ADVERTISEMENT

കേരള ബാങ്കിനെ കേരളത്തിലെ ഏറ്റവും വലിയ ബാങ്കായി വളർത്തുകയാണു സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. എന്നാൽ, കേരള ബാങ്കിനെക്കാൾ വേഗത്തിൽ വളരുന്ന ഒരാൾ അവിടെയുണ്ട്. ആ വളർച്ച കണ്ടു കണ്ണുതള്ളി നിൽക്കുകയാണു മറ്റു ജീവനക്കാർ. ആ ഒരാളെ വിവിധ തസ്തികകളിൽ പ്രതിഷ്ഠിക്കാനായി ഇറങ്ങിയിട്ടുള്ള അത്രയും ഉത്തരവുകൾ വേറെ ആർക്കുമായി വകുപ്പു പുറത്തിറക്കിയിട്ടില്ല. കാരണം ഒന്നു മാത്രം – വകുപ്പിലെ അത്യുന്നതനു മേലുള്ള സ്വാധീനം.

ബാങ്ക് ക്ലാർക്കായി കരാർ അടിസ്ഥാനത്തിൽ കയറിയ അവർ പിന്നീടു ബാങ്കിനു കീഴിലെ കോളജിൽ ഓഫിസ് അസിസ്റ്റന്റായി. കോളജ് പൂട്ടിയതോടെ പണി പോയി. പിന്നീടു കാണുന്നത് കേരള ബാങ്ക് രൂപീകരിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സംഘങ്ങളടങ്ങിയ ടാസ്ക് ഫോഴ്സിൽ. നബാർഡിൽനിന്നും റിസർവ് ബാങ്കിൽ നിന്നുമൊക്കെയുള്ള വിദഗ്ധർക്കൊപ്പമാണ് അവരെ പിടിച്ചിരുത്തിയത്. ശമ്പളം അരലക്ഷം രൂപ. ബാങ്ക് രൂപീകരിച്ചതോടെ ടാസ്ക് ഫോഴ്സ് പിരിച്ചുവിട്ടു. ഉടൻ അടുത്ത നിയമന ഉത്തരവു വന്നു. കേരള ബാങ്ക് സെല്ലിൽ ഉന്നത പദവി.

ഒരാളെ ഉയരത്തിലിരുത്താൻ പതിവായി ഇറങ്ങുന്ന ഉത്തരവുകൾ വിവാദമായതോടെ ഇവരെ ബാങ്കിനു കീഴിലെ ട്രെയിനിങ് കോളജിൽ മുക്കാൽ ലക്ഷം രൂപ ശമ്പളത്തിനു കസേര നൽകി മാറ്റി. ഒടുവിൽ, തലസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനു തലേന്ന് വീണ്ടും കേരള ബാങ്കിലേക്കു തന്നെ തിരിച്ചെത്തിക്കുകയും ചെയ്തു.

തസ്തിക ഉയരട്ടെ, കുറച്ചു കൂടി

13 വർഷം മുൻപ് സംസ്ഥാന സഹകരണ ബാങ്കിൽ കരാർ നിയമനം നേടിയ മുൻ എസ്എഫ്ഐ നേതാവിനെ സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയതും ഇൗയിടെയാണ്. ഡപ്യൂട്ടേഷനിൽ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫായി ജോലി ചെയ്യുന്ന ഇദ്ദേഹത്തെ കേരള ബാങ്കിലെ ഉന്നത പദവികളിലൊന്നായ ഡപ്യൂട്ടി ജനറൽ മാനേജർ (ഡിജിഎം) തസ്തികയിൽ വാഴിക്കാനാണ് ഇപ്പോൾ ഒരുങ്ങുന്നത്. ഇതു നേരിട്ടു നടപ്പാക്കുന്നതിനു പകരം വളഞ്ഞ വഴിയിലൂടെയാണു സ്ഥാനാരോഹണം.

കഴിഞ്ഞ മേയിൽ പുറത്തിറക്കിയ ഓർഗനൈസേഷൻ സ്ട്രക്ചറിൽ ഇദ്ദേഹത്തിന്റെ തസ്തികയെ ഡപ്യൂട്ടി ജനറൽ മാനേജർ തസ്തികയ്ക്കു തുല്യമാക്കി. ഈ തസ്തികയിൽ ബാങ്കിൽ ജോലി ചെയ്യുന്നത് ഇദ്ദേഹം മാത്രം. മുൻപ് മാനേജർക്കു താഴെയായിരുന്ന തസ്തിക ഇപ്പോൾ മാനേജർക്കും സീനിയർ മാനേജർക്കും മുകളിലായി. ഡപ്യൂട്ടേഷൻ കഴിഞ്ഞു തിരിച്ചുചെല്ലുമ്പോൾ ഇദ്ദേഹത്തിന് അത്യുന്നതങ്ങളിൽ കയറിയിരിക്കാം.

മന്ത്രിമാർക്കും പാർട്ടിക്കാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വേണ്ടപ്പെട്ടവരാണെങ്കിൽ ഇങ്ങനെയാണ്. യോഗ്യത ഒരു മാനദണ്ഡമേയല്ല. ലക്ഷങ്ങൾ ശമ്പളം നൽകാനായി കേട്ടുകേൾവിയില്ലാത്ത തസ്തികകൾ പോലും സൃഷ്ടിച്ചുകളയും.എന്നാൽ, പതിറ്റാണ്ടുകളായി ജോലി ചെയ്യുന്ന അർഹരായ താൽക്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്താനായി നേതാക്കളാരും ഉത്സാഹം കാട്ടാറുമില്ല.

മെഡിക്കൽ സർവീസസ് കോർപറേഷനിലെ 16 തസ്തികകൾ പിഎസ്‌സിക്കു വിട്ടുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. എന്നാൽ, 13 വർഷമായി ഇവിടെ ജോലി ചെയ്യുന്ന ഫാർമസിസ്റ്റ്, അസിസ്റ്റന്റ് സൂപ്പർവൈസർ, പാക്കർ, വർക്കർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവർക്കായുള്ള 70 തസ്തികകൾ താൽക്കാലികമായിത്തന്നെ നിലനിർത്തി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോടികൾ ബാധ്യതയുണ്ടാക്കുന്ന ഉയർന്ന തസ്തികകൾ സൃഷ്ടിക്കാൻ മത്സരിക്കുന്ന സർക്കാരിന് താഴെക്കിടയിലുള്ള ജീവനക്കാരോട് ഇതാണു സമീപനം.

ശമ്പളത്തിന് പണമില്ലെങ്കിലെന്ത്?

ജീവനക്കാർക്കു ശമ്പളം നൽകാൻ ഗതിയില്ലാത്ത കെഎസ്ആർടിസിയിൽ പോലും 2 ഡപ്യൂട്ടി ജനറൽ മാനേജർമാരുടെ തസ്തിക സൃഷ്ടിച്ച് കരാർ അടിസ്ഥാനത്തിൽ നിയമനം. കെഎസ്ആർടിസിയുടെ ചട്ടങ്ങളിൽ അഡ്മിനിസ്ട്രേഷൻ ആൻഡ് അക്കൗണ്ട്സ്, ഓപ്പറേഷൻസ് എന്നിവയ്ക്കു ഡപ്യൂട്ടി ജനറൽ മാനേജർ തസ്തികയില്ല. എന്നാൽ, അത് അവഗണിച്ചു 2 തസ്തിക സൃഷ്ടിച്ചു താൽപര്യമുള്ളവരെ നിയമിച്ചു. ഇവർ വരുന്നതിനു മുൻപ് ഇതേ ജോലി ചെയ്തിരുന്നവർ ഇപ്പോഴും കെഎസ്ആർടിസിയിലുണ്ട്. അവർക്കു പുറമേയാണ് ഇൗ നിയമനം. ഇനിയെങ്കിലും കെഎസ്ആർടിസി നന്നാകുമോ എന്നു നമുക്കു നോക്കാം!

പാർട്ടിക്കാരൻ തന്നെ ചോദിക്കുന്നു: എനിക്കെന്തായിരുന്നു അയോഗ്യത?

പതിനാറാം വയസ്സിൽ സിപിഎം അംഗത്വമെടുത്ത, ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗവും മേഖലാ സെക്രട്ടറിയുമായിരുന്ന കെ.എം.അജിയുടേതാണു ചോദ്യം. ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് അധ്യാപക നിയമനത്തിലെ അഴിമതിയിൽ സിപിഎമ്മിനുള്ള പങ്ക് സമൂഹമാധ്യമങ്ങളിലൂടെ പൊളിച്ചുകാട്ടിയ അജി, പാർട്ടി രക്തസാക്ഷിയുടെ അനുജന്റെ മകനും 57 വർഷമായി പാർട്ടിക്കൊപ്പമുള്ള കുടുംബത്തിലെ അംഗവുമാണ്. 

സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമായ ആളുടെ ഭാര്യയ്ക്കു കോളജിലെ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ വഴിവിട്ടു നിയമനം നൽകിയതിനെ വിമർശിച്ചാണ് അജി പരസ്യമായി രംഗത്തെത്തുന്നത്. എല്ലാ യോഗ്യതയുമുള്ള പാർട്ടിപ്രവർത്തകർക്കു പോലും സ്വജനപക്ഷപാതവും ബന്ധുനിയമനവും പാരയാകുന്നു എന്നതിനു തെളിവാണ് അജിയുടെ വാക്കുകൾ.

അക്കാദമിക യോഗ്യതയുടെ കാര്യത്തിൽ 250 പേർക്കു പിന്നിലായിരുന്ന, എംഎ മാത്രമുണ്ടായിരുന്ന ആൾക്കുവരെ നിയമനം നൽകിയിട്ടും എംഎ, എംഫിൽ, പിഎച്ച്ഡി, കേരള ആർക്കൈവ്സ് ഫെലോഷിപ്, അധ്യാപന പരിചയം, 2 പുസ്തകങ്ങൾ, പതിനഞ്ചിലധികം പ്രസിദ്ധീകരണങ്ങൾ, ദേശീയ, രാജ്യാന്തര സെമിനാറുകളിലെ പങ്കാളിത്തം എന്നിവയുള്ള തന്നെ തഴഞ്ഞുവെന്ന് അജി പറയുന്നു. തിരഞ്ഞെടുക്കപ്പെട്ടയാൾ ജോലിക്കായി ഹാജരാക്കിയ മറ്റു സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന ഗുരുതര ആരോപണവുമുണ്ട്.

മന്ത്രി എം.എം.മണി, സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ എന്നിവരെ നേരിൽക്കണ്ട് നിയമനത്തിൽ മെറിറ്റ് പാലിക്കണമെന്ന് അഭ്യർഥിച്ചിട്ടും വൻ അട്ടിമറിയാണു നടന്നതെന്ന് അജി ആരോപിക്കുന്നു. ‘ആനുകൂല്യവും ഔദാര്യവും വേണ്ട, അത് ഇടതുപക്ഷ നീതിയുമല്ല. എന്നാൽ, സാമാന്യ മര്യാദപോലും പൊതുജനത്തിനു നൽകാത്ത വിധം വലിയ അഴിമതികളാണു ചിലർ സിപിഎമ്മിന്റെ പേരിൽ നടത്തുന്നത്’ എന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ അജി പറയുന്നു.

കലാമണ്ഡലത്തിലും പിൻവാതിൽ!

സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമായ വ്യക്തി എക്സിക്യൂട്ടീവ് ബോർഡ് അംഗമായുള്ള കേരള കലാമണ്ഡലത്തിലും പിൻവാതിൽ നിയമനങ്ങൾ നടക്കുന്നുവെന്ന് ആരോപണം. വൈസ് ചാൻസലർ, റജിസ്ട്രാർ എന്നിവരുടെ ഓഫിസുകളിൽ ഭൂരിഭാഗവും താൽക്കാലികക്കാരാണ്. 110 നിയമനങ്ങൾ നടന്നു. 

വൈസ് ചാൻസലറുടെ പിഎ ആയി നിയമിച്ചിരിക്കുന്നത് 2004ൽ റവന്യു വകുപ്പിൽനിന്നു ജൂനിയർ സൂപ്രണ്ടായി വിരമിച്ച വ്യക്തിയെയാണ്. സ്ഥിരം ജീവനക്കാരെ നിയമിക്കേണ്ട വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറി തസ്തിക ഒഴിച്ചിട്ട് ഓഫിസ് ഭരണം പിഎ തന്നെ നിർവഹിക്കുകയാണെന്നാണ് ആരോപണം. സിപിഎം പ്രാദേശിക ഘടകങ്ങളുടെ നിർദേശപ്രകാരം പാർട്ടിബന്ധുക്കളെയാണു താൽക്കാലിക തസ്തികകളിലെല്ലാം തിരുകിക്കയറ്റിയിട്ടുള്ളത്. ഓവർസീയറായി നിയമിച്ചിരിക്കുന്നതും തദ്ദേശ എൻജിനീയറിങ് വിഭാഗത്തിൽനിന്നു വിരമിച്ചയാളെയാണ്.

തയാറാക്കിയത്: റെഞ്ചി കുര്യാക്കോസ്, മഹേഷ് ഗുപ്തൻ, വി.ആർ.പ്രതാപ്, എസ്.വി.രാജേഷ്,  എം.ആർ.ഹരികുമാർ, കെ.പി.സഫീന, ജിക്കു വർഗീസ് ജേക്കബ്

പരമ്പരയുടെ ഒന്നാം ഭാഗം: നിയമനം പിൻവാതിലിലൂടെ; ചങ്കു പറിച്ചു കൊടുക്കും ഇഷ്ടക്കാർക്ക്

രണ്ടാം ഭാഗം: കഷ്ടപ്പെടാതെ ജോലി കിട്ടും (* ശ്രദ്ധിക്കുക, ഈ ഓഫർ അടുപ്പക്കാർക്കു മാത്രം)

മൂന്നാം ഭാഗം: പുറംനിയമനത്തിൽ പുലികള്‍; നിയമനം ക്ലിഫ് ഹൗസിൽ; ജോലി കണ്ണൂരിൽ

നാലാം ഭാഗം: പൊതുമേഖല: പ്രവേശനം ബന്ധുക്കൾക്കു മാത്രം!

അഞ്ചാം ഭാഗം: ‘സിഎമ്മിന്റെ ഫെലോ’ പറന്നത് 4 രാജ്യങ്ങളിൽ; യുഎസ് യാത്രയ്ക്കു മാത്രം ചെലവ് 21 ലക്ഷം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com