ADVERTISEMENT

സംസ്ഥാനത്തു സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ തിരുവനന്തപുരത്തിന്റെ വിഹിതം ആശങ്കപ്പെടുത്തുന്ന രീതിയിൽ വർധിച്ചിരിക്കുന്നു. ഇന്നലെ തിരുവനന്തപുരത്തു കോവിഡ് സ്ഥിരീകരിച്ച 246 പേരിൽ 244 പേർക്കും രോഗം വന്നതു സമ്പർക്കത്തിലൂടെയാണ്. അതായത്, 99%. ഇതിൽത്തന്നെ ഭൂരിഭാഗവും തിരുവനന്തപുരം കോർപറേഷൻ പരിധിയിലാണ്. ഉയർന്ന ജനസാന്ദ്രത, വലിയ കമ്പോളങ്ങളുടെ സാന്നിധ്യം എന്നിവ അപകടസാധ്യത വർധിപ്പിക്കുന്നു.   

പാഠം 1

സംസ്ഥാനത്ത് ഇപ്പോൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന ആകെ രോഗബാധയുടെ ഏകദേശം നാലിലൊന്ന് തിരുവനന്തപുരത്താണ്. സമൂഹത്തിൽ കൂടുതൽ ആളുകളിലേക്കു രോഗം പകരുന്നു എന്ന വസ്തുത വലിയ കാലവിളംബമില്ലാതെ കണ്ടെത്താൻ തിരുവനന്തപുരം ജില്ലയ്ക്കു കഴിഞ്ഞു. ഇപ്പോൾ ജില്ലയിൽനിന്നു കണ്ടെത്തിക്കൊണ്ടിരിക്കുന്ന ബഹുഭൂരിപക്ഷം കേസുകളിലും കാര്യമായ രോഗലക്ഷണങ്ങളില്ല. നേരത്തേ  രേഗം സ്ഥിരീകരിച്ച ഒരു വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ടു എന്ന കാരണംകൊണ്ടു മാത്രമാണ് ഇവർ പരിശോധിക്കപ്പെടുന്നത്. അതായത്, സമാനസാഹചര്യങ്ങളുള്ള മറ്റൊരിടത്ത് രോഗത്തിന്റെ നിശ്ശബ്ദവ്യാപനം നടക്കുന്നില്ല എന്നു നമുക്കു പറയാൻ കഴിയില്ല. അതുകൊണ്ട് തിരുവനന്തപുരം നൽകുന്ന ഒന്നാമത്തെ പാഠം, നിങ്ങൾ രോഗം കണ്ടെത്താൻ വേണ്ടി തിരഞ്ഞാൽ സമൂഹത്തിൽ രോഗികളെ കണ്ടെത്താൻ കഴിയും എന്നതാണ്. അതിനു പ്രവാസത്തിന്റെ ചരിത്രമോ പ്രവാസികളുമായുള്ള സമ്പർക്കമോ വേണമെന്നില്ല. 

Dr-Anish
ഡോ. ടി.എസ്.അനീഷ് (ലേഖകൻ)

ലക്ഷണങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും രോഗികളെ കണ്ടെത്തുന്നത് സമൂഹത്തിൽ രോഗവ്യാപനം കുറയ്ക്കുന്നതിനു സഹായിക്കും. ‘രോഗനിരീക്ഷണമാണ് രോഗപ്രതിരോധത്തിന്റെ ഹൃദയം’ എന്നു പറയാറുണ്ട്. അതു നമ്മൾ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കണം. കേരളത്തിലെമ്പാടും, പ്രത്യേകിച്ചു പട്ടണങ്ങൾ കേന്ദ്രീകരിച്ച് തദ്ദേശവാസികളിൽ (പ്രവാസികളിൽ അല്ല) കൂടുതൽ ടെസ്റ്റുകൾ ചെയ്യണം. തിരുവനന്തപുരത്തു കൂടുതൽ കേസുകൾ കണ്ടെത്തുന്നത് അവിടത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതായതുകൊണ്ടാണ് എന്നു കരുതാൻ ന്യായങ്ങളുണ്ട്. കേരളത്തിലെ ഓരോ ജില്ലയിലും തദ്ദേശവാസികളിൽ ജനസംഖ്യാനുപാതികമായി എത്ര ടെസ്റ്റുകൾ ചെയ്യപ്പെട്ടിട്ടുണ്ട് എന്നതാണ് അതതു ജില്ലകളുടെ പ്രധാന രോഗനിരീക്ഷണ സൂചകം. 

പാഠം 2

2011ലെ സെൻസസ് പ്രകാരം തിരുവനന്തപുരം ജില്ല ജനസാന്ദ്രതയുടെ കാര്യത്തിൽ ഒന്നാമതും ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാമതുമാണ്. അതു മാത്രമല്ല, കോർപറേഷൻ പരിധിയിൽ താമസിക്കുന്ന ആളുകളുടെ എണ്ണമെടുത്തൽ കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള പട്ടണം തിരുവനന്തപുരമാണ്.  

തദ്ദേശവാസികളിൽ രോഗികളുടെ എണ്ണം കൂടിയതായി കണ്ടതിനെത്തുടർന്ന് തീവ്ര ലോക്ഡൗണിലേക്കു പോയ മറ്റൊരു പ്രദേശം മലപ്പുറത്തെ പൊന്നാനിയാണ്. മലപ്പുറം - പാലക്കാട് ജില്ലകളിൽ രൂപപ്പെടുന്ന കോവിഡ്  ക്ലസ്റ്ററുകൾ സംസ്ഥാനത്തിനു മുഴുവൻ ആശങ്ക പകരുന്ന കാര്യമാണ്. പൊന്നാനിക്കു പുറമേ എടപ്പാൾ, നിലമ്പൂർ തുടങ്ങിയ ചെറുപട്ടണങ്ങളിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട് എന്നതും ഒരു സൂചനയാണ്. 

ജനസംഖ്യാശാസ്ത്രപരമായിത്തന്നെ തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ രോഗവ്യാപനസാധ്യത കൂടുതലാണ്. ജനസംഖ്യയും ജനസാന്ദ്രതയും സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലെയും കോവിഡ് വ്യാപനത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ് എന്നതിന്റെ സൂചനകളാണിത്. 

പാഠം 3

കേരളത്തിലും പട്ടണങ്ങൾ കേന്ദ്രീകരിച്ചുള്ള വലിയ ക്ലസ്റ്ററുകൾ വരാനുള്ള സാധ്യതയുണ്ട്. നമ്മുടെ നഗര-ഗ്രാമങ്ങൾ തമ്മിൽ ആൾപ്പാർപ്പില്ലാത്ത ഇടങ്ങളുടെ അതിർവരമ്പുകളില്ല. അതായത്, തീവ്രമായ വ്യാപനം ഉണ്ടായാൽ നഗരഗ്രാമ ഭേദമില്ലാതെ രോഗത്തിനു കാട്ടുതീ പോലെ പടരാൻ സാധിക്കും. വലിയ പട്ടണങ്ങളില്ല എന്നത് കോവിഡ്ബാധ കണക്കിലെടുക്കുമ്പോൾ സംസ്ഥാനത്തിന് അനുകൂലമായ ഘടകമാണെങ്കിലും 10 ലക്ഷത്തോളം ജനസംഖ്യയുള്ള തിരുവനന്തപുരവും കൊച്ചിയും നമുക്കുണ്ട്. കോവിഡ്ബാധയുടെ ഗതി പരിഗണിക്കുമ്പോൾ കൊച്ചിയിലും, പ്രത്യേകിച്ച് തീരദേശത്തോടു ചേർന്ന് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതു കാണാൻ കഴിയും. അതുകൂടാതെ സംസ്ഥാനത്തെ ഓരോ അഞ്ചോ പത്തോ കിലോമീറ്ററിനുള്ളിലും ചെറു പട്ടണങ്ങളുടെയും ടൗൺഷിപ്പുകളുടെയും സാന്നിധ്യം നമ്മുടെ അപകടസാധ്യത വർധിപ്പിക്കുന്നു. 

ഒരു ഉപഭോക്തൃസമൂഹം എന്ന നിലയിൽ നമ്മുടെ നാട്ടിലെ ഓരോ കുടുംബവും ഈ ചെറുപട്ടങ്ങളുമായും കവലകളുമായും നിരന്തര സമ്പർക്കത്തിലാണ്. കോവിഡ് ബാധയുടെ ക്ലസ്റ്ററുകൾ ചെറിയ പട്ടണങ്ങൾ വഴിയായി നമ്മുടെ ഉൾനാടൻ ഗ്രാമങ്ങളിലേക്കു വ്യാപിക്കാൻ സാധ്യതയുണ്ട്. ഈ ഇടങ്ങളെല്ലാം നമ്മുടെ നിരന്തരമായ രോഗനിരീക്ഷണത്തിലാകേണ്ടതുണ്ട്. 

പാഠം 4

കേരളമൊരു ഉപഭോക്‌തൃസമൂഹമാണെന്ന വസ്തുത പലതരത്തിൽ നമ്മുടെ രോഗബാധാസാധ്യത വർധിപ്പിക്കുന്നുണ്ട് എന്നതിനു തിരുവനന്തപുരം അടിവരയിടുന്നു. പുറത്തുനിന്നു കൊണ്ടുവരുന്ന വസ്തുക്കളെക്കാൾ, അതുമായി വരുന്ന ആളുകളാണ് രോഗം വഹിക്കാൻ സാധ്യത എന്നതാണ് ഓർക്കേണ്ട കാര്യം. കൂടുതൽ സഞ്ചരിക്കുന്ന ആളുകൾ കൂടുതൽ ശ്രദ്ധിക്കണം. ഇവർ കൂടുതൽ ഇടപെടാൻ സാധ്യതയുള്ള ഇടങ്ങൾ ചന്തകളുൾപ്പെടെ ധാരാളം ആളുകൾ വന്നുപോകുന്ന വാണിജ്യ - വ്യാപാര സ്ഥാപനങ്ങളാണ്. ചന്തകൾ കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം ഇവിടെയെന്നപോലെ ചെന്നൈ ഉൾപ്പെടെ പലയിടങ്ങളിലും നടന്നതായി നമുക്കറിയാം. 

ഓരോ സ്ഥലത്തും സാമൂഹിക, സാമ്പത്തിക പ്രക്രിയകൾ നടക്കുന്ന രീതി മനസ്സിലാക്കിയാൽ മാത്രമേ, നമുക്ക് വേണ്ട കരുതലെടുക്കാൻ കഴിയുകയുള്ളൂ. രാഷ്ട്രീയസമരങ്ങളിൽപോലും ഇതു സംഭവിക്കാം. ഒരു പ്രത്യേക പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളിലല്ലാതെ, ഒരുപാട് ഇടങ്ങളിൽനിന്നു വന്നുചേരുന്ന ആൾക്കൂട്ടങ്ങളിൽ രോഗബാധയുണ്ടായാൽ അതു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം ക്ലസ്റ്ററുകൾ രൂപപ്പെടാൻ  കാരണമാകും. 

പാഠം 5

കേരളത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ളതു തീരപ്രദേശത്താണ്. ഇവിടങ്ങൾ ഹോട്സ്പോട്ടുകൾ ആയി മാറാമെന്ന് തിരുവനന്തപുരം നമ്മെ പഠിപ്പിക്കുന്നു. ഉയർന്ന ജനസാന്ദ്രതയ്ക്കു പുറമേ, ഇവിടെ പാർക്കുന്ന ജനങ്ങൾ വലിയ അളവിൽ പാർശ്വവൽകൃതരാണ് എന്നതും പൊതുസമൂഹത്തിൽ ശക്തമായി നിലനിൽക്കുന്ന പല പൊതുജനാരോഗ്യ സങ്കേതങ്ങൾക്കും ഇവിടെ വേരോട്ടം കുറവാണെന്നതും ഇവരുടെ അപകടസാധ്യത വർധിപ്പിക്കുന്നു. ഇവിടങ്ങളിലെ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടത് കോവിഡ് പ്രതിരോധത്തിൽ വളരെ നിർണായകമാണ്. 

ആലപ്പുഴ പോലെ, പ്രധാനമായും തീരദേശജനത അധിവസിക്കുന്ന ജില്ലകളെ പ്രത്യേകമായി പരിഗണിക്കണം. ഇപ്പോൾത്തന്നെ കൂടുതൽ കണ്ടെയ്ൻമെന്റ് മേഖലകളും തീരദേശങ്ങളിലും ഇതരസംസ്ഥാനങ്ങളുമായി തുറന്ന സമ്പർക്കമുള്ള പ്രദേശങ്ങളിലുമാണ്. തലസ്ഥാനനഗരി എന്ന നിലയിൽ സംസ്ഥാനത്തിനകത്തുതന്നെയുള്ള മറ്റു പ്രദേശങ്ങളിൽനിന്ന് ആളുകൾ എത്തിച്ചേരാൻ സാധ്യതയുള്ള പ്രദേശം കൂടിയാണ് തിരുവനന്തപുരം. തമിഴ്നാടുമായി സുദീർഘമായ അതിർത്തി ജില്ല പങ്കുവയ്ക്കുന്നുണ്ട്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് തമിഴ്‌നാടുൾപ്പെടെ രോഗവ്യാപനം കൂടുതലുള്ള മറ്റു പ്രദേശങ്ങളുമായുള്ള ബന്ധം തിരുവനന്തപുരത്തെപ്പോലെ മറ്റു തീരജില്ലകൾക്കുമുണ്ട്.   

(തിരുവനന്തപുരം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ അസോഷ്യേറ്റ് പ്രഫസറാണ് ലേഖകൻ)

English Summary: Lessons from covid spread in Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com