sections
MORE

വാചകമേള

sethu, Dr VP Gangadharan
SHARE

സേതു: റേഷൻ കടകളും നാട്ടിൻപുറത്തെ ചെറുകടകളും എന്തിനെന്ന് സംശയം തോന്നിയവർക്കും ലോക്ഡൗൺ ഉത്തരമായി. മറ്റെങ്ങും കിട്ടാതായപ്പോൾ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ എല്ലാവരും നാട്ടിലെ ചെറു കടകളെ ആശ്രയിച്ചു. ചെറുകിട റീട്ടെയ്ൽ ചെയിൻ നിലനിൽക്കേണ്ടത് എത്രമാത്രം പ്രധാനമാണെന്ന ബോധ്യം ഈ ലോക്ഡൗണിനു ശേഷവും ഉണ്ടാകണം.

ഡോ. വി.പി.ഗംഗാധരൻ: ലോക്ഡൗൺ കാലത്തു കുറച്ചു ദിവസം വീട്ടിലിരുന്നപ്പോഴാണ് അയലത്ത് ആരാണു താമസിച്ചിരുന്നതെന്നു പോലും മനസ്സിലാക്കിയത് എന്നു പറഞ്ഞവരുണ്ട്. പണ്ട് അയലത്തെ അടുപ്പു പുകഞ്ഞില്ലെങ്കിൽ നമ്മൾ അറിയുമായിരുന്നു. ഇടയ്ക്കെപ്പോഴോ നഷ്ടപ്പെട്ട ആ നന്മകളുടെ വിളവെടുപ്പുകാലം കൂടിയാണിത്.

സച്ചിദാനന്ദൻ: പടിഞ്ഞാറൻ സർവകലാശാലകളിൽ പലതിലും ഹ്യുമാനിറ്റീസ് കുറച്ചു വർഷമായി നിർത്തിത്തുടങ്ങി. ഇവിടെയും അതു സംഭവിക്കാം. കോർപറേറ്റുകൾക്ക് എന്തു കുമാരനാശാൻ! ശാസ്ത്രം ഇന്ന് ഒരു അധികാരക്കളിയുടെ ഭാഗമാണ്. നൈതികതയും ശാസ്ത്രവും ഹിറ്റ്ലർ, സ്റ്റാലിൻ എന്നിവരുടെ കാലം മുതലേ അന്യോന്യം വേർപെട്ടു.

അരുന്ധതി റോയ്: ട്രംപ് നവംബറിലെ തിരഞ്ഞെടുപ്പിൽ പുറത്താകുമെന്നാണു തോന്നുന്നത്. എന്നാൽ, ഇന്ത്യയുടെ ചക്രവാളത്തിൽ അത്തരം പ്രതീക്ഷകളൊന്നുമില്ല. പ്രതിപക്ഷം തകർന്നുകൊണ്ടിരിക്കുകയാണ്. നേതാക്കൾ നിശ്ശബ്ദരാണ്. കൈക്കൂലി വാങ്ങുന്നതിൽനിന്നും അതിലുൾപ്പെടുന്നതിൽനിന്നും വിലക്കാൻ എംഎൽഎമാരെ ഹോളിഡേ റിസോർട്ടുകളിൽ അടയ്ക്കുകയാണ്.

സി.രാധാകൃഷ്ണൻ: ലളിത ജീവിതത്തിന്റെ ശൈലി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതാണ് പ്രകൃതിയുടെ ഈ ജീവിതശൈലി തിരുത്തൽ. ജാതി, മത, ലിംഗ, വംശ ഭേദങ്ങൾ പിന്തള്ളപ്പെടും. ആയിരം പ്രസംഗങ്ങളെക്കാളും ഫലപ്രദമാണല്ലോ അനുഭവം.

കെ.ജി.ജോർജ്: സത്യജിത് റേ ആണ് എന്നെ ഏറ്റവും ആഴത്തിൽ സ്വാധീനിച്ചത്. ‘അപരാജിതോ’ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്. അത്ര പവർഫുള്ളാണ് ഫീലിങ്. ‘പഥേർ പാഞ്ചാലി’യും അതെ. റേയുടെ സിനിമ മനസ്സിൽതൊടും. സിനിമ ആദ്യം നമുക്ക് ആ ഒരു ഇമോഷനൽ ഫീലിങ് തരണം. അതുണ്ടാക്കാനാണ് ക്രാഫ്റ്റ് വേണ്ടത്.

സി.ആർ.പരമേശ്വരൻ: അ ധികാരത്തിന്റെയും സമ്പത്തിന്റെയും പരമോന്നതങ്ങളിൽ ആർഷഭാരത സംസ്കാരത്തിന്റെയും ജിഹാദിന്റെയും സോഷ്യലിസത്തിന്റെയും പ്രത്യയശാസ്ത്ര സംഘർഷങ്ങൾ ഒന്നുമില്ല. അടിമജനങ്ങളെ ഒരിക്കൽകൂടി വിഡ്ഢികളാക്കിയതിന്റെ പേരിലുള്ള, രാഷ്ട്രീയ സമൂഹത്തിലെ അംഗങ്ങളുടെ പരസ്പരമുള്ള ഗാഢമായ ആലിംഗനങ്ങളേയുള്ളൂ.

രാജൻ ഗുരുക്കൾ: ഓൺലൈനായി ലഭിക്കുന്ന ലോകപ്രശസ്ത പണ്ഡിതരുടെ ക്ലാസുകളിലൂടെ പോഷിപ്പിച്ച കുട്ടികളുടെ അറിവ്, സാധാരണ അധ്യാപകരെ അവരുടെ ക്ലാസുകളെ അക്കാദമിക വെല്ലുവിളി ഉയർത്തുംവിധം മെച്ചപ്പെടുത്തുന്നതിനു നിർബന്ധിക്കും. എന്നാൽ, ഓൺലൈനിലുള്ള ഉന്നതവിദ്യാഭ്യാസം ഒരിക്കലും വിവിധ വിമർശനോന്മുഖ വശങ്ങളുടെ തെളിമയുള്ള ക്യാംപസ് പഠനത്തിനു സമമല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA