ADVERTISEMENT

2018ൽ സിലിക്കൺ വാലിയിലെ കമ്പനികളെ ‘കേരള മോഡൽ ഐടി’ പരിചയപ്പെടുത്താനായി മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറും മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനും ഉൾപ്പെട്ട സംഘം യുഎസിലേക്കൊരു യാത്ര നടത്തി. യാത്രയ്ക്കും താമസത്തിനുമായി മാത്രം 21 ലക്ഷം രൂപയായിരുന്നു സർക്കാർ ഖജനാവിൽനിന്നുള്ള ചെലവ്. ബോസ്റ്റൺ, സിയാറ്റിൽ, സാൻഫ്രാൻസിസ്കോ എന്നിവിടങ്ങളിൽ ഗ്ലോബൽ കണക്ട് എന്ന പേരിൽ വിവിധ കമ്പനികളിലെ ഇന്ത്യൻ പ്രതിനിധികളെ ഉൾപ്പെടുത്തി സമ്മേളനങ്ങൾ നടത്തി. മൂന്നിടങ്ങളിലെയും അത്താഴവിരുന്ന് സ്പോൺസർ ചെയ്യിച്ചത് കേരളത്തിൽ നിക്ഷേപമുള്ള ഐടി കമ്പനികളെക്കൊണ്ട്. 

വമ്പൻ കമ്പനികളിൽ സന്ദർശനം നടത്തുകയും ഫോട്ടോ ഷൂട്ട് നടത്തുകയും സെൽഫി എടുക്കുകയും ചെയ്തതൊഴിച്ചാൽ, ഇതുവഴി ഏതെങ്കിലും നിക്ഷേപം കേരളത്തിലേക്കെത്തിയതായി അറിവില്ല. യൂറോപ്പിൽ ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, ഹനോവർ എന്നിവിടങ്ങളിലും ഐടി ഫെലോസ് അടങ്ങിയ സംഘം യാത്ര നടത്തിയെങ്കിലും എന്തു ഫലമുണ്ടായെന്ന് ആർക്കുമറിയില്ല. അരുൺ ബാലചന്ദ്രന്റെ യാത്ര ഇതിൽ മാത്രമൊതുങ്ങിയില്ല; കേരളത്തെ പ്രതിനിധീകരിച്ച് ദുബായ് ജിടെക്സ് എക്സ്പോ, സ്പെയിനിലെ വേൾഡ് മൊബൈൽ കോൺഗ്രസ് എന്നിവിടങ്ങളിലും അരുണെത്തി.

Arun-Balachandran-visiting-card
അരുൺ ബാലചന്ദ്രന്റെ വിസിറ്റിങ് കാർഡ്

അരുൺ ബാലചന്ദ്രനുൾപ്പെടുന്ന ഐടി ഫെലോസിൽ ഓരോരുത്തർക്കും ഒന്നര ലക്ഷത്തോളം രൂപയായിരുന്നു ശമ്പളം. ഫുൾടൈം എംബിഎ വേണമെന്നു പറഞ്ഞ് അപേക്ഷ ക്ഷണിച്ച തസ്തികയിൽ അരുണെത്തിയത് ഐഐഎം കോഴിക്കോട് ഓഫ് ക്യാംപസ് സെന്ററുകൾ വഴി നടത്തുന്ന എക്സിക്യൂട്ടീവ് എംബിഎയുമായി.

കൊച്ചി കേന്ദ്രമായി ഒരു ഫാഷൻ മാഗസിൻ നടത്തിയാണ് അരുൺ സെലിബ്രിറ്റികൾ, ഉന്നതർ എന്നിവരുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. ഉന്നതബന്ധങ്ങൾ പുറത്താകുമെന്നതിനാലാകും, വിവാദം വന്ന് അടുത്ത നിമിഷം അരുണിന്റെ ഫെയ്സ്ബുക് പ്രൊഫൈൽ അപ്രത്യക്ഷമായത്.

വിസിറ്റിങ് കാർഡിൽ സർക്കാർ മുദ്രയും തസ്തികയിലെ ‘ചീഫ് മിനിസ്റ്റേഴ്സ് ഫെലോ’ എന്ന പേരും ഇവർക്ക് എല്ലായിടത്തും സ്വീകാര്യത നൽകിയിരുന്നു. 

അന്നു കണ്ടെത്തി, ഒന്നും ചെയ്യാതെ 33,000 ഇഷ്ടക്കാർ

സർക്കാരിനുമേൽ അനാവശ്യവും അധികവുമായി സാമ്പത്തികഭാരം വരുത്തിവയ്ക്കാൻ ഇടയുള്ള ഫയലുകളിൽ എതിർപ്പു രേഖപ്പെടുത്തുകയെന്നതാണല്ലോ ധനവകുപ്പിന്റെ പ്രധാന ജോലികളിലൊന്ന്. എന്നാൽ, ആ ധനവകുപ്പിലേക്ക് ഒന്നു നോക്കൂ. എൺപതോളം താൽക്കാലിക ജീവനക്കാരെയാണ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ താൽക്കാലികമായി ഇരുത്തിയിരിക്കുന്നത്. ഇത്രയും വേണ്ടപ്പെട്ടവരെ ധനവകുപ്പിൽ കുത്തിനിറയ്ക്കുന്നതും ആദ്യം.

സർക്കാർ ജീവനക്കാരുടെ ശമ്പളം കൈകാര്യം ചെയ്യുന്ന സ്പാർക്കിലും പങ്കാളിത്ത പെൻഷൻ വിഭാഗത്തിലുമുണ്ട് ഇതുപോലെ കരാറുകാർ. കിഫ്ബിയിലെ അൻപതോളം ജീവനക്കാരിൽ മുപ്പതോളം പേരും കരാറുകാർ തന്നെ. 40,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് ശമ്പളം.

ഇതൊക്കെ ചൂണ്ടിക്കാട്ടുമ്പോൾ കരാറുകാരെക്കൊണ്ടു മാത്രമേ ഫലപ്രദമായി ജോലി ചെയ്യിക്കാനാകൂ എന്ന വാദമാണ് പല സർക്കാർ കോണുകളിലും നിന്നുയരുന്നത്. താൽക്കാലികമായ പദ്ധതികൾക്കു താൽക്കാലികക്കാരെ വയ്ക്കുന്നതാണ് ഉചിതമെന്ന വാദവുമുണ്ട്. എന്നാൽ, കേരള പബ്ലിക് എക്സ്പെൻഡിച്ചർ കമ്മിറ്റി 2012-13ൽ സമർപ്പിച്ച റിപ്പോർട്ട് നോക്കൂ – സർക്കാർ വകുപ്പുകളിലെ ആകെ താൽക്കാലിക ജീവനക്കാരിൽ 33,061 പേർ ഒരു ജോലിയുമില്ലാതിരിക്കുകയാണ്. കാരണം, ഇവർ ജോലി ചെയ്തിരുന്ന പദ്ധതികളുടെയെല്ലാം കാലാവധി അവസാനിച്ചു. എന്നിട്ടും ആരെയും പറഞ്ഞുവിട്ടില്ല. പണിയില്ലാതെ ശമ്പളം വാങ്ങി അവർ അതേ കസേരകളിൽ തുടരുന്നു. അന്നത്തെ പഠനത്തിനു ശേഷം സമാനമായ ഒരു കണക്കെടുപ്പിനു സർക്കാർ തയാറായിട്ടില്ല. കാരണം, കണക്കുകൾ പുറത്തായാൽ പല ഇഷ്ടക്കാരെയും പറഞ്ഞുവിടേണ്ടി വരും.

തദ്ദേശസ്ഥാപനങ്ങളിലെ വിവരശേഖരണ ജോലികൾക്കായി ആയിരത്തോളം പേരെയാണ് ടെക്നിക്കൽ അസിസ്റ്റന്റുമാരായി നിയമിച്ചിരിക്കുന്നത്. 6 മാസത്തിൽ കൂടുതൽ കാലം നിലനിൽക്കുന്ന ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണമെന്നു നിയമമുണ്ടായിരിക്കെ, 2013 മുതൽ താൽക്കാലിക ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഈ ഒഴിവുകളൊന്നും ഇതുവരെ പിഎസ്‍സിക്കു റിപ്പോർട്ട് ചെയ്തിട്ടില്ല. ധനവകുപ്പിന്റെ മാനദണ്ഡങ്ങൾ പ്രകാരം ഇവർക്ക് 21850 രൂപയായിരുന്നു വേതനം. ഇതു 30,385 രൂപയാക്കി ഉയർത്തി കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി.

ചോദ്യം വേണ്ട; ഇതാ ജോലി

വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ചോദിച്ചു തട്ടിപ്പുകൾ പുറത്തുകൊണ്ടു വരുന്ന ആൾ തലവേദനയായാൽ എന്തുചെയ്യും? എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയായിരുന്നു ഇദ്ദേഹത്തിന്റെ സ്ഥിരം ഇര. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ അഴിമതികളെപ്പറ്റി ഇദ്ദേഹം നിരന്തര വിമർശനങ്ങൾ ഉന്നയിച്ചതോടെ മുനിസിപ്പാലിറ്റി പ്രതിസന്ധിയിലായി. ‘കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കാൻ’ തീരുമാനിച്ചു. വിവരാവകാശക്കാരന്റെ ഭാര്യയ്ക്കു കുടുംബശ്രീ മുഖേന ഡേറ്റാ എൻട്രി ഓപ്പറേറ്റർ ആയി നഗരസഭയിൽ താൽക്കാലിക ജോലി നൽകി. അഴിമതികളെപ്പറ്റിയുള്ള വിവരാവകാശ ചോദ്യങ്ങൾക്കും സമൂഹമാധ്യമങ്ങളിലൂടെയുള്ള വിമർശനത്തിനും അതോടെ ഫുൾ സ്റ്റോപ്!

ഇഷ്ടക്കാരുടെ പട്ടിക ഇനിയും...

∙ മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ അനുജനെ ടൂറിസം വകുപ്പിനു കീഴിലെ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാക്കി. സർക്കാർ ഇറങ്ങിപ്പോകും മുൻപ് സ്ഥിരപ്പെടുത്താനാണ് അടുത്ത നീക്കം. ടൂറിസം മന്ത്രി ചെയർമാനായ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്താൽ മാത്രം മതി. അദ്ദേഹത്തെ സ്ഥിരമായി അവിടെ ഇരുത്താം.

∙ വിദ്യാഭ്യാസ വകുപ്പിൽ സർവശിക്ഷാ അഭിയാനും (എസ്എസ്എ) രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും (ആർഎംഎസ്എ) ലയിപ്പിച്ച് സർവശിക്ഷാ കേരളം (എസ്എസ്കെ) രൂപീകരിച്ചപ്പോൾ അധിക ജീവനക്കാരെ കുറയ്ക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, ഇഷ്ടക്കാർക്കായി എണ്ണം കൂട്ടി.

എസ്എസ്കെയിലെ കരാർ നിയമനങ്ങൾ:

∙ മുൻ വിദ്യാഭ്യാസ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിന്റെ ഭാര്യ ആർഎംഎസ്എയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായി ജോലി തുടങ്ങി. ഇപ്പോൾ എസ്എസ്കെയിൽ പ്രോജക്ട് മാനേജരായി നിയമിച്ചു. ശമ്പളം 40,000 രൂപ. കോവിഡ്കാലത്ത് ഒരു ലക്ഷം രൂപ കുടിശികയും നൽകി.

∙ പാർട്ടി ചാനലിലെ ക്യാമറാമാന്റെ ഭാര്യ പ്യൂൺ ആയിരുന്നു. ഇപ്പോൾ ക്ലാർക്കായി.

∙ ഒരു മന്ത്രിയുടെ പഴ്സനൽ സ്റ്റാഫംഗത്തിന്റെ ഭാര്യയ്ക്കു ക്ലാർക്കായി നിയമനം.

∙ സിപിഎമ്മിന്റെ മുൻ പഞ്ചായത്ത് അംഗം ജോലി തരപ്പെടുത്തി.

∙ തലസ്ഥാനത്തെ കൗൺസിലറുടെ സഹോദരിക്കും ജോലി.

∙ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എസ്‌സിഇആർടിയിൽ ഇരുപത്തഞ്ചോളം കരാറുകാരും മുപ്പത്തഞ്ചിലേറെ ദിവസക്കൂലിക്കാരും. കൂട്ടത്തിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും ഡിവൈഎഫ്ഐ നേതാക്കന്മാരുടെ ഭാര്യമാരും.

തിങ്കളാഴ്ച: അവർ 11 പേരില്ലേ; നമ്മൾ 15 അല്ലേയുള്ളൂ!

തയാറാക്കിയത്: റെഞ്ചി കുര്യാക്കോസ്, മഹേഷ് ഗുപ്തൻ, വി.ആർ.പ്രതാപ്, എസ്.വി.രാജേഷ്, എം.ആർ.ഹരികുമാർ, കെ.പി.സഫീന, ജിക്കു വർഗീസ് ജേക്കബ്

പരമ്പരയുടെ ഒന്നാം ഭാഗം: നിയമനം പിൻവാതിലിലൂടെ; ചങ്കു പറിച്ചു കൊടുക്കും ഇഷ്ടക്കാർക്ക്

രണ്ടാം ഭാഗം: കഷ്ടപ്പെടാതെ ജോലി കിട്ടും (* ശ്രദ്ധിക്കുക, ഈ ഓഫർ അടുപ്പക്കാർക്കു മാത്രം)

മൂന്നാം ഭാഗം: പുറംനിയമനത്തിൽ പുലികള്‍; നിയമനം ക്ലിഫ് ഹൗസിൽ; ജോലി കണ്ണൂരിൽ

നാലാം ഭാഗം: പൊതുമേഖല: പ്രവേശനം ബന്ധുക്കൾക്കു മാത്രം!


English Summary
: Chief Minister-Pinarayi Vijayan's IT Fellow Arun Balachandran's journeys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com