമായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ചൈന, ഫ്രാൻസ്, റഷ്യ, യുഎസ് തുടങ്ങിയ വലിയ രാജ്യങ്ങളിൽ അടച്ചിടൽ പ്രാദേശികമാണ്. ബെലാറൂസ്, നോർവേ തുടങ്ങി അപൂർവം ചില രാജ്യങ്ങൾ സ്കൂളുകൾ അടച്ചില്ല. 

ഇന്ത്യയിൽ സ്കൂളുകൾ തുറക്കുന്നതിനെപ്പറ്റിയും വ്യക്തതയില്ല. കേന്ദ്രസർക്കാർ പറയുന്നത് ഓഗസ്റ്റ് 15നു ശേഷം ആലോചിച്ചാൽ മതിയെന്നാണ്. അഥവാ, സ്കൂളുകൾ തുറക്കാൻ ഒരു തീയതി നിശ്ചയിച്ചാൽത്തന്നെ, രോഗവ്യാപനം പൂർണമായും നിലച്ചുവെന്ന് ഉറപ്പുവരാതെ മാതാപിതാക്കൾ കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കുകയുമില്ല. അടച്ചിടൽ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നു വ്യക്തമായ സ്ഥിതിക്ക് ഒരുപക്ഷേ, ഈ സങ്കീർണ സമസ്യയുടെ ഭാഗികമായ പരിഹാരം, സ്കൂളുകൾ തുറക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാരുകൾക്കു വിട്ടുകൊടുക്കുകയും അവരത് പ്രാദേശികമായി നടപ്പാക്കുകയും ആയിരിക്കാം.

സ്കോർപ്പിയൺ കിക്ക്: യുഎഇ കോൺസൽ ജനറൽ മന്ത്രി ജലീലിനെ വിളിക്കുകയും ആ സ്ത്രീയുടെ പേരു പറഞ്ഞ്, അവരുമായി ബന്ധപ്പെടാനും പറഞ്ഞു: മുഖ്യമന്ത്രി. 

സ്വപ്ന എന്ന പേര് ആ ചുണ്ടുകളിൽനിന്നു കേൾക്കാമെന്നു പ്രതീക്ഷിക്കേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com