ADVERTISEMENT

കോവിഡ് മഹാമാരിക്കെതിരായ കേരളത്തിന്റെ ഐതിഹാസിക പ്രതിരോധത്തിന് ആറു മാസമാകുന്നു. ഇത്രയും ദീർഘമായി കോവിഡിനോട് ഇന്ത്യയിൽ മറ്റാർക്കും പൊരുതേണ്ടി വന്നിട്ടില്ല. എന്നിട്ടും മരണനിരക്ക് അദ്ഭുതകരമായി പിടിച്ചുനിർത്തി ആയിരക്കണക്കിനു മനുഷ്യജീവനുകൾ രക്ഷിക്കാനായത് അഭിമാനിക്കാവുന്ന നേട്ടമാണ്. സാമൂഹിക പുരോഗതിയും പൊതുജനാരോഗ്യ മികവും കേരളത്തിനു തുണയായിട്ടുണ്ട്. എന്നാൽ, ദേശീയ ശരാശരിയുടെ രണ്ടിരട്ടിയിലേറെ വരുന്ന ജനസാന്ദ്രതയും മുതിർന്ന പൗരന്മാരുടെയും പ്രവാസികളുടെയും എണ്ണം കൂടുതലായതും ജീവിതശൈലീ‌രോഗങ്ങളും രോഗവ്യാപനം, മരണനിരക്ക് എന്നിവ വർധിക്കാൻ ഇടയാക്കുമായിരുന്നു.

പെട്ടെന്നു രോഗികൾ പെരുകിയത് താൽക്കാലികമായി രോഗമുക്തി നിരക്കു കുറച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോഴും ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കുകളിലൊന്നാണിവിടെ. ദേശീയ മരണനിരക്ക് 2.49 ശതമാനമാണെങ്കിൽ കേരളത്തിൽ 0.32% മാത്രം. ഗുജറാത്തിലെ സ്ഥിതി വച്ച്, ജനസംഖ്യാനുപാതികമായി 1237 പേരും ഡൽഹിയുടെ അനുപാതം കണക്കിലെടുത്ത് 7400 പേരും കേരളത്തിൽ മരിക്കുന്ന ഗുരുതര സാഹചര്യമുണ്ടാകുമായിരുന്നു. എന്നാൽ, ഇവിടെ ഇതുവരെ 61 മരണം.

സമഗ്രവും ശാസ്ത്രീയവുമായിരുന്നു കേരളത്തിന്റെ പ്രതികരണം. ആരോഗ്യമേഖലയിൽ മാത്രമല്ല, രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ തലങ്ങളിൽ കൂടിയാണ് മഹാമാരിക്കെതിരായ മഹാദുർഗമുയർത്തിയത്. ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും കാര്യക്ഷമമായ ദൗത്യനിർവഹണവും കേരളമാതൃകയുടെ മികവായി.

ഒന്നാം ഘട്ടം മുതൽ മുന്നിൽ

വൈറസ് ബാധിതരെ കണ്ടെത്തുകയും സമ്പർക്കവിലക്ക് ഏർപ്പെടുത്തുകയും ചികിത്സിക്കുകയും ചെയ്യുന്നതായിരുന്നു ഒന്നാം ഘട്ടം. ‘കണ്ണി മുറിക്കൽ’ (ബ്രേക്ക് ദ് ചെയിൻ) ജനകീയദൗത്യമാക്കി മാറ്റാനായി. മുതിർന്നവർ, മറ്റു രോഗങ്ങളുള്ളവർ തുടങ്ങി പ്രത്യേക കരുതൽ ആവശ്യമുള്ളവരെ റിവേഴ്സ് ക്വാറന്റീനിലൂടെ സുരക്ഷിതരാക്കുന്നതു ഫലപ്രദമായി നടപ്പാക്കി. വ്യാപനം ദീർഘനാൾ പിടിച്ചുനിർത്തിയതിനൊപ്പം, സമാന്തരമായി ആരോഗ്യ - ചികിത്സാ സൗകര്യങ്ങൾ ഗണ്യമായി വർധിപ്പിച്ചു. ഇതിനായി 352 കോടി രൂപ ചെലവിട്ടു. 

ഒരു പരിശോധനാ കേന്ദ്രത്തിൽ തുടങ്ങി, പൊതു-സ്വകാര്യ മേഖലകളിലായി ഇന്നു 110 കേന്ദ്രങ്ങളായി. പ്രതിദിന പരിശോധനകൾ 25,000ൽ ഏറെയായി. പരിശോധനകളുടെ എണ്ണത്തിൽ സംസ്ഥാനം മൂന്നാം സ്ഥാനത്താണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ലോകാരോഗ്യ സംഘടന നിശ്ചയിച്ച സുരക്ഷാ പരിധിക്കകത്തു വളരെ ഭദ്രവും. ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 36,400 കിടക്കകൾ ഒരുക്കിക്കഴിഞ്ഞു.

സൗജന്യ രോഗപരിശോധനയും രോഗം കണ്ടെത്തിയാൽ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുന്നതും സൗജന്യമായി ചികിത്സിച്ചു ഭേദമാക്കി വീട്ടിലയയ്ക്കുന്നതും മറ്റെവിടെ? 10 ആശുപത്രികൾ കയറിയിറങ്ങി ഒടുവിൽ ജനറൽ വാർഡിൽ ബെഡിനു പ്രതിദിനം 20,000 രൂപ വാടക കൊടുത്തു ചികിത്സ തേടിയ മലയാളി വീട്ടമ്മയുടെ അനുഭവം കഴിഞ്ഞ ദിവസമാണല്ലോ കേട്ടത്. പ്രതിബദ്ധതയും ഇച്ഛാശക്തിയുമുള്ള ഒരു സർക്കാരുള്ളതിന്റെ വ്യത്യാസമാണിത്.

ദുരന്തത്തിന്റെ ഉപാസകർ

സാമ്പത്തിക പാക്കേജിലൂടെയും ജനങ്ങളിൽ പണമെത്തിച്ചും എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ കിറ്റുകൾ ലഭ്യമാക്കിയും സമൂഹ അടുക്കളകളിലൂടെ പട്ടിണി ഒഴിവാക്കിയും അതിഥിത്തൊഴിലാളികളെ ചേർത്തുപിടിച്ചുമാണു ലോക്ഡൗൺ ദുരിതം സർക്കാർ ലഘൂകരിച്ചത്. സാക്ഷരത, ജനകീയാസൂത്രണ പ്രസ്ഥാനങ്ങളിലൂടെ ഇടതുപക്ഷം വിജയകരമായി പ്രയോഗിച്ച ജനകീയ അണിനിരത്തലിന്റെ ബദൽ രാഷ്ട്രീയം, ഈ മഹാമാരിയിലും നാടിനു കവചമായി.

എല്ലാവരെയും വിശ്വാസത്തിലെടുത്തും യോജിപ്പിച്ചും മുഖ്യമന്ത്രി മുന്നിൽനിന്നു നയിച്ചു. ഒരു രോഗിപോലുമില്ലാത്ത ദിവസമുണ്ടായപ്പോഴും കർത്തവ്യബോധത്തോടെ വരാനിരിക്കുന്ന വെല്ലുവിളിയെക്കുറിച്ച് അദ്ദേഹം ജാഗ്രതപ്പെടുത്തി. ജനങ്ങൾ ആഗ്രഹിച്ച വിശാല യോജിപ്പിനുള്ള അവസരം പക്ഷേ, പ്രതിപക്ഷം പാഴാക്കി. രോഗത്തിന്റെ ഗൗരവം കുറയ്ക്കാനുള്ള സംഭാവനകൾ അവർ നിത്യേന നൽകി. ലോകമാകെ കേരളത്തെ പ്രകീർത്തിക്കുമ്പോൾ ഇകഴ്ത്താൻ കാരണം തേടി സൂക്ഷ്മദർശിനിയുമായി ഉഴറി നടക്കുകയാണ് യുഡിഎഫും ബിജെപിയും. 

ദുരന്തങ്ങൾ രാഷ്ട്രീയഭാഗ്യം കൊണ്ടുവരുമെന്ന അന്ധവിശ്വാസത്തിൽ, അതിന്റെ ഉപാസകരായി പ്രതിപക്ഷം മാറുന്നതു ജനാധിപത്യത്തിനും ദുരന്തമാകും.

(സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംപിയുമാണ് ലേഖകൻ)

English Summary: MB Rajesh on Kerala's fight against covid 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com