sections
MORE

സ്വർണത്തിന്റെ തനിനിറം തിരയുമ്പോൾ...

cartoon-kodiyeri
SHARE

സ്വർണത്തിന്റെ നിറം മഞ്ഞയാണെന്നാണു പൊതുധാരണ. തങ്കമാണെങ്കിൽ അതിനു തിളക്കം അൽപം കൂടുമെന്നേയുള്ളൂ. എന്നാൽ, കേരളത്തിലെത്തുമ്പോൾ സ്വർണത്തിനു നിറഭേദം വരുമെന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. കേരളത്തിലേക്കു വരുന്ന സ്വർണത്തിന്റെ നിറം ചുവപ്പാണെന്നു ബിജെപി പറയുമ്പോൾ, കോടിയേരി അതിനെ കാണുന്നതു പച്ചനിറത്തിലാണ്.

ഇതിനെ ഗ്രീൻ കളർ ബ്ലൈൻഡ്നെസ് എന്നു നേത്രരോഗ വിദഗ്ധർ വിളിക്കും. പച്ച (ചുവപ്പ്) മലയാളത്തിൽ പറഞ്ഞാൽ വർണാന്ധത. പച്ചക്കള്ളത്തെ ചുവപ്പുകള്ളമായി കാണുന്നത് ഈ രോഗം ബാധിച്ചവർക്കാണ്. പച്ചസ്വർണം മാത്രമല്ല, കാവിസ്വർണവും കേരളത്തിൽ എത്തുന്നുണ്ടെന്നാണു സഖാവിന്റെ കണ്ടെത്തൽ. ഏതായാലും ത്രിവർണസ്വർണം കേരളത്തിലേക്കൊഴുകുന്നുണ്ടെന്ന് ആരും ആരോപിക്കാത്തതിനാൽ തൽക്കാലം കോൺഗ്രസുകാർ പരിഭ്രാന്തരാകേണ്ടതില്ല.

നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎയും കസ്റ്റംസും ഡിആർഐയും അടക്കമുള്ള കാക്കത്തൊള്ളായിരം ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങളുടെ പരിധിയിൽ സ്വർണത്തിന്റെ യഥാർഥ നിറം ഏതാണെന്നു കണ്ടെത്തുന്നതുകൂടി ഉൾപ്പെടുത്തിയാൽ ഈ തർക്കത്തിനു ന്യായമായ പരിഹാരമാകും. കേന്ദ്ര ഏജൻസികൾ ഇതിനു സമ്മതിക്കുന്നില്ലെങ്കിൽ നമ്മുടെ സ്വന്തം പൊലീസ് അന്വേഷിച്ചാലും മതി. ഇല്ലെങ്കിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയായാലും ആരും തെറ്റുപറയില്ല.

സ്വർണപ്രഭയിൽ തിളങ്ങി വിളങ്ങിനിൽക്കുന്ന സർക്കാരിന്റെ പ്രതിഛായയ്ക്കു മങ്ങലേറ്റുവെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു തോന്നിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു പിടികിട്ടുന്നില്ല. ഒരുപക്ഷേ, സ്വർണത്തിളക്കത്തിൽ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ കണ്ണു മഞ്ഞളിച്ചുപോയതാകണം. സ്വർണം ക്ലാവു പിടിക്കാറില്ലെന്നാണു കേൾവി. തുരുമ്പും അതിനെ ബാധിക്കാറില്ല. പിന്നെ എങ്ങനെയാണു സർക്കാരിന്റെ പ്രതിഛായയ്ക്കു മങ്ങലേൽക്കുന്നത്? അതോ, നയതന്ത്ര സ്വർണം 916 ഗോൾഡ് അല്ലെന്നുണ്ടോ?

സ്വർണത്തിന്റെ നിറം ഏതായാലും അതു സ്വപ്നത്തിലെങ്കിലും തിളങ്ങണം. ഇത്തവണ കടത്തിയ സ്വർണത്തിനു സുഗന്ധം കൂടിയുണ്ടെന്നാണു ചിലർ പറയുന്നത്. അതു സ്വപ്നത്തിൽ തോന്നുന്നതാണെന്നു മറ്റു ചിലർ ആണയിടുന്നു. ഏതായാലും അന്വേഷണം തീരുമ്പോൾ സ്വർണത്തിന്റെ നിറത്തെക്കുറിച്ചു വ്യക്തമായൊരു തീരുമാനം ഉണ്ടാകുമെന്നു കരുതാം.

 അവതാരങ്ങളെ തിരിച്ചറിയാൻ...

പണ്ടൊക്കെ അവതാരങ്ങൾ സംഭവിക്കുന്നത് യുഗങ്ങളിൽ വല്ലപ്പോഴുമാണ്. തന്റെ ഭരണകാലത്ത് ഏതെങ്കിലും അവതാരങ്ങൾ ഉണ്ടായാൽ അവ വ്യാജന്മാരായിരിക്കുമെന്നു പിണറായി സഖാവ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും മുൻപു പറഞ്ഞിരുന്നു. അവതാരങ്ങൾ സംഭവിക്കുന്നതു സജ്ജനങ്ങളെ സംരക്ഷിച്ചും ദുഷ്കർമികളെ ശരിപ്പെടുത്തിയും ധർമം പുനഃസ്ഥാപിക്കാനാണെന്നു ഭഗവദ്ഗീത പറയുന്നു.

അതു ശരിയാണെങ്കിൽ പിണറായി സഖാവിന്റെ ഭരണകാലത്ത് അവതാരങ്ങളുടെ ആവശ്യമേയില്ല. സജ്ജനങ്ങളെ അദ്ദേഹം ആവതു രക്ഷിക്കുന്നുണ്ട്. ദുഷ്കർമികളുടെ കഷ്ടകാലം വിവരിച്ചുകേട്ടാൽ കണ്ണിൽചോരയുള്ളവരെല്ലാം കരഞ്ഞുപോകും. ധർമത്തിന് എന്തെങ്കിലും ഗ്ലാനി സംഭവിച്ചാലല്ലേ പുനഃസ്ഥാപനത്തിന്റെ ആവശ്യമുള്ളൂ? എന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫിസിലും സെക്രട്ടേറിയറ്റിലും നിയമസഭാ സെക്രട്ടേറിയറ്റിലുമെല്ലാം അവതാരങ്ങൾ തലങ്ങും വിലങ്ങും നടക്കുകയായിരുന്നു എന്നാണു തോന്നുന്നത്.

ഒടിയൻമാരെപ്പോലെ അവതാരങ്ങളെ തിരിച്ചറിയാനും ചില എളുപ്പവിദ്യകളുണ്ട്. കാളയായി വരുന്ന ഒടിയന് എന്തെങ്കിലും അംഗവൈകല്യം ഉണ്ടാകും. ചിലപ്പോൾ അതിനു മൂന്നുകാലേ ഉണ്ടാകൂ. മറ്റു ചിലപ്പോൾ ഒരു ചെവി. പൂർണത ഒടിയൻമാർക്കു പറഞ്ഞിട്ടില്ല. അതുപോലെതന്നെയാണ് അവതാരങ്ങളും. അവർ ഒരിക്കലും സെക്യൂരിറ്റിക്കാരെ കണ്ടതായി ഭാവിക്കില്ല. അൽപം ചൊടിയും ചുണയും കൂടിയ ഇനം സെക്യൂരിറ്റിക്കാർ ആരെങ്കിലും തിരിച്ചറിയൽ കാർഡ് ചോദിച്ചാൽ അവന്റെ കാര്യം കട്ടപ്പൊകയാകും.

ചീഫ് മിനിസ്റ്റേഴ്സ് ഫെലോ, ഫസ്റ്റ് സെക്രട്ടറി യുഎഇ കോൺസുലേറ്റ് എന്നൊക്കെയായിരിക്കും തിരിച്ചറിയൽ കാർഡിൽ. സർക്കാർ മുദ്ര മത്തങ്ങ, വെണ്ടയ്ക്കാ വലുപ്പത്തിൽ തരാതരം പോലെ കാർഡിൽ ഉണ്ടാകുമെന്നു പ്രത്യേകം പറയേണ്ടതില്ല. നടുങ്ങിപ്പോകുന്ന സെക്യൂരിറ്റിക്കാർ തിരക്കിട്ടു മൂന്നുനാലു സല്യൂട്ടുകൾ നൽകിയായിരിക്കും അവതാരങ്ങളെ അകത്തേക്ക് ആനയിക്കുന്നത്.

യഥാർഥ അവതാരങ്ങളെയും വ്യാജ അവതാരങ്ങളെയും തിരിച്ചറിയാനുള്ള ഒരുതരം ലിറ്റ്മസ് കടലാസ് എകെജി സെന്ററിലെ ഗവേഷണശാലയിൽ പാർട്ടി ശാസ്ത്രജ്ഞർ വികസിപ്പിച്ചുവരുന്നുണ്ട്. കൊറോണ വാക്സിൻ പോലെ ഇതു മനുഷ്യരിൽ പരീക്ഷിക്കാൻ വൈകാതെ അനുമതി കിട്ടുമെന്നാണു പാർട്ടിയുടെ പ്രതീക്ഷ.

സ്റ്റോപ് പ്രസ്: ആകാശത്തു ധൂമകേതുക്കളെ കണ്ടെന്നു വാർത്ത.

ഇതിലെന്തു വാർത്തയിരിക്കുന്നു? തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പരിസരത്തു ചെന്നു നിന്നാൽ പോരേ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA