ADVERTISEMENT

രാജാവ് തന്റെ ഉപദേശകരോട് പുതുതലമുറയ്ക്കു സമ്മാനിക്കാൻ ഒരു വിജ്ഞാനശേഖരം ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. നാളുകളുടെ ശ്രമഫലമായി അവർ ശേഖരിച്ചവയെല്ലാം പല പുസ്തകങ്ങളായി എഴുതി രാജാവിനു നൽകി. ഇത്രയും പുസ്തകങ്ങൾ വായിക്കാൻ പലരും തയാറാകില്ല എന്നതിനാൽ അവയുടെ സംക്ഷിപ്ത രൂപം സൃഷ്ടിക്കാൻ രാജാവു പറഞ്ഞു. 

അവർ പ്രധാന ആശയങ്ങളെല്ലാം സംഗ്രഹിച്ച് ഒരു പുസ്തകമാക്കി. രാജാവ് അതിലും തൃപ്തനാകാത്തതിനാൽ പുസ്തകം ഒരു അധ്യായമായി കുറച്ചു. പിന്നീട് ഒരു പേജിലേക്കു ചുരുക്കി. അതും പോരെന്നു പറഞ്ഞ രാജാവ്, ഉപദേശം ഒരു വാചകത്തിലേക്കു ചുരുക്കാൻ ആവശ്യപ്പെട്ടു. അവർ എഴുതിക്കൊടുത്തു: ആർക്കും സൗജന്യമായി ഒന്നും ലഭിക്കുന്നില്ല.

സൗജന്യം എന്ന വാക്കിനോളം ആകർഷണശേഷിയുള്ള മറ്റൊരു പദം അപൂർവമായിരിക്കും. സൗജന്യമായി നൽകപ്പെടുന്നവയുടെയെല്ലാം പിറകെ ആൾക്കൂട്ടമുണ്ടാകും. സാമാന്യബുദ്ധിയുടെ കണികപോലും അവിടെ പ്രയോഗത്തിൽ വരില്ല. ആർക്കാണു സൗജന്യം നൽകാൻ കഴിയുക? സൗജന്യം മാത്രം വിതരണം ചെയ്യുന്ന ഒരാൾക്ക് എത്രനാൾ അതു തുടരാനാകും?

സൗജന്യമായി ആരും ഒന്നും നേടുന്നില്ല. എന്തെങ്കിലും രീതിയിൽ എല്ലാറ്റിനും വില നൽകുന്നുണ്ട്. സമയവും സാഹചര്യവും നൽകി സ്വന്തമാക്കുന്നവയുണ്ട്. ചിലതു വാങ്ങണമെങ്കിൽ ഹൃദയവും തലച്ചോറും നൽകേണ്ടി വരും. വില കൊടുക്കാതെ മൂല്യമുള്ള ഒന്നും ലഭിക്കില്ല; വിലകൊടുത്തു വാങ്ങുന്നതാണ് ഉചിതവും. സ്വയം നൽകുന്ന വിലയാണ് വാങ്ങുന്നവയുടെ വിലയും തീരുമാനിക്കുന്നത്.

വിയർപ്പൊഴുക്കാതെയും വേദന അറിയാതെയും സമ്പാദിച്ചവയെല്ലാം വിപരീതഫലങ്ങളേ പുറപ്പെടുവിക്കൂ. വില കൊടുക്കാതെ വാങ്ങിയവയ്ക്കു വില കൽപിക്കാൻ ആർക്കാണു കഴിയുക? സൗജന്യങ്ങൾ തേടി അലയുന്ന ഒരാൾക്കും സ്വന്തമായ നിലപാടുകളോ നിരീക്ഷണങ്ങളോ ഉണ്ടാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com