ADVERTISEMENT

അപൂർവമായേ, ശാസ്ത്ര പരീക്ഷണങ്ങൾ ഉദ്വേഗജനകമാവുകയുള്ളൂ. അത്തരത്തിലൊരു കഥ പറയുന്ന പുസ്തകമാണ് 1968ൽ പുറത്തിറങ്ങിയ, ജയിംസ് വാട്സന്റെ ആത്മകഥയായ ‘ദ് ഡബിൾ ഹെലിക്സ്’. ത്രില്ലർ പോലെ പിടിച്ചിരുത്തുന്ന ആ പുസ്തകം, 1953ൽ വെറും ഇരുപത്തഞ്ചുകാരനായ വാട്സൻ, ഫ്രാൻസിസ് ക്രിക്കുമായി ചേർന്നു നടത്തിയ പരീക്ഷണങ്ങളിലൂടെ ജനിതകരഹസ്യങ്ങളുടെ കലവറയായ ഡിഎൻഎയുടെ ഘടന കണ്ടെത്തുന്ന കഥ പറയുന്നു. 

വാട്സനും ക്രിക്കും മാതൃകകൾ നിർമിച്ചുകൊണ്ടാണ് ഡിഎൻഎയുടെ ഘടന കണ്ടെത്തിയതെങ്കിൽ, എക്സ്റേ ഉപയോഗിച്ച് അതേ ലക്ഷ്യത്തിലേക്കു ഗവേഷണം നടത്തിയിരുന്നു മോറിസ് വിൽകിൻസ്. ഈ കഥയിലെ ദുരന്തനായിക, എക്സ്റേ ഉപയോഗിച്ചുതന്നെ സമാന്തരമായി ഗവേഷണം നടത്തിയിരുന്ന റോസലിൻഡ് ഫ്രാങ്ക്ലിൻ ആണ്.

1968ൽ നൊബേൽ സമ്മാനം വാട്സനും ക്രിക്കിനും വിൽകിൻസിനുമാണു ലഭിച്ചത്. റോസലിൻഡ് 1958ൽ, 37 വയസ്സുള്ളപ്പോൾ മരിച്ചിരുന്നു. ഡിഎൻഎയുടെ ഘടന തേടിയുള്ള മത്സരപ്പാച്ചിലിനിടെ റോസലിൻഡിന്റെ ഗവേഷണഫലങ്ങൾ ചോർത്തിയെടുത്ത കാര്യം വാട്സൻ പുസ്തകത്തിൽ പറയുന്നുമുണ്ട്.

മനുഷ്യരാശി ഇന്നു നേരിടുന്ന ഏറ്റവും വലിയ ജീവന്മരണ പ്രശ്നമായ കോവിഡിനു മരുന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ ലോകം ഉറ്റുനോക്കുന്നു. ആരു കണ്ടെത്തിയാലും എല്ലാവർക്കും ഉപയോഗപ്രദമായിരിക്കും എന്നാണ് അനുമാനം. എന്നിരുന്നാലും, തങ്ങളുടെ പരീക്ഷണങ്ങൾക്കു തുരങ്കംവയ്ക്കാൻ ചൈന ശ്രമിക്കുന്നുവെന്ന് ഈയിടെ യുഎസ് ആരോപിക്കുകയുണ്ടായി.

അതേ യുഎസ് തന്നെ കോവിഡ് സംബന്ധിച്ച ഒരു മരുന്നിന്റെ പേറ്റന്റ് ജർമനിയിൽനിന്നു സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. സ്വന്തം രാജ്യംതന്നെ വാക്സിൻ കണ്ടുപിടിച്ചാലേ, അതിന്റെ പൂർണമായ ഗുണം തങ്ങൾക്കു ലഭിക്കുകയുള്ളൂ എന്ന തദ്ദേശീയരുടെ ഉത്കണ്ഠ ഈ പരീക്ഷണങ്ങൾക്കു പിരിമുറുക്കം നൽകുന്നു. അതിസങ്കീർണമായ വാക്സിൻ നിർമാണഘട്ടങ്ങൾ മാധ്യമങ്ങളിലൂടെ ഇപ്പോൾ സാധാരണക്കാർക്കുവരെ പരിചിതമാണ്. അനുനിമിഷം ലോകമെമ്പാടുമുള്ള വാക്സിൻ പരീക്ഷണങ്ങളെ പിന്തുടരുന്ന വെബ്സൈറ്റുകളുണ്ട്. ഈ വാക്സിൻ ട്രാക്കറുകൾ ആധുനികകാലത്തെ ഏറ്റവും വിലപിടിച്ച കണ്ടുപിടിത്തത്തിന്റെ തത്സമയ വിവരണം നൽകുന്നു.

ഏതാണ്ട് 140 വാക്സിനുകളാണ് പ്രീ ക്ലിനിക്കൽ (മൃഗങ്ങളിലെ പരീക്ഷണം) പരീക്ഷണഘട്ടത്തിലുള്ളത്. ഈ ഘട്ടം വിജയിക്കുകയാണെങ്കിൽ, വാക്സിന്റെ ഡോസ് നിർണയിക്കാനും അതു ഹാനികരമാണോ എന്നറിയാനും ചെറിയ സംഘം മനുഷ്യരിൽ പ്രയോഗിക്കുന്നു. ഫേസ് 1 എന്നു വിളിക്കുന്ന ഈ ഘട്ടത്തിൽ ഇപ്പോൾ വെറും 19 വാക്സിനുകളേയുള്ളൂ. ഇതും വിജയകരമായി തരണം ചെയ്താൽ വാക്സിൻ മനുഷ്യർക്കു ഹാനികരമല്ലെന്ന് ഉറപ്പു വരുത്താൻ കുറച്ചുകൂടി വലിയ സംഘം ആളുകളിൽ പരീക്ഷിക്കുന്നു. ഫേസ് 2ൽ ഇപ്പോൾ 13 വാക്സിനുകളാണുള്ളത് (ഇന്ത്യയുടെ കോവാക്സിൻ ഈ ഘട്ടത്തിലാണ്). ഇതിനും ശേഷമാണ് പല ദേശങ്ങളിലായി ആയിരക്കണക്കിന് ആളുകളിൽ വാക്സിന്റെ പ്രതിരോധക്ഷമത പരിശോധിക്കുന്ന ഫേസ് 3. ഈ ഘട്ടത്തിൽ വെറും 4 വാക്സിനുകളേയുള്ളൂ. 

ഓക്സ്ഫഡും അസ്ട്രാസെനക കമ്പനിയും ചേർന്നുള്ള സംയുക്ത സംരംഭം, അവരുടെ ട്രയൽസ് ബ്രസീലിൽ ആരംഭിച്ചു. ചൈനയുടെ സിനോഫാം കമ്പനിയുടെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടക്കുന്നത് യുഎഇയിലാണ്. മറ്റൊരു ചൈനീസ് കമ്പനിയായ സിനോവാക് അവരുടെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബ്രസീലിൽ നടത്തുന്നു.

ഓസ്ട്രേലിയയിലെ മർഡോക് ചിൽഡ്രൻസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഫേസ് 3 പരീക്ഷണത്തിൽ, ക്ഷയത്തിന്റെ പ്രതിരോധ മരുന്നായ ബിസിജി കോവിഡിന് ഉപയുക്തമാകുമോ എന്നാണു പരിശോധിക്കുന്നത്. മൂന്നാം ഘട്ടവും വിജയകരമായി പൂർത്തിയാക്കിയാലേ, വിപണിയിൽ എത്തിക്കാനുള്ള അനുമതി എന്ന അവസാന ഘട്ടത്തിൽ എത്തുകയുള്ളൂ. അത് എന്നു സംഭവിക്കുമെന്ന സുപ്രധാന ചോദ്യത്തോട് കമ്പനികൾ മൗനം പാലിക്കുന്നു.

കണക്കുകൾക്ക് അപ്പുറം 

കോവിഡ്കാലം കണക്കുകളുടെ കാലം കൂടിയാണ്. ഇത്രയധികം കണക്കുകൾ ജനങ്ങളിലേക്കു തുറന്നുവിട്ട മറ്റൊരു പൊതുജനാരോഗ്യ പ്രതിസന്ധി മുൻപ് ഉണ്ടായിട്ടില്ല. കണക്കുകൾ മാത്രമല്ല, ഗ്രാഫുകളും ഇപ്പോൾ ജനപ്രിയമായിരിക്കുന്നു. ആളുകൾ ഏറെ കാത്തിരിക്കുന്ന ദിവസക്കണക്കുകൾ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയുമാണെങ്കിൽ അവർക്ക് ആകാംക്ഷയുള്ള മറ്റൊരു കാര്യം, വക്രരേഖ പരന്നോ എന്നതാണ് - ഫ്ലാറ്റൻ ദ് കർവ് ഇപ്പോൾ പൊതുപദാവലിയുടെ ഭാഗമാണ്. എന്നാൽ, ഈ കണക്കുകളിൽ അപകടം പതിയിരിക്കുന്നു. അവയ്ക്ക് ഐകരൂപ്യം ഇല്ല; അത്തരം അക്കങ്ങളാണു നമ്മൾ താരതമ്യപഠനങ്ങൾക്കും ഇൻഫോഗ്രാഫിക്കുകൾക്കും ഉപയോഗിക്കുന്നതെന്ന് ഓർക്കേണ്ടിയിരിക്കുന്നു.

മരണസംഖ്യ തന്നെ എടുക്കുക. ഏപ്രിൽ 29വരെ ഇംഗ്ലണ്ടിൽ ആശുപത്രിയിൽ‌വച്ചുള്ള മരണങ്ങൾ മാത്രമേ, കോവിഡ് മരണമായി കണക്കാക്കിയിരുന്നുള്ളൂ. ഇറ്റലിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ സംഖ്യകൾക്ക് ഒരേ രൂപം നൽകാൻ ലോകാരോഗ്യ സംഘടനയുടെ നിർവചനം അനുസരിച്ചുള്ള ‘സ്ഥിരീകരിച്ചതും സംഭവ്യവുമായ’ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങൾ കുറവാണ്. ഇതേ വ്യത്യാസം തന്നെയാണ് രോഗബാധിതരുടെ സംഖ്യയിലും സംഭവിക്കുന്നത്. ഇന്ത്യയിൽത്തന്നെ പ്രാഥമിക ലക്ഷണങ്ങൾ ഉണ്ടെങ്കിലും പരിശോധന നടത്താത്തതും, മറിച്ച് വിശാലമായ തോതിൽ പരിശോധന നടത്തുന്നതുമായ സംസ്ഥാനങ്ങളുണ്ട്. അപ്പോൾ രോഗബാധിതരുടെ എണ്ണത്തിൽ തീർച്ചയായും വ്യത്യാസം കാണുമല്ലോ.

കണക്കുകളുടെ സ്ഥിതി ഇങ്ങനെയാണെങ്കിൽ തീർച്ചയായും അവയെ ഒഴിച്ചുനിർത്തേണ്ട ഇടം രാഷ്ട്രീയമാണ്. പ്രതിപക്ഷ നേതാവ് കേരളത്തിലെ രോഗമുക്തിയുടെ തോത്, രാജ്യത്തിന്റെയും ഇതര സംസ്ഥാനങ്ങളുടെയും കണക്കുകളെക്കാളും കുറവാണെന്ന് ആരോപിച്ചപ്പോൾ, മുഖ്യമന്ത്രി അതിനെ നേരിട്ടത് നിർവചനപ്രശ്നം ഉന്നയിച്ചുകൊണ്ടാണ്. കേന്ദ്രസർക്കാരിന്റെ നിർവചനമനുസരിച്ച് 10 ദിവസത്തിനുശേഷം രോഗലക്ഷണങ്ങൾ കാണിച്ചില്ലെങ്കിൽ രോഗമുക്തരായി കണക്കാക്കാം. എന്നാൽ, കേരളത്തിൽ ടെസ്റ്റ് ചെയ്തിരിക്കണമെന്നു നിർബന്ധമാണ്.

സംഖ്യകളുടെ ഈ മഹാപ്രവാഹത്തിൽ രോഗത്തെ മറക്കാതിരിക്കട്ടെ.

സ്കോർപ്പിയൺ കിക്ക്: പരീക്ഷാകേന്ദ്രങ്ങളിൽ അകലം പാലിച്ചില്ലെന്ന പേരിൽ, കേരള എൻട്രൻസ് എഴുതിയ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കെതിരെ കേസ്.

പ്രേരണക്കുറ്റത്തിനു സർക്കാരിനെതിരെയും വേണ്ടതല്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com