sections
MORE

മന്ത്രിയോട് അടുപ്പം, പിന്നെ താൻ തന്നെയല്ലേ മന്ത്രി എന്നൊരു തോന്നൽ; അവതാർസ് 2.0

avatars-office
പ്രതീകാത്മക ചിത്രം
SHARE

ഓരോ അവതാരത്തിനും ഓരോ ലക്ഷ്യമുണ്ട്. അതു പൂർത്തിയാക്കിയിട്ടേ അവർ കളംവിടൂ. അവതാരങ്ങളെ അകറ്റുമെന്നു പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിനു കീഴിലെ മന്ത്രിമാരുടെയും ഓഫിസുകളിൽ ‘അവതാരങ്ങൾ’ പിറവിയെടുത്തത് ആരുമറിഞ്ഞില്ല.

പുറത്തുനിന്നുള്ള അവതാരങ്ങളെ തടയാൻ സെക്രട്ടേറിയറ്റിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ അവതാരങ്ങൾ അകത്തുതന്നെ ജന്മംകൊണ്ടു. വ്യവസായ മന്ത്രിയുടെ ഓഫിസിലെ ചില അവതാരങ്ങൾക്കെതിരെ നടപടി ഉണ്ടായെങ്കിലും ഇനിയുമുണ്ട് അവിടെ ബാക്കി. തമ്മിലടി രൂക്ഷമായതോടെയാണ് മന്ത്രി തന്നെ നേരിട്ടു ശുദ്ധിക്രിയ തുടങ്ങിയത്.

20 മന്ത്രിമാർക്കായി 480 പഴ്സനൽ സ്റ്റാഫുണ്ട് കേരളത്തിൽ. ഒരാൾക്കു ശരാശരി 24 പേർ വീതം. പ്രൈവറ്റ് സെക്രട്ടറിക്കും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിക്കും ശമ്പളം 77,400 രൂപ മുതൽ ഒന്നേകാൽ ലക്ഷം രൂപ വരെയാണ്. 2 വർഷം ജോലി ചെയ്താൽ ആജീവനാന്തം പെൻഷൻ ലഭിക്കും.

അതിനാൽ, ആദ്യ രണ്ടു വർഷം ഒരാളെയും ബാക്കിയുള്ള വർഷം വേറൊരാളെയും നിയമിക്കുകയാണ് എല്ലാ സർക്കാരുകളും തുടരുന്ന രീതി. അങ്ങനെ ആയിരത്തോളം പേരാണ് ഒരു സർക്കാരിന്റെ കാലയളവിൽ പെൻഷന് അർഹരാകുന്നതെന്നോർക്കണം. പ്രതിമാസം 2 കോടിയിലേറെ രൂപ പഴ്സനൽ സ്റ്റാഫിനെ തീറ്റിപ്പോറ്റാൻ മാത്രം സർക്കാർ ചെലവിടുന്നു. എന്നാൽ, സംസ്ഥാന മന്ത്രിമാർക്കുള്ളതിന്റെ പകുതിയോളം പഴ്സനൽ സ്റ്റാഫേ കേന്ദ്ര മന്ത്രിമാർക്കുള്ളൂ.

 ആദ്യം ലിഫ്റ്റിൽ; പിന്നെ ഒരു പോക്കാ!

മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ മന്ത്രിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളുണ്ടാകും. മന്ത്രിയുടെ ഒൗദ്യോഗിക, സ്വകാര്യ ഇടപാടുകളെല്ലാം അറിയുന്ന ഒരാൾ. മന്ത്രിയോടുള്ള അടുപ്പം കാരണം കുറെക്കഴിയുമ്പോൾ താൻ തന്നെയല്ലേ മന്ത്രി എന്നൊരു തോന്നൽ അദ്ദേഹത്തിനുണ്ടാകും. അതോടെ അദ്ദേഹം അവതാരമായി മാറിക്കഴിഞ്ഞു. പാർട്ടി നിയോഗിച്ച മാന്യന്മാരായ പല പ്രൈവറ്റ് സെക്രട്ടറിമാർക്കും അവതാര പുരുഷന്മാർക്കു മുന്നിൽ നിസ്സഹായരായി നിൽക്കാനേ കഴിയുന്നുള്ളൂ. പല മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫിനുള്ളിൽ ഗ്രൂപ്പിസം രൂക്ഷമാണ്.

ഗ്രൂപ്പ് തിരിഞ്ഞുള്ള പോരാട്ടത്തിനൊടുവിൽ ചില ജീവനക്കാരെ അവതാര പുരുഷന്മാർ ഇടപെട്ടു പുറത്താക്കിയ ചരിത്രവുമുണ്ട്. പകരം വേണ്ടപ്പെട്ടവരെ പഴ്സനൽ സ്റ്റാഫിൽ കൊണ്ടുവരും. വികാസ് ഭവനിൽ ലിഫ്റ്റ് ഓപ്പറേറ്ററായിരുന്ന ആളാണ് ഇന്നു സെക്രട്ടേറിയറ്റിലെ പഴ്സനൽ സ്റ്റാഫിൽ ഏറ്റവും പ്രധാനിയായ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി. സെക്രട്ടേറിയറ്റിലെ ഡപ്യൂട്ടി സെക്രട്ടറിക്കു കിട്ടുന്നത്രയും ശമ്പളം. യോഗ്യത ആരും പരിശോധിച്ചിട്ടില്ല. നിയമസഭയിലെ ഒരു അവതാരത്തെക്കുറിച്ചു വാർത്ത പരന്നതോടെ കഴിഞ്ഞ ദിവസം പറഞ്ഞുവിട്ടു.

അന്വേഷണക്കുരുക്കിൽ ഒരു എംഡി

നോർക്ക വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായി കഴിഞ്ഞ വർഷം മന്ത്രിസഭ നിയമിച്ച പ്രമുഖൻ പ്രശ്നക്കാരനാണോയെന്ന് സർക്കാർ അന്വേഷിക്കുന്നത് ഇപ്പോഴാണ്. യുഎഇ ബന്ധമുള്ള ഇദ്ദേഹത്തിനെതിരെ കേസുകളുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ക്ലിയറൻസ് വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇന്റലിജൻസ് എഡിജിപിക്കു നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കത്തയച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതർ ഉൾപ്പെടെ സ്വർണക്കടത്തു കേസിൽ സംശയനിഴലിൽ ആയതോടെയാണ് ഇൗ അന്വേഷണം.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഇദ്ദേഹത്തെ മാനേജിങ് ഡയറക്ടറായി കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള നിർദേശം അജൻഡയിൽ ഉൾപ്പെടുത്താതെ മന്ത്രിസഭയിൽ വന്നത്. ഒക്ടോബർ ഒന്നിനു നിയമന ഉത്തരവിറങ്ങി. അന്നു വിജിലൻസ് ക്ലിയറൻസ് ലഭിച്ചെങ്കിലും യോഗ്യതയും ബന്ധങ്ങളും അന്വേഷിക്കാൻ നിർബന്ധിതമായിരിക്കുകയാണ് ഇപ്പോൾ നോർക്ക. കോടികൾ പൊടിച്ചു സർക്കാർ നടത്തിയ ലോക കേരളസഭയ്ക്കു വേണ്ടി നോർക്കയിൽ നിയമിക്കപ്പെട്ടവർ സഭ പിരിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും അവിടെത്തന്നെ തുടരുന്നത് എന്തു കാര്യത്തിനാണെന്ന ചോദ്യവും ബാക്കി.

 കക്ഷി നമ്മുടെ ആളാ

അനധികൃത നിയമനങ്ങളിൽ കക്ഷിഭേദമില്ല. ഒരു സർക്കാരിന്റെ കാലത്തു നടത്തിയ അനധികൃത നിയമനങ്ങൾക്കെതിരെ പോരാടുന്ന പ്രതിപക്ഷം, അടുത്ത തവണ അധികാരത്തിലെത്തിയാൽ അവരെ തൊടില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ ഉയർന്ന തസ്തികയിൽ ഒരു യോഗ്യതയുമില്ലാതെ അനധികൃത നിയമനം നേടിയയാൾ ഏതാനും മാസം മുൻപുവരെ ആ കസേരയിൽത്തന്നെയുണ്ടായിരുന്നു. സ്വയം ജോലി സമ്പാദിച്ച മാതൃകയിൽ മറ്റു ചിലരെക്കൂടി തിരുകിക്കയറ്റാനും മുൻകയ്യെടുത്തു. അതിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചവർ വരെയുണ്ടായിരുന്നു. ഇതു പരാതിയാവുകയും വിജിലൻസ് അന്വേഷണത്തിൽ പിടിക്കപ്പെടുകയും ചെയ്തതോടെ ഈ പരമയോഗ്യനും കേസിൽപെട്ടു. ഒടുവിൽ ഗത്യന്തരമില്ലാതെ സർക്കാരിന് ഇയാളെ 2 മാസം മുൻപു പുറത്താക്കേണ്ടിവന്നു.

മോട്ടർവാഹന വകുപ്പിൽ എഎംവിഐ തസ്തികയിൽ നിയമനം ലഭിക്കാൻ ഒരു വർഷം വർക്‌ഷോപ് പരിചയം നിർബന്ധമാണ്. ഭൂരിഭാഗം പേരും ഈ സർട്ടിഫിക്കറ്റ് സമ്പാദിക്കുന്നതു കോഴ നൽകിയാണെന്ന് മോട്ടർവാഹന വകുപ്പ് ജീവനക്കാർതന്നെ പറയുന്നു. 40,000 രൂപ മുതൽ 80,000 രൂപവരെയാണ് കോഴ. സർക്കാർ ജോലിയിലിരിക്കുന്നവർ വരെ ഇങ്ങനെ ഒരു വർഷത്തെ വർക്‌ഷോപ് സർട്ടിഫിക്കറ്റുമായി ജോലിയിൽ കയറിയത് വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണെങ്കിലും പുറംകരാർ നിയമനങ്ങൾ അതിവേഗത്തിലാണ്. 6 പേരെ നിയമിച്ചു. സംസ്ഥാനത്തെ പ്രമുഖന്റെ മുൻ ഗൺമാൻ ഉൾപ്പെടെയുള്ളവരാണ് ഇങ്ങനെ കയറിപ്പറ്റിയത്.

 ഒരു വിവരവുമില്ല

കാലിക്കറ്റ് സർവകലാശാലയിൽ ഫോക്‌ലോർ വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട്, തഴയപ്പെട്ട അധ്യാപകർ വിവരാവകാശ അപേക്ഷ നൽകി. അതിനു സർവകലാശാല നൽകിയ മറുപടി, വിവരങ്ങൾ എത്രത്തോളം മറച്ചുപിടിക്കാനുണ്ടെന്നതിന്റെ തെളിവാണ്. അഭിമുഖത്തിൽ പങ്കെടുത്ത സിൻഡിക്കറ്റ് അംഗങ്ങൾ ആരൊക്കെയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ‘‘ചോദ്യത്തിലുള്ള കാര്യങ്ങൾ രഹസ്യസ്വഭാവമുള്ളതും പരസ്യപ്പെടുത്താൻ പറ്റാത്തതും യൂണിവേഴ്സിറ്റിയുടെ വിശ്വാസത്തിൽ അധിഷ്ഠിതമായതിനാലും ഇപ്പോൾ നൽകാൻ നിർവാഹമില്ല.’

 ഇനിയെങ്കിലും നന്നാകുമോ?

SWAPNA -notice

കഴിഞ്ഞ 4 വർഷം ഐടി രംഗത്ത് അതിബൃഹദ് പദ്ധതികളും ഒട്ടേറെ പുതിയ ആശയങ്ങളും നടപ്പാക്കാൻ ലക്ഷ്യമിട്ടു മുന്നേറിയ സർക്കാരിനെയാണു ജനം കണ്ടത്. മിക്ക പദ്ധതികളിലും കൺസൽറ്റന്റുമാരെ നിയോഗിക്കുന്നതിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചപ്പോഴും ഒരു പരിധിവരെ മാധ്യമങ്ങൾ പോലും സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചിരുന്നില്ല. എന്നാൽ, കള്ളക്കടത്തുകാർക്കും യോഗ്യതയില്ലാത്ത ദല്ലാൾമാർക്കും കയറിയിരുന്ന് ആളാകാനും സർക്കാർ പണം കട്ടുമുടിക്കാനുമുള്ള പദ്ധതികളായിരുന്നു അതിൽ പലതുമെന്ന് ഇപ്പോൾ കേരളം തിരിച്ചറിയുന്നു.

എന്നിട്ടും ഇത്തരം പദ്ധതികളുടെ നടത്തിപ്പു സംബന്ധിച്ച് സമഗ്രമായ ഒരു ഓഡിറ്റിനോ പുനഃപരിശോധനയ്ക്കോ സർക്കാർ തയാറായിട്ടില്ല. വിവാദ വിഷയങ്ങളിൽ മാത്രമല്ല പരിശോധന വേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ തന്നെ ഉന്നതൻ ചുക്കാൻ പിടിച്ച അവിഹിത ഇടപെടലുകളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്നു കണ്ടെത്താൻ സർക്കാർ വിപുലമായ അന്വേഷണത്തിനും ഓഡിറ്റിനും കരാറുകളുടെ പുനഃപരിശോധനയ്ക്കും തയാറാകുകയാണു വേണ്ടത്. ലക്ഷക്കണക്കിനു യുവാക്കൾ സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന കേരളത്തിൽ പണവും സ്വാധീനവുമുപയോഗിച്ച് പിൻവാതിൽ വഴി ആർക്കും കയറിപ്പറ്റാമെന്ന അവസ്ഥ മാറണം. എന്നാലേ, സർക്കാർ ഒപ്പമുണ്ടെന്ന വാക്ക് ആർക്കൊപ്പമാണെന്നുകൂടി വ്യക്തമാകൂ.

ഇതാണാ രേഖ

സ്വപ്നയുടെ കൺസൽറ്റൻസി സംബന്ധിച്ച് പിഡബ്ല്യുസിയും വിഷൻ ടെക്നോളജിയും തമ്മിൽ ഒപ്പുവച്ച കരാർ രേഖകളിലൊന്നാണിത്. സർക്കാർ നൽകുന്ന ഫീസിന്റെ പകുതിയും കിട്ടുന്നതു പിഡബ്ല്യുസിക്ക്. സ്വപ്നയുടെ കൺസൽറ്റൻസിക്കായി സർക്കാർ ആകെ നൽകിയിരുന്നത് 2.7 ലക്ഷം രൂപയിലധികം. ഇതിൽ സ്വപ്നയുടെ 1.12 ലക്ഷം ശമ്പളമടക്കം 1.46 ലക്ഷം മാത്രമാണ് വിഷൻ ടെക്നോളജിക്കു നൽകിയിരുന്നത്. ബാക്കി 1.3 ലക്ഷം രൂപയും പിഡബ്ല്യുസിയുടെ കമ്മിഷൻ.

എട്ടിന്റെ പിടിപാട് !

ലീഗൽ അസിസ്റ്റന്റ് നിയമനത്തിൽ പിഎസ്‌സി മിനിമം 40 മാർക്ക് നിഷ്കർഷിച്ചിരിക്കെ, എട്ടും ഒൻപതും പത്തും മാർക്കു നേടിയ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ പിഎസ്‌സിയെ നോക്കുകുത്തിയാക്കി സംഘടനയുടെ സഹായത്തോടെ സെക്രട്ടേറിയറ്റിൽ പുതിയ തസ്തികകളിൽ കയറിപ്പറ്റി. ഇതൊന്നും ആരും ചോദ്യം ചെയ്യുന്നില്ല. എതിർത്താൽ എതിർക്കുന്നവനെതിരെ വ്യാജപ്രചാരണം, സൈബർ ആക്രമണം. രണ്ടും ഏറ്റില്ലെങ്കിൽ കായിക ആക്രമണം. ലാസ്റ്റ് ഗ്രേഡ് തസ്തികയായ ഒഎ വിഭാഗത്തിൽനിന്നുള്ളവരാണ് സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സംഘടനയുടെ തലപ്പത്ത് എന്നതും ഈയിടെ ഇത്തരം അട്ടിമറികൾ സുഗമമാക്കി. 

പിഎസ്‌സി പരീക്ഷയിൽ മിനിമം മാർക്ക് ഇല്ലാത്തവരെ സെക്രട്ടേറിയറ്റിൽ ലീഗൽ അസിസ്റ്റന്റുമാരായി തിരുകിക്കയറ്റുന്നത് കുറെക്കാലമായി നടക്കുന്നതാണ്. ഓപ്പൺ ക്വോട്ട തട്ടിയെടുക്കാൻ അസിസ്റ്റന്റുമാരുടെ തസ്തികയിൽ കൃത്രിമ ഒഴിവുണ്ടാക്കും. റാങ്ക് ലിസ്റ്റിലുള്ള 565 പേർ നിയമനമില്ലാതെ നിൽക്കുമ്പോഴാണ് ഇതേ പരീക്ഷയിൽ എട്ടു മാർക്ക് കിട്ടിയവർ ഉൾപ്പെടെ സെക്രട്ടേറിയറ്റ് ഒഎ വിഭാഗത്തിന്റെ റാങ്ക് പട്ടികയിലുള്ള എല്ലാവർക്കും അസിസ്റ്റന്റുമാരായി നിയമനം.

ഇൗ സ്നേഹം നമ്മൾ കാണാതെ പോകരുത്

ഒരു പദ്ധതിയിൽ തട്ടിപ്പു കാണിച്ച കമ്പനിക്ക് സർക്കാർ മറ്റൊരു കരാർ നൽകുമോ? ഇൗ ചോദ്യത്തിന് ഉത്തരം സർക്കാർ പറയില്ല. അതുകൊണ്ടാണ് കൺസൽറ്റൻസി ഇടപാടുകൾക്കു പിന്നിൽ ഉന്നതർ ഉൾപ്പെട്ട ഒട്ടേറെ പിന്നാമ്പുറ ധാരണകളുണ്ടെന്നു പ്രതിപക്ഷം ആരോപിക്കുന്നതും ജനം സംശയിക്കുന്നതും. സ്പേസ് പാർക്കിന്റെയും കെഫോൺ പദ്ധതിയുടെയും ചുമതലയുള്ള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് (കെഎസ്ഐടിഐഎൽ) പിഡബ്ല്യുസിയോട് വല്ലാത്ത മമതയാണ്. ചെയർമാൻ കൂടിയായ എം.ശിവശങ്കറിന്റെ നിയമന ശുപാർശയ്ക്ക് ഒത്താശ ചെയ്തുകൊടുത്ത പി‍ഡബ്ല്യസിയുടെ കെഫോൺ കരാർ പിൻവലിക്കുന്നതു സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരെയില്ല.

ആകെ പിൻവലിച്ചത് സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്പേസ് പാർക്ക് പദ്ധതി മാത്രം. വ്യാജ ബിരുദവും ക്രിമിനൽ പശ്ചാത്തലവുമുള്ള വ്യക്തിയെ സർക്കാർ സംവിധാനത്തിലേക്ക് അയച്ചു വഞ്ചിക്കാൻ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി കെഎസ്ഐടിഐഎൽ എംഡി തന്നെ പിഡബ്ല്യുസിക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണെന്ന് ഓർക്കണം. ഇതുമായൊന്നും ബന്ധമില്ലാത്ത ഗതാഗത വകുപ്പു പോലും പിഡബ്ല്യുസിയോട് ഗുഡ്ബൈ പറയാനൊരുങ്ങിയിട്ടും കെഎസ്ഐടിഐഎല്ലിനു കുലുക്കമില്ല. 2018 മുതൽ പിഡബ്ല്യുസിയുടെ കൺസൽറ്റന്റുമാർ കെഫോൺ പദ്ധതിയിലുണ്ട്. കെഫോൺ പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനെ (പിഎംയു) തീരുമാനിക്കാനുള്ള സമിതിയുടെ അധ്യക്ഷനും ശിവശങ്കറായിരുന്നു. ദീർഘകാല കൺസൽറ്റിങ് പങ്കാളിയെന്ന നിലയിൽ പിഡബ്ല്യുസിയുടെ കൺസൽറ്റന്റുമാരെത്തന്നെ നിയമിക്കണമെന്ന് കെഎസ്ഐടിഐഎല്ലിന്റെ അന്നത്തെ എംഡി സർക്കാരിനയച്ച കത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു.

കിലയിലും ഫെലോ

പാർട്ടിക്കാരുടെ യോഗ്യതയ്ക്കനുസരിച്ച് ഉന്നത തസ്തികകളിലേക്കുള്ള നിയമന ചട്ടത്തിൽ ഇളവു വരുത്തുന്ന ഏർപ്പാട് കിലയിലും (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) നടപ്പാക്കാൻ നീക്കം. കിലയുടെ നഗരപഠന കേന്ദ്രത്തിലേക്ക് സീനിയർ അർബൻ ഫെലോ, അർബൻ ഫെലോ എന്നിങ്ങനെ 3 തസ്തികകൾ സൃഷ്ടിച്ചു നിയമനം നടത്തുന്നതിനെച്ചൊല്ലിയാണ് ആരോപണം. സീനിയർ പ്രഫസർ, അസി. പ്രഫസർ തസ്തികകളിലേക്കു നടത്തേണ്ട നിയമനം ഫെലോ എന്നാക്കിയത് പാർട്ടി പഠനകേന്ദ്രത്തിലെ രണ്ടുപേരുടെ യോഗ്യതയ്ക്കനുസരിച്ചാണത്രെ.

ചെയർ പ്രഫസർ, സീനിയർ പ്രഫസർ, അസി. പ്രഫസർ എന്നിവർക്കു കിലയുടെ ചട്ടമനുസരിച്ചു ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയുമാണ് അടിസ്ഥാന യോഗ്യത. എന്നാൽ, അപേക്ഷ ക്ഷണിച്ചപ്പോൾ ചെയർ പ്രഫസർക്കു മാത്രം ചട്ടപ്രകാരം യോഗ്യത നിശ്ചയിച്ചു. മറ്റു രണ്ടു തസ്തികകളുടെ പേര് ഫെലോ എന്നാക്കി മാറ്റിയതിനൊപ്പം, യോഗ്യത ബിരുദാനന്തര ബിരുദം മാത്രമാക്കി നിശ്ചയിച്ചു. ശമ്പള സ്കെയിൽ മാറ്റാതെ പേരുമാറ്റിയപ്പോൾ പിഎച്ച്ഡി വേണ്ടാതായി. ഫെലോ തസ്തിക പ്രഫസർ തസ്തികയ്ക്കു തുല്യവും.

തയാറാക്കിയത്: റെഞ്ചി കുര്യാക്കോസ്, മഹേഷ് ഗുപ്തൻ, വി.ആർ.പ്രതാപ്, എസ്.വി.രാജേഷ്,  എം.ആർ.ഹരികുമാർ, കെ.പി.സഫീന, ജിക്കു വർഗീസ് ജേക്കബ്

പരമ്പരയുടെ ഒന്നാം ഭാഗം: നിയമനം പിൻവാതിലിലൂടെ; ചങ്കു പറിച്ചു കൊടുക്കും ഇഷ്ടക്കാർക്ക്

രണ്ടാം ഭാഗം: കഷ്ടപ്പെടാതെ ജോലി കിട്ടും (* ശ്രദ്ധിക്കുക, ഈ ഓഫർ അടുപ്പക്കാർക്കു മാത്രം)

മൂന്നാം ഭാഗം: പുറംനിയമനത്തിൽ പുലികള്‍; നിയമനം ക്ലിഫ് ഹൗസിൽ; ജോലി കണ്ണൂരിൽ

നാലാം ഭാഗം: പൊതുമേഖല: പ്രവേശനം ബന്ധുക്കൾക്കു മാത്രം!

അഞ്ചാം ഭാഗം: ‘സിഎമ്മിന്റെ ഫെലോ’ പറന്നത് 4 രാജ്യങ്ങളിൽ; യുഎസ് യാത്രയ്ക്കു മാത്രം ചെലവ് 21 ലക്ഷം

ആറാം ഭാഗം: അടുപ്പക്കാർക്ക് റോക്കറ്റ് പ്രമോഷൻ; അണി ചോദിക്കുന്നു: എന്തായിരുന്നു അയോഗ്യത?

ഏഴാം ഭാഗം: പട്ടിക അവിടിരിക്കട്ടെ; പിഎസ്‌സി റാങ്കുകാർ നോക്കിനിൽക്കും; സർക്കാർ പിന്നിലൂടെ ആളെ കയറ്റും

എട്ടാം ഭാഗം: ആഹാ, വ്യാജനാണെന്നോ... എന്നാൽ, പ്രമോഷൻ തരാം!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA