sections
MORE

നിർഭാഗ്യകരമായ പരീക്ഷാശാഠ്യം

SHARE

രോഗകാല സാഹചര്യങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടും മറന്ന് എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ (കീം) കാര്യത്തിൽ സർക്കാർ കാണിച്ച പിടിവാശി മൂലമുണ്ടായ നിർഭാഗ്യകരമായ അവസ്ഥ കേരളത്തെ ഞെട്ടിക്കുന്നതാണ്. ഈ എൻട്രൻസ് എഴുതിയ നാലു കുട്ടികൾക്കും ഒരു വിദ്യാർഥിയുടെ പിതാവിനും ഇതിനകം കോവിഡ് സ്ഥിരീകരിച്ചത് അത്യധികം ആശങ്കാജനകംതന്നെ.

തിരുവനന്തപുരത്തെ രണ്ട് എൻട്രൻസ് കേന്ദ്രങ്ങളിൽ അകലം പാലിച്ചില്ലെന്ന പേരിൽ അറുനൂറോളം രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തതു നാടിന്റെയാകെ പ്രതിഷേധത്തിനു കാരണമായിരിക്കുകയുമാണ്. തിരക്ക് ഒഴിവാക്കാൻ മുൻകരുതലെടുക്കുമെന്നു പറഞ്ഞ അധികൃതർ സ്വന്തം വീഴ്ച മറയ്ക്കാനാണു കേസെടുത്തത് എന്നാണ് ആരോപണം.

എൻജിനീയറിങ് - ഫാർമസി പ്രവേശനപരീക്ഷ, റജിസ്റ്റർ ചെയ്തവരിൽ 85 ശതമാനത്തിലേറെ വിദ്യാർഥികൾ എഴുതിയതായാണു പ്രാഥമിക കണക്ക്. കേരളത്തിനകത്തും പുറത്തുമായി റജിസ്റ്റർ ചെയ്ത 1,10,200 വിദ്യാർഥികളിൽ 1,04,223 പേരാണ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്തിരുന്നത്. കോവിഡ് ഭീതി മൂലം പരീക്ഷയ്ക്കു വരാതിരുന്ന വിദ്യാർഥികളുമുണ്ട്. എങ്കിൽപോലും ഏകദേശം 85,000 കുട്ടികളെങ്കിലും പരീക്ഷ എഴുതിയതായി വേണം കരുതാൻ. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും പൊതുഗതാഗത സൗകര്യം കുറഞ്ഞ സാഹചര്യത്തിലും കുട്ടികളെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കാൻ രക്ഷിതാക്കൾ സഹിച്ച ബുദ്ധിമുട്ടുകൾ ഏറെയാണ്.

വരുന്ന തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം ഉപേക്ഷിക്കുന്നത് ഇതോടു ചേർത്തുവയ്ക്കാവുന്നതാണ്. തലസ്ഥാനത്തടക്കം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സഭാ സമ്മേളനം ചേരുന്നതു വിപത്താകുമെന്നു കരുതിയാണ് ഈ തീരുമാനം. തീയതി തീരുമാനിച്ച ശേഷം സഭാ സമ്മേളനം റദ്ദാക്കുന്നത് ആദ്യമാണെങ്കിലും സഭയിലെ 140 അംഗങ്ങളുടെ ആരോഗ്യജാഗ്രത മുൻനിർത്തിയുള്ള ഈ തീരുമാനം ഉചിതംതന്നെ. അതേസമയം, പതിനായിരക്കണക്കിനു കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും കാര്യത്തിൽ ഇതേ ചിന്ത സർക്കാരിനുണ്ടായില്ലല്ലോ എന്നതു നിർഭാഗ്യകരവുമാണ്.

ഇപ്പോഴത്തെ രോഗാവസ്ഥയുടെ സങ്കീർണതകൾ തിരിച്ചറിഞ്ഞതുകൊണ്ടും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സമ്മർദം കുറയ്ക്കണമെന്നു തോന്നിയതുകൊണ്ടുമാണ് നീറ്റ്, ജെഇഇ എന്നിവ അടക്കമുള്ള പ്രധാനപ്പെട്ട ദേശീയ പ്രവേശനപരീക്ഷകൾ സെപ്റ്റംബറിലേക്കു മാറ്റിവച്ചത്. എന്നിട്ടും കേരളം എന്തിനാണ് ഒരേ തീയതിയിൽ ഉറച്ചുനിൽക്കുന്നതെന്ന സംശയം ഒട്ടേറെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടായതാണ്. സാങ്കേതിക കാരണങ്ങളിൽ മുറുകെപ്പിടിക്കാതെ, അധികൃതർ പ്രായോഗികമായി ചിന്തിക്കണമെന്നാണ് ഈ രോഗകാലം ആവശ്യപ്പെടുന്നതെന്നു പറഞ്ഞ് ഈ വിഷയത്തിൽ ‘മലയാള മനോരമ’ മുഖപ്രസംഗം എഴുതുകയുണ്ടായി. പക്ഷേ, ഒരു ലക്ഷത്തിലേറെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നെഞ്ചിലെ ആധി സർക്കാരിനു പ്രശ്നമായിരുന്നില്ല. കേരള എൻട്രൻസ് വിജയകരമായി സംഘടിപ്പിച്ച ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി അഭിനന്ദിക്കുകയും ചെയ്തു.

പട്ടം സെന്റ് മേരീസ് സ്കൂൾ, വഴുതക്കാട് കോട്ടൺഹിൽ സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാർഥികൾക്കൊപ്പമെത്തിയ രക്ഷിതാക്കൾക്കെതിരെ കോവിഡ് നിയന്ത്രണ വ്യവസ്ഥകൾ ലംഘിച്ചു കൂട്ടംകൂടിയെന്ന പേരിൽ കേസെടുത്തത് അങ്ങേയറ്റം അപലപനീയമാണ്. ഇവരെ നിയന്ത്രിക്കാൻ ചുമതലപ്പെട്ട സർക്കാർ സംവിധാനങ്ങൾ ആ നേരത്ത് എന്തു ചെയ്യുകയായിരുന്നുവെന്നാണു കേരളത്തിന്റെ ചോദ്യം. പരീക്ഷ കഴിഞ്ഞിറങ്ങുമ്പോൾ കൂട്ടംചേരാതെ പുറത്തേക്കു പോകാൻ സംവിധാനങ്ങളുണ്ടാകണമായിരുന്നു. ഇക്കാര്യത്തിൽ വിദ്യാർഥികളെ കുറ്റപ്പെടുത്താനാവില്ലെന്നും പരീക്ഷ കഴിഞ്ഞിറങ്ങുമ്പോൾ ഇത്തരം കൂട്ടംചേരലിനു സാധ്യതയുണ്ടെന്നു മുൻകൂട്ടിക്കണ്ട്, വേണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതായിരുന്നു എന്നുമാണ് മുഖ്യമന്ത്രിതന്നെ പറഞ്ഞത്.

രോഗസാഹചര്യങ്ങളും മാനുഷികതയും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും മറന്നുള്ള ഇത്തരം ശാഠ്യങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കരുതെന്ന ആ വലിയ പാഠം സർക്കാർ ഓർക്കേണ്ടതാണ്. എൻട്രൻസ് കേന്ദ്രങ്ങളിൽ അകലം പാലിച്ചില്ലെന്ന പേരിൽ രക്ഷിതാക്കൾക്കെതിരെ കേസെടുത്ത പൊലീസ് നടപടി എത്രയുംവേഗം പിൻവലിക്കുകയും വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA