കോവിഡ് പ്രതിരോധവേലിയിൽ വിള്ളൽ

HIGHLIGHTS
  • കേരളത്തിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഈ 30ന് ആറുമാസം
  • രോഗത്തിനെതിരായ പോരാട്ടത്തിൽ കേരളം എവിടെ എത്തിനിൽക്കുന്നു?
vishnunath
SHARE

മഹാമാരിയുടെ കാലത്തു രാഷ്ട്രീയം മറന്നു സർക്കാരിനൊപ്പം നിൽക്കണമെന്നു തന്നെയാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ നിലപാട്. പക്ഷേ, മനുഷ്യജീവനു വെല്ലുവിളിയാകുന്ന വീഴ്ചകൾ അധികാരികൾക്കു സംഭവിക്കുകയും ദുരന്തത്തെ പ്രചാരവേലയുടെ ഉപാധിയാക്കുകയും ചെയ്യുമ്പോൾ അതു ചൂണ്ടിക്കാട്ടേണ്ടതു പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്.

ജനുവരി 30ന് സംസ്ഥാനത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ഘട്ടം കേരളം നന്നായി കൈകാര്യം ചെയ്തു. രണ്ടാം ഘട്ടം മാർച്ച് എട്ടിനാണു തുടങ്ങിയത്. ആ മാസം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ പരിശോധനകളുടെ എണ്ണം കൂടുതലായിരുന്നു. എന്നാൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ഈ തോതു കുറഞ്ഞു. ഇന്നു പരിശോധനകളുടെ എണ്ണത്തിൽ രാജ്യത്തു പതിനൊന്നാം സ്ഥാനത്താണു കേരളം; രോഗമുക്തി നിരക്കിൽ 29, മരണനിരക്കിൽ പതിനൊന്നാം സ്ഥാനത്തും.

സൂചനകൾ അവഗണിച്ചു

ഏപ്രിൽ അവസാനം മുതൽ സമൂഹവ്യാപന സൂചനകൾ സർക്കാരിനു കിട്ടിയിരുന്നു. യാത്ര ചെയ്യുകയോ രോഗികളുമായി സമ്പർക്കം ഉണ്ടാവുകയോ ചെയ്തിട്ടില്ലാത്തവരിൽ നടത്തിയ ഓഗ്‌മെന്റഡ് ടെസ്റ്റായിരുന്നു ഈ സൂചകം. മൂവായിരത്തിലധികം പരിശോധനകളിൽ 4 പോസിറ്റീവ് കേസുകൾ കണ്ടു. എന്നാൽ, മേയ് 2നു കാരണമൊന്നുമില്ലാതെ ഓഗ്‌മെന്റഡ് ടെസ്റ്റ് നിർത്തിവച്ചു. പിന്നീട് ടെസ്റ്റുകൾ കുത്തനെ കുറയുന്നതാണു കണ്ടത്. ‘ടെസ്റ്റ്, ടെസ്റ്റ്, ടെസ്റ്റ്’ എന്നു ലോകാരോഗ്യ സംഘടന നിർദേശിച്ചപ്പോൾ ‘ട്രേസ്, ടെസ്റ്റ്, ട്രീറ്റ്’ എന്നതാണു കേരളത്തിന്റെ സ്ട്രാറ്റജിയെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. മേയ് 26ലെ അവലോകന യോഗത്തിൽ വിദഗ്ധസമിതി ചെയർമാൻ ഡോ. ബി.ഇക്ബാൽ തന്നെ ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

രോഗബാധിതരുമായി ഇടപഴകാനിടയുള്ള വിഭാഗങ്ങളിൽ നടത്തിയ സെന്റിനൽ സാംപിൾ സർവേയിൽ ലഭിച്ച പോസിറ്റീവ് കേസുകളായിരുന്നു ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. ഉറവിടമറിയാത്ത രോഗികൾ കൂടിവന്നതും ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചതും നിയന്ത്രണാതീതമാകുന്നു എന്ന വ്യക്തമായ മുന്നറിയിപ്പു നൽകി. ഐസിഎംആർ നിർദേശപ്രകാരം എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നടത്തിയ സിറോ സാംപിൾ പരിശോധനയിലും സമൂഹവ്യാപന സൂചന കണ്ടെത്തി. മേയ് മുതൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്കു രോഗം കണ്ടുവെങ്കിൽ, അവരെക്കുറിച്ച് ആരോഗ്യവകുപ്പിന് ഒരു മുൻധാരണയും ഉണ്ടായില്ല. സ്വന്തമായി ടെസ്റ്റ് നടത്തിവരണമെന്ന സർക്കാരിന്റെ കടുംപിടിത്തം പ്രവാസിമലയാളികളെ കണ്ണീരിലുമാഴ്ത്തി.

ഐസിഎംആർ നിർദേശം നിലനിൽക്കുമ്പോൾ തന്നെ, പതിയെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ അവസാനിപ്പിച്ചു. ഹോം ക്വാറന്റീൻ വിജയകരമാണെന്നായിരുന്നു വാദം. എന്നാൽ, ഒരു കുടുംബത്തിൽ 7 പേർ വരെ കോവിഡ് ബാധിതരാകുന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ മാറി. രോഗബാധിതരിൽ 90% പ്രവാസികളാണെന്നു പറയുന്നതിന്റെ അടിസ്ഥാനം അവരിൽ മാത്രം കൂടുതലായി പരിശോധന നടത്തുന്നതു കൊണ്ടാണെന്ന വസ്തുത മറച്ചുവച്ചു.

കണക്കുകളിലെ കളി

ദിവസവും വാർത്താസമ്മേളനം നടത്തുന്ന മുഖ്യമന്ത്രി, പരിശോധനാ ഫലങ്ങളുടെ കാര്യത്തിൽ വ്യക്തത വരുത്താൻ തയാറാകുന്നില്ല. പരിശോധനാ ഫലം വൈകുന്നതു സംബന്ധിച്ച പരാതികൾ വ്യാപകമാണ്. തീരമേഖലകളിൽ സമ്പർക്ക വ്യാപനം കൂടാൻ കാരണമായതും പരിശോധനാ ഫലം വൈകിയതു തന്നെ. പ്രതിപക്ഷം ‘മരണ ദൂതന്മാരാകുന്നു’ എന്ന് ആക്ഷേപിച്ചവർ തന്നെ ‘കീം’ പരീക്ഷ നടത്തി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ജീവൻ പന്താടുന്നതും കണ്ടു.

ജൂൺ 9ന് 14 ജില്ലകളിൽ നടത്തിയ റാപ്പിഡ് ആന്റിബോഡി പരിശോധനാ ഫലം പുറത്തുവിടാൻ സർക്കാർ ഇനിയും തയാറാകുന്നില്ല. നാലു മാസം ലഭിച്ചിട്ടും ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പൂർണ സജ്ജമാക്കാനായില്ല. തലമുറകളായി മികച്ച ആരോഗ്യസംവിധാനങ്ങളുള്ള സംസ്ഥാനമാണ് ഈ പ്രതിസന്ധി നേരിടുന്നത്. രോഗബാധിതരുടെ വർധന ആശുപത്രികൾക്കു താങ്ങാനാകാതായിത്തുടങ്ങി. ‘ആന്റിജൻ ടെസ്റ്റ്’ നെഗറ്റീവ് ഫലങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലാണെന്നിരിക്കെ, അതിന്റെ അടിസ്ഥാനത്തിലുള്ള ഡിസ്ചാർജ് ഭാവിയിൽ വൻ ദുരന്തങ്ങൾ ഉണ്ടാക്കാതിരിക്കട്ടെ.

ലാബുകളുടെ ശേഷി കൂട്ടി, കണ്ടെയ്ൻമെന്റ് സോണുകളിൽ പരമാവധി കമ്യൂണിറ്റി സ്ക്രീനിങ് നടത്തിയുള്ള ശാസ്ത്രീയമായ അതിജീവനത്തിനാണു സർക്കാർ ശ്രമിക്കേണ്ടത്. സ്വന്തം വീഴ്ച മറച്ചുപിടിക്കാനായി പ്രതിപക്ഷത്തെ അവഹേളിക്കുന്നതുകൊണ്ട് ഈ മഹാവ്യാധിയെ മറികടക്കാൻ കഴിയില്ല.

(കെപിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമാണ് ലേഖകൻ)

English Summary: PC Vishnunath on Kerala's fight against covid 19

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA