രോഗം കുറ്റമല്ല; കോവിഡ് ബാധിതരെ ഒറ്റപ്പെടുത്തരുത്

kozhikode-beach-hospital-covid
SHARE

കോട്ടയത്തു കോവിഡ് ബാധിതന്റെ സംസ്കാരം നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും എതിർപ്പുമൂലം വൈകിയ സംഭവം അങ്ങേയറ്റം നിർഭാഗ്യകരമാണ്. കോവിഡ് സാമൂഹിക ഒറ്റപ്പെടുത്തലും വേർതിരിവും (social stigma) ഉണ്ടാക്കുന്നുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. പൊതുസമൂഹത്തിന്റെ പിന്തുണയോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെങ്കിൽ സാമൂഹിക വേർതിരിവ് തുടച്ചുനീക്കേണ്ടതുണ്ട്. 

രോഗത്തെക്കാൾ വേഗത്തിൽ പടരുന്ന രോഗഭീതി അകറ്റാനുള്ള പ്രധാന പോംവഴി, രോഗത്തെക്കുറിച്ചും രോഗവ്യാപനത്തെക്കുറിച്ചുമുള്ള ശാസ്ത്രീയ വിവരങ്ങൾ തുടർച്ചയായി ജനങ്ങളിലെത്തിക്കുകയാണ്.

രോഗവും ഒറ്റപ്പെടുത്തലും

രോഗം വന്നത് എന്റെ കുറ്റമാണോ ഡോക്ടർ? – 1962ൽ തോപ്പിൽ ഭാസി രചിച്ച വിഖ്യാത നാടകമായ ‘അശ്വമേധ’ത്തിൽ കുഷ്ഠരോഗിയായ കഥാപാത്രം ഡോക്ടറോടു ചോദിക്കുന്നതാണിത്. കാലമേറെക്കഴിഞ്ഞ്, ഇന്ന് ആ ചോദ്യം ചോദിക്കുന്നതു കോവിഡ് ബാധിതരാണെന്നു മാത്രം. 2003ൽ, എച്ച്ഐവി ബാധിതരായ കണ്ണൂരിലെ സഹോദരങ്ങൾക്കു സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതും രോഗംകൊണ്ടു തന്നെ. ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ചിലർ ഒളിച്ചോടിയതും ചിലർ ജീവനൊടുക്കിയതുമൊക്കെ സാമൂഹിക ഒറ്റപ്പെടുത്തൽ ഭയന്നുകൂടിയാണ്.

ഒരു പകർച്ചവ്യാധിയുടെ കാലത്ത് സാമൂഹിക ഒറ്റപ്പെടുത്തൽ ഉണ്ടായാൽ, അതു രോഗനിയന്ത്രണത്തെയും പ്രതിരോധ നടപടികളെയും പ്രതികൂലമായി ബാധിക്കും. പലരും ഒറ്റപ്പെടുത്തൽ ഭയന്ന് രോഗവിവരം മറച്ചുവയ്ക്കാനും സാധ്യതയുണ്ട്. അതു രോഗം ഗുരുതരമാകാനും സമ്പർക്കവ്യാപനത്തിനും വഴിവയ്ക്കും.

padmakumar
ഡോ. ബി.പത്മകുമാർ

മൃതദേഹം കൈകാര്യം ചെയ്യുന്നവർ കയ്യുറകൾ, മുഖാവരണം, ഏപ്രൺ, കണ്ണിനു സംരക്ഷണം നൽകുന്ന ഗോഗിൾസ് എന്നിവ ധരിച്ചിരിക്കണം. മൃതദേഹത്തിൽനിന്ന് ട്യൂബുകൾ, കത്തീറ്റർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യണം. സ്രവങ്ങൾ പടരാതിരിക്കാൻ മൃതദേഹത്തിന്റെ മൂക്കും വായും പഞ്ഞികൊണ്ട് അടയ്ക്കണം. ഉറപ്പുള്ള പ്ലാസ്റ്റിക് ബോഡി ബാഗിലേക്കു മൃതദേഹം മാറ്റണം. ബാഗിന്റെ ഉപരിതലം 1% ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ചു ശുദ്ധീകരിക്കണം. മൃതദേഹത്തിൽ ഉപയോഗിച്ച തുണിയും പഞ്ഞിയുമൊക്കെ ശാസ്ത്രീയ മാനദണ്ഡങ്ങളനുസരിച്ചു നശിപ്പിക്കണം. മൃതദേഹം കിടത്തിയിരുന്ന മുറിയിലെ കട്ടിൽ, മേശ, കസേര തുടങ്ങിയവയും തറയും 1% ഹൈപ്പോക്ലോറൈറ്റ് ലായനി കൊണ്ടു ശുദ്ധിയാക്കണം.

ശ്മശാനത്തിലെ ജീവനക്കാരും കയ്യുറകൾ, മുഖാവരണം, ഏപ്രൺ, ഗോഗിൾസ് എന്നിവ ധരിച്ചിരിക്കണം. അന്ത്യദർശനത്തിനു ബന്ധുക്കൾ ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ കർശന സുരക്ഷാ ഉപാധികൾ സ്വീകരിച്ചുകൊണ്ട് പ്ലാസ്റ്റിക് ബോഡി ബാഗ് തുറന്നു മൃതദേഹം കാണിക്കാവുന്നതാണ്. മൃതദേഹത്തിൽ സ്പർശിക്കാതെ അന്ത്യകർമങ്ങൾ നടത്താം. എന്നാൽ, കുളിപ്പിക്കൽ, ചുംബനം, ആലിംഗനം എന്നിവ അനുവദനീയമല്ല.

സംസ്കാരവേളയിൽ ശ്മശാനത്തിൽ ആൾക്കൂട്ടവും തിക്കും തിരക്കും പാടില്ല. പരമാവധി 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്നാണു ചട്ടം.

 വേണം, കൂട്ടായ പ്രവർത്തനം

നമ്മുടെ പോരാട്ടം രോഗിക്കെതിരെയല്ല, രോഗത്തിനെതിരെയാണ് എന്ന് ആവർത്തിച്ചു കേട്ടിട്ടും പറഞ്ഞിട്ടും, സമൂഹത്തിൽ രോഗത്തെക്കുറിച്ചുള്ള ഭയാശങ്കകളും വേർതിരിവും വേരോടുന്നു എന്നതാണു യാഥാർഥ്യം. ഇതിനെ മറികടക്കാൻ ശരിയായ ബോധവൽക്കരണമാണു പ്രതിവിധി. ഇക്കാര്യത്തിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം, ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും മതാചാര്യന്മാരുമെല്ലാം പങ്കുചേരണം.

ശത്രുവിന്റെ മൃതദേഹത്തോടു പോലും ആദരം കാണിച്ച സംസ്കാരമാണു നമ്മുടേത്. മരിച്ചുപോയ ആളുടെ മനുഷ്യാവകാശങ്ങളും മാനിക്കേണ്ടതുണ്ട്. കോട്ടയത്ത് ഉണ്ടായതു പോലുള്ള, സാക്ഷരകേരളത്തിന് അപമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുമ്പോൾ

മൃതദേഹം കൈകാര്യം ചെയ്യുന്നവർ കയ്യുറകൾ, മുഖാവരണം, ഏപ്രൺ, കണ്ണിനു സംരക്ഷണം നൽകുന്ന ഗോഗിൾസ് എന്നിവ ധരിച്ചിരിക്കണം. മൃതദേഹത്തിൽനിന്ന് ട്യൂബുകൾ, കത്തീറ്റർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യണം. സ്രവങ്ങൾ പടരാതിരിക്കാൻ മൃതദേഹത്തിന്റെ മൂക്കും വായും പഞ്ഞികൊണ്ട് അടയ്ക്കണം. ഉറപ്പുള്ള പ്ലാസ്റ്റിക് ബോഡി ബാഗിലേക്കു മൃതദേഹം മാറ്റണം. ബാഗിന്റെ ഉപരിതലം 1% ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ചു ശുദ്ധീകരിക്കണം. മൃതദേഹത്തിൽ ഉപയോഗിച്ച തുണിയും പഞ്ഞിയുമൊക്കെ ശാസ്ത്രീയ മാനദണ്ഡങ്ങളനുസരിച്ചു നശിപ്പിക്കണം. മൃതദേഹം കിടത്തിയിരുന്ന മുറിയിലെ കട്ടിൽ, മേശ, കസേര തുടങ്ങിയവയും തറയും 1% ഹൈപ്പോക്ലോറൈറ്റ് ലായനി കൊണ്ടു ശുദ്ധിയാക്കണം.

ശ്മശാനത്തിലെ ജീവനക്കാരും കയ്യുറകൾ, മുഖാവരണം, ഏപ്രൺ, ഗോഗിൾസ് എന്നിവ ധരിച്ചിരിക്കണം. അന്ത്യദർശനത്തിനു ബന്ധുക്കൾ ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ കർശന സുരക്ഷാ ഉപാധികൾ സ്വീകരിച്ചുകൊണ്ട് പ്ലാസ്റ്റിക് ബോഡി ബാഗ് തുറന്നു മൃതദേഹം കാണിക്കാവുന്നതാണ്. മൃതദേഹത്തിൽ സ്പർശിക്കാതെ അന്ത്യകർമങ്ങൾ നടത്താം. എന്നാൽ, കുളിപ്പിക്കൽ, ചുംബനം, ആലിംഗനം എന്നിവ അനുവദനീയമല്ല.സംസ്കാരവേളയിൽ ശ്മശാനത്തിൽ ആൾക്കൂട്ടവും തിക്കും തിരക്കും പാടില്ല. പരമാവധി 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്നാണു ചട്ടം.

മൃതദേഹത്തിൽനിന്ന് കോവിഡ് പകരുമോ?

ലോകാരോഗ്യ സംഘടന, പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ തുടങ്ങിയ ആരോഗ്യ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം, ശരിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ മൃതദേഹത്തിൽനിന്നു രോഗം പകരില്ല. 

കോവിഡിനു കാരണമായ ആർഎൻഎ വൈറസുകൾക്ക് ജീവനുള്ള കോശങ്ങളിൽ മാത്രമേ വളരാനും പെരുകാനും സാധിക്കുകയുള്ളൂ. കോവിഡ് ബാധിച്ചയാൾ മരിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വൈറസുകളും നശിക്കും. മൃതദേഹം സംസ്കരിക്കുമ്പോൾ പുകയിലൂടെയോ മണ്ണിലൂടെയോ വെള്ളത്തിലൂടെയോ, സമീപത്തുള്ള ആളുകളിലേക്ക് വൈറസ് വ്യാപനം ഉണ്ടാകില്ല.

എന്നാൽ, മൃതദേഹത്തിൽ പറ്റിയിരിക്കുന്ന സ്രവങ്ങളിലൂടെ രോഗം പകരാം. കൂടാതെ, പോസ്റ്റ്മോർട്ടം ചെയ്യുമ്പോഴും സ്രവം ശേഖരിക്കുമ്പോഴും രോഗപ്പകർച്ച ഉണ്ടാകാനിടയുണ്ട്. അതുകൊണ്ട് കർശന സുരക്ഷാക്രമീകരണങ്ങൾ സ്വീകരിച്ചു മാത്രമേ, ആരോഗ്യപ്രവർത്തകർ മൃതദേഹം കൈകാര്യം ചെയ്യാൻ പാടുള്ളൂ എന്ന് നിർദേശമുണ്ട്.

ആചാരപ്രകാരം മൃതദേഹം സംസ്കരിക്കുകയോ കുഴിച്ചിടുകയോ ചെയ്യാമെന്ന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. ചിതാഭസ്മത്തിൽനിന്നു രോഗബാധ ഉണ്ടാവുകയില്ല. അതു നിമജ്ജനം ചെയ്യുന്നതിനും തടസ്സമില്ല.

(ആലപ്പുഴ മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം  പ്രഫസറാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA