‘സുരക്ഷിതമല്ലാത്ത’ അകലം

INDIA-POLITICS-CONGRESS
SHARE

സച്ചിൻ പൈലറ്റും താനും തമ്മിൽ കഴിഞ്ഞ 18 മാസമായി സംസാരിക്കാറില്ല എന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വെളിപ്പെടുത്തിയത്. ഇവർക്കിടയിലെ മഞ്ഞുരുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് പ്രത്യക്ഷത്തിൽ ഒരു ശ്രമവും നടത്തിയില്ല. ഇതോടെ ഇരുവരും നിലപാടുകൾ കടുപ്പിച്ച് ഉറച്ച അനുയായികളെ കൂടെക്കൂട്ടി കടുത്ത പോരിനിറങ്ങി. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പൊലീസ് സച്ചിൻ പൈലറ്റിനെതിരെ കേസെടുത്തപ്പോൾ, അനുയായികളെ കൂട്ടി വിമത കലാപത്തിലൂടെ പൈലറ്റ് തിരിച്ചടിച്ചു.

മുതിർന്ന നേതാവായ ഗെലോട്ട്, മന്ത്രിസഭയിലെ രണ്ടാമനെ സഹപ്രവർത്തകനായല്ല ശത്രുവായാണു പരിഗണിച്ചത്. ഒരു വർഷം മുൻപ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗെലോട്ടിന്റെ മകൻ വൈഭവിനെ ബിജെപിയുടെ ഗജേന്ദ്ര സിങ് ഷെഖാവത്ത് പരാജയപ്പെടുത്തിയതോടെ ഈ വൈരം വർധിച്ചു.

കോൺഗ്രസ് പാർട്ടിയിലും മാധ്യമങ്ങൾക്കിടയിലും രാജ്യമെങ്ങും ഒരുപാടു സൗഹൃദങ്ങളുള്ള നേതാക്കളാണു ഗെലോട്ടും പൈലറ്റും. എന്നാൽ, ഇരുവർക്കുമിടയിൽ സൗഹൃദത്തിന്റെ തരിപോലുമില്ല. ബിജെപി മുഖ്യമന്ത്രി വസുന്ധര രാജെയെ അധികാരത്തിൽനിന്നിറക്കാതെ പരമ്പരാഗത വേഷമായ തലപ്പാവു ധരിക്കില്ലെന്നു ശപഥം ചെയ്ത് 5 വർഷം കോൺഗ്രസിനൊപ്പം അധ്വാനിച്ച നേതാവാണു സച്ചിൻ പൈലറ്റ്. എന്നാൽ, വസുന്ധര രാജെ പരാജയപ്പെട്ടപ്പോൾ ആ നേട്ടം സച്ചിനു സ്വന്തമാകാൻ ഗെലോട്ട് പക്ഷം അനുവദിച്ചില്ല. തന്റെ ചില അടുത്ത അനുയായികൾക്കു സച്ചിൻ സീറ്റ് നിഷേധിച്ചതാണ് ഗെലോട്ടിന്റെ വൈരാഗ്യം കൂട്ടിയത്. സീറ്റു കിട്ടാതെ വന്നതോടെ ഈ അനുയായികൾ വിമതരായിനിന്നു ജയിക്കുകയും ചെയ്തു.

ദീർഘകാലമായി പോരടിക്കുന്ന ഇവരെ ഒരുമിച്ചു കൂട്ടി ‘രാജസ്ഥാന്റെ ഐക്യവർണങ്ങൾ’ എന്ന വിശേഷണത്തോടെ സർക്കാരുണ്ടാക്കാനുള്ള രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം സച്ചിനെ അഗാധമായി മുറിവേൽപിച്ചു. 2013ൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ ശേഷം കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ ഒന്നും ചെയ്യാതിരുന്ന ഗെലോട്ട്, വിജയകിരീടം തന്നിൽനിന്നു തട്ടിപ്പറിച്ചതായി സച്ചിൻ അമർഷം കൊണ്ടു. ഇരുനേതാക്കളെയും യോജിപ്പിലേക്കു കൊണ്ടുവരാൻ രാഹുൽ ഗാന്ധിക്കോ സോണിയ ഗാന്ധിക്കോ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോ കഴിയാതെ പോയത് ഹൈക്കമാൻഡിന്റെ താൽപര്യക്കുറവിനും ദൗർബല്യത്തിനും തെളിവായി.

2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിനിർണയത്തിൽ മുഖ്യമന്ത്രി ഗെലോട്ട് ആധിപത്യം പുലർത്തിയതോടെ സച്ചിൻ പൈലറ്റ് മിണ്ടാവ്രതത്തിലായി. പ്രചാരണത്തിന്റെ സമയമത്രയും ജോധ്പുരിൽ ചെലവഴിച്ചു. മുഖ്യമന്ത്രിയുടെ മകൻ വൈഭവ് ഇവിടെനിന്നാണു മത്സരിച്ചത്. ഗെലോട്ടാകട്ടെ, പൈലറ്റിനെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ക്ഷണിച്ചില്ലെന്നു മാത്രമല്ല, തന്റെ മകനെ പൈലറ്റ് കാലുവാരിയെന്നും പിന്നീട് ആരോപിച്ചു.

മന്ത്രിസഭയിലെ രണ്ടാമനോടു ഭരണത്തലവൻ മിണ്ടുക പോലും ചെയ്യാത്ത അവസ്ഥ ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ കാര്യമൊന്നുമല്ല. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി, മന്ത്രിസഭാംഗമായ വി.പി.സിങ് സംസാരിക്കാറില്ലായിരുന്നു. കലഹം മൂത്തു കോൺഗ്രസ് വിട്ട വി.പി.സിങ് ജനതാദൾ സർക്കാരുണ്ടാക്കി, ബിജെപിയുടെയും ഇടതുപക്ഷത്തിന്റെയും പുറത്തുനിന്നുള്ള പിന്തുണയോടെ പ്രധാനമന്ത്രിയായി. താമസിയാതെ ഉപപ്രധാനമന്ത്രി ദേവീലാലുമായി സിങ് അകൽച്ചയിലായി.

മന്ത്രിസഭയിൽ രണ്ടാമനായിരിക്കെ, പ്രധാനമന്ത്രിയോടു മിണ്ടാതെ കഴിച്ചുകൂട്ടുകയും പിന്നീട് അതേ കസേരയിൽ എത്തിയപ്പോൾ തന്റെ ഉപപ്രധാനമന്ത്രിയോടു മുഖം തിരിക്കുകയും ചെയ്ത മറ്റൊരു നേതാവുണ്ട് – മൊറാർജി ദേശായി. നെഹ്റുവിന്റെയും ഇന്ദിരയുടെയും മന്ത്രിസഭകളിൽ ധനമന്ത്രിയായിരുന്നു മൊറാർജി. നെഹ്റുവിനൊപ്പം വിശ്വസ്തതയോടെ പ്രവർത്തിച്ച അദ്ദേഹം ഇന്ദിരയോട് അനിഷ്ടത്തിലായിരുന്നു. രണ്ടുവട്ടം ഇന്ദിരയ്ക്കു വേണ്ടി പ്രധാനമന്ത്രിക്കസേര വിട്ടുകൊടുക്കേണ്ടി വന്നതോടെ ഈ അകൽച്ച വർധിച്ചു. 

1967ൽ ഇന്ദിരയുടെ നേതൃത്വത്തിൽ വൻവിജയം നേടിയ കോൺഗ്രസ് സർക്കാർ, മൊറാർജിയെ ധനകാര്യ ചുമതലയുള്ള ഉപപ്രധാനമന്ത്രിയാക്കിയെങ്കിലും ഇരുനേതാക്കളും പരസ്പരം മിണ്ടാറില്ലായിരുന്നു. ഒരു ചോദ്യത്തോടു മറുചോദ്യത്തിലൂടെ പ്രതികരിക്കുന്നതിൽ പ്രശസ്തി നേടിയ മൊറാർജി, മന്ത്രിസഭായോഗങ്ങളിൽ ഒറ്റവാക്കിലായിരുന്നു ആശയവിനിമയം. പകരം പ്രധാനമന്ത്രിക്കു നീണ്ട കത്തുകളെഴുതി. രണ്ടു വർഷത്തിനുശേഷം ഇന്ദിര ധനകാര്യം പിടിച്ചെടുത്ത് ബാങ്കുകളുടെ ദേശസാൽക്കരണം പ്രഖ്യാപിച്ചു.

അപമാനിതനായ മൊറാർജി രാജിവച്ച ശേഷം കോൺഗ്രസിനുള്ളിലെ ഇന്ദിരാവിരുദ്ധ പക്ഷത്തിന്റെ തലവനായി ഒടുവിൽ കോൺഗ്രസിനെ പിളർത്തി.

1977ൽ ഇന്ദിരയെ പരാജയപ്പെടുത്തി ജനതാപാർട്ടി അധികാരത്തിലേറിയപ്പോൾ പ്രധാനമന്ത്രിയായ മൊറാർജിക്ക് തന്റെ മുതിർന്ന മന്ത്രിമാരായ ചരൺ സിങ്ങുമായും ജഗ്ജീവൻ റാമുമായും നല്ല ബന്ധമായിരുന്നില്ല. ജനതാ പാർട്ടിയെ ഒരുമിച്ചു നിർത്താൻ, 1979 ജനുവരിയിൽ ഇരുവരെയും ഉപപ്രധാനമന്ത്രിമാരാക്കിയെങ്കിലും ആറു മാസത്തിനകം ചരൺ സിങ് ജനതാസർക്കാരിനെ വലിച്ചുതാഴെയിട്ടു. എന്നിട്ട് ഏതാനും ദിവസങ്ങൾ പ്രധാനമന്ത്രിക്കസേരയിലിരുന്നു.

പ്രധാനമന്ത്രിയുമായി സംസാരിക്കുമ്പോൾ സംസാരം ഒറ്റവാക്കിൽ ഒതുക്കിയിട്ട് നീണ്ട കത്തുകളെഴുതുകയും പരസ്യപ്രതികരണം നടത്തുകയും ചെയ്തിരുന്ന മറ്റൊരു നേതാവ് പി.വി.നരസിംഹറാവു മന്ത്രിസഭയിലെ അർജുൻ സിങ്ങാണ്. അർജുൻ സിങ്ങും വിമതകലാപം അഴിച്ചുവിട്ടെങ്കിലും പ്രധാനമന്ത്രിയാകാനുള്ള മോഹം സഫലമായില്ല.

സംസ്ഥാനങ്ങളിലും ഇത്തരം നേതൃകലഹങ്ങൾ അപൂർവമല്ല. പഞ്ചാബിൽ അകാലി ദൾ –  ബിജെപി സർക്കാരിന്റെ പതനത്തിന് ആക്കം കൂട്ടിയതു താനാണെന്നാണ് ബിജെപി വിട്ടു കോൺഗ്രസിലെത്തിയ മുൻ ക്രിക്കറ്റ് താരം നവ്ജ്യോത് സിങ് സിദ്ധു അവകാശപ്പെട്ടത്. മുഖ്യമന്ത്രിക്കസേരയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ, എംഎൽഎമാർക്കിടയിൽ നല്ല സ്വാധീനമുള്ള മുതിർന്ന നേതാവ് അമരിന്ദർ സിങ് മുഖ്യമന്ത്രിയായി. ഹൈക്കമാൻഡ് സമ്മർദം മൂലം മനസ്സില്ലാമനസ്സോടെയാണു സിദ്ധു മന്ത്രിസഭയിൽ ചേർന്നത്. അമരിന്ദറും സിദ്ധുവും പരസ്പരം മുഖത്തു നോക്കാറില്ലായിരുന്നു. സിദ്ധുവിനെ അമരിന്ദർ ഒരു തുടക്കക്കാരൻ മാത്രമായാണു കണ്ടത്. അധികാരങ്ങൾ ഓരോന്നായി വെട്ടിക്കുറച്ച് ഒടുവിൽ വകുപ്പുമാറ്റം കൂടിയായതോടെ അദ്ദേഹം രാജിവച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA