ADVERTISEMENT

കോവിഡിൽ വാടിപ്പോകുന്നത് ശരീരം മാത്രമല്ല, മനസ്സുകൂടിയാണ്. രോഗവ്യാപനവും അടച്ചിരിക്കലും ലക്ഷക്കണക്കിന് ആളുകളുടെ മനസ്സു തകർത്തു; പ്രത്യേകിച്ച് കുട്ടികളുടെ. ലോക്ഡൗൺ തുടങ്ങിയതു മുതൽ ഈ മാസം 10 വരെ കേരളത്തിൽ മാത്രം ജീവനൊടുക്കിയത് 66 കുട്ടികൾ! കോവിഡ്കാല സമ്മർദത്തെയും വിഷാദത്തെയും നേരിടേണ്ടത് എങ്ങനെ? മനോരമ സംഘടിപ്പിച്ച ‘കാക്കാം, ഉള്ളുലയാതെ’ വെബിനാറിൽ ഉയർന്നുവന്ന നിർദേശങ്ങൾ.

കോവിഡാണു ചുറ്റും; പക്ഷേ, നമുക്കു ജീവിച്ചേ പറ്റൂ, ജയിച്ചേ പറ്റൂ. പൂർണമായും സന്തോഷമില്ലെങ്കിൽ പോലും നല്ല മാനസികാരോഗ്യത്തോടെ ഇരിക്കാൻ ശീലിക്കാം. കണ്ണിനും കാതിനും മനസ്സിനും മാസ്ക് കെട്ടി, നാം ഒറ്റത്തുരുത്തിൽ ആകരുത്. പരസ്പരം സഹായിക്കുന്ന വലിയ കൂട്ടായ്മയുടെ പുതിയ സംസ്കാരത്തിന് ഈ കോവിഡ്കാലം കാരണമാകട്ടെ.

1

കോവിഡും കുട്ടികളും
അകത്തിരിക്കാം, ഉഷാറോടെ
പുറംലോകവുമായുള്ള ബന്ധം കംപ്യൂട്ടർ, മൊബൈൽ, ടിവി സ്ക്രീനിലേക്ക് ഒതുങ്ങിയതും സുഹൃത്തുക്കളുമൊത്തുള്ള സമയം കുറഞ്ഞതും ഗാർഹിക പ്രശ്നങ്ങളും കുട്ടികളിലുണ്ടാക്കുന്ന മാനസികാഘാതം വലുതാണ്. ഇതിനുദാഹരണമാണ് ലോക്ഡൗൺ കാലത്ത് ചൈൽഡ്‌ലൈനിലേക്കുള്ള വിളികളുടെ എണ്ണം 50% വർധിച്ചത്. യുനിസെഫിന്റെ കണക്കു പ്രകാരം ഈ സമയത്ത് കുട്ടികൾക്കെതിരായ മറ്റ് അതിക്രമങ്ങളും കൂടിയിട്ടുണ്ട്.

5 വയസ്സുവരെയുള്ള കുട്ടികൾ വീട്ടിൽ അടച്ചുപൂട്ടി ഇരിക്കുന്നതു മസ്തിഷ്ക വളർച്ചയെത്തന്നെ ബാധിക്കാം. അവരെ ദിവസവും വീട്ടുപരിസരത്തു നടത്താനും കളിപ്പിക്കാനും കാഴ്ച കാണിക്കാനും ശ്രദ്ധിക്കണം. പ്രകൃതിയെ അറിഞ്ഞു വളരാൻ ശീലിപ്പിക്കണം.

comments

ഒരുപാടു സമയം ഫോണും കംപ്യൂട്ടറും ടിവിയും ഉപയോഗിക്കുമ്പോൾ കുട്ടികളിൽ ഏകാഗ്രതക്കുറവ്, തലവേദന, കാഴ്ചപ്രശ്നം, പെരുമാറ്റ വൈകല്യം തുടങ്ങിയവ വരാം. അതുകൊണ്ട് സ്ക്രീൻ ടൈം നിയന്ത്രിക്കണം. 2 വയസ്സുവരെ സ്ക്രീൻ ടൈം വേണ്ടെന്നാണ് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പറയുന്നത്. 3–5 വയസ്സുവരെ അത്യാവശ്യമെങ്കിൽ മാത്രം അര മുതൽ ഒരു മണിക്കൂർ വരെ ആകാം. ടിവി കണ്ടും മൊബൈൽ നോക്കിയും ഭക്ഷണം കഴിക്കേണ്ട. കുട്ടികളുടെ ചോദ്യങ്ങളെ എതിർക്കരുത്. വായനയിൽ ഉൾപ്പെടെ അവർക്കു നല്ല മാതൃകയാകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. അവരുടെ വാശികളെ നിരുത്സാഹപ്പെടുത്താൻ മറക്കുകയുമരുത്.

രാവിലെയും വൈകിട്ടും അരമണിക്കൂറെങ്കിലും കളിക്കുകയോ വ്യായാമം ചെയ്യുകയോ വേണം. വെയിൽ കൊള്ളണം. തോന്നുമ്പോൾ ഉറങ്ങി ഉണരുന്ന പതിവും വേണ്ട; ഇക്കാര്യങ്ങൾ കുട്ടികളും മുതിർന്നവരും ശീലമാക്കണം.

ഓൺലൈൻ ക്ലാസിൽ ശ്രദ്ധിക്കാൻ:
പ്രീപ്രൈമറിയിൽ ഓൺലൈൻ ക്ലാസ് വേണ്ടെന്നും എട്ടാം ക്ലാസ് വരെ അതു പരമാവധി ഒന്നര മണിക്കൂർ മതിയെന്നും വിദഗ്ധർ. എല്ലാ കുട്ടികളും ടെക്നോളജിയുമായി പൊരുത്തപ്പെടണമെന്നില്ല. ഓൺലൈൻ ക്ലാസിന്റെ പേരിൽ അവരെ നിർബന്ധിക്കുന്നത് ചിലപ്പോൾ വിപരീത ഫലം ചെയ്യാം. ഓൺലൈൻ ക്ലാസുകൾ നടത്തുമ്പോൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ സ്കൂളിലെ പഠനരീതി അതേപടി തുടരരുത്. ഏറെ സമയം ക്ലാസ് നീളുകയുമരുത്.

മാതാപിതാക്കൾ ചെയ്യേണ്ടത്:
∙ ദിവസവും അരമണിക്കൂറെങ്കിലും കുട്ടികളോടു കാര്യങ്ങൾ ചോദിച്ചറിയുക. ഒപ്പമുണ്ടെന്ന ആത്മവിശ്വാസം പകരുക.
∙ കുട്ടികളുമൊത്തു കളിക്കാനും വ്യായാമം ചെയ്യാനുമെല്ലാം ശ്രമിക്കാം.
∙ കുട്ടികളുടെ ഇഷ്ടം/കഴിവ് കണ്ടെത്താം, പ്രോത്സാഹിപ്പിക്കാം.
∙ പഠനത്തിനും കളികൾക്കുമെല്ലാം പ്രത്യേകം സമയം ക്രമീകരിച്ചു നൽകാം.
∙ കൂട്ടുകാരുമായി സംസാരിക്കാൻ സമൂഹമാധ്യമങ്ങൾ വഴിയെങ്കിലും അവസരം ഒരുക്കിക്കൊടുക്കാം.

webinar2

∙ പ്രവാസികളുടെ പിരിമുറുക്കങ്ങൾ
ഉറപ്പേകാം, നാട് ഒപ്പമുണ്ട്
ജീവിതം പ്രതിസന്ധിയിലായി തിരിച്ചെത്തുന്ന പ്രവാസികളോടു ജന്മനാട് മുഖംതിരിക്കുന്ന സാഹചര്യങ്ങൾ കേരളത്തിനു നാണക്കേടാണ്. വിദ്യാഭ്യാസത്തിനൊപ്പം അവബോധവും മനസ്സലിവും മികച്ച സംസ്കാരവും അച്ചടക്കവും ഉള്ള ജനതയാകട്ടെ, നാം.

പ്രവാസികൾക്കും കുടുംബത്തിനും പിന്തുണയേകാം. പ്രവാസി പുനരധിവാസത്തിൽ കാർഷിക സ്വയംപര്യാപ്തതയ്ക്കു മുൻതൂക്കം കൊടുക്കാം. പ്രകൃതിയോടിണങ്ങി ജീവിക്കുമ്പോൾ ശാരീരിക ആരോഗ്യവും സാമ്പത്തിക സ്ഥിരതയും മാത്രമല്ല, മാനസിക സന്തോഷവും കൈവരും. കൃഷിയിലും മറ്റും കുട്ടികളെയും ഒപ്പം ചേർക്കണം. അവരും സ്വയംപര്യാപ്തത ശീലിക്കട്ടെ. 14 വയസ്സു മുതൽ പാർട് ടൈം ജോലിക്കു പോകുന്ന വിദേശ ശീലം ഇവിടെയും തുടങ്ങാവുന്നതാണ്.

webinar3

∙ വിഷാദരോഗം എത്തിനോക്കുമ്പോൾ
വേണം, മാനസികാരോഗ്യ സാക്ഷരത
പലർക്കും മാനസികാരോഗ്യത്തെക്കുറിച്ചു വികലമായ ധാരണകളാണുള്ളത്; മുൻവിധികളും. മാനസികാരോഗ്യ സാക്ഷരത പ്രചരിപ്പിച്ചുവേണം ഇതിനെ നേരിടാൻ. 1. എപ്പോഴും സങ്കടഭാവം (അമിത ദേഷ്യം, ശബ്ദങ്ങളോട് അസഹിഷ്ണുത തുടങ്ങിയവും), 2. മുൻപ് ആസ്വദിച്ചു ചെയ്തിരുന്നവയിൽ താൽപര്യമില്ലായ്മ. 3.അകാരണമായ ക്ഷീണം 4. ഉറക്കക്കുറവ് 5. വിശപ്പു കുറവ് (ചിലരിൽ കൂടാം) 6. ഏകാഗ്രതക്കുറവ് 7. ചിന്തകളുടെയും പ്രവൃത്തിയുടെയും വേഗം കുറയൽ 8. ഉപയോഗശൂന്യരാണെന്ന മനോഭാവം (നല്ലകാലം വരില്ല, എന്നെ ആരും മനസ്സിലാക്കുന്നില്ല എന്നിങ്ങനെയുള്ള വിഷമങ്ങൾ, അകാരണമായ കുറ്റബോധം), 9. മരണചിന്ത, ആത്മഹത്യാപ്രവണത. ഇവയിൽ 5 ലക്ഷണങ്ങൾ 2 ആഴ്ചയെങ്കിലും തുടർച്ചയായി ഉണ്ടെങ്കിൽ അതിനെ വിഷാദരോഗമായി കണക്കാക്കാം.

നമുക്ക് എന്തു ചെയ്യാം?
ആർക്കെങ്കിലും വിഷാദരോഗലക്ഷണങ്ങൾ ഉള്ളതായി തോന്നിയാൽ
1. സ്നേഹപൂർവം അടുത്തു ചെല്ലുക. വിഷമം എന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കുക.
2. അവർ പറയുന്നതു ശ്രദ്ധാപൂർവം കേൾക്കുക. (തടസ്സപ്പെടുത്തരുത്, കുറ്റപ്പെടുത്തരുത്, നിസ്സാരവൽക്കരിക്കരുത്...)
3. തെറ്റിദ്ധാരണകൾ എന്തെങ്കിലുമുണ്ടെങ്കിൽ തിരുത്തിക്കൊടുക്കുക (കോവിഡ് വന്ന് എല്ലാവരും മരിക്കും, എന്റെ ഭാവി നശിക്കും തുടങ്ങിയ ചിന്തകൾ ചില കുട്ടികളിൽ ഉണ്ടാകാം; ഒറ്റപ്പെടലിന്റെ ഭീതിയുണ്ടാകാം; കൈകൾ കഴുകണമെന്നു കേട്ട് അമിതവൃത്തിയിലേക്കു പോകുന്നവരുണ്ടാകാം).
4. ആവശ്യമെങ്കിൽ വിദഗ്ധസഹായം തേടുക. ഇതിനായി കുടുംബാംഗങ്ങളെ വിവരമറിയിക്കാം.
5. സമൂഹം ഒറ്റക്കെട്ടായി അവരെ പിന്തുണയ്ക്കുക.

ഹാർവഡ് സർവകലാശാലയുടെ പ്രശസ്തമായ ‘മനുഷ്യജീവിത’ പഠനത്തിൽ ആയുർദൈർഘ്യം നിർണയിക്കുന്ന ഘടകങ്ങളിലൊന്ന് വ്യക്തിബന്ധങ്ങളുടെ ഗുണനിലവാരമാണെന്ന് ഓർമിക്കാം. നല്ല ബന്ധങ്ങൾ വളർത്താം.

∙ ആത്മഹത്യാപ്രവണത
അണയാതെ കാക്കണം
കേരളത്തിൽ ആത്മഹത്യാ നിരക്ക് കൂടുതലാണ്. സമൂഹത്തിന്റെ മാനസിക രോഗാതുരത ഏറെയെന്നതിന്റെ തെളിവ്. കുട്ടികളിലും ഇതു പ്രതിഫലിക്കാം. വീട്ടിൽ അടച്ചിരിക്കുമ്പോൾ രക്ഷിതാക്കളുടെ നിരന്തര സാന്നിധ്യം ചെറിയ കുട്ടികൾക്കു നല്ലതാണെങ്കിലും മുതിർന്ന കുട്ടികൾക്ക് അലോസരമായേക്കാം. എന്തുമേതും തടയുന്നതിനു പകരം കുട്ടികൾക്കു രക്ഷിതാക്കൾ പോസിറ്റീവ് ട്രെയിനിങ് നൽകുകയാണു വേണ്ടത്.

ആത്മഹത്യാപ്രവണത പല രീതിയിൽ പുറത്തുവരും. അതു കൃത്യമായി മനസ്സിലാക്കിയെടുക്കാനുള്ള പരിശീലനം അധ്യാപകർക്കും മാതാപിതാക്കൾക്കും നൽകണം. സ്റ്റുഡന്റ് കെഡറ്റുകൾക്കു മറ്റു കുട്ടികളെ സഹായിക്കാനാകുമെങ്കിലും അവരെക്കൊണ്ടു സമപ്രായക്കാർക്കോ മറ്റു കുട്ടികൾക്കോ കൗൺസലിങ് കൊടുക്കുന്നതു തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കും പോലെയാകും. മുതിർന്നവരിലും നിരാശയും വിഷാദവും കൂടാനിടയുള്ള കാലമാണിതെന്നു തിരിച്ചറിഞ്ഞ് ആത്മഹത്യ തടയാനുള്ള ബോധവൽക്കരണം അനിവാര്യം.

∙ ഗാർഹിക പീഡനം
സ്വഭാവത്തെ വൈറസ് ബാധിക്കരുത്
ലോക്ഡൗൺ കാലത്തു ചില വീടുകളിൽ സംഘർഷവും സംഘട്ടനവും പിരിമുറുക്കങ്ങളും ഏറുന്നു, ഗാർഹിക പീഡനങ്ങൾ കൂടുന്നു. ചില വീടുകളാകട്ടെ – അടുപ്പവും ബന്ധങ്ങളുടെ ഉറപ്പും സ്നേഹവും തിരിച്ചുപിടിക്കുന്നു. വീട്ടിലിരുന്നുളള മദ്യപാനം, ലഹരി ഉപയോഗം തുടങ്ങിയവ അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും വരെ നീളാം.

അതുപോലെയാണ്, അശ്ലീല വിഡിയോകളും ചിത്രങ്ങളും കാണുന്നതും അതിന് അടിമപ്പെടുന്നതും മൂലമുണ്ടാകുന്ന സ്വഭാവ വൈകൃതങ്ങൾ. മനസ്സും ശരീരവും ‘റിലാക്സ്’ ചെയ്യാനുള്ള ഏക മാർഗമായി പലരും ഇവയെ കാണുന്നത് ഗുരുതര പ്രശ്നങ്ങൾക്കു വഴിവയ്ക്കും. ഇത് ഒഴിവാക്കാൻ ഏറ്റവും ആവശ്യം യാഥാർഥ്യങ്ങളെ തിരിച്ചറിയുകയാണ്. ശരിയായ സന്തോഷം, സുഖകരമായ ജീവിതം, ബന്ധങ്ങൾ എന്നിവയെക്കുറിച്ചെല്ലാമുള്ള തെറ്റിദ്ധാരണകൾ നീക്കണം.

webinar4

∙ ആശങ്കയിൽ മുതിർന്ന പൗരന്മാർ
ഇതിനപ്പുറം ചാടിക്കടന്നവരല്ലേ നമ്മൾ!
കോവിഡ് പിടിക്കുമോ, മരിക്കുമോ– തുടങ്ങി പല ഭീതികളുമുണ്ട് ഒട്ടേറെ മുതിർന്ന പൗരന്മാർക്കും ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്കും. അമിതമായി പേടിച്ച് രോഗത്തെ വിളിച്ചുവരുത്തുന്നതിനു പകരം, അനാവശ്യചിന്തകൾ ഒഴിവാക്കി, മുന്നോട്ടുപോകുക. ഇത്ര നാളത്തെ ജീവിതത്തിനിടയിൽ നാം എന്തെല്ലാം നേരിട്ടു, അതുപോലെ ഇതിനെയും മറികടക്കുമെന്ന് ഉറപ്പിക്കുക. കൃത്യമായ ആരോഗ്യ മുൻകരുതലുകൾ എടുക്കുന്നതിനൊപ്പം, മനസ്സിനെ ഉണർവോടെ നിലനിർത്താനുള്ള കാര്യങ്ങളും ചെയ്യുക.

മുതിർന്നവർക്ക് ഒറ്റപ്പെടൽ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ചുറ്റും നടക്കുന്ന വിവരങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ്. എന്നാൽ, കോവിഡിനെക്കുറിച്ചുളള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക, അതുതന്നെ സദാ സംസാരിക്കുക, ഇന്റർനെറ്റിലും മറ്റും വിവരങ്ങൾ പരതുക, തെറ്റോ ശരിയോ എന്നറിയാതെ വാട്സാപ് മെസേജുകളും മറ്റും വിശ്വസിക്കുക എന്നിവ ദോഷം ചെയ്യും.

chart-1

Content Highlight: Covid-19, Corona, Webinar, Mental Health, Depression

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com