ADVERTISEMENT

വ്യാജ സർട്ടിഫിക്കറ്റിന്റെ പേരിൽ പിരിച്ചുവിടാൻ പിഎസ്‌സി നിർദേശിച്ചയാൾക്ക് സെക്രട്ടേറിയറ്റിൽ സ്ഥാനക്കയറ്റം

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഭരിക്കുന്നത് മന്ത്രിമാരും ചീഫ് സെക്രട്ടറിയുമാണെന്നാണു വയ്പ്. എന്നാൽ, സംഘടനാ നേതാക്കൾ അറിയാതെ അവിടെയൊരു ഇല പോലും അനങ്ങില്ല. അവർക്കെതിരെ ശബ്ദമുയർത്തുന്നയാളെ ശരിപ്പെടുത്തും. പ്യൂണായി വരുന്നവർ യൂണിയന്റെ കരുത്തിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റും പിന്നെ ഓഫിസറുമൊക്കെയായി മാറും. നേതാക്കൾക്കു പ്രമോഷൻ നൽകാൻ ഇല്ലാത്ത ഒഴിവുകൾ ഉണ്ടാക്കും. വ്യാജ ഡിഗ്രിയുടെ ബലത്തിൽ സ്ഥാനക്കയറ്റം വരെ കിട്ടും. ഇതൊക്കെ വച്ച് ഉന്നത പദവികളിലെത്തുന്നവരാണ് പിന്നെ സെക്രട്ടേറിയറ്റ് ഭരിക്കുക. നാടൊട്ടുക്ക് കൺസൽറ്റൻസിയുടെ മറവിൽ സ്വന്തക്കാരെ തിരുകിക്കയറ്റുമ്പോൾ സെക്രട്ടേറിയറ്റിൽ ഭരണകക്ഷി യൂണിയനുകൾ നേതാക്കൾക്കും അവരുടെ ഇഷ്ടക്കാർക്കും വേണ്ടി ഒഴിവുകളുണ്ടാക്കുന്നു. അർഹതയില്ലാത്ത നിയമനങ്ങളും പ്രമോഷനുകളും നൽകുന്നു.

നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് നിയമനത്തിൽ പിഎസ്‌സി റാങ്ക് പട്ടിക അട്ടിമറിച്ചതു വാർത്തയായിരുന്നു. എന്നാൽ, കോവിഡ്കാലത്ത് ആരുമറിയാതെ മറ്റൊരു അട്ടിമറി നടന്നു. വ്യാജ ഡിഗ്രിയുടെ പേരിൽ പിരിച്ചുവിടാൻ പിഎസ്‌സി ശുപാർശ ചെയ്തയാൾക്കു ഡപ്യൂട്ടി സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി; അതും പ്യൂണായി വന്നു ലീഗൽ അസിസ്റ്റന്റായി മാറിയ ആൾക്ക്. തസ്തികമാറ്റത്തിനായി ഹാജരാക്കിയതാകട്ടെ, വ്യാജ മാർഗത്തിലൂടെ നേടിയ എൽഎൽബി സർട്ടിഫിക്കറ്റാണെന്നു പിഎസ്‌സി കണ്ടെത്തി. ഇദ്ദേഹത്തെ പിരിച്ചുവിടാൻ ശുപാർശ നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. കാരണം, ആൾ ഭരണകക്ഷി യൂണിയൻ നേതാവാണ്. പക്ഷേ, സർക്കാർ ഒന്നു ചെയ്തു. ഡബിൾ പ്രമോഷൻ നൽകി അണ്ടർ സെക്രട്ടറിയാക്കി ഉയർത്തി! ഇപ്പോൾ മറ്റൊരു പ്രമോഷനിലൂടെ ഡപ്യൂട്ടി സെക്രട്ടറിയുമാക്കി.

2004ൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാവിഭാഗം ജീവനക്കാരനായും പ്യൂണായും ജോലി ചെയ്തയാളാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി സെക്രട്ടേറിയറ്റിലെത്തി ഒടുവിൽ അണ്ടർ സെക്രട്ടറി പദവി വരെ ഉയർന്നത്. പുണെയിലെ ഭാരതീയ വിദ്യാപീഠം ഡീംഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ഇദ്ദേഹം നിയമബിരുദം എടുത്തെന്നാണു രേഖയിലുള്ളത്. കോളജിൽ റഗുലർ വിദ്യാർഥിയായി പഠിച്ചെന്നു രേഖയിൽ പറയുന്ന അതേ കാലത്തു കേരളത്തിൽ സർക്കാർ സർവീസിൽ ജോലി ചെയ്തു ശമ്പളം വാങ്ങിയിരുന്നതായി കണ്ടെത്തി. തുടർന്നാണു പിരിച്ചുവിടാൻ പിഎസ്‌സി ശുപാർശ ചെയ്തത്.

സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിൽ അസിസ്റ്റന്റായി നിയമനം ലഭിച്ച മറ്റൊരു നേതാവിന്റെ അടിസ്ഥാന യോഗ്യതയും സംശയനിഴലിലാണ്. ടൈപ്പിസ്റ്റായി ജോലി ചെയ്യുമ്പോഴാണു തസ്തികമാറ്റം വഴി അസിസ്റ്റന്റായത്. ടൈപ്പിസ്റ്റായി നിയമിക്കുമ്പോൾ സർവീസ് ബുക്കിൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് മാത്രമേയുള്ളൂ. പിന്നീടു ബിരുദമെടുത്തതായി കാണുന്നു. എന്നാൽ, പ്രീഡിഗ്രി ജയിച്ചതിന്റെ രേഖയില്ല. പ്രീഡിഗ്രി ഇല്ലാതെ എങ്ങനെ ബിരുദമെടുത്തു എന്നാണു ചോദ്യം. ബിരുദം തന്നെ വ്യാജമാണെന്നു സൂചന.

കൺസൽറ്റൻസി വഴി ഒരാൾക്ക് മാസം 3.34 ലക്ഷം! 

സർക്കാരിന്റെ വ്യവസായ സൗഹൃദ പദ്ധതിയായ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസി’നു വേണ്ടി കെപിഎംജിയുടെ സേവനം ഉപയോഗിക്കുന്നുണ്ട്. ഈ ഓഗസ്റ്റ് മുതൽ അവരുടെ സേവനം ഒരു വർഷത്തേക്കു കൂടി നീട്ടിയിരിക്കുകയാണ്. നീട്ടിയെന്നു മാത്രമല്ല, 2.9 ലക്ഷവും 2.7 ലക്ഷവും പ്രതിമാസം ചാർജ് ഈടാക്കുന്ന രണ്ടു കൺസൽറ്റന്റുമാരെ കൂടി അധികമായി നിയോഗിക്കുകയുമാണ്. നിലവിൽ ഇതേ ശമ്പളത്തിൽ 2 പേരുണ്ട്. 4 പേർക്കും കൂടി പ്രതിമാസം നൽകേണ്ടത് 11.2 ലക്ഷം രൂപ!

2019 ഫെബ്രുവരി 15,16 തീയതികളിൽ ദുബായിൽ നടന്ന ലോക കേരളസഭ പശ്ചിമേഷ്യൻ സമ്മേളനത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശകളുടെ പ്രായോഗിക ക്ഷമത പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വരെ കൺസൽറ്റൻസി സേവനം ഉപയോഗപ്പെടുത്തി. ഇതിനായി താൽപര്യപത്രമൊന്നും ക്ഷണിച്ചിരുന്നില്ല. സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിനാൽ ഇതൊരു പ്രത്യേക കേസായി പരിഗണിച്ചുവെന്നു ചൂണ്ടിക്കാട്ടി ഉത്തരവു ക്രമപ്പെടുത്തി നൽകുകയും ചെയ്തു.

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് (പിഡബ്ല്യുസി) സെക്രട്ടേറിയറ്റിൽ ഓഫിസ് തുറക്കുന്നതിനു 2018ൽ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ നൽകിയ കുറിപ്പിൽ കൺസൽറ്റന്റുമാരുടെ ചാർജ് കേട്ടാൽ ആരുമൊന്നു ഞെട്ടും. പ്രോജക്ട് മാനേജ്മെന്റ് എക്സ്പെർട് എന്ന തസ്തികയിലെത്തുന്ന വ്യക്തിക്കായി സർക്കാർ പ്രതിമാസം നൽകേണ്ടത് 3.34 ലക്ഷം രൂപയാണ്. ഫങ്ഷനൽ കൺസൽറ്റന്റ്, ടെക്നോളജി കൺസൽറ്റന്റ്, പോളിസി കൺസൽറ്റന്റ് എന്നിവർക്ക് 3.02 ലക്ഷം വീതം. ഇതിനെല്ലാം പുറമേ ജിഎസ്ടിയുമുണ്ട്. ചുരുക്കത്തിൽ വെറും 4 പേർക്ക് ഒരുവർഷം നൽകേണ്ടി വരിക 1.5 കോടിയിലധികം രൂപ! ചീഫ് സെക്രട്ടറിയുടെ പ്രതിമാസ ശമ്പളം 2.25 ലക്ഷം രൂപ മാത്രമാണെന്ന് ഓർക്കണം.

യോഗ്യതയ്ക്ക് ‘മൊറട്ടോറിയം’ ഐഡിയ ബൈ ഐസിഫോസ്

കരാറുകാരായ ചിലരെ സ്ഥിരപ്പെടുത്താൻ കുറെ തസ്തിക സൃഷ്ടിക്കുന്നു. അപ്പോഴാണോർക്കുന്നത് ഈ തസ്തികയ്ക്കനുസരിച്ചുള്ള യോഗ്യത ഇവർക്കില്ലല്ലോ എന്ന്. എങ്കിൽപിന്നെ, അവരെ എങ്ങനെയെങ്കിലും ഈ തസ്തികയിലേക്കു തിരുകാൻ പറ്റുമോ എന്നറിയാൻ ഒരു വിദഗ്ധസമിതിയെ നിയോഗിക്കുന്നു! കേട്ടാൽ തലതല്ലിച്ചിരിക്കുന്ന ഈ പുത്തൻ പരിഷ്കാരത്തിനാണ്, ഐടി വകുപ്പിനു കീഴിൽ ആർഭാടത്തിനു പേരുകേട്ട ‘ഐസിഫോസ്’ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്ഥാപനം ഈയിടെ തുടക്കം കുറിച്ചത്.

അഞ്ചംഗ സമിതി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല. പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തുടങ്ങിയവയ്ക്കുള്ള യുജിസി മാനദണ്ഡത്തിനൊപ്പം ഇവരിൽ പലരെയും എത്തിക്കാനാവുന്നില്ല. ഇക്കാരണം പറഞ്ഞ് ഇവരെ ഒഴിവാക്കാനും വയ്യ. ഒടുവിൽ സമിതി ഒരു ധാരണയിലെത്തുന്നു. 3 വർഷത്തേക്ക് ഒരു ‘മൊറട്ടോറിയം’ നൽകാം! അതായത്, യുജിസി മാനദണ്ഡത്തിനുള്ള യോഗ്യത ഈ സമയത്തിനുള്ളിൽ നേടി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സ്ഥിരപ്പെടുത്താം. അതുവരെ തൽസ്ഥിതി തുടരുക!

ടെക്നോപാർക്കിൽ ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം, 13 ലക്ഷം രൂപ പ്രതിമാസ വാടകയുള്ള കെട്ടിടത്തിലേക്കു മാറ്റാനുള്ള ‘താൽപര്യം’ പോലെ ദുരൂഹമാണ് ഈ നടപടികളും.

പുറത്തേക്കു പോകും മുൻപ് അകത്തേക്കു നോക്കുക

നൂതനമായ പല പദ്ധതികളും സർക്കാർ ജീവനക്കാരെക്കൊണ്ടു നടപ്പാക്കാൻ കഴിയില്ലെന്നും അതിനായി പുറത്തുനിന്ന് വിദഗ്ധരെ കരാർ അടിസ്ഥാനത്തിൽ നിയോഗിക്കേണ്ടതുണ്ടെന്നുമാണ് കൺസൽറ്റൻസി കരാറുകളെ ന്യായീകരിക്കാൻ സർക്കാർ നിരത്തുന്ന വാദം. ഇ – ബസ് പദ്ധതിയുടെ കൺസൽറ്റന്റായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ നിയോഗിക്കാൻ ശുപാർശ ചെയ്തുള്ള കുറിപ്പിൽ ഗതാഗത സെക്രട്ടറിതന്നെ സർക്കാർ ഉദ്യോഗസ്ഥർക്കു കാര്യശേഷിയില്ലെന്നു സൂചിപ്പിക്കുകയും ചെയ്തു.

എന്നാൽ, നിങ്ങളിതു കാണുക. ഒന്നര വർഷം മുൻപാണ് കേരള പൊലീസ് പുതിയ ഫെയ്സ്ബുക് പേജ് ആരംഭിക്കാൻ തീരുമാനിച്ചത്. അതിനായി ടെൻഡർ വിളിച്ചില്ല. കരാർ അടിസ്ഥാനത്തിൽ പുറത്തുനിന്ന് ആളെയുമിറക്കിയില്ല. പൊലീസുകാരിൽനിന്നു തന്നെ അപേക്ഷ ക്ഷണിച്ചു. അപേക്ഷിച്ചവരിൽനിന്ന് 56 പേരെ തിരഞ്ഞെടുത്ത് അഭിരുചി പരീക്ഷയും അഭിമുഖവും നടത്തി. അതിൽനിന്നാണ് 5 പേരെ സോഷ്യൽ മീഡിയ സെല്ലിന്റെ ഭാഗമാക്കിയത്. ചുരുങ്ങിയ കാലം കൊണ്ട് 14 ലക്ഷം ഫോളോവേഴ്സിനെയാണ് ഇൗ സംഘം സൃഷ്ടിച്ചത്. എന്നിട്ടാണ്, വർഷങ്ങളോളം കുത്തിയിരുന്നു പഠിച്ച് ലക്ഷക്കണക്കിനു പേരുമായി മത്സരിച്ചു പിഎസ്‌സി പരീക്ഷയിൽ വിജയിച്ചെത്തുന്നവർക്കു കാര്യശേഷിയില്ലെന്നു സർക്കാർ തന്നെ വിധിയെഴുതുന്നത്. 

വിദഗ്ധരെത്തേടി പുറത്തേക്കു പോകും മുൻപ് അകത്തേക്കൊന്നു നോക്കാൻ പോലും തയാറാകാത്തതിനാലാണ് അധികാരത്തിന്റെ അകത്തളങ്ങളിൽ കൺസൽറ്റൻസി കമ്പനി ഏജന്റുമാരും സർക്കാർ മുദ്ര പതിച്ച കാർഡുമായി ‘ഫെലോ’മാരും ടീം ലീഡർമാരും കറങ്ങി നടക്കുന്നത്.

തയാറാക്കിയത്: റെഞ്ചി കുര്യാക്കോസ്, മഹേഷ് ഗുപ്തൻ, വി.ആർ.പ്രതാപ്, എസ്.വി.രാജേഷ്,  എം.ആർ.ഹരികുമാർ, കെ.പി.സഫീന, ജിക്കു വർഗീസ് ജേക്കബ്

പരമ്പരയുടെ ഒന്നാം ഭാഗം: നിയമനം പിൻവാതിലിലൂടെ; ചങ്കു പറിച്ചു കൊടുക്കും ഇഷ്ടക്കാർക്ക്

രണ്ടാം ഭാഗം: കഷ്ടപ്പെടാതെ ജോലി കിട്ടും (* ശ്രദ്ധിക്കുക, ഈ ഓഫർ അടുപ്പക്കാർക്കു മാത്രം)

മൂന്നാം ഭാഗം: പുറംനിയമനത്തിൽ പുലികള്‍; നിയമനം ക്ലിഫ് ഹൗസിൽ; ജോലി കണ്ണൂരിൽ

നാലാം ഭാഗം: പൊതുമേഖല: പ്രവേശനം ബന്ധുക്കൾക്കു മാത്രം!

അഞ്ചാം ഭാഗം: ‘സിഎമ്മിന്റെ ഫെലോ’ പറന്നത് 4 രാജ്യങ്ങളിൽ; യുഎസ് യാത്രയ്ക്കു മാത്രം ചെലവ് 21 ലക്ഷം

ആറാം ഭാഗം: അടുപ്പക്കാർക്ക് റോക്കറ്റ് പ്രമോഷൻ; അണി ചോദിക്കുന്നു: എന്തായിരുന്നു അയോഗ്യത?

ഏഴാം ഭാഗം: പട്ടിക അവിടിരിക്കട്ടെ; പിഎസ്‌സി റാങ്കുകാർ നോക്കിനിൽക്കും; സർക്കാർ പിന്നിലൂടെ ആളെ കയറ്റും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com