ADVERTISEMENT

നമ്മുടെ സർക്കാർ ഓഫിസുകളിൽ തമാശ എത്ര ശതമാനമുണ്ടെന്ന് ഇതുവരെ അളന്നു തിട്ടപ്പെടുത്തിയിട്ടില്ല. ആളോഹരി സന്തോഷം അളക്കാൻ സംവിധാനമുള്ള രാജ്യങ്ങളിൽ തമാശയും അളക്കുന്നുണ്ടാവാം.

കോവിഡ്കാലത്തെ നേരിടാൻ ഒരു കേന്ദ്രസർക്കാർ വകുപ്പു പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ ആയാസമുള്ള ജോലികൾക്കുശേഷം ജീവനക്കാർ തമാശയുള്ളതെന്തെങ്കിലും ചെയ്യണമെന്നൊരു വ്യവസ്ഥയുണ്ടായിരുന്നു.

സർക്കാർ ഓഫിസുകളിൽ ഇപ്പോൾ തമാശയില്ല എന്ന സൂചന വന്നപ്പോൾ, മുൻപ് തിരുവനന്തപുരത്തൊരു കേന്ദ്രസർക്കാർ സ്ഥാപനത്തിലുണ്ടായിരുന്ന തമാശ ഒരു മുൻ ഉദ്യോഗസ്ഥൻ അപ്പുക്കുട്ടനോടു പറഞ്ഞു. 

അന്ന് ആ ഓഫിസിൽ മൂവ്മെന്റ് റജിസ്റ്റർ നിർബന്ധമായിരുന്നു. എന്നുവച്ചാൽ‌ പോക്കുവരവു രേഖ. ഡ്യൂട്ടി സമയത്ത് ആര് എവിടെപ്പോയാലും പുസ്തകത്തിലെഴുതിയേ തീരൂ. പോകുന്ന സമയവും മടങ്ങിയെത്തുന്ന സമയവും പോക്കുവരവിന്റെ കാരണവും എഴുതണം.

വനിതാ ജീവനക്കാർ എവിടെപ്പോയാലും ‘ലേഡീസ് വെയ്റ്റിങ് റൂം’ എന്നാണ് എഴുതുക. പുരുഷന്മാർക്കെഴുതാൻ അങ്ങനെ സ്ഥിരമായൊരു പോക്കിടമില്ല.

ലളിതാംബിക – ലേഡീസ് വെയ്റ്റിങ് റൂം

രമ്യ തോമസ് – ’’

ശശികല എസ് – ’’

എന്നിങ്ങനെ പുസ്തകത്തിൽ രേഖപ്പെടുത്തിക്കഴിഞ്ഞാൽ പിന്നീടു വരുന്ന പുരുഷന്മാർ അതേ ആവർത്തന മുദ്ര തന്നെ വരയ്ക്കുന്നു.

രാധാകൃഷ്ണക്കുറുപ്പ് ’’

ജോസഫ് തോമസ് ’’

ആരോമലുണ്ണി ’’

ആണും പെണ്ണും ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടമായും സ്ത്രീകളുടെ വിശ്രമമുറിയിലേക്കു പോകുന്നത്, അഥവാ പോകുന്നുവെന്ന് എഴുതുന്നത്, സമത്വസുന്ദരമായ തമാശയായിരുന്നു, അന്ന്.

പിൽക്കാലത്ത് ഇത്തരം തമാശകൾ ഓഫിസുകളുടെ പടിയിറങ്ങിപ്പോയിട്ടുണ്ടാവാം. അതൊക്കെ തിരിച്ചുകൊണ്ടുവരണം എന്നാവണം മുൻപറഞ്ഞ നിർദേശത്തിലെ സൂചന. നിർദേശം വന്നതിനു തൊട്ടുപിന്നാലെ, അതു പിൻവലിക്കുകയും ചെയ്തുവെന്നു കേൾക്കുന്നു.

ജോലിഭാരം ലഘൂകരിക്കാൻ ഓഫിസുകളിൽ വേണ്ടത്ര തമാശ വേണമെന്ന കാര്യത്തിൽ അപ്പുക്കുട്ടനും യോജിക്കുന്നു.

മനസ്സിന്റെ സംഘർഷം കുറയ്ക്കാൻ ഓഫിസുകളിൽ ഇടിസഞ്ചികൾ‌ ഒരുക്കുന്ന ഏർപ്പാട് പല വിദേശ രാജ്യങ്ങളിലുമുണ്ട്.

ഇടിസഞ്ചിയെ മേലുദ്യോഗസ്ഥനെന്നു സങ്കൽപിച്ച് ഇടിക്കുമ്പോൾ ആരോഗ്യ പരിപാലനത്തിനൊപ്പം മാനസികോല്ലാസവും കൈവരുന്നു എന്നതാണത്രെ ഇതിനു പിന്നിലെ തത്വശാസ്ത്രം.

രാജസദസ്സുകളിൽ പണ്ട് ആസ്ഥാന വിദൂഷകരുണ്ടായിരുന്നതുപോലെ ഓരോ ഓഫിസിലും ഓരോ വിദൂഷകനെ നിയമിക്കുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്. അതിനു കൺസൽറ്റൻസിയെ നിയമിക്കണമെങ്കിൽ കേരളത്തിൽ അതിനു പറ്റിയ സമയമാണ്. കുഞ്ചൻ നമ്പ്യാരെ കൺസൽറ്റന്റായി എഴുതിവച്ച് വല്ലവരും പണം തട്ടിയെടുക്കാതെ നോക്കണമെന്നു മാത്രം.

കോവിഡ്കാല പ്രസ്ഥാനങ്ങൾക്കെല്ലാം പേരു വേണം എന്നു നിർബന്ധമുണ്ടെങ്കിൽ, മുഖ്യമന്ത്രിയുടെ ഐടി ഫെലോ എന്നൊക്കെപ്പറയുന്നതുപോലെ കുഞ്ചൻ ഫെലോ എന്നോ മറ്റോ വിദൂഷകനൊരു കാവ്യസുന്ദര പേരിടുകയും ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com