ADVERTISEMENT

കോവിഡിന്റെ വരവോടെ ഹൃദയസംബന്ധമായ അസുഖങ്ങൾ കുറഞ്ഞു, കാത്ത് ലാബുകൾ പൂട്ടി, ഹൃദ്രോഗ വിദഗ്ധർക്കു പണിയില്ലാതായി എന്നൊക്കെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടന്നിരുന്നു. അതിൽ കുറച്ചു വാസ്തവം ഉണ്ടായിരുന്നുതാനും. കോവിഡിനെത്തുടർന്ന് ഇറ്റലി, യുഎസ്, സ്പെയിൻ, ഹോങ്കോങ് എന്നിവിടങ്ങളിൽ നടന്ന പഠനത്തിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2020 ഫെബ്രുവരി മുതൽ മേയ് വരെ ഹൃദയാഘാതവും സ്റ്റെന്റിങ്ങും കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലും കുറവുണ്ടായതായാണ് അനുമാനം. ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ലോക്ഡൗണും അതെത്തുടർന്നുണ്ടായ ചില ഗുണങ്ങളുമാണ് – നീണ്ട വിശ്രമം, മാനസികോല്ലാസം, കുടുംബബന്ധങ്ങളിൽ വന്ന ഊഷ്മളത, ചിട്ടയായ വ്യായാമം, അന്തരീക്ഷ മലിനീകരണത്തിൽ വന്ന കുറവ്.

എന്നാൽ, ലോക്ഡൗണിന്റെ ചില മോശം വശങ്ങളും ഹൃദ്രോഗ ചികിത്സകളുടെ എണ്ണം കുറഞ്ഞതിനു കാരണമായി പറയപ്പെടുന്നു: ഹൃദ്രോഗ ലക്ഷണങ്ങൾ അവഗണിച്ചു ചികിത്സ മാറ്റിവച്ചത്, സാമ്പത്തിക ബുദ്ധിമുട്ടുകൾ, കോവിഡ് ഭയന്ന് ആശുപത്രിയിൽ പോകാനുള്ള മടി, യാത്രാസൗകര്യങ്ങളുടെ കുറവ് തുടങ്ങിയവ.

ഇത് ഒരുവശത്തു നടക്കുമ്പോൾ, മറ്റു ചില പ്രതിഭാസങ്ങൾ കോവിഡുമായി ബന്ധപ്പെട്ടു റിപ്പോർട്ട് ചെയ്യപ്പെടുന്നു: കോവിഡ് സംശയിച്ചു നിരീക്ഷണത്തിലിരുന്നവരുടെ പെട്ടെന്നുള്ള മരണം, ചികിത്സ കഴിഞ്ഞു നെഗറ്റീവായ ആൾ വീട്ടിലെത്തിയ അന്നോ പിറ്റേന്നോ കുഴഞ്ഞുവീണു മരിച്ച സംഭവം, കോവിഡ് പോസിറ്റീവായി ആശുപത്രിയിലെത്തുന്നവരിൽ തുടക്കത്തിൽ കാണുന്ന ഹൃദയാഘാതം, ഡിസ്ചാർജിനു കാത്തിരുന്ന രോഗികളിൽ പെട്ടെന്നുണ്ടായ ഹൃദയാഘാതം, ശ്വാസകോശ ആഘാതം (പൾമണറി ഇൻഫാർക്‌ഷൻ) തുടങ്ങിയവ.

ഈ സംഭവങ്ങൾ പഠനവിധേയമാക്കിയപ്പോൾ കണ്ടെത്തിയ കാര്യങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു. കോവിഡ് 19 ഹൃദയ,രക്തധമനീ രോഗങ്ങൾ പിടിപെടാനുള്ള സാഹചര്യമൊരുക്കുന്നു. ഇവ യഥാസമയം കണ്ടെത്തിയാൽ ഒരു പരിധിവരെ, ചികിത്സയ്ക്കു സഹായകരമായിത്തീരും.

കോവിഡ്, ഏതൊക്കെ വിധത്തിൽ ഹൃദയത്തെയും രക്തധമനിയെയും ബാധിക്കാം?

1.ടാക്കോസുബു കാർഡിയോ മയോപ്പതി

മാനസിക സമ്മർദം മൂലം ഹൃദയത്തിന്റെ ഇടതു കീഴറ വികസിച്ചു ഹൃദയ പരാജയം ഉണ്ടാകുന്ന അവസ്ഥയ്ക്കാണ് സ്ട്രസ് (ടാക്കോ സുബു ) കാർഡിയോ മയോപ്പതി എന്നു പറയുന്നത്. കോവിഡ് വന്ന 7.8% പേരിൽ ഇതു കണ്ടെത്തിയതായി അമേരിക്കൻ മെഡിക്കൽ ജേണൽ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

2. ഡീപ് വീനസ് ത്രോംബോസിസ് (ഡിവിടി)

കാലിലെ അശുദ്ധരക്ത ധമനിയിൽ ഉണ്ടാകുന്ന രക്തക്കട്ട ശ്വാസകോശത്തിലേക്ക് ഒഴുകിയെത്തുമ്പോൾ പല രീതിയിലുള്ള അപകടമുണ്ടാകും. രക്തക്കട്ടയുടെ വലുപ്പമനുസരിച്ചും ശ്വാസകോശത്തിന്റെ എത്ര ശതമാനം പ്രവർത്തനരഹിതമാകുന്നു എന്നതനുസരിച്ചുമാണ് ചികിത്സ നിശ്ചയിക്കുന്നത്.

3. മൈക്രോ വാസ്കുലാർ, മാക്രോ വാസ്കുലാർ ആൻജിയോപ്പതി.

dr-abdul
ഡോ. എസ്.അബ്ദുൽ ഖാദർ

ചെറുതും വലുതുമായ രക്ത ധമനികൾക്ക് കോവിഡ് മൂലം ഉണ്ടാകുന്ന മാറ്റങ്ങൾക്കാണ് ഇങ്ങനെ പറയുന്നത്. ധമനിയിലെ അതിരോസ്ക്ലിറോസിസിന് ഉണ്ടാകുന്ന മാറ്റങ്ങളാണ് അവിടെ രക്തക്കട്ട ഉണ്ടാകുന്നതിനുള്ള കാരണം.

4. ഹൃദയാഘാതം

വളരെ മുൻപു തന്നെ (1995), വൈറസ് ബാധ ഹൃദയാഘാതത്തിനു കാരണമായി കരുതിപ്പോരുന്നു. വിവിധ ശ്വാസകോശ രോഗങ്ങൾ ഉണ്ടാകുന്നവർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത 12% കൂടുതലാണ്. കോവിഡ് ബാധിതരിൽ ഈ സാഹചര്യങ്ങളെല്ലാം ഉരുത്തിരിഞ്ഞു വരുന്നു.

5..ശ്വാസകോശ ആഘാതം.

കോവിഡ് വന്നു കുഴഞ്ഞുവീണു മരിക്കുന്നതിന്റെ ഒരു പ്രധാന കാരണം, ശ്വാസകോശ ആഘാതമാണ്‌. കാലിലെ ധമനിയിൽ (ഡിവിടി)  രക്തക്കട്ട ഉണ്ടായി ശ്വാസകോശത്തിലേക്ക് ഒഴുകിയെത്തി (പൾമണറി എംബോളിസം) 50 ശതമാനത്തിൽ കൂടുതൽ ശ്വാസകോശ രക്തധമനി അടയുമ്പോഴാണ് പെട്ടെന്നു മരണം സംഭവിക്കുന്നത്.

6. മയോകാർഡൈറ്റിസ്

കോവിഡ് മൂലം ഉണ്ടാകുന്ന താരതമ്യേന അപകടം കുറഞ്ഞ ഹൃദ്രോഗമാണ് മയോകാർഡൈറ്റിസ്. ഇസിജി പരിശോധനയിൽനിന്ന് ഇതു മനസ്സിലാക്കാം. കോവിഡ് ബാധിച്ച 5% പേരിലാണ് ഹൃദയത്തിനും വിവിധ രക്തധമനികൾക്കും അസുഖമുണ്ടാകുന്നത്. ഈ സാധ്യത മനസ്സിലാക്കി മുൻകരുതലെടുത്താൽ പെട്ടെന്നുണ്ടാകുന്ന മരണം തടയാം.

(കോട്ടയം മെഡിക്കൽ കോളജിലെ ഹൃദ്രോഗ വിഭാഗം മുൻ മേധാവിയാണ് ലേഖകൻ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com