ADVERTISEMENT

മലയിടിഞ്ഞ് റോഡിലേക്കു മണ്ണു വീഴുന്നതും യാത്രക്കാർ തലനാരിഴയ്ക്കു രക്ഷപ്പെടുന്നതുമായ ഒരു വിഡിയോ വാട്സാപ്പിലും ഫെയ്സ്ബുക്കിലും കണ്ടു. ശരിക്കും എവിടെ സംഭവിച്ചതാണ്; ഇന്ത്യയിലാണോ?

ഈ വിഡിയോ അസം, മേഘാലയ, ഗോവ എന്നിവിടങ്ങളിൽ സംഭവിച്ചതാണെന്ന മട്ടിൽ പല അടിക്കുറിപ്പുകളോടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷേ, സംഭവം ഇന്ത്യയിലേയല്ല. ഇന്തൊനീഷ്യയിൽ മാസങ്ങൾക്കു മുൻപുണ്ടായതാണിത്. ഇതു മേഘാലയയിൽ ഉണ്ടായതല്ലെന്ന് മുൻപുതന്നെ അവിടത്തെ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ പഴയ ചിത്രങ്ങളും വിഡിയോകളും പുതിയതെന്ന രീതിയിലും സ്ഥലങ്ങൾ മാറ്റിയുമൊക്കെ ഷെയർ ചെയ്യപ്പെടുന്നതു പതിവാണ്. ദുരന്തങ്ങളുടെ വിവരമോ വിഡിയോയോ ചിത്രമോ കിട്ടുമ്പോൾ ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഫോർവേഡ് ചെയ്യാവൂ.

∙ നീരാവി ശ്വസിച്ചാൽ കോവിഡിനു കാരണമായ കൊറോണ വൈറസ് നശിക്കുമെന്ന് ചൈനീസ് വിദഗ്ധൻ കണ്ടെത്തിയായി മെസേജുണ്ട്?

മൂക്കിലോ തൊണ്ടയിലോ ശ്വാസകോശത്തിലോ പ്രവേശിച്ചാലും കൊറോണ വൈറസിന് ചൂടുവെള്ളത്തിൽ പിടിച്ചുനിൽക്കാനാകില്ല എന്നൊക്കെ ആ സന്ദേശത്തിലുണ്ട്. ഇതേ അവകാശവാദവുമായി ഒരു ഡോക്ടറുടെ ഓഡിയോ സന്ദേശവും പ്രചരിച്ചിരുന്നു. എന്നാൽ, നീരാവി ശ്വസിച്ചാൽ കൊറോണ വൈറസ് നശിക്കുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല.

∙ ഒരു പ്രമുഖ വിദേശ ബീയർ കമ്പനിയിലെ ജീവനക്കാർ തങ്ങൾ വർഷങ്ങളായി ബീയറിൽ മൂത്രമൊഴിക്കാറുണ്ടെന്നു വെളിപ്പെടുത്തിയതിന്റെ വാർത്ത വാട്സാപ്പിൽ കണ്ടല്ലോ?

ഫൂളിഷ് ഹ്യൂമർ എന്ന ഓൺലൈൻ സെറ്റിൽ വന്ന വാർത്തയുടെ സ്ക്രീൻഷോട്ടാണ് പ്രചരിക്കുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ ആ വെബ്സൈറ്റ് ആക്ഷേപഹാസ്യ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഒന്നാണ്. അതിലെ വാർത്തകളൊന്നും സത്യമല്ല, സാങ്കൽപികമാണ്. ആ വെബ്സൈറ്റിന്റെ ഒടുവിൽ അവർ അക്കാര്യം കൃത്യമായി പറയുന്നുമുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് ആക്ഷേപഹാസ്യ (സറ്റയർ) വെബ്സൈറ്റുകളുണ്ട്. പലതും വളരെ പ്രശസ്തവുമാണ്. ഇത്തരം സൈറ്റുകളിൽ വരുന്ന പല വാർത്തകളും യഥാർഥ വാർത്തയെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

∙ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങും മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്റണിയും ട്വിറ്ററിൽ ചേർന്നോ?

രണ്ടുപേരുടെയും പേരിൽ ട്വിറ്റർ ഹാൻഡിലുകൾ (അക്കൗണ്ട്) ഈയിടെ പ്രത്യക്ഷപ്പെട്ടെങ്കിലും അവ യഥാർഥ വ്യക്തികളുടേതല്ല. പ്രശസ്തരുടെ പേരിൽ വ്യാജമായതോ ആരാധകർ തുടങ്ങുന്നതോ ആയ അക്കൗണ്ടുകൾ ഉണ്ടാകാം. മൻമോഹന്റെയും ആന്റണിയുടെയും പേരിൽ ഇപ്പോൾ വന്നിട്ടുള്ളത് ഫാൻ ഹാൻഡിലുകളാണെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്.

∙ ബെംഗളൂരു – മൈസൂരു റോഡിൽ ഒരു ട്രക്ക് മുൻപിലുള്ള കുറെ വാഹനങ്ങളിലേക്ക് ഇടിച്ചു കയറുന്ന ദൃശ്യം കണ്ടല്ലോ, ശരിയാണോ?

ബെംഗളൂരുവിൽ ഇന്നു രാവിലെ ഉണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ എന്ന പേരിൽ ഈ വിഡിയോ കുറെ നാളുകളായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ജൂൺ 18ന് റഷ്യയിലെ ഒരു ഹൈവേയിൽ ഉണ്ടായ അപകടമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com