ADVERTISEMENT

ലോകത്തിലെ ഏറ്റവും ഇരുണ്ട ചർമമുള്ളയാളായി ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തിയ വനിതയാണോ ഇത്? അങ്ങനെ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്.

അല്ല. വ്യാജവാർത്തയാണ്. ചർമത്തിന്റെ നിറത്തിന്റെ അടിസ്ഥാനത്തിൽ ഒരു റെക്കോർഡും തങ്ങൾ നൽകുന്നില്ലെന്ന് ഗിന്നസ് ബുക്ക് അധികൃതർതന്നെ വ്യക്തമാക്കി. ചിത്രം സുഡാൻ വംശജയായ പ്രശസ്ത യുഎസ് മോഡൽ ന്യാകിം ഗാറ്റ്‍വെച്ചിന്റേതാണ്. ഫാഷൻ മോഡലിങ് രംഗത്തെ വർണവെറിക്കെതിരെ ശക്തമായി നിലകൊള്ളുന്നയാളുമാണ് ഇവർ.

∙ പുതുച്ചേരിയിൽ 19 വയസ്സുകാരൻ കോവിഡിന് മരുന്നു കണ്ടുപിടിച്ചതായ സന്ദേശം വന്നല്ലോ?

വ്യാജസന്ദേശമാണ്. രാമു എന്ന വിദ്യാർഥി മരുന്നു കണ്ടുപിടിച്ചെന്നും അത് ലോകാരോഗ്യ സംഘടന അംഗീകരിച്ചുവെന്നുമൊക്കെ ആ മെസേജിൽ പറയുന്നുണ്ട്. ഇഞ്ചിയും കുരുമുളകും തേനും ചേർത്തു കഴിക്കുന്ന വിദ്യയാണ് കോവിഡ് മരുന്നായി അവതരിപ്പിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന ഒരു മരുന്നും ഇത്തരത്തിൽ അംഗീകരിച്ചിട്ടില്ല.

∙ ജർമനിയിൽ 3 കണ്ണുകളുമായി പിറന്ന ഒരു കുട്ടിയുടെ വിഡിയോ വാട്സാപ്പിൽ വന്നല്ലോ?

കുട്ടിയുടെ നെറ്റിയിലാണ് മൂന്നാം കണ്ണു കാണുന്നത്. പക്ഷേ, ആ കണ്ണ് കള്ളമാണ്. വിഡിയോയിൽ ഡിജിറ്റലായി എഡിറ്റ് ചെയ്തു ചേർത്തതാണ്. കുട്ടിയുടെ ഇടത്തേ കണ്ണുതന്നെയാണ് നെറ്റിയിലും കൃത്രിമമായി ഒട്ടിച്ചു ചേർത്തതെന്ന് സൂക്ഷിച്ചു നോക്കിയാൽ കാണാം.

∙ അമിതാഭ് ബച്ചന് കോവിഡില്ലെന്നും അദ്ദേഹംകൂടി ഉടമയായ ആശുപത്രിയുടെ പരസ്യത്തിനുവേണ്ടി അഡ്മിറ്റായതാണെന്നും പറയുന്നുണ്ടല്ലോ? ആ ആശുപത്രിയിലെ ഡോക്ടർമാരെയും മറ്റും അഭിനന്ദിക്കുന്ന അദ്ദേഹത്തിന്റെ വിഡിയോയും കണ്ടു.

ശരിയല്ല. അദ്ദേഹം കോവിഡ് പോസിറ്റീവ് ആണ്. അഡ്മിറ്റ് ചെയ്തിട്ടുള്ള മുംബൈയിലെ ആശുപത്രിയിൽ അദ്ദേഹത്തിന് ഉടമസ്ഥതയില്ല. ആശുപത്രി സ്റ്റാഫിന്റെ സേവനങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്ന വിഡിയോ ഏപ്രിലിലേതാണ്. അന്ന് ആശുപത്രിയിലേക്ക് പിപിഇ കിറ്റുകൾ അദ്ദേഹം സംഭാവന ചെയ്തിരുന്നു. ഒപ്പം ആരോഗ്യസേവകരെ അനുമോദിച്ച് വിഡിയോ സന്ദേശവും നൽകി. ആ വിഡിയോ ആണത്.

English Summary: Vireal- Reality behind the videos photos and messages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com